കോവിഡ് വെല്ലുവിളി തുടരുന്ന സാഹചര്യത്തിൽ വാക്സിൻ പരീക്ഷണങ്ങളെപ്പറ്റി ലോകാരോഗ്യ സംഘടന
References
കോവിഡ് വെല്ലുവിളി തുടരുന്ന സാഹചര്യത്തിൽ വാക്സിൻ പരീക്ഷണങ്ങളെപ്പറ്റി ലോകാരോഗ്യ സംഘടന സൗത്ത് - ഈസ്റ്റ് ഏഷ്യ റീജനൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിങിന്റെ വാക്കുകളിലൂടെ
വൈറസിന്റെ ശക്തിയിൽ മാറ്റമില്ല; മരുന്നിന് കാത്തിരിക്കണം, മുൻകരുതൽ മാത്രം രക്ഷ
ജൂൺ 17 വരെയുള്ള കണക്കനുസരിച്ച്, പ്രീ – ക്ലിനിക്കൽ ഘട്ടത്തിലുള്ളത് (മരുന്നിന്റെ ശേഷി മൃഗങ്ങളിൽ പരീക്ഷിക്കുന്ന) 128 വാക്സിനുകളാണ്. ആദ്യഘട്ടം പിന്നിട്ട് മനുഷ്യരിൽ പരീക്ഷിക്കുന്ന ക്ലിനിക്കൽ ഘട്ടത്തിലുള്ളത് 13 വാക്സിനുകളും.ഇതിൽ, ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് അസ്ട്രസെനെക ഫാർമസ്യൂട്ടിക്കൽ കമ്പനി വികസിപ്പിച്ച വാക്സിൻ, യുഎസിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്‌ഷിയസ് ഡിസീസസുമായി ചേർന്ന് മോഡേണ കമ്പനി കണ്ടെത്തിയ കുത്തിവയ്പ്, ബെയ്ജിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയുമായി ചേർന്നു ചൈനീസ് കമ്പനി കൻസിനോ ബയോ നിർമിച്ച മരുന്ന് എന്നിവ ക്ലിനിക്കൽ പരീക്ഷണത്തിലെ അവസാന രണ്ടു ഘട്ടങ്ങളിലാണ്. വർഷാവസാനത്തോടെ വാക്സിൻ ലഭ്യമാകുമെന്നാണു പ്രതീക്ഷ. നിലവിലെ സാഹചര്യം നേരിടാൻ ഇവ പര്യാപ്തമാകുമോ എന്നത് പരീക്ഷണഘട്ടത്തിൽ പറയാനാകില്ല.
പുതിയ വാക്സിൻ വിപണിയിലെത്താൻ എത്രസമയം എടുക്കും?
സാധാരണ രീതിയിൽ വർഷങ്ങൾ. അടിയന്തര സാഹചര്യമായതിനാൽ വേഗം കൂട്ടിയാലും കോവിഡ് 19 വാക്സിനു സമയമെടുക്കും. സുരക്ഷിതവും ഫലപ്രദവും അതുപോലെ എല്ലാവർക്കും പ്രാപ്യവുമായ മരുന്നിനായി തീവ്രശ്രമം തുടരുകയാണ്.
ആരോഗ്യമുള്ളവരുടെ ചെറു ഗ്രൂപ്പുകളിൽ വാക്സിൻ പരീക്ഷിച്ച് സുരക്ഷിതത്വം ഉറപ്പാക്കുന്ന ഒന്നാം ഘട്ടം, കൂടുതൽ വലിയ സംഘങ്ങളെ തിരഞ്ഞെടുത്തു കുത്തിവയ്പു നടത്തി രോഗം മാറുന്നുണ്ടോ എന്നറിയുന്ന രണ്ടാം ഘട്ടം, പിഴവുകളെല്ലാം തീർത്ത വാക്സിൻ അനേകം പേരിൽ പരിശോധിച്ച് ഫലപ്രദമെന്നു തെളിയിക്കുന്ന മൂന്നാം ഘട്ടം എന്നിങ്ങനെ ക്ലിനിക്കൽ പരീക്ഷണത്തിൽ 3 ഘട്ടങ്ങളാണു പിന്നിടേണ്ടത്.ഇവയ്ക്കെല്ലാം പലതരം നിയമാനുമതികളും നേടണം. ഒടുവിലാണ് ലൈസൻസ് എടുക്കുകയും വിപണിയിൽ മരുന്ന് എത്തിക്കുകയും ചെയ്യുക. വിപണിയിലെത്തിയാലും വാക്സിന്റെ ശേഷി നിരന്തരം വിലയിരുത്തും.
