ഗർഭച്ഛിദ്രം

ആമുഖം 

ഗർഭച്ഛിദ്രത്തെ  ചരകൻ , ശുശ്രുതൻ എന്നി  വൈദ്യന്മാരെ  പോലുള്ള പുരാതന ഇന്ത്യക്കാർ ഒരു രീതിയായി അംഗീകരിച്ചിരുന്നു.  എന്നിരുന്നാലും, ‘ഗർഭച്ഛിദ്രം’ എന്ന വാക്ക് ഉരുത്തിരിഞ്ഞത് ലാറ്റിൻ പദമായ  'അബോർട്ടിരി' എന്നതിൽ നിന്നാണ്, ഒരു വസ്തുവിനെ ശരിയായ രീതിയിൽ നിന്ന് വേർപെടുത്തുക എന്നാണ് ഇതിനർത്ഥം.  ഗ്രീക്കുകാരും, പുരാതന റോമാക്കാരും ജനസംഖ്യ ക്രമീകരിക്കാനായി ഗർഭച്ഛിദ്രം നടത്തിയിരുന്നു.(35) വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ,  ഭ്രൂണത്തിന് ഗർഭപാത്രത്തിന് പുറത്ത് അതിജീവിക്കാൻ പ്രാപ്തിയെത്തുന്നതിനു മുമ്പ് ഗർഭവസ്ഥയെ അവസാനിപ്പിക്കുന്നതിനെയാണ് ഗർഭം അലസൽ എന്ന പദം സൂചിപ്പിക്കുന്നത്. 

ഭ്രൂണം പൂർണ വളർച്ച എത്തുന്നതിനു മുൻപ് തന്നെ എപ്പോൾ വേണമെങ്കിലും അതിനെ അലസിപ്പിക്കുന്നതാണ് ഗർഭഛിദ്രം.  ഏഷ്യയിലെ തന്നെ,  ഏറ്റവും വലിയ ഗർഭഛിദ്ര നിയമങ്ങൾ നിലവിലുള്ളത് ഇന്ത്യയിലാണ്. 1971 മെഡിക്കൽ  ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് (എം‌ടി‌പി ആക്ട് ) പ്രകാരം, രജിസ്റ്റർ ചെയ്തവർക്ക് ഗർഭാവസ്ഥയുടെ ആദ്യത്തെ 20 ആഴ്ചയ്ക്കുള്ളിൽ സർക്കാർ അംഗീകരിച്ച ആശുപത്രിയിലെ ഡോക്ടർ മുഖേന ഗർഭഛിദ്രം നടത്താം.(36) ഗർഭച്ഛിദ്രം പതിറ്റാണ്ടുകളായി ഇന്ത്യയിൽ നിയമപരമാണെങ്കിലും സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രം,  നിയമപരമായ ഗർഭച്ഛിദ്രനടപടിക്രമങ്ങളെക്കാൾ വളരെ കൂടുതലാണ്.  ശശീന്ദ്രൻ പള്ളികടവത്തിന്റെ 2006 ലെ പഠന പ്രകാരം,  ഇന്ത്യയിൽ നടത്തിയ ഏകദേശം 90 ശതമാനം ഗർഭച്ഛിദ്രങ്ങളും സുരക്ഷിതമല്ല.(37)

