സ്ത്രീനാടകങ്ങളും നാടകസംഘങ്ങളും
മലയാളത്തിലെ സ്ത്രീ നാടകങ്ങളും നാടക സംഘങ്ങളും
മലയാളനാടകത്തിന് കേവലം നൂറ്റിമുപ്പത്തിയെട്ട് വർഷത്തെ ചരിത്രമേ ഉള്ളു. ഇത്രയും കാലത്തെ നാടക ചരിത്രത്തിൽ സ്ത്രീകളുടെ പങ്കിനെപ്പറ്റിയുള്ള അന്വേഷണത്തിൽ ചരിത്രത്തിലുടനീളം സ്ത്രീക്ക് കൽപ്പിച്ച നൽകിയ നിശബ്ദതയാണ് ബോധ്യപ്പെടുന്നത്. ആദ്യകാല നാടക ചരിത്രത്തിൽ സ്ത്രീയുടെ പേരുപോലും ഒരിടത്തും പരാമർശിക്കപ്പെട്ടിട്ടില്ല. ജി ശങ്കരപ്പിള്ളയുടെ നാടകചരിത്രം ആ മേഖലയിലെ മികവുറ്റ രചനയായി നിലനിൽക്കുമ്പോഴും കുട്ടിക്കുഞ്ഞുതങ്കച്ചി രചിച്ച 'അജ്ഞാതവാസം,സാവിത്രി അഥവാ വിധവാ വിവാഹം' ,കെ.സരസ്വതി അമ്മയുടെ 'ദേവദൂതി' , തുടങ്ങിയ നാടകങ്ങളെ കുറിച്ച് ഒന്നും ഒരു പരാമർശങ്ങളും സാഹിത്യ ചരിത്രങ്ങളിലില്ല. ആയിരത്തി തൊള്ളായിരത്തി എണ്പതുകൾക്ക് ശേഷം സ്ത്രീകൾ നാടകരംഗത്ത് ബോധപൂർവം നടത്തിയ ശ്രമങ്ങൾക്ക് ശേഷമാണ് സ്ത്രീ നാടകവേദി എന്ന ഭാഗം തന്നെ ചരിത്രഗ്രന്ഥങ്ങളിൽ ഉൾപ്പെടുത്തിയത്.
കണ്ടുകിട്ടിയിട്ടുള്ളതിലേക്കും ആദ്യ വനിതാ നാടകമായി അംഗീകരിച്ചു പോരുന്നത് "അജ്ഞാതവാസം "(1890) ആണ് . തോട്ടയ്ക്കാട് ഇക്കാവമ്മയുടെ "സുഭദ്രാർജുനം"(1891)തരവത് അമ്മാളു അമ്മയുടെ 'കൃഷ്ണഭക്തിചന്ദ്രിക' എന്നിവയെ ആദ്യകാല വനിതാ നാടകങ്ങളായി കണക്കാക്കാം.സംസ്കൃത നാടക ലക്ഷണങ്ങളൊപ്പിച്ച് എഴുതിയ നാടകങ്ങളാണ് ഇവ മൂന്നും. മുതുകുളം പാർവതിയമ്മ രചിച്ച 'ഭുവനദീപിക'(1941) ,എൻ .ജി തങ്കമ്മ രചിച്ച 'ശിവാജി അഥവാ മഹാരാഷ്ട്രസിംഹം'(1950) എന്നിവ ചരിത്ര പുരുഷന്മാരെ ആസ്പദമാക്കി എഴുതിയ നാടകങ്ങളാണ് .