തുടക്കത്തിൽ കോവിഡിനെതിരെ വ്യാപകമായി ഉപയോഗിച്ച ഹൈഡ്രോക്സി ക്ലോറോക്വിൻ (എച്ച്‌സിക്യു) പിന്നീട് എന്തുകൊണ്ടാണു വേണ്ടെന്നു നിർദേശിച്ചത്?
ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ രാജ്യാന്തര തലത്തിൽ കോവിഡ് മരുന്ന് ക്ലിനിക്കൽ പരീക്ഷണം (സോളിഡാരിറ്റി ട്രയൽ) നടത്തുന്നുണ്ട്. അതിൽ, ഹൈഡ്രോക്സി ക്ലോറോക്വിൻ പരീക്ഷണച്ചുമതലയുള്ള എക്സിക്യൂട്ടീവ് ഗ്രൂപ്പാണ് ഇനി ഈ മരുന്നിന്റെ പരീക്ഷണം വേണ്ട എന്നു തീരുമാനിച്ചത്. ലോകാരോഗ്യ സംഘടന നേരിട്ടല്ല. രോഗികളിലെ മരണനിരക്കു കുറയ്ക്കാൻ എച്ച്സിക്യു സഹായിക്കില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണു വിദഗ്ധരുടെ തീരുമാനം. എന്നാൽ, രോഗപ്രതിരോധത്തിന് ഇത് ഉപയോഗിക്കുന്നതോ ഇക്കാര്യത്തിൽ ഫലപ്രദമാണോ എന്നറിയാൻ പരീക്ഷണം നടത്തുന്നതോ നിർത്തിവയ്ക്കാൻ നിർദേശിച്ചിട്ടില്ല.
അറുപതുകളിൽ രംഗത്തെത്തിയ ഡെക്സമെതസോൺ നിലവിൽ പല രോഗാവസ്ഥകളിലും ഉപയോഗിക്കുന്നു.
കോവിഡ് രോഗികൾ സുഖപ്പെടാനെടുക്കുന്ന സമയം കുറയ്ക്കാൻ റെംഡിസിവിറിനു കഴിയുമെന്നാണു യുഎസിലെ പഠനം. എന്നാൽ, യുഎസിൽ ഈ മരുന്ന് കൊറോണ വൈറസിനുള്ള പ്രതിവിധിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനാണ് അനുമതി.
കോവിഡിനു കാരണമാകുന്ന വൈറസിനെ ഗവേഷകർക്ക് ഇതുവരെ മുഴുവനായി മനസ്സിലാക്കാനായിട്ടില്ലേ. ഇതുവരെ എത്ര വൈറസ് വകഭേദങ്ങൾ (സ്ട്രെയ്ൻ) കണ്ടെത്തി? ലക്ഷണങ്ങൾ ഇല്ലാത്തവരിൽനിന്നു രോഗം പകരുന്നതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടോ?
ലോകം മുഴുവൻ പടർന്ന ഈ വൈറസിനു പരിണാമം സംഭവിക്കാം, ചിലപ്പോൾ കൂടുതൽ മാരകമാകുകയോ ചിലപ്പോൾ ശക്തി കുറയുകയോ ചെയ്തേക്കാം.