ഗർഭച്ഛിദ്രത്തിന്റെ വർഗ്ഗീകരണം

ഗർഭഛിദ്രം  സ്വമേധയാ അലസി പോകുന്നതോ  അല്ലെങ്കിൽ ആരുടെയെങ്കിലും പ്രേരണ കൊണ്ട് നടത്തുന്നതോ ആകാം. മനപ്പൂർവ്വമോ പരപ്രേരണ കൊണ്ടോ ചെയ്യുന്ന ഗർഭഛിദ്രം നിയമവിരുദ്ധമാണ്.  ഗർഭച്ഛിദ്രം, സ്വതസിദ്ധമായാലും പ്രേരണയായാലും എല്ലായ്പ്പോഴും മാതൃമരണത്തിനും രോഗാവസ്ഥയ്ക്കും കാരണമാകുന്ന അപകടങ്ങൾ നിറഞ്ഞിരിക്കും.(38) ഗർഭധാരണം അവസാനിപ്പിക്കാൻ തിരഞ്ഞെടുത്ത സാങ്കേതികത, രോഗിയുടെ ആവശ്യങ്ങളും സ്ഥാപനത്തിന്റെ നയങ്ങളും ഗർഭത്തിന്റെ  കാലഘട്ടത്തെയും ആശ്രയിച്ചിരിക്കുന്നു. ഗർഭച്ഛിദ്രത്തിനു ശേഷം കൗൺസിലിംഗ് നൽകുകയും ഗർഭനിരോധന മാർഗ്ഗങ്ങളെക്കുറിച്ച് നിർദേശങ്ങൾ നൽകുന്നതും ഗുണകരമാണ്. സ്ത്രീകൾക്ക് ഭാവിയിലെ അനാവശ്യ ഗർഭധാരണങ്ങളെ തടയുന്നതിനായി ഓരോ ഗർഭനിരോധന മാർഗങ്ങളെക്കുറിച്ചും അവയുടെ ഗുണങ്ങളും ദോഷങ്ങളും മനസിലാക്കികൊടുക്കുകയും ഫലപ്രദമായ  ഗർഭനിരോധന മാർഗ്ഗങ്ങൾ സ്വീകരിക്കാനുള്ള സഹായം നൽകുകയും ചെയ്യണം. രണ്ടോ അതിലധികമോ ഗർഭച്ഛിദ്രത്തിന് വിധേയരായ സ്ത്രീകൾക്ക്  തുടർന്നുള്ള ഗർഭധാരണത്തിൽ ഗർഭം അലസുന്നതിന്  ഉള്ള സാധ്യത വളരെ കൂടുതലാണ്. 

സുരക്ഷിതമല്ലാത്ത ഗർഭഛിദ്രം

നിലവാരമില്ലാത്ത വൈദ്യ സഹായത്തിന്റെ  അഭാവത്തിലോ അപര്യാപ്തമായ വൈദഗ്ധ്യത്തിലോ  ഗർഭം അവസാനിപ്പിക്കുന്നതിനെ      ലോകാരോഗ്യ സംഘടന സുരക്ഷിതമല്ലാത്ത ഗർഭഛിദ്രം എന്നു  നിർവചിക്കുന്നു. ലോകത്താകമാനം 1995 നും 2008 നും ഇടയിൽ, 15-44 വയസ്സ് പ്രായമുള്ള സ്ത്രീകളിൽ സുരക്ഷിതമല്ലാത്ത അലസിപ്പിക്കൽ 1000 സ്ത്രീകൾക്ക് 14 ഗർഭച്ഛിദ്രങ്ങൾ എന്ന നിരക്കിൽ ആയിരുന്നു. (39)  വികസ്വര രാജ്യത്തിലെ  സ്ത്രീകളിൽ അനാരോഗ്യത്തിന് ഒരു പ്രധാന കാരണം സുരക്ഷിതമല്ലാത്ത ഗർഭഛിദ്രം ആണ്. 2005 ലെ കണക്കുകൾ പ്രകാരം പ്രതിവർഷം 8.5 ദശലക്ഷം സ്ത്രീകൾ സുരക്ഷിതമല്ലാത്ത അലസിപ്പിക്കലിൽ നിന്നുള്ള സങ്കീർണതകൾ അനുഭവിക്കുന്നു. കൂടാതെ 3 ദശലക്ഷം സ്ത്രീകൾക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല. (40) ലോകാരോഗ്യ സംഘടനയുടെ 2011  ലെ കണക്കുപ്രകാരം ലോകത്ത് സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രം മൂലം മരണമടഞ്ഞവരുടെ എണ്ണം 2003 ൽ 56,000 ആയിരുന്നത് 2008 ൽ 47,000 ആയി കുറഞ്ഞു. ലോകമെമ്പാടുമുള്ള മാതൃമരണങ്ങളിൽ 13 ശതമാനവും സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രത്തിൽ നിന്നുള്ള സങ്കീർണതകൾ കൊണ്ടാണെന്നു  കണക്കാക്കപ്പെടുന്നു. (41)
2009  ലെ  പഠന പ്രകാരം, ഗർഭച്ഛിദ്രത്തിനു ശേഷമുള്ള പരിചരണം നൽകുന്നതിനുള്ള ഏറ്റവും കുറഞ്ഞ വാർഷിക ചെലവ്
വികസ്വര രാജ്യങ്ങളിൽ  341 മില്യൺ ഡോളറാണ്. (42) വികസ്വര രാജ്യങ്ങളിൽ, പാവപ്പെട്ട സ്ത്രീകൾക്ക് കുടുംബാസൂത്രണ സേവനങ്ങളിലേക്കുള്ള  ലഭ്യതയുടെ കുറവും,  സുരക്ഷിതമായ അലസിപ്പിക്കൽ നടപടിക്രമങ്ങൾക്ക് പണം നൽകാനുള്ള സാമ്പത്തിക സ്ഥിതിയുടെ കുറവും കാരണം സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രവുമായി   ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭവിക്കുന്നു. സുരക്ഷിതമല്ലാത്ത ഗർഭഛിദ്രം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു എന്നതിനപ്പുറം സ്ത്രീകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഉദാഹരണത്തിന്, സുരക്ഷിതമല്ലാത്ത ഗർഭഛിദ്രം നിന്നുള്ള സങ്കീർണതകൾ- സ്ത്രീകളുടെ പ്രത്യുല്പാദന ക്ഷമത കുറയ്ക്കുക, പാവപ്പെട്ട കുടുംബങ്ങളുടെ സാമ്പത്തിക ഭാരം വർദ്ധിപ്പിക്കുക, മാതൃമരണത്തിന് കാരണമാകുക, വന്ധ്യത പോലുള്ള ആരോഗ്യ പ്രശ്‍നം  എന്നിവയ്ക്ക്  കാരണമാകുന്നു. (43)

