50 വർഷം നീണ്ട പോരാട്ടം; കോടതി വഴിയല്ലാതെ വിവാഹമോചനത്തിന് മുസ്‌ലീം സ്ത്രീകൾക്കും അവകാശം

അൻപത് വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ മുസ്‌ലീം സ്ത്രീകൾക്ക് കോടതിക്കു പുറത്തുള്ള വിവാഹ മോചനത്തിനും അവകാശമുണ്ടെന്ന ഹൈക്കോടതി ഉത്തരവ് .മുത്തലാഖ് പോലുള്ള നിയമവിരുദ്ധ സംവിധാനങ്ങളടക്കം പുരുഷൻമാർ വിവാഹ മോചനത്തിനായി ഉപയോഗിച്ചപ്പോൾ ഇത്തരം സംവിധാനങ്ങളൊന്നും സ്ത്രീകൾക്ക് അനുവദിച്ചിരുന്നില്ല.

മുസ്‌ലീം സ്ത്രീകൾക്ക് കോടതി വഴി മാത്രമേ വിവാഹ മോചനം സാധ്യമാകൂ എന്ന് കെ.സി. മോയിൻ – നഫീസ കേസിൽ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് കോടതിക്കു പുറത്തുള്ള വിവാഹ മോചനത്തിന് കോടതി അംഗീകാരം നൽകിയിരിക്കുന്നത്.
സമുദായത്തിലെ പുരുഷ കേന്ദ്രീകൃത സമൂഹം മുസ്‌ലീം സ്ത്രീകളെ ജുഡീഷ്യൽ വിവാഹ മോചനത്തിൽ തളച്ചിട്ടിരിക്കുകയായിരുന്നുവെന്ന് കോടതി വിലയിരുത്തി.

ഉത്തരവാദിത്വം നിറവേറ്റാത്ത ഭർത്താവുമായുള്ള ബന്ധം വേർപെടുത്താൻ ത്വലാഖ് – എ തഫ്വിസ് മുസ്‌ലീം സ്ത്രീക്ക് അനുവദനീയമാണ്. ഏകപക്ഷീയമായി വിവാഹ മോചനത്തിന് അവകാശം നൽകുന്നതാണ് ഖുൽഅ് നിയമം.

പരസ്പര സമ്മതത്തോടെ വിവാഹ മോചനം നേടാൻ മുബാറാത്ത് രീതിയിലൂടെ അവകാശമുണ്ട്. ഖ്വാസിമാരെ പോലുള്ള മൂന്നാം കക്ഷിയുടെ സാന്നിധ്യത്തിൽ വിവാഹ മോചനത്തിന് അനുമതി നൽകുന്നതാണ് ഫസ്ഖ്.1937-ലെ ശരീഅത്ത് നിയമ പ്രകാരം ഫസ്ഖ് ഒഴികെ എല്ലാ രീതികളും മുസ്ലിം സ്ത്രീകൾക്ക് വിവാഹ മോചനത്തിനായി ബാധകമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോടതി മുഖേനയാണ് ഫസ്ഖ് ബാധകമാവുക.

ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.