അരികുവൽകൃത ജനവിഭാഗങ്ങൾക്ക് ആവശ്യം മാതൃകാപരവും സമഗ്രവുമായ ഒരു മാറ്റം
ഡോ. മീര വേലായുധൻ
President, Indian Association for Women’s Studies (IAWS)
അദ്ധ്യക്ഷ, ഇന്ത്യൻ അസോസിയേഷൻ ഫോർ വിമൻസ് സ്റ്റഡീസ് (IAWS)
ആമുഖം:
സാമൂഹികമായ ഉൾപ്പെടുത്തൽ (Social inclusion) എന്നത് അക്കാദമിക രംഗത്തും നയരൂപീകരണ ചർച്ചകളിലും പലതരത്തിലുള്ള വ്യാഖ്യങ്ങൾക്കും വിവാദങ്ങൾക്കും വഴിവെക്കുന്ന ഒരു പദമാണ്. ഈ ആശയം ബഹുഅര്‍ത്ഥകമായ ഒന്നാണ്. അതായത്, ദാരിദ്ര്യം, അധസ്തിതാവസ്ഥ തുടങ്ങി പുറംതള്ളപ്പെട്ട ജനങ്ങൾ അനുഭവിക്കുന്ന സാമൂഹികവും സാംസ്കാരികവും രാഷ്ട്രീപരവുമായ വിവിധതരം പ്രതികൂലാവസ്ഥകൾ തുടങ്ങി അനവധി പ്രക്രിയകളുമായി ബന്ധപ്പെട്ടുള്ളതായതിനാൽ അത് തീർച്ചയായും വിപുലമായ അർത്ഥങ്ങൾ പേറുന്നുണ്ട്.
അതിന്റെ തത്വത്തിലും നയത്തിലും പ്രയോഗത്തിലും വിവിധങ്ങളായ സൈദ്ധാന്തികനിലകളുമുണ്ട് - ലഭ്യത, പ്രാപ്യത, സാമ്പത്തികാവസ്ഥ എന്നിവ സംബന്ധിച്ച നിയോലിബറൽ ദൃഷ്ടികേന്ദ്രം മുതൽ വ്യക്തിയെന്ന നിലയ്ക്കും കൂട്ടമായുമുള്ള മനുഷ്യശക്തിയിലൂന്നിയുള്ള ശാക്തീകരണം വരെയും, സാംസ്കാരികമായ ഉൾച്ചേർക്കലെന്ന് ലഘൂകരിക്കാവുന്ന വ്യാഖ്യാനങ്ങൾ വരെയും. സാമൂഹ്യാംഗീകാരം/ സാമൂഹികമായ ഉൾപ്പെടുത്തൽ എന്ന ആശയം വികസനം സംബന്ധിച്ച ചർച്ചകളിലും സർക്കാർ നയങ്ങളിലുമെല്ലാം നാനാതരത്തിൽ വന്നുതുടങ്ങിയത് 1980-കൾ മുതലാണ്. ILO, World Bank, UNDP എന്നിവ പോലെയുള്ള അന്താരാഷ്ട്ര ഏജൻസികളും അതേക്കുറിച്ച് സംസാരിച്ച് തുടങ്ങിയതോടെ ദാരിദ്ര്യം, അധസ്തിതാവസ്ഥ എന്നിവ സംബന്ധിച്ച ദേശീയതലത്തിലുള്ള വ്യവഹാരങ്ങളും അതിനാൽ സ്വാധീനിക്കപ്പെടുകയും മാറ്റിത്തീർക്കപ്പെടുകയും ചെയ്തു.
