സ്ത്രീ പുരുഷ സമത്വത്തിനുള്ള ചില പ്രതിബന്ധങ്ങൾ

കോച്ചോട്ടിൽ കല്ല്യാണിക്കുട്ടിയമ്മ

"സ്ത്രീയെ ദേവിയുടേയും മൂഢയുടേയും സങ്കലനമായിട്ടേ പുരുഷനു വീക്ഷിക്കാൻ സാധിക്കൂ” എന്ന് ഒരു മഹാൻ പറഞ്ഞിട്ടുള്ളതു പരമാർത്ഥം തന്നെ. അതാതു കാലത്ത് അതാത് രാജ്യത്തിൽ സ്ത്രീകൾക്ക് താരതമ്യേന പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും, സ്ത്രീലോകത്തിനു പൊതുവേ പുരുഷവർഗത്തോടു സമമായ നില ഇനിയും ലഭിച്ചു കഴിഞ്ഞിട്ടില്ല. എങ്കിലും ഈ സമത്വത്തിന് ആഗ്രഹിക്കുന്ന സ്ത്രീകളുടെ സംഖ്യ പ്രായേണ വർധിച്ചുതന്നെ വരികയാണ്. പക്ഷെ, ആ സമത്വലാഭത്തിനു പ്രതിബന്ധമായി നിൽക്കുന്ന ചില സംഗതികളുണ്ട്. അവ എന്തെല്ലാമെന്ന് അവർ അറിഞ്ഞിരിക്കേണ്ടതാണ്.

ഒന്നാമതായി, ഇന്ന് അത്യാവശ്യമായിരിക്കുന്നത് ജീവിതത്തെ യുക്തിപൂർവം വീക്ഷിക്കുവാനുള്ള സന്നദ്ധതയാണ്. ആദികാലം മുതൽക്കുതന്നെ പുരുഷന്മാർ സ്ത്രീകളെ ക്ഷുദ്രവിദ്യയുമായി ഘടിപ്പിച്ചിരുന്നു. ഇന്ദ്രിയഗോചരവും ഇന്ദ്രിയാതീതവുമായവയ്ക്ക് മധ്യേ കിടന്നുഴലുന്ന മനുഷ്യമനസ്സ്, നിഗൂഢമായ ഏതിനേയും ഭയപ്പെടുന്ന സ്വഭാവമാണ് ഇതിനു കാരണം. സ്ത്രീശരീരത്തിൽ ഇടയ്ക്കിടയ്ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന ചില സംഭവ ങ്ങളുടെ- ആർത്തവം, ഗർഭധാരണം, പ്രസവം മുതലായവയുടെ നിഗൂഢത മനു ഷ്യ മനസ്സിനെ വല്ലാതെ അമ്പരപ്പിച്ചു. തൽഫലമായി പുരുഷന്റെ സങ്കൽപ്പവൃഷ്ടിയിൽ സ്ത്രീയെ ക്ഷുദ്രവിദ്യ, മാരണപ്രയോഗം എന്നിവയുമായി ഘടിപ്പിക്കുകയും, പുരുഷനെപ്പോലെ തന്നെ അജ്ഞതയിൽ കിടന്നിരുന്ന സ്ത്രീ ആ സ്ഥാനത്തെ സാദരം സ്വീകരിക്കുകയും ചെയ്തു. പിന്നീട് ഓരോ കാലത്ത് ഓരോ സമുദായത്തിൽ പൊതുവെയല്ലെങ്കിലും ചില പ്രത്യേക വ്യക്തികളുടെ നിലയിൽ, സ്ത്രീകൾക്കു പ്രാബല്യവും മാന്യതയും ലഭിച്ചിട്ടുണ്ട്. എങ്കിലും വനവാസികളായ കാട്ടാളന്മാരുടെ അപരി ഷ്കൃത നിലയിൽ നിന്ന് ഗണ്യമായ മാനസിക പരിഷ്കാരം ഇന്ന് മനുഷ്യനു കൈവന്നിട്ടുണ്ടോ എന്ന് സംശയമാണ്. ഹൃദയാന്തർഭാഗത്ത് പൂർവസ്മരണകളും അവയുമായി സംബന്ധിച്ചിട്ടുള്ള ശങ്കകളും വെറുപ്പുകളും വേരൂന്നിക്കിടക്കുന്നു. പാരമ്പര്യത്തിനും പ്രാധാന്യം ലഭിക്കുന്നുവോ, അവിടെ നിഷ്പക്ഷമായ നിരീക്ഷണത്തിനോ യുക്തിപൂർവമായ ദർശനത്തിനോ സ്ഥലമില്ല. തന്മൂലം സമത്വത്തിന്റെ അസ്ഥിവാരമായ സന്മനോഭാവവും സഹകരണബുദ്ധിയും ഉളവാകുന്നില്ല. ഈ തത്വം മനസ്സിലായാൽ സ്ത്രീ ദേവിയുടേയും പിശാചിന്റേയും സങ്കലനമായി കണക്കാക്കപ്പെടുന്നതിന്റെ കാരണം വെളിപ്പെടും. സ്ത്രീയുടെ മാരണശക്തിയെപ്പറ്റി ആദിമമനുഷ്യനിൽ ബലമായി തഴച്ചുണ്ടായ ഭയം, ഇന്ന് പരിഷ്കൃതമനുഷ്യന്റെ ഹൃദയാന്തരത്തിൽ അബോധമായി ലയിച്ചുകിടക്കുന്ന ചില ശങ്കകളായി പരിണമിച്ചിരിക്കുന്നു. ഇന്നത്തെ സാമ്പത്തിക സാമുദായിക സ്ഥിതിഗതികൾ ആ ശങ്കകളെ പ്രാബല്യപ്പെടുത്തുന്നതേയുള്ളൂ. തന്നേക്കാൾ ചുരുങ്ങിയ കൂലിക്ക് ജോലിചെയ്യാൻ തയ്യാറുള്ള സ്ത്രീയെ പുരുഷൻ തന്റെ എതിരാളിയായി കാണുന്നത് ഇന്ന് സാധാരണമാണ്. തന്മൂലം അവളുടെ പ്രവർത്തികളെയെല്ലാം സംശയത്തോടുകൂടിയെ അവനു വീക്ഷിക്കാൻ കഴിയുന്നുള്ളു.

