മഹിളാസമാജങ്ങൾ സാധാരണക്കാരുടേതാകണം
ഇന്നു കേരളത്തിൽ അങ്ങോളമിങ്ങോളം മഹിളാസംഘടനകളുണ്ട്. എന്നു മാത്രമല്ല മഹിളകൾ രണ്ടു ചേരിയായി തിരിഞ്ഞ് ഒരു പ്രദേശത്തുതന്നെ രണ്ടു കൂട്ടരുടെയും മഹിളാസംഘടനകൾ കാണുന്നുണ്ട്. ഇതിന്റെ രണ്ടിന്റെയും ഉദ്ദേശവും ലക്ഷ്യവും മഹിളകളുടെ വിവിധരീതിയിലുള്ള ഉദ്ധാരണമാണ്; അതായത് കായിക-കലാ, സാംസ്കാരിക, സാമ്പത്തിക സാങ്കേതിക രംഗങ്ങളിൽ ഇന്നു പിന്നോക്കം നിൽക്കുന്ന സ്ത്രീ സമൂഹത്തെ വേണ്ടത്ര വളർത്തുക. വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയും സന്താനവർദ്ധനവും മൂലം കുടുംബജീവിതം തന്നെ താറുമാറാകുന്ന പതിനായിരക്കണക്കിനു കുടുംബങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. അങ്ങനെയുള്ള കുടുംബങ്ങളിൽ വർദ്ധിച്ചു വരുന്ന ജീവിതപ്രശ്നങ്ങൾക്കു പരിഹാരം കാണാൻ നിവ്യത്തിയില്ലാതെ നിത്യനിരാശയിൽ നീറുന്ന ഹൃദയവുമായി കഴിയുന്ന അനവധി സ്ത്രീകളെ നമുക്കു കാണുവാൻ കഴിയും. ജീവിതവൈഷമ്യങ്ങൾ തരണം ചെയ്യാൻ മാർഗ്ഗങ്ങളില്ലാതെ അപഥസഞ്ചാരത്തിലേക്ക് നീങ്ങുന്ന സ്ത്രീകളും ഒട്ടും കുറവല്ല. ഇത്തരത്തിലൊക്കെയുള്ള സ്ത്രീകൾക്ക് ഏതെങ്കിലും വിധത്തിൽ അല്പം ആശ്വാസമെങ്കിലും നൽകാൻ നമ്മുടെ മഹിളാ സമാജത്തിന് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞിട്ടുണ്ടോ, കഴിയുമോ എന്നന്വേഷിച്ചാൽ, ഒന്നും കഴിഞ്ഞിട്ടില്ല; പലതും കഴിയുമായിരുന്നുവെന്ന് അറിവാൻ കഴിയും.
ദാരിദ്ര്യമേഖലയായ അമ്പലപ്പുഴ-ചേർത്തല താലൂക്കുകളിലെ കാര്യം മാത്രം പറയുന്നപക്ഷം, ഇവിടുത്തെ സാധാരണക്കാരായ സ്ത്രീകളിൽ അധികം ഭാഗവും ചകിരിപ്പണി തൊഴിലായിട്ടുള്ളവരാണ്. കുറേ സ്ത്രീകൾ കാർഷിക രംഗത്തും പണിയെടുക്കുന്നുണ്ട്. ഈ രണ്ടു താലൂക്കുകളിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ളതും കോൺഗ്രസ്സ് ഐ.എൻ.ടി.യു.സിയുടെ നിയന്ത്രണത്തിലുള്ളതുമായ കൂറ്റൻ മഹിളാ സംഘടനകളുണ്ട്. അതിന്റെ ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവരാരും തന്നെ സാമ്പത്തികശേഷിയിലും, വിദ്യാഭ്യാസത്തിലും രാഷ്ട്രീയത്തിലും മറ്റും ഒട്ടും പിന്നോക്കമുള്ളവരുമല്ല. ഈ രണ്ടുകൂട്ടരുടെയും സംഘടനകൾ, ഇടത്തരക്കാരും സാധാരണക്കാരും, പട്ടിണിപാവങ്ങളുമായ ബഹുഭൂരിപക്ഷം മഹിളകളുടേയും ഉയർച്ചയ്ക്കു വേണ്ടി എന്തെല്ലാം ചെയ്തിട്ടുണ്ട്, എന്തെല്ലാം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്, എന്തെല്ലാം ചെയ്യാൻ സാധിക്കുമായിരുന്നു?
