പിങ്ക് പോലീസ്
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ, സ്ത്രീസുരക്ഷ കർശനമാക്കുന്നതിനു 2016 ഓഗസ്റ്റ് 15നു നിലവിൽ വന്ന കേരളസർക്കാർ പദ്ധതിയാണ് പിങ്ക് പോലീസ് പട്രോൾ. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും ചേർന്നാണ് പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തത്.
ജില്ലാപോലീസ് മേധാവിയുടെ കീഴിൽ വനിതാപൊലീസുകാരാണ് ഈ പദ്ധതിയിൽ പ്രവർത്തിക്കുന്നത്. ഡ്രൈവർ ഉൾപ്പെടെ പൂർണമായും വനിതാപോലീസ് ഉദ്യോഗസ്ഥര്‍ മാത്രം കൈകാര്യം ചെയ്യുന്ന പിങ്ക് പട്രോള്‍ സംഘത്തിന്റെ കാര്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള എല്ലാവിധ സജ്ജീകരണങ്ങളുമായാണ് സഞ്ചരിക്കുക. സ്കൂൾ, കോളേജ്, തിരക്കേറിയ റോഡുകൾ, ആരാധനാലയങ്ങൾ, ലേഡീസ് ഹോസ്റ്റലുകൾ തുടങ്ങിയയിടങ്ങളിലാണ് കൂടുതലായും പിങ്ക് പോലീസ് പട്രോളിംഗ് നടത്തുന്നത്.
സ്ത്രീകളെ പിന്തുടർന്ന് ശല്യപെടുത്തുക, സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് ലഹരി മരുന്ന് വിതരണം ചെയ്യുക തുടങ്ങിയവ തടയുന്നതിനും ഈ പദ്ധതി സഹായകരമാകുന്നു. പിങ്ക് പട്രോള്‍ സഹായത്തിനും വിവരങ്ങള്‍ അറിയിക്കുന്നതിനും 1515 എന്ന നമ്പറിലേക്ക് വിളിക്കാവുന്നതാണ്. ഏതുസമയത്തും ഏതുതരത്തിലുമുള്ള സഹായത്തിനും സ്ത്രീകൾക്ക് ഈ നമ്പറിൽ വിളിക്കാവുന്നതാണ്. പ്രശ്നമുള്ള സ്ഥലത്ത് വാഹനം എത്രയും പെട്ടന്ന് എത്തി സുരക്ഷാനടപടികള്‍ സ്വീകരിക്കുന്നതാണ്. പരാതി ലഭിച്ച സ്ഥലം വേഗത്തില്‍ കണ്ടെത്തുന്നതിന് സിഡാക്കിന്റെ സാങ്കേതിക സഹായത്തോടെ ജി.ഐ.എസ് - ജി.പി.എസ് സംവിധാനം ഉപയോഗിച്ചുകൊണ്ടുള്ള അത്യാധുനിക സോഫ്റ്റ് വെയറുകൾ പിങ്ക് പോലീസ് ഉപയോഗിക്കുന്നു.
പിങ്ക് പോലീസ് ടോൾ ഫ്രീ നമ്പർ : 1515