ഗർഭഛിദ്രം നടത്തുന്ന രീതികൾ 

ഒരു ഗർഭധാരണം അവസാനിപ്പിക്കാൻ വിവിധ രീതികൾ ഉപയോഗിക്കുന്നു. ഗർഭാവസ്ഥയുടെ കാലഘട്ടം, ഗർഭഛിദ്രത്തിന്റെ  ഒരു പ്രധാന ഘടകമാണ്. ഗർഭത്തിന്റെ കാലഘട്ടത്തിന്റെ  അടിസ്ഥാനത്തിൽ ഗർഭാവസ്ഥയെ, ആദ്യ ത്രിമാസ അവസാനിപ്പിക്കൽ, രണ്ടാമത്തെ ത്രിമാസ അവസാനിപ്പിക്കൽ  എന്നിങ്ങനെ തരംതിരിക്കുന്നു. 

ഗർഭഛിദ്ര ഗുളികകൾ (അബോർഷൻ പിൽസ്)

ഗർഭഛിദ്ര ഗുളിക RU-486 എന്നറിയപ്പെടുന്നു. RU എന്നാൽ Roussel-Uclaf (ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഇനീഷ്യലുകൾ), 486  ഒരു ലാബ് സീരിയൽ നമ്പറാണ്. മൈഫെപ്രിസ്റ്റോൺ, മിസോപ്രോസ്റ്റോൾ എന്നി രണ്ട് മരുന്നുകളാണ്  ഇതിൽ അടങ്ങിയിരിക്കുന്നത്, ഇത് ഗർഭഛിദ്ര ഗുളികയായി ഉപയോഗിക്കുന്നു. ഈ ഗുളികകൾ ഏകദേശം നാല് മണിക്കൂറിനുള്ളിൽ ഗർഭം അലസിപ്പിക്കും. ഗർഭാവസ്ഥയുടെ ഒമ്പത് ആഴ്ചയ്ക്കുള്ളിൽ ഉപയോഗിക്കുകയാണെങ്കിൽ ഇത് സുരക്ഷിതവും ഫലപ്രദവുമാണ്. സ്ത്രീക്ക് ഹൃദ്രോഗം, ആസ്ത്മ, പ്രമേഹം, അമിത രക്തസ്രാവം,  രക്തസമ്മർദം, ഐ യു ഡി പോലുള്ള ഗർഭ നിരോധന മാർഗ്ഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ  ഗർഭഛിദ്ര  ഗുളികകൾ ശുപാർശ ചെയ്യുന്നില്ല. എക്ടോപിക് ഗർഭാവസ്ഥ ആണെങ്കിൽ ഇത് ഫലപ്രദമല്ല. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഗർഭം അലസിപ്പിക്കുന്നതിനുള്ള ഗുളിക ഫലപ്രദമായ ചികിത്സയായി കണക്കാക്കുന്നു. കാരണം  ഗർഭത്തിന്റെ ആദ്യ ഒമ്പത് ആഴ്ചകളിൽ ഗർഭഛിദ്ര  ഗുളിക കഴിക്കുന്നത് 100 സ്ത്രീകളിൽ  95 ഓളം പേർക്ക്  ഗർഭച്ഛിദ്രം വിജയകരമായിരുന്നു. മാത്രമല്ല, ഗർഭഛിദ്രത്തിനു ഗുളിക കഴിക്കുന്നത്, അണുബാധയ്ക്കുള്ള സാധ്യതയും, മാതൃമരണവും  കുറയ്ക്കുന്നു. അനസ്തേഷ്യ ആവശ്യമില്ലാത്ത താരതമ്യേന വിലകുറഞ്ഞതുമായ ഓപ്ഷനാണ് ഇത്. വേദനസംഹാരികളുടെ ആവശ്യം വേണ്ടിവരുന്നില്ല. എന്നിരുന്നാലും, ഗർഭഛിദ്രഗുളികകൾ ഉപയോഗിച്ചാൽ ആഴ്ചകളോളം തുടർച്ചയായ രക്തസ്രാവം ഉണ്ടാകാം. ഗർഭഛിദ്ര ഗുളികകൾ കഴിക്കുന്ന 300 സ്ത്രീകളിൽ ഒരാൾക്ക് അമിതമായ രക്തസ്രാവം ഉണ്ടാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ചില അപൂർവ സന്ദർഭങ്ങളിൽ, ഈ ഗുളിക കാരണം അണുബാധ ഉണ്ടായേക്കാം. ഗർഭഛിദ്ര  ഗുളിക കഴിക്കുന്ന 100 സ്ത്രീകളിൽ 5 പേർക്ക് ഇത് ഫലപ്രദമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.(44) 

ഗർഭച്ഛിദ്ര സമയത്തുള്ള രോഗിയുടെ പരിചരണം


ആവശ്യമായ പരിചരണവും ഗർഭഛിദ്ര സമയത്തെ ഒഴിവാക്കേണ്ട സങ്കീർണതകളും ഗർഭാവസ്ഥയുടെ ഘട്ടത്തെ ആശ്രയിച്ചിരിക്കുന്നു.  ഗർഭച്ഛിദ്രം തിരഞ്ഞെടുക്കുന്ന നിരവധി സ്ത്രീകളിൽ ശാരീരികവും മാനസികവുമായ പരിണിത ഫലങ്ങളെക്കുറിച്ച് ആകാംക്ഷയും ആശയക്കുഴപ്പവുമാണ്. അതിനാൽ ഗർഭച്ഛിദ്രത്തിന് മുമ്പും ശേഷവുമുള്ള കൗൺസിലിംഗ് അനിവാര്യമാണ്. സ്വതസിദ്ധമായ  ഗർഭച്ഛിദ്രമാണ് നടക്കുന്നതെങ്കിൽ  രോഗിയുടെ പരിചരണം ലക്ഷ്യമിടേണ്ടത്, രോഗിക്ക്  വൈകാരികവും, മാനസികമായ പിന്തുണ നൽകുക എന്നതിനാണ്. (45)


