അമ്മയെന്ന ജാതി
അമ്മ എന്നത് ജാതി വാലായി കൊണ്ട് നടന്നിരുന്ന ഒരു സംസ്ക്കാരം മലയാളിയ്ക്കുണ്ടായിരുന്നു. സവർണ്ണ ഹിന്ദു വിഭാഗ സ്ത്രീകളാണ് ആദ്യമായി പേരിനൊപ്പം അമ്മ എന്ന് ചേർത്ത് വിളിച്ചു തുടങ്ങിയത്. ആത്തേരമ്മയും, ബ്രാഹ്മണിയമ്മയും, ഇല്ലൊട്ടമ്മയും എളേതമ്മ തുടങ്ങി ജാതികളെ കൃത്യമായി അടയാളപ്പെടുത്താനായിരുന്നു ആദ്യകാലങ്ങളിൽ സ്ത്രീകളുടെ പേരിനൊപ്പം അമ്മ എന്നുപയോഗിച്ചിരുന്നത്. പിന്നീട് പേരോട് കൂട്ടിച്ചേർത്ത് സരസ്വതിയമ്മ, ദേവകിയമ്മ തുടങ്ങി സവർണ്ണ സ്ത്രീകളുടെ പേരുകൾ മാറിവന്നു. തൊള്ളായിരത്തി അറുപതുകളോടെ പടിഞ്ഞാറൻ സംസ്ക്കാരത്തിന്റെ സ്വാധീനം കേരളത്തിൽ പ്രതിഫലിയ്ക്കപ്പെട്ടതിന്റെ ഭാഗമായി സവർണ്ണ സ്ത്രീകൾ മിസ്സിസ് മേനോൻ എന്നും മിസ്സിസ് നായരെന്നും മിസ്സിസ് പിള്ളയെന്നും അറിയപ്പെട്ടു!.
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ കാലഘട്ടത്തിൽ സവർണ്ണ സ്ത്രീകൾ ഉപയോഗിച്ചിരുന്ന അമ്മ എന്ന ജാതി പ്രയോഗം പിന്നീട് ഈഴവരും സുറിയാനി ക്രിസ്ത്യാനികൾ ഉൾപ്പടെയുള്ളവരുടെ പേരിനൊപ്പവും വന്നു. ഗൗരിയമ്മ, പൊന്നമ്മ, ചിന്നമ്മ, അന്നമ്മ, ഏലിയാമ്മ, കാർത്തിയാനിയമ്മ എന്നിങ്ങനെ ആ ജാതിപ്രയോഗത്തെ സെക്കുലർ പ്രയോഗവും സാമാന്യ പദപ്രയോഗവുമായി മാറ്റുകയായിരുന്നു. ഈഴവ സ്ത്രീകളുൾപ്പടെയുള്ള കീഴാള സ്ത്രീകൾ പേരിനൊപ്പം അമ്മ എന്ന് ചേർത്തത്തിന്റെ പേരിൽ വലിയ തോതിലുള്ള പ്രതിഷേധവും കലാപവും ഉണ്ടായിട്ടുണ്ടെന്നതും ചരിത്രം. ദളിത് സ്ത്രീകൾക്കും പുരുഷന്മാർക്കും നല്ലൊരു പേര് പോലും ഇടാൻ കഴിയാത്ത ഒരു കലഘട്ടം ഉണ്ടായിരുന്നു. കാളി, കുറുമ്പ, കറുമ്പൻ, എന്നിങ്ങനെയുള്ള പേരുകളായിരുന്നു ദളിത് വിഭാഗങ്ങൾക്ക് ഉണ്ടായിരുന്നത്.
ഇന്ന് പ്രചാരത്തിലിരിയ്ക്കുന്ന പേരുകളുടെ ഉദ്ഭവവും പേരുകളുടെ പരിണാമവും അതിൽ ജാതിയ്ക്കുള്ള പങ്കിനെക്കുറിച്ചും കൂടുതൽ സംവാദങ്ങൾ നടക്കേണ്ടതുണ്ട്. അത്തരം സംവാദങ്ങളെ സ്വാഗതം ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകാം. പ്രതികരിയ്ക്കുന്നവർ സഭ്യമായ ഭാഷയിൽ പ്രതികരിയ്ക്കണമെന്ന് അഭ്യർത്ഥിയ്ക്കുന്നു.