കായലോരപ്രദേശങ്ങളിലും കടലോരപ്രദേശങ്ങളിലും മഹിളാസംഘടനയുടെ ചുമതലയിലോ സഹായത്തിലോ പല സ്ഥലങ്ങളിലും തൊണ്ടുമുടിക്കുക, കൂട്ടമായി റോഡ് വഴി കയറുപിരിക്കുക, മറ്റു കൈത്തൊഴിലുകൾ അഭ്യസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, സ്ത്രീകൾക്കായുള്ള വായനശാലകളും, സാമാന്യ പൊതുജ്ഞാനത്തിനായി ക്ലാസുകളും നടത്തുക, ദൈനംദിനം ജീവിതാവശ്യങ്ങൾ നിറവേറാതെ കുടുംബക്ലേശങ്ങളിൽ മുഴുകി കഴിയുന്ന കുടുംബിനികൾക്ക് സമാധാനത്തിനും ശാന്തിക്കും ഉതകുന്ന ഉപദേശങ്ങൾ കൊടുക്കുക, തങ്ങൾക്കുള്ള വരുമാനത്തിൽ ഒതുങ്ങി ലളിതമായും സംതൃപ്തിയോടും ജീവിക്കുവാൻ അവരെ ഉപദേശിക്കുക മുതലായ കാര്യങ്ങളിൽ എത്രയോ വലിയ തോതിൽ ഈ മഹിളാസംഘടനകൾക്ക് സാധാരണക്കാരെ സഹായിക്കുവാൻ കഴിയുമായിരുന്നു. ഇതിനൊന്നും അത്രയധികം പണം ചിലവുള്ള കാര്യങ്ങളല്ല. ആണെങ്കിൽത്തന്നെ തെരഞ്ഞെടുപ്പു പ്രവർത്തനത്തിനു പതിനായിരക്കണക്കിനു രൂപാ മഹിളകളിൽ നിന്നും മാത്രം പിരിച്ചെടുക്കുവാൻ കഴിഞ്ഞുവെങ്കിൽ ഇക്കാര്യങ്ങൾക്ക് നിസ്സാരമായി പണം സ്വരുക്കൂട്ടുവാൻ കഴിയുമായിരുന്നില്ലേ? കേരളം സാക്ഷരത്വത്തിൽ ഏറ്റവും ഉയർന്ന ഒരു നിലവാരം പുലർത്തുന്നുണ്ടെങ്കിലും ഈ താലൂക്കുകളിലെ കായൽ-കടൽ ഓരങ്ങളിൽ ഇടതിങ്ങിപാർക്കുന്ന മൽസ്യത്തൊഴിലാളികളുടേയും മറ്റു തൊഴിലാളികളുടേയും വീടുകളിലെ ആയിരക്കണക്കിനു സ്ത്രീകൾക്ക് അക്ഷരാഭ്യാസം ഇല്ലാതെയും സഹകരണക്കുറവുമൂലം മനുഷ്യരുമായി ഇടപഴകി പെരുമാറുന്നതിനുപോലും അറിയാതെയും കഴിയുന്നുണ്ട്. വിവരക്കുറവു കൊണ്ടു തന്നെ ഈ പ്രദേശങ്ങളിൽ കുടുംബപരമായ കലഹങ്ങളും കലാപങ്ങളും തന്മൂലം താറുമാറാകുന്ന അനവധി കുടുംബങ്ങളും നമുക്ക് കാണാൻ കഴിയും. ഭാവിയെപ്പററി ശരിക്കും മനസിലാക്കുവാൻ സ്വയം കഴിയാതെ എത്ര എത്ര സ്ത്രീകൾ അപഥമാർഗ്ഗങ്ങളിൽ ചരിച്ച് ജീവിതം ശോകപൂർണ്ണമാക്കുകയും സമുദായത്തിൽ നിന്നും ഒറ്റപ്പെട്ടും കഴിയുന്നുണ്ട്. ഇത്തരക്കാർക്കു വേണ്ടിയും മഹിളാസമാജക്കാർ, ഫലപ്രദമായി എന്തു പ്രവർത്തിച്ചിട്ടുണ്ട്? ഫലപ്രദമായി അവർ ഒന്നും പ്രവർത്തിച്ചില്ലെന്നു ഞാൻ പറയുന്നില്ല. എന്റെ അറിവിലുള്ള അവരുടെ പ്രവർത്തനം ഞാൻ പറയാം.
വിമോചനസമാരാരംഭം മുതലാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള മഹിളാ സംഘടനകൾ മറ്റു മിക്കസ്ഥലങ്ങളിലേതു പോലെ ഇവിടെയും പ്രാബല്യത്തിൽ വന്നത്. വിമോചനത്തിനുവേണ്ടി നടത്തിയ ജാഥകളിലും, യോഗങ്ങളിലും വലിയ തോതിൽ രംഗത്തിറക്കുവാൻ ഈ പാവപ്പെട്ട സ്ത്രീകളെ, അവരുടെ പുരോഗമനത്തിന്റെ പേരിൽ മഹിളാസമാജം സംഘാടകർക്കു കഴിഞ്ഞിട്ടുണ്ട്. തങ്ങളുടെ കുടുംബങ്ങളിൽ അച്ഛൻ, സഹോദരൻ, ഭർത്താവ് തുടങ്ങിയ രക്ഷാകർത്താക്കളുടെ കീഴിൽ അനുസരണയോടും, അച്ചടക്കത്തോടും കൂടി വളരേണ്ട സ്ത്രീകളെ തെരുവിലിറക്കി ഞെട്ടിപ്പിക്കുന്ന തെറികൾ പറയിപ്പിക്കുവാൻ കഴിഞ്ഞു. വിളിച്ചതും വിളിപ്പിച്ചതുമായ മുദ്രാവാക്യങ്ങളുടെ കാര്യം പറയേണ്ടയാവശ്യമുണ്ടെന്നു തോന്നുന്നില്ല. ഈ നാട്ടിലും കൊച്ചുകുട്ടികൾക്കുവരെ അതു പാട്ടാണ്. ശ്രീ. എം.എൻ. ആരാണെന്നോ, ഏതാണെന്നോ എം.എൻ.ന് ഈ രാജ്യത്തുള്ള സ്ഥാനം എന്താണെന്നോ പോലും അറിയാതെയും ചിന്തിക്കാതെയും, അറിയാത്തവരെ കൊണ്ടും “ഐമ്മന്നെ ഞങ്ങളെടുത്തോളം” എന്നും, ഇ.എം.എസ്സിനേയും അദ്ദേഹത്തിന്റെ ചരിത്രവും ശരിക്കും അറിയാത്തവരെക്കൊണ്ട് “ഈയെമ്മെസ്സേ ബബ്ബബ്ബ” വിളിക്കാനും, “വിക്കുമാറ്റാൻ കുഴമ്പുണ്ടാക്കാനും” ചോരയും മാറും കൊടുക്കാൻ വഴിനീളം ഇറക്കിവിടുവാനും അവർക്കു കഴിഞ്ഞു. കണ്ണൂർ ഒന്നാം നിയോജകമണ്ഡലത്തിൽ ഈ തിരഞ്ഞെടുപ്പിന് കമ്യൂണിസ്റ്റു സ്ഥാനാർത്ഥിയായി കണ്ണന് എതിരായി നടത്തിയ ഒരു ജാഥയിൽ സ്ത്രീകൾ വിളിച്ച മുദ്രാവാക്യം ഓർത്തുപോവുകയാണ്. രണ്ടു സെറ്റായി- “കണ്ണനൊന്നു വേണോന്ന്'’ “അയ്യയ്യേ നാണക്കേട്;” പതിനെട്ടും ഇരുപതും വയസ്സുള്ള അവിവാഹിതരായ പെൺകുട്ടികൾ അനുസരണയോടും അച്ചടക്കത്തോടും വിനയത്തോടും സന്മാർഗ്ഗികളായും വളരേണ്ട പെൺകുട്ടികൾ, ഇത്തരത്തിൽ തെരുവിൽകൂടി പച്ചത്തെറി പറഞ്ഞ്, ആഹ്ലാദിച്ചു കൂട്ടത്തോടെ, നാട്ടിനും ജനങ്ങൾക്കും വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ചരിത്രമുള്ള പ്രതിപക്ഷ നേതാക്കന്മാർവരെ ബഹുമാനിക്കുന്ന ജനനേതാക്കളെ പ്രായപരിഗണനപോലും വക വെയ്ക്കാതെ വിളിക്കുന്ന മുദ്രാവാക്യങ്ങൾ- ഈ കൊച്ചുകേരളത്തിന്റെ ചരിത്രത്തിലും പാരമ്പര്യത്തിലും, സംസ്കാരത്തിലും അഭിമാനിക്കുന്ന ഒറ്റബുദ്ധിജീവിക്കും ഹൃദയവേദനയോടെയല്ലാതെ കേൾക്കുവാൻ കഴിയുകയില്ല. കഴിഞ്ഞ ഒരു ദിവസം ശ്രീ. മന്നത്തിന് ഇരവിപുരത്തുവെച്ചു നടത്തിയ സ്വീകരണത്തിൽ കമ്യൂണിസ്റ്റുകാരെ ഭർത്താക്കന്മാരായി സ്വീകരിക്കരുതെന്നു പറഞ്ഞതിന് ഹൈസ്കൂൾ ക്ലാസുകളിൽ മാത്രം പഠിക്കുന്ന പെൺകുട്ടികൾ അദ്ദേഹത്തിന്റെ മുഖത്തു നോക്കിക്കൊടുത്ത മറുപടി- ഒന്നാലോചിച്ചു നോക്കൂ. എത്ര വേദനാജനകമാണത്. കൊച്ചു പെൺകുട്ടികൾ വരെ ഇങ്ങനെ പരസ്യമായി പച്ചത്തെറി പറയാൻ തുടങ്ങുകയും അതിനെ സ്വാഗതം ചെയ്യാനും പ്രോത്സാഹിപ്പിക്കാനും സംഘടനകൾ വളരുകയും ചെയ്യുന്നുവെങ്കിൽ നമ്മുടെ സ്ത്രീകളുടെ നാളത്തെ സ്ഥിതി എന്തായിരിക്കും, “ഭാരത സ്ത്രീകൾ തൻ ഭാവശുദ്ധി” എവിടായിരിക്കും. ശ്രീ. മന്നത്തെ വെറും രാഷ്ട്രീയത്തിന്റെ പേരിൽ അസഭ്യം പറഞ്ഞവർ; ശ്രീ. മന്നം പറയുന്ന വാക്കുകൾ അക്ഷരംപ്രതി കേൾക്കാനും പാലിക്കാനും ആളുകളുണ്ടെന്നുള്ള വസ്തുത കൂടി ഇനിയെങ്കിലും കണക്കിലെടുക്കേണ്ടതാണ്. തിരുവല്ലാ-ചെങ്ങന്നൂർ, ആറന്മുള മുതലായ സ്ഥലങ്ങളിലെ കമ്യൂണിസ്റ്റു പരാജയം തന്നെ അതിനൊരുദാഹരണമാണ്.
ഇവരുടെ അച്ചടക്കത്തിന്റെയും അനുസരണയുടെയും ഉദാഹരണം നാം കണ്ടുകഴിഞ്ഞു. മനുഷ്യന്റെ സാമൂഹ്യജീവിതത്തിൽ സ്ത്രീ ഒരവിഭാജ്യഘടകമാണ്. സന്മാർഗ്ഗ പ്രവർത്തികളിൽ സ്ത്രീകൾ മാത്രം മനസുവച്ച് പ്രവർത്തിച്ചാൽ തന്നെ നമ്മുടെ സാമൂഹ്യ ജീവിതത്തിലെ സംസ്കാരം എത്രയോ കൂടുതൽ മെച്ചപ്പെട്ടുകിട്ടുമായിരുന്നു. ക്ഷമയോടും സഹനശക്തിയോടും കൂടി ഉള്ള വരുമാനംകൊണ്ട് ലളിതമായും തൃപ്തിയായും ജീവിക്കുവാനും, ഫാഷൻ കുതുകികളായി വൃത്തികെട്ടതും പരിഹാസ്യവുമായ വേഷവിധാനത്തിൽ അകപ്പെടാതെയും ഇക്കൂട്ടർ ഒന്നു മനസ്സുവെച്ചെങ്കിൽ നമ്മുടെ കേരളത്തിൽ എത്ര എത്ര കുടുംബങ്ങൾക്ക് ശാന്തിയും സമാധാനവും കാണുമായിരുന്നു. ഇതിനൊക്കെ വേണ്ടി എന്തുകൊണ്ടു മഹിളാസമാജം മുന്നോട്ടു വരുന്നില്ല. പരിഷ്കാരം വളർന്നു വളർന്ന് അർദ്ധനഗ്നത്വം