ഉർവ്വശി
ഉർവ്വശി (1969-
1969-ൽ തിരുവനന്തപുരത്ത് ജനിച്ച ഉർവ്വശി 1977-ൽ തൻ്റെ എട്ടാം വയസ്സിൽ അഭിനയരംഗത്തെത്തി. ഉർവ്വശിയുടേതായി പുറത്തുവന്ന ആദ്യ മലയാള സിനിമ 'വിടരുന്ന മൊട്ടുകൾ' ആയിരുന്നു. 1979-ൽ കതിർ മണ്ഡപം എന്ന സിനിമയിൽ ജയഭാരതിയുടെ മകളായി അഭിനയിച്ചു. 1980-ൽ ശ്രീവിദ്യയുടെ ഡാൻസ് സ്റ്റുഡൻ്റായി ദ്വിഗ് വിജയം എന്ന ചിത്രത്തിലും ഉർവ്വശി അഭിനയിച്ചു.
1983-ൽ പതിമൂന്നാം വയസ്സിൽ ആദ്യമായി നായികയായി ഉർവ്വശി അരങ്ങേറ്റം കുറിച്ചു. കാർത്തിക് നായകനായ തൊടരും ഉണർവ്വ് എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ഇത്. എന്നാൽ ചിത്രം പുറത്ത് വന്നത് 1986-ലായിരുന്നു. നായികയായി റിലീസായ ആദ്യ ചിത്രം 1983-ൽ പുറത്തിറങ്ങിയ മുന്താണെ മുടിച്ച് ആയിരുന്നു. ഈ ചിത്രത്തിൻറെ മികച്ച വിജയം ഉർവ്വശിയെ സിനിമാ രംഗത്ത് ശക്തയാക്കി.
1984-ൽ മമ്മൂട്ടി നായകനായി അഭിനയിച്ച എതിർപ്പുകൾ ആണ് ഉർവ്വശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ. 1985-1995 കാലഘട്ടത്തിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഉർവ്വശി. ഇക്കാലയളവിൽ 500-ൽ അധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളം, തമിഴ് എന്നിവ കൂടാതെ തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും വേഷമിട്ടു.
ഏറ്റവും കൂടുതൽ തവണ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ നടിയാണ് ഉർവ്വശി. 1989-ൽ പുറത്തുവന്ന മഴവിൽക്കാവടി, വർത്തമാന കാലം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ആദ്യമായി മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് ഉർവ്വശിയെ തേടിയെത്തി. തൊട്ടടുത്ത വർഷം തലയിണ മന്ത്രം എന്ന ചിത്രത്തിലൂടെ തുടർച്ചയായി രണ്ടാം വർഷവും മികച്ച നടിയായി ഉർവ്വശി തെരഞ്ഞെടുക്കപ്പെട്ടു. 1991-ൽ കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം എന്നീ ചിത്രങ്ങളെ അടിസ്ഥാനമാക്കി മൂന്നാം തവണയും മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ഉർവ്വശി സ്വന്തമാക്കി. പിന്നീട് 1995-ൽ കഴകം എന്ന ചിത്രത്തിലെ അഭിനയത്തിനും 2006-ൽ മധുചന്ദ്രലേഖ എന്ന ചിത്രത്തിലെ അഭിനയത്തിനും ഉർവ്വശി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതേ വർഷം തന്നെ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിന് മികച്ച സഹനടിയ്ക്കുള്ള ദേശീയ അവാർഡും ഉർവ്വശിയ്ക്ക് ലഭിച്ചു. മികച്ച നടിയ്ക്കുള്ള തമിഴ്നാട് സംസ്ഥാന സർക്കാരിന്റെ അവാർഡും ഉർവ്വശിയ്ക്ക് ലഭിച്ചിട്ടുണ്ട്.
ചലച്ചിത്ര നിർമ്മാതാവ് കഥാകൃത്ത് എന്നീ നിലകളിലും ഉർവ്വശി കഴിവ് തെളിയിച്ചിട്ടുണ്ട്. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന ചിത്രത്തിൻറെ കഥാകൃത്തും നിർമ്മാതാവും ഉർവ്വശിയാണ്. ഉത്സവമേളമെന്ന ചിത്രത്തിൻറെ കഥയും ഉർവ്വശിയുടേതാണ്.