ഗർഭച്ഛിദ്രവും ഉദാരവൽക്കരിച്ച നിയമങ്ങളും

1997 മുതൽ, 22 രാജ്യങ്ങൾ അല്ലെങ്കിൽ രാജ്യങ്ങളിലെ ഭരണ മേഖലകൾ അവരുടെ ഗര്ഭച്ഛിദ്രത്തിന്റെ  നിയമങ്ങൾ മാറ്റുകയുണ്ടായി; 19  രാജ്യങ്ങളിൽ ഗർഭഛിദ്രത്തിന് അനുവദിക്കുന്ന മാനദണ്ഡങ്ങൾ വിശാലമാക്കി, മൂന്ന് രാജ്യങ്ങളിൽ മാനദണ്ഡങ്ങൾ ചുരുക്കി. പ്രത്യേകിച്ച് ഉപ-സഹാറൻ ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലും ഗർഭച്ഛിദ്രത്തിന്റെ  നിയമങ്ങൾ വളരെ പരിമിതപ്പെടുത്തിയിരിക്കുന്നു.  ഗർഭം ഒരു  സ്ത്രീയുടെ ജീവിതത്തെ അപകടപ്പെടുത്തുന്നതല്ലെങ്കിൽ, ഗർഭഛിദ്രം അയർലണ്ടിലെ നിയമത്തിന് വിരുദ്ധമാണ്. ഒരു പുതിയ നിയമപ്രകാരം റിപ്പബ്ലിക്കന്  അയർലണ്ടിന്റെ ചില പരിമിതമായ സാഹചര്യങ്ങളിൽ മാത്രം  ഗർഭഛിദ്രം അനുവദിക്കും. ഒരു ഇന്ത്യൻ സ്ത്രീ ഐറിഷ് ആശുപത്രിയിൽ വച്ച് ഗർഭഛിദ്രം  നിരസിച്ചത് മൂലം മരണമടഞ്ഞതിനാലാണ് നിയമനിർമ്മാണത്തിനു ഭേദഗതി വന്നത്. (ബി ബി സി വാർത്ത 2013)(46) . ആഗോളതലത്തിൽ, പ്രത്യുല്പാദന പ്രായപരിധിയിൽ (15–44)  വരുന്ന  40 ശതമാനം സ്ത്രീകളും വളരെ നിയന്ത്രിതമായ നിയമങ്ങൾ ഉള്ള രാജ്യങ്ങളിലാണ് താമസിക്കുന്നത് (ഒരു സ്ത്രീയുടെ ജീവൻ രക്ഷിക്കുന്നതിനോ അല്ലെങ്കിൽ അവളുടെ ശാരീരികമോ മാനസികമോ ആയ ആരോഗ്യം സംരക്ഷിക്കുന്നതിനു ഗർഭച്ഛിദ്രം അനുവദിക്കുന്നവ). ഫലത്തിൽ വളരെ നിയന്ത്രണമുള്ള നിയമങ്ങളുള്ള എല്ലാ രാജ്യങ്ങളും വികസ്വര രാജ്യങ്ങളാണ്. ചൈനയിലെയും ഇന്ത്യയിലെയും സ്ത്രീകളൊഴികെ (ഉദാരമായ ഗർഭഛിദ്ര നിയമങ്ങൾ അനുവദിക്കുന്ന ജനസംഖ്യ  കൂടിയ രാജ്യങ്ങൾ), വികസ്വര രാജ്യങ്ങളിലെ  പ്രത്യുൽപാദന  പ്രായത്തിലുള്ള  86 ശതമാനം സ്ത്രീകളും വളരെ നിയന്ത്രിതമായ ഗർഭഛിദ്ര നിയമങ്ങൾ അനുസരിച്ചാണ് ജീവിക്കുന്നത്. ഉദാഹരണമായി  ഇന്ത്യയും ദക്ഷിണാഫ്രിക്കയും പോലുള്ള ചില രാജ്യങ്ങളിൽ ഗർഭഛിദ്രം  ഉദാരമായ കാരണങ്ങളാൽ ലഭ്യമാണ്, എന്നാൽ ഈ മേഖലയിൽ  വിദഗ്ദ്ധർ നൽകുന്ന സേവനങ്ങൾ തികച്ചും  ദുർലഭമാണ്.  വികസ്വര രാജ്യങ്ങളിലെ  ആരോഗ്യ വിദഗ്ധരുടെ സർവ്വേകളിൽ നിയന്ത്രിത ഗർഭഛിദ്ര  നിയമങ്ങൾ നിലനിൽക്കെ സുരക്ഷിതമല്ലാത്ത ഗർഭഛിദ്ര സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുണ്ട്. രഹസ്യമായി ഗർഭഛിദ്രം  ആഗ്രഹിക്കുന്ന സ്ത്രീകൾ സാധാരണയായി അപര്യാപ്തമായ പരിശീലനം  നേടിയ  പരമ്പരാഗത പ്രാക്ടീഷണർമാർ അല്ലെങ്കിൽ ഡോക്ടർമാർ അല്ലെങ്കിൽ നഴ്സുമാർ എന്നിവരിലേക്ക് പോകുന്നു. ചില സ്ത്രീകൾ സ്വയം ഗർഭം അലസിപ്പിക്കാൻ  ശ്രമിക്കുന്നു (വളരെ അപകടകരമായ രീതികൾ ഉപയോഗിച്ച്), അല്ലെങ്കിൽ ഫർമസിസ്റ്റുകളിൽ നിന്ന് മരുന്ന് വാങ്ങി കഴിക്കുന്നു.   നഗരവാസികളായ സ്ത്രീകളെ അപേക്ഷിച്ചു,  ഗ്രാമീണ സ്ത്രീകളും  പാവപ്പെട്ട സ്ത്രീകളുമാണ് പരമ്പരാഗത പരിശീലകരിലേക്കും,  സുരക്ഷിതമല്ലാത്ത ഗർഭഛിദ്ര രീതികളിലേക്കും  പോകുന്നതിലൂടെ ആരോഗ്യ പ്രശ്‌നങ്ങൾ‌ അനുഭവിക്കാനും കൂടുതൽ സാധ്യത. ഗർഭച്ഛിദ്രത്തോട്‌ അനുബന്ധിച്ചുള്ള ചികിത്സയും വളരെ കൃത്യമായി ഇവർക്ക് ലഭിക്കുന്നില്ല. 