യോഗക്ഷേമ നാടകങ്ങളുടെ ഒപ്പം കൂട്ടാതെ ചരിത്രം മറന്നുപോയ രണ്ട് യോഗക്ഷേമ നാടകങ്ങളെക്കുറിച്ചു പറയാതെ സ്ത്രീ നാടക ചരിത്രത്തെക്കുറിച്ച പറയാനാകില്ല. ലളിതാംബിക അന്തർജനത്തിന്റെ 'സാവിത്രി അഥവാ വിധവാവിവാഹം' എന്ന നാടകവും 'തൊഴിൽകേന്ദ്രത്തിലേക്ക്' എന്ന നാടകവും. 'പുനർജ്ജന്മം' എന്ന് ലളിതാംബിക അന്തർജ്ജനം പേരിട്ട ഈ നാടകം 1935 ലാണ് എഴുതുന്നത്. നമ്പൂതിരി സമുദായത്തിന് നിഷിദ്ധമായിരുന്ന വിധവാ വിവാഹത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ഈ നാടകരചനയ്ക് പിന്നിൽ. നമ്പൂതിരി സമുദായ പരിഷ്കർത്താക്കൾ അന്നോളം പരാമർശിച്ചിട്ടില്ലാത്ത വിധവാ വിവാഹമായിരുന്നു ഈ നാടകത്തിന്റെ പ്രമേയം . വൈധവ്യം എന്ന വാക്ക് പോലും നമ്പൂതിരിപെൺകുട്ടികൾക്ക് പേടിസ്വപ്നമായിരുന്നു. അതിനാൽ ചില സദസുകളിൽ അവതരിപ്പിച്ചു എങ്കിലും അവർ ഇത് പ്രസിദ്ധീകരിച്ചില്ല . 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ,മറക്കുടയ്ക്കുള്ളിലെ മഹാനരകം' എന്നീ പുരുഷവിരചിത നാടകങ്ങൾക്ക് ശേഷമായിരുന്നു ഇതിന്റെ രചന. കേരളത്തിൽ 1990കളിൽ സ്ത്രീപക്ഷനാടകവേദിയെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുത്ത 'ഡോ.ആർ.ബി രാജലക്ഷ്മി'യാണ് ഈ നാടകം കണ്ടെടുത്തത് . " തൊഴിൽകേന്ദ്രത്തിലേക്ക്" ആണ് സ്ത്രീകളുടെ സമ്പൂർണ പങ്കാളിത്തം ദൃശ്യമായ ആദ്യ നാടകം .1948 കളിലായിരുന്നിരിക്കണം ഈ നാടകം അവതരിപ്പിക്കുന്നത് സ്ത്രീചരിത്രഗവേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയ ഈ നാടകം അന്തർജനങ്ങൾ അന്തർജനങ്ങൾക്ക് വേണ്ടി ബോധപൂർവം ആദ്യമായി നടത്തിയ കലാപ്രകടനമാണ്. പുരുഷ മേധാവിത്വത്തിന് നേർക്കുള്ള ഒരു താക്കീതായിരുന്നു ഈ നാടകം . ആദ്യകാല സ്ത്രീപക്ഷ ചിന്തകളുടെ സ്വാധീനം ഈ നാടകത്തിൽ കാണാനാകും. യോഗക്ഷേമസഭയുടെ നിർദേശമനുസരിച്ച് രൂപം കൊണ്ട തൊഴിൽകേന്ദ്രങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടിയാണ് ഈ നാടകം രചിച്ചത്. നമ്പൂതിരിസ്ത്രീകൾക്കായി സ്പെഷ്യൽ സ്കൂൾ, ബാലികാസദനം, ഹോസ്റ്റലുകൾ എന്നിവ ആരംഭിച്ചതോടൊപ്പം ലക്കിടിയിൽ ആരംഭിച്ച തൊഴിൽകേന്ദ്രം നെയ്ത്തിൽ പരിശീലനവും നൽകി. ഈ കേന്ദ്രങ്ങൾ നമ്പൂതിരിസ്ത്രീകളിൽ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടാക്കി. അവരുടെ ചിന്തകളിൽ ഈ സ്ഥാപനങ്ങൾ സ്വാതന്ത്രബോധം ഉണ്ടാക്കുകയും ചെയ്തു. പുതിയ മാറിയ സ്ത്രീയെ ഉൾക്കൊള്ളാൻ പുരുഷന്മാർക്ക് ആവുന്നില്ല എന്ന തിരിച്ചറിവ് ഈ നാടകത്തിലുടനീളം കാണാം. സ്വന്തം ജീവിതം നിർണയിക്കാൻ കഴിവുള്ളവരായി സ്ത്രീകൾ മാറുന്നതായി നാടകത്തിൽ കാണാം. സമുദായത്തിനുള്ളിൽ നേരിടുന്ന അടിച്ചമർത്തലുകൾക്കെതിരായി നമ്പൂതിരിസ്ത്രീകൾ നടത്തിയ മുന്നേറ്റമായി ഈ നാടകത്തെയും അത് വിഭാവനം ചെയ്ത തൊഴിൽ കേന്ദ്രത്തിലേക്ക് എന്ന ആശയത്തെയും കാണാം. സ്ത്രീസ്വാതന്ത്ര്യത്തിൽ തൊഴിലിനും വരുമാനത്തിനുമുള്ള പ്രാധാന്യം വളരെ നേരത്തെ തന്നെ സ്ത്രീകൾ തിരിച്ചറിഞ്ഞിരുന്നു എന്നാണ് വ്യക്തമാകുന്നത്. നമ്പൂതിരി സ്ത്രീകളിൽ നിർണായകമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞ ഒരുനാടകമായി ചരിത്രത്തിൽ ഈ നാടകത്തെ അടയാളപെടുത്താം .