നിലവിലെ പഠനമനുസരിച്ച്, വൈറസിന്റെ ശക്തിയിലോ വ്യാപനശേഷിയിലോ മാറ്റം സംഭവിച്ചിട്ടില്ല. രോഗം ഗുരുതരമാകുന്നതിന്റെ തോതും മാറിയിട്ടില്ല.
40% പേർക്കു തീവ്രത കുറഞ്ഞരോഗം, 40% പേർക്കു തീവ്രത കൂടിയത്, 15 ശതമാനത്തിനു രോഗം വഷളാകാം, 5% പേർക്ക് ഗുരുതരവും – ഇതാണു വിവിധ രാജ്യങ്ങളിൽനിന്നുള്ള റിപ്പോർട്ട്. വൈറസ് ശരീരത്തിലെത്തിക്കഴിഞ്ഞാൽ ലക്ഷണങ്ങൾ പുറത്തുവരാനുള്ള ശരാശരി സമയം 5–6 ദിവസമാണ്. എന്നാൽ, ഇതു 14 ദിവസം വരെ നീളാം.
ഈ വൈറസ് പുതിയതായതുകൊണ്ടു തന്നെ ഓരോ ദിവസവും പുതിയ പാഠങ്ങളാണു ഗവേഷകർ ഉൾക്കൊള്ളുന്നത്. ലക്ഷണം പ്രകടിപ്പിക്കുന്ന രോഗികൾ രോഗം പരത്തുന്ന രീതിയെക്കുറിച്ചു പഠിക്കാൻ താരതമ്യേന എളുപ്പമാണ്. എന്നാൽ, ഇവർ രോഗം പരത്തുന്ന അതേ തോതിൽ, ലക്ഷണങ്ങളില്ലാത്ത രോഗികളിൽനിന്നു പടരുമോ എന്നതു സംബന്ധിച്ച പഠനങ്ങൾ തുടരുന്നതേയുള്ളൂ. ലക്ഷണമില്ലാത്തവരിൽ നിന്നുള്ള രോഗവ്യാപനം താരതമ്യേന കുറവാണെന്നാണു റിപ്പോർട്ട്.
130 ശാസ്ത്രജ്ഞർ ഉൾപ്പെട്ട സംഘത്തിന്റെ നേതൃത്വത്തിൽ കോവിഡ് പഠനങ്ങളും മരുന്നു ഗവേഷണവും പുരോഗമിക്കുന്നു. ആക്സസ് ടു കോവിഡ് 19 ടൂൾസ് (ആക്ട്) എന്ന പേരിൽ ഗവേഷണം ത്വരിതഗതിയിലാക്കാൻ ലോകാരോഗ്യ സംഘടന പ്രത്യേക പദ്ധതിതന്നെ ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലും ഇന്ത്യയിലും രോഗവ്യാപനം കൂടുകയാണ്. ഈ വെല്ലുവിളിയെ എങ്ങനെ നേരിടും?
രോഗം കണ്ടെത്തുക, ഐസലേഷൻ നടക്കുക, പരിശോധനകളും പരിചരണവും ഉറപ്പാക്കുക, രോഗിയുമായി സമ്പർക്കത്തിലുള്ളവരെ കണ്ടെത്തി ക്വാറന്റീനിലാക്കുക – ഏതു രാജ്യത്തായാലും ഏതു സാഹചര്യത്തിലായാലും കോവിഡിനെ നേരിടാൻ ഇതേ മാർഗമുള്ളൂ. കൈകളുടെ ശുചിത്വം, മാസ്ക് ധരിക്കുന്നതുൾപ്പെടെ ചുമയ്ക്കുമ്പോഴും തുപ്പുമ്പോഴുമുള്ള മര്യാദകൾ, അകലം ഉറപ്പാക്കൽ എന്നിവയെല്ലാം കർശനമായി, ഒരു പഴുതും കൂടാതെ പിന്തുടർന്നാൽ രോഗത്തെ പിടിച്ചുകെട്ടാം. അൽപവും ഉദാസീനത പാടില്ല