ഭയം ഹാനികരമാണെന്നു മനശാസ്ത്രജ്ഞന്മാർ പറയുന്നു. ഇത് ഏതു തരം ഭയത്തെപ്പറ്റിയും ശരിയാണോ എന്നറിഞ്ഞുകൂടെങ്കിലും, യജമാനനു തന്റെ അടിമയോടു തോന്നുന്ന ഭയം ഇരുകൂട്ടർക്കും ഒരുപോലെ ഹാനികരമാണ്. യുക്തിക്കു പ്രഥമസ്ഥാനം കൽപ്പിക്കാത്തതാണ്, ഇന്ന് സ്ത്രീപുരുഷ സമത്വത്തിനു വലിയൊരു വിഘാതമായി നിൽക്കുന്നത്. ജർമനിയിൽ ജൂതമർദനത്തിനും, സ്ത്രീപ്രസ്ഥാനത്തിനു നേരിട്ട മഹാനഷ്ടത്തിനും ഏക കാരണം, അവിടെ യുക്തിക്കു സ്ഥാനഭ്രംശം വന്നുപോയതാണ്.

രണ്ടാമത്, ഏതെങ്കിലുമൊരു യാന്ത്രികനാഗരികത്വം കൂടാതെ സ്ത്രീപുരുഷ സമത്വം സാധ്യമല്ല. യന്ത്രങ്ങൾ തീരെ ബഹിഷ്കരിക്കപ്പെടുന്ന ലോകത്തിൽ മാംസപേശികൾക്കു കൂടുതൽ പ്രാധാന്യം ലഭിക്കും. അതുമൂലം പുരുഷനു പ്രഥമസ്ഥാനം നൽകപ്പെടുകയും ചെയ്യും. വേണ്ടപോലെ നിയന്ത്രിക്കാത്തതുകൊണ്ടുമാത്രമാണല്ലോ, യന്ത്രങ്ങൾ മൂലം വൈഷമ്യം നേരിടുന്നത്. കായികശക്തിയിൽ അഭിമാനം കൊള്ളുന്ന പുരുഷന് ആ ശക്തി പ്രകടിപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ ധാരാളം ലഭിച്ചുകൊള്ളട്ടെ. എന്നാൽ മാംസപേശികൾ കൊണ്ടു ചെയ്തിരുന്ന പ്രവൃത്തികൾ, തലച്ചോറിന്റെ സഹായത്താൽ യന്ത്രങ്ങളെക്കൊണ്ടു നടത്തിക്കാമെന്നും, അവിടെ സ്ത്രീയ്ക്കും പുരുഷനോടൊപ്പം വേല ചെയ്യാമെന്നും ഇന്നത്തെ വ്യാവസായികരാജ്യങ്ങൾ തെളിയിച്ചിരിക്കുന്നു.

മൂന്നാമത്, ഇന്ന് നാം സമരശക്തിക്ക് കൽപ്പിച്ചിട്ടുള്ള വില തീരെ കളയണം. യുദ്ധം നിലനിൽക്കുന്നേടത്തോളം കാലം യുദ്ധതൽപ്പരത, കെൽപ്പ്, പൗരുഷം എന്നിവക്ക് നാം അമിതമായ പ്രാധാന്യം നൽകിക്കൊണ്ടിരിക്കും. ഇതെല്ലാം ആരിൽ തെളിഞ്ഞുകാണുന്നുവോ, അവനെ മാത്രം നേതാവായി ആരാധിക്കുകയും ചെയ്യും. സാഹചര്യങ്ങളുടെ പ്രാതികൂല്യം നിമിത്തം "ജോൻ ഓഫ് ആർക്കു'കൾ നമ്മുടെ ഇടയിൽ ചുരുക്കമാണ്. ജോൻ ഓഫ് ആർക്കിനു പോലും സ്ത്രീയായതുകൊണ്ടുമാത്രം, പല വൈഷമ്യങ്ങളും നേരിട്ടുവല്ലോ. ഇന്ന് ഭൂരിപക്ഷം പുരുഷന്മാരും സ്ത്രീയെ നേതൃസ്ഥാനത്തേക്കെടുക്കുന്നത് അപമാനമായി കരുതുന്നു. പക്ഷേ, ഓരോ രാഷ്ട്രവും യുദ്ധ സാമഗ്രികൾ ശേഖരിക്കുന്നതിൽ ബദ്ധശ്രദ്ധമായിരിക്കെ, സമരശക്തിക്കു കൽപ്പിച്ചിട്ടുള്ള ആ വില ഇല്ലാതാകുന്ന കാലം അടുത്തെങ്ങുമല്ല, തീർച്ച. സ്വാഭാവികമായി ജീവനെ നശിപ്പിക്കുന്നതിൽ കൂടുതൽ വൈമനസ്യം സ്ത്രീക്കാണ്. ഭാവിയിൽ പുരുഷനിൽ അത്തരം മനസ്ഥിതി ഉണ്ടായിക്കൂടെന്നില്ല. പക്ഷേ, ഇന്നത്തെ ജർമനി, ഇറ്റലി, ഐർലന്റ് മുതലായ രാജ്യങ്ങളിലെന്നപോലെയുള്ള ദേശീയവാരങ്ങളും യുദ്ധതൽപ്പരതയും അതിനു സഹായിക്കുന്നവയല്ല.