കെ.സരസ്വതിയമ്മ രചിച്ച 'ദേവദൂതി'(1945),കമുകറ ലീലാഭായി രചിച്ച 'ജീവിതം' (1947) എന്നിവയും സാമൂഹിക വിഷയം കൈകാര്യം ചെയ്ത നാടകങ്ങൾ ആയിരുന്നു . ചിന്നമ്മയുടെ 'യുവരാജസിംഹം', മുതുകുളം പാർവതി അമ്മയുടെ 'ധർമശാലി അഥവാ മാർതോമാശ്ലീഹായുടെ ജീവിത ദുരന്തം',' ദേവകിഅമ്മയുടെ 'സ്നേഹാരാമം' എന്നിവമലയാളത്തിലെ പ്രശസ്തമായ സ്ത്രീ നാടകങ്ങളാണ്.
സ്ത്രീവിമോചന ചിന്തകളുടെ ആവിർഭാവത്തോടെയാണ് സ്ത്രീവിരചിത നാടകങ്ങളുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നത് 1986ൽ പട്ടാമ്പി കേന്ദ്രീകരിച്ച രൂപം കൊണ്ട "മാനുഷി" തൃശ്ശൂരിലെ "സമത" തുടങ്ങിയ സംഘടനകൾ സ്ത്രീപ്രശ്നങ്ങൾ സമൂഹത്തിൽ എത്തിക്കാൻ തെരുവ് നാടകങ്ങൾ എഴുതി അവതരിപ്പിച്ചു. മാനുഷിയുടെ "സ്ത്രീ" സ്ത്രീധന വിരുദ്ധ സമരത്തിന്റെ ഭാഗമായി കേരളത്തിലുടനീളം അവതരിപ്പിക്കപ്പെട്ട തെരുവ് നാടകമാണ്. പ്രൊഫഷണൽ നാടകവേദിക്ക് വേണ്ടി ആദ്യമായി ഒരു സ്ത്രീ തയ്യാറാക്കിയ നാടകം മാധവിക്കുട്ടിയുടെ "മാധവിവർമ്മ" ആണ്. ഇബ്രാഹിം വേങ്ങറയുടെ ചിരന്തന തീയേറ്റേഴ്സിനു വേണ്ടി 1986 ലാണ് ഈ നാടകം എഴുതിയത്. അറുപതോളം വേദികളിൽ ഈ നാടകം അവതരിപ്പിച്ചിട്ടുണ്ട് .ഇത് കൂടാതെ 'കടലിൽ വേലിയേറ്റം' എന്ന ഒരു നാടകം കൂടി മാധവിക്കുട്ടി രചിച്ചിട്ടുണ്ട് .ഇംഗ്ലീഷിലും മലയാളത്തിലും രചിച്ചിട്ടുള്ള ഒരു സിംബോളിക് നാടകമാണ് ഇത് .