ഉപേക്ഷിച്ച് ഒരിളങ്കാറ്റിന്റെ ചലനം കൊണ്ടുമാത്രം പൂർണ്ണനഗ്നകളാകത്തക്കവിധമുള്ള വസ്ത്രധാരണത്തേപ്പോലും ഈ മഹിളാസമാജം നിരുൽസാഹപ്പെടുത്തുന്നില്ല. അല്ലെങ്കിൽ എന്തിനു സംഘത്തെ കുറ്റപ്പെടുത്തുന്നു. മഹിളാസംഘം പ്രവർത്തകർ ആകണമെങ്കിൽ തന്നെ ബ്രേസിയേഴ്സിന്റെ കണ്ണികൾ വരെ സഹയാത്രക്കാർക്കു കൃത്യമായി എണ്ണത്തക്കവിധം വസ്ത്രധാരണം ചെയ്യണം എന്ന മട്ടായിട്ടുണ്ട്. സാധുക്കളും അർദ്ധപട്ടിണിക്കാരും ധാരാളമായുള്ള സംഘടനകൾക്ക് രൂപം കൊടുത്തിട്ട്, അവരുടെ ജീവിതരീതികളിൽ നിന്നും ഒക്കെ തികച്ചും വിഭിന്നമായി പ്രവർത്തകർ കഴിഞ്ഞാൽ, എങ്ങിനെ സാധാരണ സ്ത്രീകൾക്കു അവരുമായി സഹകരിക്കുവാനും ഒത്തു പ്രവർത്തിക്കുവാനും കഴിയും! ഇങ്ങനെ വന്നാൽ എങ്ങിനെ സംഘം തന്നെ വിജയിക്കും! ഇന്നും സ്ത്രീകൾക്കു സമുദായമധ്യത്തിൽ മാനമായി ജീവിക്കുവാൻ സാധിക്കാത്ത വിധത്തിൽ പല സമുദായനീതികളും, സാമൂഹ്യനിയമങ്ങളും, കീഴ്വഴക്കങ്ങളും നിലനിന്നു പോരുന്നുണ്ട്. അതൊന്നും ഇല്ലാതാക്കുന്നതിനു വേണ്ടി എന്തുകൊണ്ടീ മഹിളാസമാജം നിരന്തരവും സജീവവും ആയി പ്രവർത്തിക്കുന്നില്ലെന്നു പറയാനും നിവൃത്തിയില്ല. സജീവമായി തന്നെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ അതു ബഹുഭൂരിപക്ഷക്കാരായ സാധാരണ വനിതകൾക്കു വേണ്ടിയായി കാണുന്നില്ല. കമ്യൂണിസ്റ്റ് മന്ത്രിസഭയെ ഡിസ്മിസ് ചെയ്യുന്ന കാര്യത്തിലും ഐക്യകക്ഷികൾക്ക് ഈ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടുന്നതിനും വേണ്ടി ഈ രാജ്യത്തെ മഹിളാസമാജങ്ങൾ നിർണ്ണായകമായ ഒരു പങ്കു തന്നെ വഹിച്ചിണ്ട്. ഒരുപക്ഷെ ഭാവിയിലേക്കിതു പ്രയോജനം ചെയ്തേക്കാം. എന്നിരുന്നാലും വിമോചനസമരപ്രവർത്തനം മുതൽ തിരഞ്ഞെടുപ്പുവരെയുള്ള മഹിളാ സംഘടനകളുടെ രാഷ്ട്രീയ കൂട്ടുകെട്ടിൽ സംഘടനകളുടെ ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവർക്കു ഭൂഷണമാണെങ്കിലും സാധാരണ സ്ത്രീകളിൽ ഒരു വിഭാഗം കണ്ണുനീരും കയ്യുമായി കഴിയാൻ തുടങ്ങിയിട്ടുണ്ട് എന്ന പരമാർത്ഥം മറച്ചുവയ്ക്കാനാവുന്നതല്ല. ഇതേപ്പറ്റി