നാലാമത്, ഏതൊരു സ്ത്രീക്കും സന്താനനിയന്ത്രണത്തിൽ പൂർണമായ അറിവ് ലഭിക്കുവാൻ സൗകര്യമുണ്ടാവണം. നിയന്ത്രണം, കൃത്രിമോപകരണങ്ങളെക്കൊണ്ടോ ആത്മസംയമനം കൊണ്ടോ, എങ്ങനെയുമാകട്ടെ, തങ്ങളുടെ ജീവിതത്തെ നിശ്ചിതമായ ഒരു പ്ലാനനുസരിച്ച് നിയന്ത്രിച്ച്, പുരുഷന്മാരെപ്പോലെ നിർവിഘ്നമായി പൗരകൃത്യം നിർവഹിക്കുന്നതിന് അവിചാരിതമായ ഗർഭധാരണം വലിയ തടസ്സമാണ്. അമ്മമാർ തന്നെയാണ് കുട്ടികളുടെ എണ്ണം നിർണയിക്കേണ്ടത്. “സ്ത്രീ തൊട്ടിൽ നിറച്ചാൽ, തനിക്ക് ലോകം കീഴടക്കാം' എന്ന വിചാരമാണ് ഹിറ്റ്ലറേയും മുസ്സോളിനിയേയും, സന്താനത്തുകയനുസരിച്ചു മാതാപിതാക്കന്മാർക്ക് പാരിതോഷികങ്ങൾ നൽകുവാൻ പ്രേരിപ്പിക്കുന്നത്. സർവോപരി, നമ്മുടെ സാമുദായികവും സാമ്പത്തികവും രാഷ്ട്രീയവുമായ സ്ഥാപനങ്ങളെ ഒന്നുടച്ച് വാർക്കണം. അനവധി തൊഴിലാളികൾ തൊഴിലില്ലാതെ അലഞ്ഞു നടക്കുമ്പോൾ, വളരെപ്പേർ ചുരുങ്ങിയ കൂലിക്ക് പകൽ മുഴുവൻ വിശ്രമമില്ലാതെ അധ്വാനിക്കുന്നു. മനസ്സിന്നയവു കൊടുക്കുന്ന യാതൊരു കാര്യത്തെപ്പറ്റിയും ചിന്തിക്കാതെ, അമിതമായ ജോലിയാൽ മനസ്സും ദേഹവും നശിപ്പിക്കുന്ന രാജ്യതന്ത്രജ്ഞന്മാരും ഉണ്ടല്ലോ. ഇവയ്ക്കൊക്കെ ഒരു പരിഹാരം കണ്ടുപിടിക്കാതിരുന്നാൽ, സമുദായത്തിനു ശയസ്സുണ്ടാകുവാൻ പ്രയാസമാണ്. പരിഷ്കൃതസമുദായത്തിൽ ഇവർക്കെല്ലാം മിതമായ ജോലിനിരക്കു മാത്രം കൊടുക്കാമെങ്കിൽ, ആ സമുദായത്തിൽ ഇന്ന് ഗൃഹഭരണം മൂലം കുഴങ്ങുന്ന അമ്മമാർക്കും വേണ്ടത്ര വിശ്രമസുഖവും ജീവിതസൗകര്യവും ലഭിക്കും. വീട്ടുകാര്യങ്ങളിൽ മാത്രം അഭിരുചിയുള്ളവർ, വീട്ടിൽത്തന്നെയിരുന്നു തൃപ്തിപ്പെട്ടുകൊള്ളട്ടെ. മറ്റുള്ളവർക്ക് ഇന്ന് പരിഷ്കൃതരാജ്യങ്ങളിലുള്ള ഭക്ഷണശാലകൾ, സാമൂഹ്യ പാചകശാലകൾ, വിദ്യാലയങ്ങൾ (Hotels, Community Kitchen, Nursery Schools) മുതലായവ വലിയ അനുഗ്രഹമായിരിക്കും. സോവിയറ്റ് റഷ്യയിൽ പുരുഷന്മാർ വീട്ടുജോലികൾ ചെയ്യുന്നത് ഇന്ന് സാധാരണമായിത്തീർന്നിട്ടുണ്ട്. അമേരിക്കയിലും ചിലേടങ്ങളിൽ അവർ ഗൃഹകൃത്യങ്ങളിൽ ഏർപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഏതായാലും അവിവാഹിതകൾക്ക് അമിതമായ ദേഹാധ്വാനമുള്ള ഗൃഹിണികളെ സഹായിക്കാം. ഇന്നത്തെ ജർമനിയിൽ പോലും, സ്ത്രീപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ, യുവതികൾ ജോലിത്തിരക്കുള്ള മാതാക്കളുടെ വീടുകളിൽ ചെന്ന്, കുട്ടികളെ കളിപ്പിച്ചും, പാകം ചെയ്തും , അടിച്ചുവാരിയും അവരെ സഹായിച്ചുപോരുന്നുണ്ട്. അവർ വയലുകളിലെ കൃഷിക്കാർക്കും ഗണ്യമായ ദേഹസഹായം ചെയ്യാറുണ്ട്.