സ്കൂൾ ഓഫ് ഡ്രാമ യിൽ നിന്ന് ശിക്ഷണം നേടിയ ശ്രീലത,സജിത, സി.വി സുധി എന്നിവരുടെ നേതൃത്വത്തിൽ, 1992 ൽ നടന്ന സ്ത്രീനാടകക്യാമ്പിനെ തുടർന്ന് ഇവർ "അഭിനേത്രി" എന്ന ഒരു സ്ത്രീ നാടകസംഘം രൂപീകരിച്ചു .1996ൽ 'എന്റെ ശരീരം എന്റേത് 'എന്ന തെരുവ് നാടകവും 1997 ൽ സ്ത്രീകൾക്കായി ഏഴ് ദിവസത്തെ ശില്പശാലയും അഭിനേത്രിയുടെ ആഭിമുഖ്യത്തിൽ നടന്നു .സി.എസ് ചന്ദ്രികയുടെ നേതൃത്വത്തിൽ തിരുവന്തപുരത്ത് 'മേധാ തീയേറ്റേഴ്സും ' കോട്ടയത്തു രേഖാരാജിന്റെ നേതൃത്വത്തിൽ 'ദളിത് വുമൺ സൊസൈറ്റിയും' ഈ കാലത്ത് നാടകങ്ങൾ ചെയ്ത് തുടങ്ങി. സി .എസ് ചന്ദ്രിക"ഉറുമ്പുകൾ സംസാരിക്കുമ്പോൾ" എന്ന നാടകം മേധയ്ക്കായി സംവിധാനം ചെയ്തു .1999ൽതിരുവനന്തപുരത്ത് "നിരീക്ഷ"എന്ന സ്ത്രീ നാടക സംഘം ആരംഭിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള നാടകശില്പശാലകൾ സംഘടിപ്പിക്കുക, സ്ത്രീനാടകോത്സവങ്ങൾക്കും സെമിനാറുകൾക്കും മുന്കയ്യെടുക്കുക എന്നിവയൊക്കെ നിരീക്ഷയുടെ ലക്ഷ്യങ്ങളായിരുന്നു . നാടകകൃത്തായ ഇ .രാജരാജേശ്വരിയും സംവിധായികയായ സി വി സുധിയുമാണ് ഇ സംഘടനയ്ക്കായി പ്രവർത്തിക്കുന്നത്. കുടിയൊഴിക്കൽ ,പ്രവാചക ,ആണുങ്ങളില്ലാത്ത പെണ്ണുങ്ങൾ എന്നിവയാണ് നിരീക്ഷയുടെ പ്രധാന നാടകങ്ങൾ .
നാടകത്തിൽ ചിട്ടയായ ശിക്ഷണം നേടിയിട്ടില്ല എങ്കിലും കെ.വി. ശ്രീജ (ശ്രീജ ആറങ്ങോട്ട്കര)സ്ത്രീപ്രശ്നങ്ങൾ നാടക വേദിയിൽ അവതരിപ്പിച്ച് കൊണ്ടിരിക്കുന്നു . ഗ്രാമീണകലാസമിതിയിൽ നിന്നും നാടകത്തിന്റെ ബാലപാഠങ്ങൾ പഠിച്ച ശ്രീജ ഇതിനോടകം നാല് നാടകങ്ങൾ രചിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട് .ഓരോരോ കാലത്തിലും ,കല്യാണസാരി ,ലേബർ റൂം ,കാലംകാരിയുടെ കഥ എന്നീ നാടകങ്ങൾ അവതരിപ്പിച്ചത് കൂടാതെ അത് ശ്രീജ പ്രസിദ്ധീകരിക്കുകയും ചെയ്തു. കലംകാരിയുടെ കഥ അക്കാദമി അവാർഡ് നേടിയിട്ടുണ്ട് .
ആൺകോയ്മയിലധിഷ്ഠിതമായ നാടകസങ്കല്പത്തിൽ നിന്നും വ്യത്യസ്തമായി ഒരുനാടകസങ്കല്പവും ഒരുകഥാസങ്കല്പവും അരങ്ങിലെ ശരീരഭാഷയും സ്ത്രീകൾക്കുണ്ടെന്നു ഇന്ന് തിരിച്ചറിയപ്പെട്ടുകൊണ്ടിരിക്കുന്നു .
References
1.സജിത മഠത്തിൽ ,മലയാള നാടക സ്ത്രീചരിത്രം,മാതൃഭൂമി ബുക്ക്സ് ,കോഴിക്കോട് ,2012
2.അരങ്ങിന്റെ കാണാപ്പുറങ്ങൾ ,രാജലക്ഷ്മി.ആർ.ബി (ഡോ.),സെഡ് ലൈബ്രറി ,തിരുവനന്തപുരം,2008
3.സർഗ്ഗഭാവനയുടെ പെൺപക്ഷം ,രാജലക്ഷ്മി ആർ .ബി. (ഡോ.),നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം,2010