മഹിളാസംഘങ്ങൾ അന്വേഷണം നടത്തുമോ- പരിഹാരങ്ങൾ കാണാൻ ശ്രമിക്കുമോ. അതിനു പരിഹാരം കാണണമെങ്കിൽ, ഇന്നത്തെ മഹിളാസമാജം മുഴുവനും തന്നെ ഒരു പിടി രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കന്മാരുടെയും ചരടുപിടിയിലും അവരുടെ ഭാര്യമാരുടെ മേൽനോട്ടത്തിലും ആണു കഴിയുന്നത്. കേരളത്തിലുടനീളം എടുത്തു നോക്കുകയാണെങ്കിലും ഇത് വളരെ ശരിയാണെന്നു കാണാം. അതുകൊണ്ടു തന്നെയാണ് ഈ സംഘടനകൾ രാഷ്ട്രീയമായി ചേരിതിരിഞ്ഞ് തെരുവിലിറക്കി തെമ്മാടിത്തരത്തിന് പോകുന്നതെന്നാണു എന്റെ അഭിപ്രായം. നമ്മുടെ അന്തരീക്ഷത്തിൽ രാഷ്ട്രീയ ഒച്ചപ്പാടില്ലാത്തപ്പോൾ മഹിളാസംഘങ്ങളുടെ ശബ്ദവും കേൾക്കുന്നില്ലെന്നുള്ളത് ഒരു അനുഭവ ഉദാഹരണമാണ്. ഈ സ്ഥിതി തികച്ചും മാറണം. രാഷ്ട്രീയത്തിൽ നിന്നും പൂർണ്ണമായും പിൻമാറണം. ഇന്ന് സംഘത്തിന്റെ ഔദ്യോഗികസ്ഥാനം ഭൂഷണമാക്കിയിരിക്കുന്ന പ്രേമധാമങ്ങളിൽ നിന്നും, നെലോണിൽ നിന്നും ബ്രേസിയേഴ്സിൽനിന്നും പിടിവിടർത്തി സാധാരണക്കാരികളും ലളിതജീവിതകാംക്ഷികളും സൽസ്വഭാവികളും ആയ ഒരു പറ്റം സ്ത്രീകളിലേക്കു സംഘത്തെ മാറ്റണം. അവർക്കു മാത്രമേ ഇനി സാധാരണക്കാർക്കു വേണ്ടി അവരുടെ വിചാരവികാരങ്ങൾക്കു രൂപം നൽകി അവരുടെ ആശയാഭിലാഷങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുവാൻ കഴിയൂ. അവർക്കേ കലയുടെ പേരിൽ അഴിഞ്ഞാടാതിരിക്കുവാനും, പുരോഗമനത്തിന്റെ പേരിൽ പ്രേമധാമങ്ങളാകാതിരിക്കുവാനും പരിഷ്കാരത്തിന്റെ പേരിൽ പരിഹാസ്യമായ പ്രദർശനവസ്തുവാകാതിരിക്കാനും കഴിയൂ. നമ്മുടെ മഹിളാസമാജക്കാർ ഒരു സ്വയം വിമർശനത്തിനു തയ്യാറാകണമെന്നും, തെറ്റുകളും കുറവുകളും പരിഹരിക്കണമെന്നും, രാഷ്ട്രീയത്തിൽ നിന്ന് പിൻമാറി എല്ലാ വിഭാഗക്കാർക്കും തൃപ്തികരമായി ഇതു നടത്തി ക്കൊണ്ടു പോകണമെന്നും അഭ്യർത്ഥിക്കുന്നു.
കൗമുദി ആഴ്ചപ്പതിപ്പ്, വനിതാ പംക്തി, 22 ഫെബ്രുവരി 1960, വാള്യം 10(48) യിൽ വന്ന ലേഖനം
References
കേരളം സ്ത്രീപക്ഷ ഗവേഷണത്തിൽ ആണരശുനാട്ടിലെ കാഴ്ചകൾ.... എഡിറ്റർ : ജെ ദേവിക മെയ് 2006 , കറന്റ് ബുക്ക്സ്