അന്വേഷി

കേരളത്തിൽ എൺപതുകളുടെ ഒടുവിൽ രൂപംകൊണ്ട സ്ത്രീവിമോചന ഗ്രൂപ്പുകളുടെ തുടർച്ചയിലാണ് 1993-ൽ അന്വേഷി പിറക്കുന്നത്. കുടുംബത്തിലും സമൂഹത്തിലും നിരന്തരം വിവേചനങ്ങൾക്കും ചൂഷണങ്ങൾക്കും വിധേയയായിക്കൊണ്ടിരുന്ന സ്ത്രീയെ, അവളുടെ സവിശേഷ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് അന്വേഷി പ്രവർത്തിയ്ക്കുന്നത്. 

അജിത, വിജി, ലളിത, സാവിത്രി, അംബുജം എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാരംഭിച്ച അന്വേഷിയുടെ പ്രാഥമികമായ ലക്ഷ്യം സാധാരണ കുടുംബങ്ങളിൽ നി്ന്നുള്ള സ്ത്രീകൾക്ക് സംസാരിക്കാനുള്ള ഇടമുണ്ടാക്കിക്കൊടുക്കുക എന്നതായിരുന്നു. 

കേരള രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തിയ സൂര്യനെല്ലി, വിതുര കേസുകളിലും ഐസ്ക്രീം പാർലർ പെൺവാണിഭ കേസുമായും ബന്ധപ്പെട്ട നിർണ്ണായക ഇടപെടൽ നടത്തിയ പ്രസ്ഥാനമായിരുന്നു അന്വേഷി. പല തരത്തിൽ പാർശ്വവത്കരിയ്ക്കപ്പെട്ട സ്ത്രീകൾക്ക് അന്വേഷി ഇന്നൊരു അഭയകേന്ദ്രമായി മാറിയിട്ടുണ്ട്. മാനസിക ബുദ്ധിമുട്ടനുഭവിയ്ക്കുന്ന സ്ത്രീകൾക്ക് കൗൺസിലിംഗും മാനസിക പിന്തുണയും അന്വേഷി നൽകി വരുന്നു. നിർഭയ ഹോമിന്റെ കോഴിക്കോട് ജില്ലയിലെ പ്രവർത്തനം അന്വേഷിയുടെ കീഴിലാണ്. സ്ത്രീ സ്വാതന്ത്ര്യത്തിനായി സംഘടിത എന്ന ഒരു മാസികയും അന്വേഷി പ്രസദ്ധീകരിയ്ക്കുന്നുണ്ട്.