ഇത് അഭിമാന നിമിഷം; ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്‍റ് കളക്ടർ

References

References

സിവിൽ സർവീസ് പരീക്ഷ ജയിച്ച് ചരിത്രംകുറിച്ച വയനാട്ടിലെ ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്‍റ് കളക്ടറായി ചുമതലയേൽക്കുന്നു. സിവിൽ സർവീസ് പരീക്ഷയിൽ 410-ാം റാങ്ക് നേടി കേരളത്തിന്‍റെ അഭിമാനമായി ശ്രീധന്യ സുരേഷ് മാറിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജീവിത പ്രാരാബ്ധങ്ങളും മറികടന്ന് ശ്രീധന്യ തിളക്കമാർന്ന നേട്ടം കൈവരിച്ചത് വലിയ വാർത്തയായിരുന്നു. വയനാട് ഇടിയംവയൽ കോളനിയിലെ സുരേഷ്- കമല ദമ്പതികളുടെ മകളാണ്.

പൊഴുതന ഇടിയംവയലിലെ ചോർന്നൊലിക്കുന്ന വീട്ടിലേക്കാണ് ശ്രീധന്യ സിവിൽ സർവീസ് എന്ന അഭിമാന നേട്ടം എത്തിച്ചത്. ഐഎഎസ് പരീക്ഷ വിജയിച്ച ശ്രീധന്യയുടെ വീടിന്റെ അവസ്ഥ പരിതാപകരമായിരുന്നു. ദിവസ വേതന ജോലിക്കിടെ കഠിന പ്രയത്നം ചെയ്താണ് ശ്രീധന്യ സിവിൽസർവീസ് പരീക്ഷയിൽ എല്ലാ മലയാളികൾക്ക് അഭിമാനിക്കാവുന്ന നേട്ടമുണ്ടാക്കിയത്.

തരിയോട് നിർമല ഹൈസ്കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശ്രീധന്യ, കോഴിക്കോട് ദേവഗിരി കോളേജിൽനിന്ന് സുവോളജിയിൽ ബിരുദാനന്ദര ബിരുദം പൂർത്തിയാക്കിയശേഷമാണ് സിവിൽ സർവീസ് പരിശീലനത്തിന് പോയത്.

മുഖ്യമന്ത്രിയും ഗവർണറുമടക്കം നിരവധി പേരാണ് സിവിൽ സർവീസ് ജയിച്ചപ്പോൾ ശ്രീധന്യക്ക് ആശംസകൾ അറിയിച്ചു രംഗത്തെത്തിയത്. അന്ന് ഗവർണറായിരുന്ന പി സദാശിവം വയനാട്ടിൽ എത്തിയപ്പോൾ ശ്രീധന്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷനായിരുന്ന രാഹുൽഗാന്ധിയും ശ്രീധന്യയെ സന്ദർശിച്ചിരുന്നു.

രണ്ടാമത്തെ പരിശ്രമത്തിലായിരുന്നു ശ്രീധന്യയ്ക്ക് സിവില്‍ സര്‍വീസ് ലഭിച്ചത്. നിര്‍ധന കുടുംബത്തിലെ അംഗമായ ശ്രീധന്യ സുഹൃത്തുക്കളുടെ കൈയ്യില്‍ നിന്ന് കടംവാങ്ങിയ പണവുമായാണ് പരീക്ഷയെഴുതാനായി പോയത്. കേരളത്തിൽ ആദിവാസി വിഭാഗത്തിൽനിന്ന് സിവിൽ സർവീസ് പരീക്ഷ ജയിക്കുന്ന ആദ്യത്തെ ആളാണ് ശ്രീധന്യ സുരേഷ്.