എന്തുതന്നെയായാലും 1990-കൾ മുതൽ ജനാധിപത്യ ഇടപെടലുകളുടെയും പുനർവിതരണനയങ്ങളുടെയും ആഴവും പരപ്പും വർദ്ധിപ്പിക്കുന്നതിന് ആ ആശയം പ്രചോദനം നൽകിയിട്ടുണ്ട്. അതേ സമയം തന്നെ ഇവ്വിധമുള്ള സംവാദങ്ങളെയും സംഘപ്പെടുന്നതിന്റെ രാഷ്ട്രീയത്തെയും സ്വാധീനിക്കുന്ന തരത്തിൽ ജാതി, വർഗ്ഗം, വംശം, ദേശീയത, ലൈംഗികത, ശാരീരികവൈകല്യങ്ങൾ മുതലായവയെയും ലിംഗപരമായ വേർതിരിവിന്റെ പേരിൽ അവയോരോന്നിന്റെയും ഉള്ളിലുള്ളതുമായ നിഷേധാനുഭവങ്ങളുടെ (experiences of exclusions) വിവിധങ്ങളായ സ്വരങ്ങളും ഉയർന്നുവരുന്നുണ്ട്. എന്നിരുന്നാലും ഇവയൊന്നും ഇത് പുതിയൊരു ആശയമല്ല താനും - 19-ആം നൂറ്റാണ്ടും 20-ആം നൂറ്റാണ്ടും - കൊളോണിയൽപൂർവ്വ, കൊളോണിയലാനന്തര കാലഘട്ടവും പൂർണ്ണവും തുല്യവുമായ അവകാശങ്ങളുള്ള പൗരന്മാരായി സമൂഹത്തിലുൾച്ചേർക്കുന്നതിന് അരികുവൽക്കരിക്കപ്പെട്ടവരും അടിച്ചമർത്തപ്പെട്ടവരും നടത്തിയ അനേകം മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആയതിനാൽ ഈ ആശയമെന്നത് സമീപനം (approach), മാർഗ്ഗരീതി (method), രാഷ്ട്രീയം എന്നിവയുടെ തെരഞ്ഞെടുപ്പനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. അതിലൊന്ന് സാമൂഹ്യമുന്നേറ്റങ്ങളെയും അവയുടെ ചരിത്രത്തെയും അവയുടെ അടിത്തട്ടിലുള്ള ആശയങ്ങളെയും അന്വേഷിക്കുന്നതും അവ മൂലമുണ്ടായ സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങളെ പുനരന്വേഷിക്കുന്നതുമായ സമീപനമായിരിക്കാം.
ഉദാഹരണത്തിന് ജാതിവിരുദ്ധ ദലിത് മുന്നേറ്റങ്ങളും ആദിവാസി പോരാട്ടങ്ങളുമെടുത്താൽ സ്വാതന്ത്ര്യം, വിവേചനങ്ങളവസാനിപ്പിക്കൽ, സ്വയംനിർണ്ണയാവകാശം, പരമാധികാരം എന്നിവയാണ് അവയിലെ സാമൂഹ്യാംഗീകാരത്തിനായുള്ള ആവശ്യപ്പെടലിന്റെയും അവയ്ക്കൊപ്പം നിൽക്കുന്ന ഭരണഘടനാപ്രമാണങ്ങളുടെയും കാതൽ. നീതിയെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ സമൂഹത്തിന്റെ പുനഃക്രമീകരണം എന്ന ആവശ്യത്തിലാണ് അത് ഊന്നുന്നത്. തോട്ടിപ്പണി പോലുള്ള അപകർഷതാപരമായ തൊഴിലുകളിലേക്ക് നിർബന്ധപൂർവ്വം തള്ളിവിടുകയും അത്തരത്തിൽ ആ അധ്വാനത്തെ ഉപയോഗിക്കുകയും ചെയ്യുന്നതിൽ അടിസ്ഥാനപ്പെട്ട സാമൂഹിക നിഷേധങ്ങളും ബഹിഷ്കരണങ്ങളും ജാതിവ്യവസ്ഥയിൽ അന്തര്‍ലീനമായ ജാതീയഹിംസ തന്നെ ആണ് എന്ന് കണക്കാക്കപ്പെടുന്നു കൊണ്ടാണ് ബാബാസാഹിബ് അംബേദ്ക്കർ ജാതിവ്യവസ്ഥയിലെ തൊഴിൽവിഭജനത്തെ തരംതാഴ്ത്തുന്നതെന്നും, ചൂഷണപരമെന്നതിനുപരി കളങ്കവൽക്കരിക്കുന്നതെന്നും വാദിച്ചത്. "ജാതിവ്യവസ്ഥയെന്നാൽ തൊഴിൽ വിഭജനം മാത്രമല്ല, അത് ശ്രേണീവൽക്കരിക്കപ്പെട്ട അസമത്വങ്ങളുടെ പേരിലുള്ള തൊഴിലാളികളുടെ വിഭജനം കൂടിയാണെന്നും" അത് ഹിന്ദുമതത്തിലെ "പൂര്‍വ്വനിശ്ചിതമായ ഭാവിയുടെ തത്വത്തിൽ" അടിസ്ഥാനമായതാണെന്നും അദ്ദേഹം പറയുന്നു.