ഏഷ്യയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളായ ചൈനയിലും, ഇന്ത്യയിലും ഭൂരിപക്ഷം സ്ത്രീകളും ഉദാരമായ ഗർഭഛിദ്ര നിയമങ്ങൾക്ക് കീഴിലാണ് ജീവിക്കുന്നത്. ഇറാഖ്, ലാവോസ്, ഒമാൻ, ഫിലിപ്പൈൻസ് എന്നീ നാല് ഏഷ്യൻ രാജ്യങ്ങളിൽ ഗർഭച്ഛിദ്രം ഒരു കാരണവശാലും അനുവദനീയമല്ല. പതിനേഴ് രാജ്യങ്ങൾ ഗർഭച്ഛിദ്രത്തിന് യാതൊരു നിയന്ത്രണവുമില്ലാതെ അനുവദിക്കുന്നു. ഈ രാജ്യങ്ങളെല്ലാം (ചൈന, ഉത്തര കൊറിയ, വിയറ്റ്നാം ഒഴികെ), വ്യത്യസ്ത നിയന്ത്രണ സംവിധാനങ്ങളുള്ളതിനാൽ  ഗർഭകാല പരിമിതികൾ ഏർപ്പെടുത്തുന്നു.(47)  ഗട്ട്മാക്കർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിന്റെ അടിസ്ഥാനത്തിൽ, 2017 ൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ക്ലിനിക്കൽ ക്രമീകരണങ്ങളിൽ 862,320 ഗർഭച്ഛിദ്രങ്ങൾ നൽകിയിട്ടുണ്ട്, ഇത് 2014 മുതൽ 7% കുറഞ്ഞതായും ഇത്  ദീർഘകാല പ്രവണതയുടെ തുടർച്ചയായും കണക്കാക്കുന്നു. യുഎസ് ഗർഭച്ഛിദ്ര നിരക്ക് 2017 ൽ 15–44 വയസ് പ്രായമുള്ള 1,000 സ്ത്രീകൾക്ക് 13.5 ആയി കുറഞ്ഞു, 1973 ൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കിയതിനുശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് ആണിത്. ഗർഭനിരോധന മാർഗത്തിന്റെ ഉപയോഗത്തിലെ മെച്ചപ്പെടുത്തലുകളും,  ക്ലിനിക്കൽ ക്രമീകരണത്തിന് പുറത്തുള്ള ഗർഭച്ഛിദ്രത്തിനെ ആശ്രയിക്കുന്ന വ്യക്തികളുടെ എണ്ണത്തിലെ വർധനയുമാണ് ഗർഭഛിദ്രം  കുറയുന്നതിന് കാരണമായേക്കാവുന്ന ഘടകങ്ങൾ.(48)
 

മൂന്ന് പതിറ്റാണ്ടിലേറെയായി  വൈദ്യശാസ്ത്രപരമായി ഗർഭാവസ്ഥയെ അവസാനിപ്പിക്കാൻ ഇന്ത്യയിലെ നിയമം അനുവദിച്ചിട്ടുണ്ടെങ്കിലും യോഗ്യതയില്ലാത്തവർ നടത്തിയ സുരക്ഷിതമല്ലാത്ത ഗർഭഛിദ്രം കുറയുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. ഇന്ത്യൻ സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യനില മെച്ചപ്പെടുത്തണമെങ്കിൽ  കുടുംബാസൂത്രണവും, പ്രത്യുത്പാദന ആരോഗ്യവും അതോടൊപ്പം ഗർഭച്ഛിദ്രവും ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. സേവനങ്ങളുടെ ഗുണനിലവാരം, ഗർഭഛിദ്രം നടത്താൻ വേണ്ട സൗകര്യങ്ങളുടെ വിപുലീകരണം, സുരക്ഷിതമായ ഗർഭഛിദ്ര രീതികളുടെ അവതരണം എന്നിവ  നിലവിലുള്ള സർക്കാർ ആശുപത്രികളിലെ  ദുർബലമായ സൗകര്യങ്ങൾ  മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്നു. (49)

ഗർഭനിരോധന മാർഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ, സുരക്ഷിതമായ ഗർഭഛിദ്ര സേവനങ്ങൾ, ഗർഭച്ഛിദ്രത്തിനു ശേഷം ഉണ്ടാകുന്ന  സങ്കീർണതകൾ ചികിത്സിക്കാനുള്ള സൗകര്യങ്ങൾ എന്നിവ  സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രം കാരണം ഉണ്ടാകുന്ന മാതൃമരണം തടയാൻ കഴിയും. 1971 ൽ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (എംടിപി) നിയമത്തിന്റെ നിയമനിർമ്മാണത്തോടെ, ഉദാരമായ ഗർഭച്ഛിദ്രം നിയമവിധേയമാക്കിയ ആദ്യത്തെ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി, പ്രത്യേകിച്ച്  'ഗർഭനിരോധന മാർഗത്തിന്റെ  പരാജയം ഗർഭഛിദ്രത്തിന് സാധുത നൽകുന്നു. എന്നിരുന്നാലും, ഗർഭഛിദ്രം ഇപ്പോഴും സാമൂഹിക വിലക്കുകളാൽ നിറഞ്ഞിരിക്കുന്നു. ആൺകുട്ടികൾക്ക് മുൻഗണന ഇന്ത്യയിൽ സാധാരണമാണ്, ഇത്തരത്തിലുള്ള ലിംഗഭേദം ആധുനിക ഇന്ത്യയിലും  വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 

