ഷൈനി വിൽസൺ ( ഷൈനി എബ്രഹാം )

കടപ്പാട് : https://www.indiatimes.com/sports/shiny-abraham-the-lady-from-a-forgotten-era-of-indian-athletics-who-won-us-gold-at-asian-championships-503500.html

  വനിതാ കായിക താരമാണ് ഷൈനി വിൽസൺ. ഷൈനി വിൽ‌സൺ എന്ന പേര് വിവാഹശേഷം ഷൈനി എബ്രഹാം എന്നാക്കിമാറ്റി.  കേരളത്തില്‍ നിന്നുള്ള മധ്യദൂര ഓട്ടക്കാരിയായിരുന്നു. ദേശീയ പ്രശസ്തി നേടിയ കേരളീയ താരങ്ങളിൽ പ്രമുഖ. ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ കായികതാരങ്ങളിലൊരാളായ ഷൈനിയാണ് രണ്ടുമിനിറ്റില്‍ താഴെ ആദ്യമായി 800 മീറ്റര്‍ ഓടിത്തീര്‍ത്ത ഇന്ത്യന്‍ വനിത. ഈ വിഭാഗത്തില്‍ തുടര്‍ച്ചയായ 14 വര്‍ഷം ദേശീയ ജേതാവായിരുന്നു. തുടര്‍ച്ചയായി നാല് ഒളിമ്പിക്സുകളിലും നാല് ഏഷ്യന്‍ ഗെയിംസിലും പങ്കെടുത്തു. ഒളിമ്പിക്സിൽ ഏതെങ്കിലും ഇനത്തിൽ ആദ്യമായി സെമിഫൈനലിലെത്തിയ വനിതാ താരമെന്ന അപൂർവനേട്ടത്തിനുടമയുമാണ്. ഏഷ്യൻ മത്സരങ്ങളിൽ ഏഴ് സ്വർണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവും നേടി.  മത്സരിച്ച ഏഴ് സൗത്ത് ഏഷ്യൻ ഫെഡറേഷൻ (സാഫ്) മീറ്റുകളിൽ നിന്ന് ആകെ 18 സ്വർണവും രണ്ട് വെള്ളിയും നേടിയിട്ടുണ്ട്.

 പതിമൂന്നാമത്തെ വയസ്സിൽ തലസ്ഥാന അത്‌ലറ്റിക്സ് ടീമിൽ അംഗമായി. 1983  ലെ ദേശീയ സ്കൂൾ ഗെയിംസിൽ 400 മീറ്റർ 800 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണമെഡൽ നേടി. 1981 ലെ ദേശീയ അത്‌ലറ്റിക് മീറ്റിൽ 800 മീറ്റർ റെക്കോർഡ് തിരുത്തി. 1982 ലെ ന്യൂഡൽഹി ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തു. 1984 ലോസ് ഏഞ്ചലസ് ഒളിമ്പിക്സ് 800 മീറ്ററിൽ സെമിഫൈനലിൽ സ്ഥാനത്ത് എത്തിയ ആദ്യത്തെ ഭാരതീയ വനിത എന്ന ബഹുമതിയും നേടി. എഴുപത്തഞ്ചിലേറെ രാജ്യാന്തര മെഡലുകൾ നേടി.

 തൊടുപുഴ താലൂക്കിലെ വഴിത്തലയിൽ (1965, മെയ് 8) ജനിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ഹൈസ്കൂൾ സ്പോർട്സ് ഡിവിഷനിലും തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്കൂളിലും പാലാ അൽഫോൻസാ കോളേജിലും പഠിച്ചു. ഭർത്താവ് വിൽ‌സൺ ചെറിയാൻ രാജ്യാന്തര നീന്തൽ താരമായിരുന്നു.

  • 1984 ൽ അർജുന അവാർഡ് ലഭിച്ചു
  •  കായികരംഗത്തെ മികച്ച നേട്ടത്തിന് ചൈനീസ് സർക്കാരിൽ നിന്ന് 1991 ൽ     ചൈനീസ് ജേണലിസ്റ്റ് അവാർഡ് ലഭിച്ചു.
  • 1998 ൽ ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ അവാർഡായ പത്മശ്രീ ലഭിച്ചു.
  • 1998 ൽ ബിർള  അവാർഡിന് അർഹയായി.
  • 2002 ൽ ലോസ് ഏഞ്ചൽസിലെ യുണിസെഫ്  ബഹുമതി നൽകി ആദരിച്ചു, ഏഷ്യയ്ക്ക് വേണ്ടി ഒരു പേപ്പർ അവതരണം അവതരിപ്പിക്കുകയും ചെയ്തു
  • 2009 ൽ ദില്ലിയിൽ സി‌എൻ‌എൻ‌ ഐ‌ബി‌എന്നിൽ നിന്ന് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ലഭിച്ചു
  • 2012 ൽ ചെന്നൈയിലെ ജെ‌എഫ്‌ഡബ്ല്യു അച്ചീവേഴ്‌സ് അവാർഡിൽ നിന്ന് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ലഭിച്ചു
  • 2012 ൽ, സൺ നെറ്റ്‌വർക്കിൽ നിന്നും ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ലഭിച്ചു