വിവേചനം, സ്വാതന്ത്ര്യലംഘനം, എന്നിവയെയും അവയുടെ ഇടകലരലുകളെയും കുറിച്ചുള്ള വിമർശങ്ങൾ അതിനാലാണ് സാമൂഹികമുന്നേറ്റങ്ങളിൽ പലതരത്തിൽ മുന്നോട്ടുവയ്ക്കപ്പെടുന്നത്. 1900-കളിൽ അയ്യങ്കാളി നയിച്ച കാർഷികസമരങ്ങൾ കണക്കിലെടുത്താൽ (ക്ഷേത്ര പ്രവേശന സമരങ്ങളെപ്പോലെ അവയെപ്പറ്റി അധികം എഴുതപ്പെട്ടിട്ടില്ല) തൊഴിൽ ശക്തിയെന്ന നിലയിലുള്ള അംഗീകാരമാണ് ആവശ്യങ്ങളുടെ മാർഗ്ഗമായത്. തൊഴിലാളികളെന്ന നിലയിൽ തങ്ങൾക്കുള്ള ശക്തിയുടെ പ്രകടനമാണ് സാമൂഹികമായ അവകാശ നിഷേധങ്ങൾക്കും ബഹിഷ്കരണത്തിനുമെതിരെ - അവ വിദ്യാഭ്യാസമാകട്ടെ, പൊതു ഇടങ്ങളാകട്ടെ, സ്ത്രീതൊഴിലും അവരുടെ അന്തസുമാകട്ടെ, ആസ്തികളുടെ അഭാവമാകട്ടെ - മനുഷ്യരായും തുല്യരായും തങ്ങളെ കണക്കാക്കുക എന്ന ശക്തമായ സന്ദേശത്തിന്റെ മാധ്യമമായത്. ജാതി, ഭൂമി, തൊഴിൽ എന്നിവ തമ്മിലുള്ള ബന്ധങ്ങൾ രേഖപ്പെടുത്താൻ മൗലികവും പുരോഗമനപരവുമായ ചില റാഡിക്കൽ ചരിത്രരചനകൾ തയ്യാറായിരുന്നുവെങ്കിലും അവ സംബന്ധിച്ച ആഴത്തിലുള്ള പഠനങ്ങൾ തുടങ്ങിവരുന്നതേയുള്ളൂ. അവയിൽ ഒഴിവാക്കപ്പെട്ട ചരിത്രം രേഖപ്പെടുത്താൻ ചരിത്രബോധമുള്ള, സ്വന്തം ചരിത്രത്തെക്കുറിച്ചും കൂടി ബോധ്യമുള്ള ദലിത് വിഭാഗങ്ങളുടെ സ്വാനുഭവങ്ങളുടെ വെളിച്ചത്തിലുള്ള ശ്രമങ്ങളുമുണ്ട്. എന്നാൽ അടിമയായ കീഴാളസ്ത്രീയുടെ അധ്വാനത്തിന്റെ അനുഭവചരിത്രം റാഡിക്കൽ ചരിത്രത്തിലും ഓർമ്മകളിലും പോലും ഇനിയും ഇടം കണ്ടെത്താനിരിക്കുന്നതേയുള്ളൂ. കൂടുതലായി ഉൾച്ചേർക്കപ്പെട്ടു എന്ന തോന്നലോ കൂടുതലായി മാറ്റിനിർത്തപ്പെടുന്നതിന്റെ അനുഭവങ്ങളോ അവരുടെ ഇടയിൽ ഇപ്പോൾ ഉണ്ടാകുമായിരിക്കുമോ?