ആസൂത്രിതമല്ലാത്ത ഗർഭധാരണവും ഗർഭനിരോധന മാർഗ്ഗവും


ആസൂത്രിതമല്ലാത്ത ഗർഭധാരണത്തിന് കാരണം ഫലപ്രദമായ ഗർഭനിരോധന മാർഗത്തിന്റെ  അഭാവമാണ്. ഗട്ട്മാക്കർ ഇൻസ്റ്റിട്യൂട്ടിന്റെ പഠനത്തിന്റെ അടിസ്ഥാനത്തിൽ, ആഗോളതലത്തിൽ വിവാഹിതരായ സ്ത്രീകളുടെ ഗർഭനിരോധന മാർഗത്തിന്റെ ഉപയോഗത്തിന്റെ  അനുപാതം 1990 ൽ 54 ശതമാനത്തിൽ നിന്ന് 2003 ൽ 63 ശതമാനമായി ഉയർന്നു. വികസ്വര രാജ്യങ്ങളിൽ, ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കാതിരിക്കാനുള്ള സ്ത്രീകളുടെ കാരണങ്ങൾ, പാർശ്വഫലങ്ങളെക്കുറിച്ചുള്ള ആശങ്കകൾ, ഗർഭിണിയാകാൻ സാധ്യതയില്ലെന്ന വിശ്വാസം, കുടുംബാസൂത്രണത്തിനുള്ള ലഭ്യതക്കുറവ്, ഗർഭനിരോധ മാർഗത്തോടുള്ള പങ്കാളിയുടെ എതിർപ്പ്  എന്നിവ ഉൾപ്പെടുന്നു. (86)

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്റ്റ്, 1971  പ്രകാരം ഗർഭച്ഛിദ്രം നിയമവിധേയമാക്കിയതിനാൽ, എം‌ടി‌പി സേവനങ്ങൾ നൽകുന്ന കേന്ദ്രങ്ങളുടെ എണ്ണം വർഷങ്ങളായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. (ഇന്ത്യാ ഗവൺമെന്റ്, 1994 ) ഗർഭനിരോധന മാർഗത്തിന്റെ പരാജയം ഗർഭച്ഛിദ്രത്തിനു കാരണമാകുന്നു.

 

 

