ലീല മേനോൻ
മാധ്യമ പ്രവർത്തനം നടത്താൻ സ്ത്രീകൾ മടിച്ചിരുന്ന കാലത്ത് ധൈര്യസമേതം കടന്നുവന്ന് ശ്രദ്ധ നേടിയ വനിതാ മാധ്യമപ്രവർത്തകയാണ് ലീല മേനോൻ. തപാൽ വകുപ്പിലായിരുന്നു ആദ്യം ജോലി ചെയ്തത് . കേരളത്തിലെ ആദ്യ വനിത ടെലിഗ്രാഫ് ഓഫിസർ എന്ന തന്നെക്കുറിച്ചുള്ള പ്രേമ വിശ്വനാഥന്റെ ലേഖനം കണ്ട് ആവേശത്തിലായ ലീല എങ്ങനെ പത്രപ്രവർത്തകയാകാമെന്ന് അന്വേഷിച്ചു. പത്രപ്രവർത്തന കോഴ്സ് പഠിക്കുകയായിരുന്നു. 40–ാം വയസ്സിലാണ് ലീല മേനോൻ പത്രപ്രവർത്തനത്തിലേക്ക് ഇറങ്ങിയത്.
ഗോൾഡ് മെഡൽ നേടി മാധ്യമപഠനം പൂർത്തിയാക്കിയായിരുന്നു മാധ്യമപ്രവർത്തനരംഗത്തേക്കുള്ള അവരുടെ വരവ്.1932–ൽ എറണാകുളം വെങ്ങോല തുമ്മാരുകുടി വീട്ടിൽ പാലക്കോട്ട് നീലകണ്ഠൻ കർത്താവിന്റെയും ജാനകിയമ്മയുടേയും മകളായി പിറന്നു. വെങ്ങോല പ്രൈമറി സ്കൂൾ, പെരുമ്പാവൂർ ഇംഗ്ലിഷ് സ്കൂൾ ഹൈദരാബാദ് നൈസാം കോളജ് എന്നിവടങ്ങളിൽ വിദ്യാഭ്യാസം. 1948–ൽ, പതിനേഴാം വയസിൽ പോസ്റ്റ് ഓഫീസിൽ ടെലിഗ്രാഫറായി ജോലി. ആദ്യം ഹൈദരാബാദിലും പിന്നീട് കൊച്ചിയിലുമായിരുന്നു നിയമനം. 1978-ലാണ് ഇന്ത്യൻ എക്സ്പ്രസ്സ് ദില്ലി ബ്യൂറോയിൽ സബ് എഡിറ്ററായി ജോലിയിൽ പ്രവേശിക്കുന്നത്. പിൻക്കാലത്ത് ഇന്ത്യൻ എക്സ്പ്രസ്സിന്റെ കൊച്ചി, കോഴിക്കോട്, ബ്യൂറോകളിൽ പ്രവർത്തിച്ചു. ജന്മഭൂമി പത്രത്തിൻറെ എഡിറ്ററായിരുന്നു. കേരള മിഡ് ഡേ ടൈം, കോർപറേറ്റ് ടുഡേ എന്നിവയിൽ എഡിറ്ററായിരുന്നു. ഔട്ട്ലുക്ക്, ദ ഹിന്ദു, വനിത, മലയാളം, മുതലായവയിൽ കോളമിസ്റ്റ് ആയിരുന്നു. ഹൃദയപൂർവം, നിലക്കാത്ത സിംഫണി(ആത്മകഥ) എന്നിവ ലില മേനോൻറെ കൃതികളാണ്. ഭർത്താവ് പരേതനായ മുണ്ടിയടത്ത് മേജർ ഭാസ്കരമേനോൻ.
ഇന്ത്യൻ മാധ്യമ മേഖലയിൽ മറ്റൊരു സ്ത്രീക്കും കഴിയാത്ത നേട്ടങ്ങളുടെ ഉടമയാണു ലീല. ലീലാമേനോന്റെ വാർത്തകൾ രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു.എയർഹോസ്റ്റസുകൾക്കു വിവാഹത്തിനു വിലക്കേർപ്പെടുത്തിയിരുന്ന സംഭവമാണു ശ്രദ്ധയാകർഷിച്ച ആദ്യ റിപ്പോർട്ട്. സൂര്യനെല്ലി കേസ്, വിതുര പെൺവാണിഭം, സംസ്ഥാനത്തെ എയ്ഡ്സ് രോഗബാധ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തതു ലീലാമേനോനാണ്.
ഹൃദ്രോഗവും പക്ഷാഘാതവും പിന്നീട് അർബുദവും ആരോഗ്യവ്യസ്ഥയെ ബാധിച്ചെങ്കിലും ലീല തളർന്നില്ല. വൈദ്യശാസ്ത്രം ആറു മാസത്തെ ആയുസ്സ് പറഞ്ഞപ്പോൾ, മരിക്കാൻ സമയമായിട്ടില്ലെന്നും ഇനിയുമേറെ ചെയ്യാനുണ്ടെന്നും പറഞ്ഞ്, ജീവിതം തുടർന്നു.