സമത്വം കൊണ്ടെന്തു പ്രയോജനം? ഇത് ന്യായമായ ചോദ്യമായിരിക്കാം. സമത്വം ഞങ്ങളുടെ ഇന്നത്തെ പല ദുരിതങ്ങളേയും നീക്കം ചെയ്യുമെന്നു സ്ത്രീകളായ ഞങ്ങളിൽ പലരും ബലമായി വിശ്വസിക്കുന്നു. എല്ലാവരേയും ഒരേ അച്ചിലിട്ടു വാർക്കാനല്ല സമത്വവാദിനികൾ ഉദ്ദേശിക്കുന്നത്. നേരെ മറിച്ച്, സമത്വം കൊണ്ട് മാത്രമേ വ്യക്തിപരമായ വളർച്ച സാധ്യമാകൂ. നമുക്ക് നമ്മുടെ സ്വഭാവവിശേഷങ്ങളെപ്പറ്റി ഇന്നും എത്രയും അപൂർണമായ ജ്ഞാനമേ ഉള്ളൂ. “പുരുഷത്വം', "സ്ത്രീത്വം' എന്നീ അവ്യക്തവചനങ്ങൾ കൊണ്ടു നാം യഥാർത്ഥത്തിൽ സൂചിപ്പിക്കുന്നതെന്ത് ? മനശാസ്ത്രഗവേഷണങ്ങൾ, ലിംഗഭേദപരമായ സംഗതികളെക്കുറിച്ചു നമുക്കുള്ള അജ്ഞതയെ വെളിവാക്കുന്നില്ലേ ? നമ്മുടെ അപൂർണജ്ഞാനത്തിന്റെ സന്താനങ്ങളായ സദാചാരനിബന്ധനകൾ എത്ര വ്യക്തികളുടെ വളർച്ചയെ തടയുന്നു ! യുക്തിപൂർവം ജീവിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യസമുദായത്തിൽ, നാം അന്യോന്യം കൂടുതൽ കരുതലോടെ പെരുമാറും; അവിടെ വർഗത്തിനോ ജാതിക്കോ സ്ഥിതിക്കോ ആയിരിക്കില്ല, മാഹാത്മ്യത്തിനായിരിക്കും പ്രഥമ സ്ഥാനം. സാമുദായികപാരമ്പര്യത്തെക്കാൾ വ്യക്തിമഹത്വത്തിനു വില കൽപ്പിക്കുമ്പോൾ, ബാഹ്യമായ ശാരീരികവ്യത്യാസങ്ങൾക്ക് ഇന്ന് നാം കൊടുക്കുന്ന പ്രാധാന്യം ഇല്ലാതാകുന്നു. ഇന്ന് മനുഷ്യസമുദായത്തെ ഭരിക്കുന്ന നീരസങ്ങൾക്കോ പ്രതികൂലമനോഭാവത്തിനോ സ്വപ്നത്തിൽ പോലും കാണുവാൻ വയ്യാത്ത, മനുഷ്യത്വത്തിന്റെ വിവിധ ഭാവങ്ങളെ ഉൾക്കൊള്ളുന്ന ബഹുമുഖവ്യക്തിത്വവും, അതുമൂലം സംതൃപ്തിയും സുഖവും സാധ്യമാകുമെന്നു വിചാരിക്കാം. ആ മനുഷ്യസമുദായത്തിൽ “സ്ത്രീപുരുഷ സമത്വം എന്തിന് ?' എന്ന ചോദ്യം, ഒരു നിരർത്ഥകശബ്ദമായി പ്രതിധ്വനിക്കുകയേ ചെയ്യു.