കേരളത്തിൽ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (എംടിപി) സംബന്ധിച്ച കണക്കുകൾ  സൂചിപ്പിക്കുന്നത് ഗർഭച്‌ഛിദ്രത്തിന്റെ പ്രവണത കുറയുന്നു എന്നതാണ്. 2002-03 ൽ കേരളത്തിൽ ആകെ എംടിപി കേസുകളുടെ എണ്ണം 33733 ആയിരുന്നു. എന്നാൽ തുടർച്ചയായ വർഷങ്ങളിൽ സംസ്ഥാനത്ത് എംടിപി കേസുകളുടെ എണ്ണം കുറഞ്ഞു. 2007-08 കാലയളവിൽ, എം‌ടി‌പി കേസുകളുടെ എണ്ണം 2002-03 ലെ എണ്ണത്തിന്റെ പകുതിയായി കുറഞ്ഞു. കേരളത്തിൽ 2009-10 കാലയളവിൽ ആകെ എം‌ടി‌പി കേസുകളുടെ എണ്ണം11591 മാത്രമാണ്. എന്നാൽ 2014  മുതൽ  ഗര്ഭച്‌ഛിദ്രത്തിന്റെ എണ്ണം ഗണ്യമായ തോതിൽ കുറയുകയും 2013 -14  കാലയളവിനേക്കാളും അഞ്ചിൽ ഒന്നായി കുറയുകയും ചെയ്തു.  കേരളത്തിൽ 2015 -16  കാലയളവിൽ ഗർഭച്‌ഛിദ്രത്തിന്റെ എണ്ണം വെറും 2106  കേസുകൾ മാത്രമായി ചുരുങ്ങുകയും ചെയ്തു. എം‌ടി‌പി കേസുകളുടെ എണ്ണത്തിൽ ഉണ്ടായ  കുറവ്  പോസിറ്റീവ് ആരോഗ്യ സൂചകമായി കണക്കാക്കാമോ എന്ന ചോദ്യം ഉയരുന്നു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട എംടിപി കേസുകൾ കുറയുന്നത് പോസിറ്റീവ് സൂചകമായി കണക്കാക്കാൻ കഴിയില്ല. എം‌ടി‌പി കേസുകളുടെ എണ്ണം കുറയുന്നത് ഗർഭച്‌ഛിദ്രം റിപ്പോർട്ട് ചെയ്യാത്തതുകൊണ്ടാകാം. ഗർഭച്ഛിദ്ര ഗുളികകളുടെ നടപ്പാക്കലും ലഭ്യതയും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഗർഭച്‌ഛിദ്രത്തിന്റെ എണ്ണത്തെ ഗണ്യമായി കുറയ്ക്കുന്നു. എന്നാൽ കേരളത്തിൽ മെഡിക്കൽ ഷോപ്പുകൾ വഴി വിതരണം ചെയ്യുന്ന ഗർഭച്‌ഛിദ്ര  ഗുളികകളുടെ വിശദമായ എണ്ണം ലഭ്യമല്ല. അതിനാൽ ഡോക്ടറിന്റെ  നിർദേശപ്രകാരം ആണോ  ഗുളിക ഉപയോഗിച്ചത് എന്ന്  വ്യക്തമാക്കാൻ കഴിയില്ല.  ഈ കാലയളവിൽ  ഗർഭച്ഛിദ്ര ഗുളികകളുടെ ലഭ്യതയും, അടിയന്തിര ഗർഭനിരോധന ഗുളികകളുടെ ഗണ്യമായ ഉപയോഗവും  കാരണമാവാം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഗർഭച്ഛിദ്ര കേസുകളുടെ എണ്ണം കുറയാൻ കാരണം. 
 

References

References

 

References

35.  Kapilashrami M.C., A.K. Sood, S. Menon and S. Sachdeva. 2004.Unsafe Abortions: Socio-Demographic Problems and their Management, Health and Population Perspectives & Issues, Vol.27;No.4, October-December .

36.  www.ipas.org, 2008 

37.  Saseendran Pallikadavath and R. William Stones, 2006. Maternal and Social Factors Associated with Abortion In India: A Population-Based Study, International Family Planning Perspectives, 32(3):120–125.

38. International Planned Parenthood Federation .1971. ―Abortion: Classification and techniques, London.

39. Sedgh G ScD, S Singh PhD, S K Henshaw PhD, A Bankole PhD, I H Shah PhD, E Ahman MA. 2012.Induced abortion: Incidence and trends worldwide, The Lancet Vol.379(9816): 625-632.

40. Singh S. 2006. ―Hospital admissions resulting from unsafe abortion: estimates from 13 developing countries,‖ Lancet, 368[9550]:1887–1892.

41. World Health Organization (WHO). 2011. ―Unsafe Abortion: Global and Regional Estimates of the Incidence of Unsafe Abortion and Associated Mortality in 2008,‖ sixth ed., Geneva: WHO.

42. Vlassoff M et al, 2009. ―Estimates of health care system costs of unsafe abortion in Africa and Latin America,‖ International Perspectives on Sexual and Reproductive Health, 35[3]:118.

43. Guttmacher Institute. 2012. ―Facts on Abortion in Asia,‖ January www.guttmacher.org

44. www.womenhealthzone.com Published on Jul 07, 2007, Under Abortion Features Women's Reproductive Health .

45. Miller-Keane Encyclopedia and Dictionary of Medicine. 2003. Nursing, and Allied Health, Seventh Edition. by Saunders, an imprint of Elsevier, Inc

46.  BBC News, 2013. http://www.bbc.co.uk/news/world-europe-23507923

47.  Guttmacher Institute. 2012. ―Facts on Abortion in Asia,‖ January www.guttmacher.org.

48.  https://www.guttmacher.org/report/abortion-incidence-service-availability-us-2017

49.  Prathibha Varkey, Padma Priya Balakrishna, Jasmine Helan Prasad, Sulochana Abraham, Abraham Joseph .2000. ―The Reality of Unsafe Abortion in a Rural Community in South India,‖ Reproductive Health Matters, Vol. 8, No. 16, November.

86.  Guttmacher Institute. 2012. ―Facts on Abortion in Asia,‖ January  www.guttmacher.org