ഷീല ദീക്ഷിത്

1938ൽ പഞ്ചാബിലെ കപൂർത്തലയിൽ ജനിച്ച ഷീല ദീക്ഷിത് ഡൽഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയും മുൻ കേരള ഗവർണറുമായിരുന്നു.  ഏറ്റവും കൂടുതൽ കാലം ഡൽഹി ഭരിച്ചിരുന്ന മുഖ്യമന്ത്രിയായ ഇവർ ഏറ്റവും കൂടുതൽ കാലം (15 വർഷം) ഏതെങ്കിലും ഒരു ഇന്ത്യൻ സംസ്ഥാനം ഭരിക്കുക എന്ന നേട്ടം കൈവരിച്ച വനിതകളിലൊരാളാണ്. 1984 -89 കാലഘട്ടത്തിൽ അവർ ഉത്തർപ്രദേശിൽ നിന്ന് പാർലമെന്റിൽ എത്തിയിരുന്നു. പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാ ഗാന്ധി അവരുടെ ഭരണമികവ് തിരിച്ചറിഞ്ഞ് വനിതകളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതിന് യുഎന്നിലേക്ക് പ്രതിനിധിയായി അയച്ചു. 1984-ല്‍ യുപിയിലെ കനൗജില്‍ നിന്ന് ലോക്സഭയിലെത്തിയ അവർ 1986 മുതല്‍ 89 വരെ കേന്ദ്രസഹമന്ത്രിയായി പ്രവര്‍ത്തിച്ചു.

1998 മുതൽ 2013 വരെ തുടർച്ചയായ മൂന്നു തവണയാണ് കോൺഗ്രസ് മുഖ്യമന്ത്രിയായി ഷീല ദീക്ഷിത് ഡൽഹിയിൽ അധികാരത്തിലിരുന്നത്. 2013-ൽ ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച ഷീല ദീക്ഷിത് ആം ആദ്മി പാർട്ടിയുടെ ചെയർമാൻ അരവിന്ദ് കെജ്രിവാളിനോട് പരാജയപ്പെടുകയും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ചെയ്തു. 

2014 മാർച്ച് 11ന്  കേരള ഗവർണറായി ചുമതലയേറ്റ ഷീല കേന്ദ്രത്തിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി അധികാരത്തിൽ വന്നതിനെ തുടർന്ന് ആഗസ്റ്റ് 25 നു ഗവർണ്ണർ സ്ഥാനത്തു നിന്നും രാജി വെച്ചു. 2019 ജനുവരി 19 മുതൽ ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡന്റായിരുന്ന അവർ അതേവർഷം ജൂലൈയിൽ മരണപ്പെടുന്നത് വരെ ആ തസ്തികയിൽ തുടർന്നു.