കുറിപ്പ് 1. 1930കളിൽ തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവിടങ്ങളിൽ ഗർഭനിരോധനവും പ്രത്യേകിച്ച് ഗർഭനിരോധന മാർഗങ്ങളും ചൂടുള്ള ചർച്ചാവിഷയമായിരുന്നു. ഉദാഹരണത്തിന് 1935 ൽ "അഖിലേന്ത്യാ സ്ത്രീ സമ്മേളനം തിരുവനന്തപുരത്ത് ചേർന്നപ്പോൾ കോച്ചോട്ടിൽ കല്യാണിക്കുട്ടി അമ്മ ഗർഭനിരോധനത്തിനായി ശക്തമായി വാദിക്കുകയും ഇതിന്റെ പേരിൽ മാധ്യമങ്ങൾ അവരെ ആക്ഷേപിക്കുകയും ചെയ്തു. പുരുഷവേഷം ധരിച്ച് ഓർലീയൻസ് നഗരത്തെ ഉപരോധിച്ചുവന്ന ഇംഗ്ലീഷ് സേനയെ തുരത്തിയോടിച്ച് ഫാൻസിന്റെ ദേശീയനായികയായി മാറിയ യുവതിയാണ് ജോവാൻ ഓഫ് ആർക്ക് (1412-1413 കി. പി). പിന്നീട് ഇംഗ്ലീഷുകാരുടെ കൈയിലകപ്പെട്ട പ്പോൾ “മന്ത്രവാദിനി' എന്ന് മുദ്രകുത്തപ്പെട്ട് വധിക്കപ്പെട്ടു.

കോച്ചാട്ടിൽ കല്യാണിക്കുട്ടിയമ്മ  (മിസ്സിസ് സി. കുട്ടൻനായർ)

തൃശൂരിൽ ജനിച്ച കോച്ചാട്ടിൽ കല്യാണിക്കുട്ടി അമ്മ (1908 - 1997)മിസ്സിസ് സി. കുട്ടൻ നായർ എന്നും അറിയപ്പെട്ടിരുന്നു. ചെന്നൈയിലെ ക്യൂൻ മേരീസ് കോളേജിൽ നിന്നും സയൻസ് ബിരുദമെടുത്തു. കല്യാണിക്കുട്ടി അമ്മ ദീർഘകാലം അധ്യാപികയായി സേവനമനുഷ്ഠിച്ചു. അക്കാലത്തെ ആനുകാലികങ്ങളിൽ ധാരാളമായി എഴുതിയിരുന്നു സ്ത്രീ വി ദ്യാഭ്യാസത്തിൽ അതീവ തൽപരയായിരുന്ന അവർ അഖിലേന്ത്യാ വിമൻസ് കോൺഫെറൻസിൽ സജീമായി പ്രവർത്തിച്ചു. ഗർഭനിരോധനമാർഗങ്ങൾക്കായും വാദിച്ചു. 1930 ൽ അവർ എഴുതിയ, "ഞാൻ കണ്ട യൂറോപ്പ്' എന്ന യാത്രാവിവരണ ഗ്രന്ഥം വ്യാപകമായി വായിക്കപ്പെട്ടു. 1991 ൽ തന്റെ ജീവചരിത്രം "പഥികയും വഴിയോരത്തെ മണിദീപങ്ങളും' പ്രസിദ്ധീകരിച്ചു. 1993 ൽ കേരള സാഹിത്യ അക്കാദമി ഏറ്റവും മികച്ച ആത്മകഥയ്ക്കുള്ള അവാർഡ് ഈ പുസ്തകത്തിന് നൽകി.

References

References

ദേവിക ജെ, കല്പനയുടെ മാറ്റൊലി (സ്ത്രീപുരുഷഭേദവും ആദ്യകാല മലയാളിസ്ത്രീരചനകളും 1898-1938),ജനുവരി 2011, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്