സ്ത്രീകളും ആയുർവേദവും
സമൂഹത്തിൽ സ്ത്രീകളുടെ പ്രാധാന്യം വർധിച്ചുകൊണ്ടിരിക്കുന്നതു കാരണം അവരുടെ ആരോഗ്യകാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ നേടേണ്ടതായിട്ടുണ്ട്. വീട്ടമ്മമാരും ഉദ്യോഗസ്ഥരും എന്ന നിലയിൽ സ്ത്രീകൾ മുമ്പത്തേക്കാൾ പ്രവർത്തനങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കുന്നു. വൈകാരികമായും മാനസികമായും ശാരീരികമായും സ്ത്രീകൾ സ്വയം സമ്പന്നരാകുന്നു. പക്ഷേ ഇതിനായി അവരുടെ ആരോഗ്യം മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്. അതിനാൽ, അവളുടെ പ്രായം എന്തുതന്നെയായാലും, ഒരു സ്ത്രീയെ സംബന്ധിച്ചു അവളുടെ ജീവിതശൈലി, പോഷകാഹാരം, വ്യായാമം, വൈകാരിക ക്ഷേമം എന്നിവയിൽ ശ്രദ്ധിക്കേണ്ടതുണ്ട്. സ്ത്രീകളുടെ ആരോഗ്യ ആവശ്യങ്ങളോട് സംവേദനക്ഷമതയുള്ള ആരോഗ്യ പരിരക്ഷാ സംവിധാനമാണ് ആയുർവേദം. പ്രസവത്തിനു മുമ്പുള്ളതും, പ്രസവാനന്തരവും, നവജാതശിശു സംരക്ഷണത്തിനും പ്രത്യുൽപാദന ആരോഗ്യം ഉറപ്പുവരുത്തുന്നതിനുമായി ആരോഗ്യ പരിരക്ഷാ മരുന്നുകൾ ആയുർവേദത്തിൽ ലഭ്യമാണ്. ആർത്തവവിരാമത്തിന്റെ പ്രശ്നത്തിനും ആർത്തവത്തിനു മുമ്പുള്ള പിരിമുറുക്കം പോലുള്ള അവസ്ഥകൾക്കും ഫലപ്രദമായ ഔഷധ പരിഹാരങ്ങൾ ലഭ്യമാണ്. പ്രായപൂർത്തിയാകുന്നത് മുതൽ ആർത്തവവിരാമം വരെയുള്ള ശരീരത്തിലെ മാറ്റങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച പ്രകൃതിദത്ത ആരോഗ്യ സപ്ലിമെന്റുകളും ആയുർവേദത്തിലുണ്ട്.
ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന വിവിധ ബുദ്ധിമുട്ടുകൾക്ക്, അതായത് ഗർഭാവസ്ഥയിലെ വിളർച്ച, ഓക്കാനം, ഛർദ്ദി, ചുമ, ജലദോഷം, നടുവേദന തുടങ്ങിയവയും, സാധാരണ പ്രസവവും സാധ്യമായത്രയും ഉറപ്പുവരുത്തുന്നതിനായും ആയുർവേദ ആന്റി നേറ്റൽ കെയർ സാധ്യമാക്കുന്നു. സുഖപ്രസവം എന്ന ആശയം എന്നത് ആരോഗ്യകരമായ ഗർഭധാരണവും സാധാരണ പ്രസവവുമാണ്. ഇതിനു ആയുർവേദത്തിൽ വളരെയധികം പ്രാധാന്യം നൽകുന്നു. സൂതിക പരിചാര്യയ്ക്ക് ആയുർവേദം കൂടുതൽ പ്രാധാന്യം നൽകുന്നു. ഗർഭാവസ്ഥയിലെ യോഗ സാധാരണ പ്രസവത്തിനു സഹായിക്കുന്നു.
ഗവണ്മെന്റ് ആയുർവേദ കോളേജ് തിരുവനന്തപുരത്തിന്റെ ഭാഗമായ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ (പൂജപ്പുര) പ്രസൂതിതന്ത്രം സ്ത്രീരോഗം, കൗമാരഭൃത്യം എന്നീ രണ്ടു വിഭാഗങ്ങളാണ് പ്രവർത്തിക്കുന്നത്. ഏകദേശം 63 വർഷത്തെ സേവന പാരമ്പര്യമുള്ള ഈ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങളോടെ പ്രസൂതിതന്ത്രം സ്ത്രീരോഗ വിഭാഗം പ്രവർത്തനം ആരംഭിക്കുന്നത് 1990കളിൽ ആണ്. കേരളത്തിൽ തന്നെ ആദ്യമായാണ് ഗവണ്മെന്റ് സെക്ടറിൽ ആയൂർവേദ-അലോപ്പതി വിഭാഗങ്ങൾ സംയുക്തമായി പ്രവർത്തിക്കുന്ന ആശുപത്രി നിലവിൽ വന്നത്. ഗൈനക്കോളജി & ഒബ്സ്ട്രറ്റിക്സ് (സ്ത്രീരോഗ പ്രസവ ചികിത്സ) യിൽ ആയുർവേദ-അലോപ്പതി വിഭാഗങ്ങൾ സംയുക്തമായി നൽകുന്ന സേവനങ്ങൾ ലഭ്യമാകുന്ന ഒരേഒരു ആശുപത്രി കൂടിയാണിത്.
രോഗികൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ:
ഒ പി (ഔട്ട് പേഷ്യന്റ് ഫെസിലിറ്റി )
തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മണി മുതൽ 1 മണി വരെ ആയുർവേദ ഗൈനക്കോളജിസ്റ്റുമാരുടെ സേവനം ലഭ്യമാണ്. സ്ത്രീകൾക്കായുള്ള പ്രത്യേകതരം മരുന്നുകൾ ആയുർവേദ ഫർമസി വഴി ആയുർവേദ ഗൈനക്കോളജി വിഭാഗം സൗജന്യമായി നൽകി വരുന്നു.
പ്രധാനമായും ചികിത്സ ലഭിക്കുന്ന രോഗങ്ങൾ
- ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ : ക്രമം തെറ്റിയുള്ള ആർത്തവം, ആർത്തവ സമയത്തുള്ള വേദന, അമിത രക്തസ്രാവം, അസാധാരണ യോനീസ്രവങ്ങൾ, ഗർഭാശയ മുഴ മുതലായവ.
- വന്ധ്യതാ ചികിത്സ : ഒ പി ആയും, ഐ പി ആയും വന്ധ്യതക്കുള്ള പ്രത്യേക ചികിത്സ രീതികൾ.
- ആർത്തവ വിരാമവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾക്കുള്ള ചികിത്സ
പ്രസവ സംബന്ധമായ ചികിത്സകൾ
- പ്രീ കൺസെപ്ഷണൽ കെയർ : ആരോഗ്യമുള്ള കുട്ടിക്ക് വേണ്ടി ഗർഭധാരണത്തിനു മുൻപുള്ള ശാരീരികവും മാനസികവുമായ ശോധനാദിക്രിയകളും തയ്യാറെടുപ്പും. അതിനായി അഡ്മിറ്റ് ആയിട്ടുള്ള പഞ്ചകർമ്മ ചികിത്സകളും കൗൺസിലിങ്ങും ലഭ്യമാണ്.
- ആന്റിനേറ്റൽ കെയർ : ഗർഭധാരണം മുതൽ പ്രസവം വരെയുള്ള കെയർ ആണിത്. ഓരോ ഗർഭിണിക്കും യോജിക്കുന്ന മരുന്നുകൾ, പാൽകഷായങ്ങൾ, ഓരോ മാസത്തിലും ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾക്കുള്ള ചികിത്സകൾ മുതലായവ ഓരോ ത്രിമാസത്തിലുമുള്ള ഗർഭിണികൾക്കായി അലോപ്പതി ആയുർവേദ ഡോക്ടർമാരുടെ സംയുക്തമായ സേവനവും പ്രത്യേക ബോധവൽക്കരണ ക്ലാസ്സുകളും ലഭ്യമാണ്.
- സൂതിക പരിചര്യ (പ്രസവരക്ഷ) : സുഖപ്രസവമായാലും സിസേറിയനായാലും ഉപയോഗിക്കാവുന്ന പ്രസവരക്ഷ മരുന്നുകളും, ചികിത്സാക്രിയകളും ഒ പി വഴിയും ഐ പി വഴിയും ലഭ്യമാകുന്നു.
ആയുർവേദ വിഭാഗം കൂടാതെ ഈ മേഖലയിൽ അലോപ്പതി വിഭാഗം കൂടിയുണ്ട്. ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയ, ഡി&സി മുതലായ ശസ്ത്രക്രിയകൾ ചെയ്യാനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്. താക്കോൽ ദ്വാര ശസ്ത്രക്രിയ, താക്കോൽ ദ്വാര വന്ധ്യംകരണം എന്നിവ എല്ലാ ആഴ്ചയിലും ചൊവ്വ, വെള്ളി ദിവസങ്ങളിൽ ലഭ്യമാണ്. തിങ്കളാഴ്ച ഗർഭിണികൾക്ക് മാത്രമായുള്ള പ്രത്യേക ഒ പി (ANC) പ്രവർത്തിക്കുന്നു. കൂടാതെ എല്ലാ ആഴ്ചയിലും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 8 .30 മുതൽ 10 മണി വരെ മിതമായ നിരക്കിൽ അൾട്രാ സൗണ്ട് സ്കാനിംഗ് സേവനം ലഭിക്കുന്നു. അതോടൊപ്പം രാവിലെ 8 മണി മുതൽ 1 മണി വരെ മിതമായ നിരക്കിൽ എല്ലാ വിധ പരിശോധനകളും (ലബോറട്ടറി ഫെസിലിറ്റി ) ചെയ്യാവുന്നതാണ്. പ്രത്യേക ഹോർമോൺ പരിശോധനയും ലഭ്യമാകുന്നതാണ്.
യോഗ സ്ത്രീകൾക്ക് ഗർഭധാരണത്തിന്റെയും ജനനത്തിന്റെയും പ്രക്രിയയ്ക്ക് ആത്മവിശ്വാസം കൂട്ടാൻ സഹായിക്കുന്നു. ആന്റിനേറ്റൽ, പോസ്റ്റ് നേറ്റൽ, പ്രീ-കൺസെപ്ഷണൽ യോഗ, ഏതെങ്കിലും അസുഖവുമായി ബന്ധപ്പെട്ട യോഗ എന്നിവയുടെ അവബോധ ക്ലാസ്സുകളും പരിശീലനവും നടത്തി വരുന്നു.
കടപ്പാട് : ഡോ. ആശ ശ്രീധർ, പ്രൊഫ. ആൻഡ് എച്ച്.ഒ.ഡി.
ലേബർ റൂമിന്റെയും ഓപ്പറേഷൻ തീയേറ്ററിന്റെയും യോഗ പരിശീലനത്തിന്റെയും ചിത്രങ്ങൾ ചുവടെ:
Links
References