അവകാശങ്ങൾ, സ്വാതന്ത്ര്യം, സാമൂഹിക-ഇടങ്ങൾ, സമയത്തിന്റെ വിനിമയാവകാശം എന്നിവയെ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകൾ മിഷിണറികളുടെ കാലം മുതൽക്കേ കേരളത്തിലെ അടിമജാതികൾക്കുണ്ടായിരുന്നു. അരികുവൽക്കരിക്കപ്പെട്ട വിവിധസമുദായങ്ങളിലുമുണ്ടായ, ഒരൊറ്റ 'സ്വതന്ത്ര സമുദായ'ത്തിലേക്കുള്ള വിവിധജാതികളുടെ ഏകീകരണത്തെക്കുറിച്ചു സംസാരിച്ചിരുന്ന 1900-1920-കളിലെ സാമൂഹ്യപരിഷ്കരണമുന്നേറ്റങ്ങളിൽ സ്ത്രീകൾ ചങ്ങലകൾ ഭേദിക്കുന്നതിനെക്കുറിച്ചും, അവർക്ക് വിദ്യാഭാസത്തിനും അധ്വാനത്തിനുമായുള്ള അവകാശങ്ങൾ ലഭ്യമാകുന്നതിനെക്കുറിച്ചും പറഞ്ഞിരുന്നുവെങ്കിലും അവ അതേസമയം തന്നെ വിവാഹത്തിലും സ്വത്തവകാശത്തിലും നിഷേധങ്ങളുൾച്ചേർത്ത് പുതുതായി രൂപപ്പെടുന്ന കുടുംബഘടനയിൽ സ്ത്രീകളെ രണ്ടാംതരക്കാർ ആക്കുവാനുള്ളവയുമായിരുന്നു. 1900-കളിൽ വിവിധജാതിസമൂഹങ്ങളിലുണ്ടായ പലതരം പുതിയ നിയമനിർമ്മാണങ്ങളും ഈ നിഷേധത്തിലും ബാഹ്യവൽക്കരണത്തിലും പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. ജാതിവിരുദ്ധ സാമൂഹ്യപരിഷ്കരണമുന്നേറ്റങ്ങൾ, അവയിലുൾച്ചേർന്നിരുന്ന എല്ലാവിധ സംവാദങ്ങളെയും, സ്ത്രീകളുടെ വൈവിധ്യമാർന്ന സ്വരങ്ങളെയും, സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തെയും സാമൂഹ്യപൗരത്വത്തിലുള്ള അവയുടെ ഊന്നലിനെയും കണക്കിലെടുക്കുമ്പോഴും, ഉൾച്ചേർക്കലിന്റെയും ബാഹ്യവൽക്കരണത്തിന്റെയും മിശ്രതമായ മാനങ്ങളുൾപ്പെട്ടിരുന്നതിനാൽ അവ രേഖീയമായ ഒരു പ്രക്രിയ ആയിരുന്നില്ലായെന്നും നാം കണക്കിലെടുക്കേണ്ടതുണ്ട്. ഉദാഹരണത്തിന് തൊഴിലെടുക്കുന്ന സ്ത്രീകൾക്ക് സാമൂഹികവും സാമ്പത്തികവുമായ നിഷേധങ്ങളും മാറ്റിനിർത്തലുകളും സ്വാതന്ത്ര്യമില്ലായ്മയും ഉണ്ടായിരുന്നുവെന്ന് വ്യക്തമായും സൂചിപ്പിക്കുന്നതരത്തിൽ 1930-40-കളിലെ തിരുവിതാംകൂറിലെ തൊഴിലാളിവർഗ്ഗമുന്നേറ്റത്തിൽ സ്ത്രീകളുടെ ഫാക്ടറി കമ്മിറ്റികളും സംഘടനകളും പ്രാദേശികാടിസ്ഥാനത്തിലും വാർഡടിസ്ഥാനത്തിലുമുണ്ടായിരുന്നു. എന്നാലും ജാതിക്കുള്ളിലെ പരിവർത്തനത്തെയും ജാതി-സമുദായ സ്വത്വങ്ങൾ ഏതുവിധങ്ങളിലായിരുന്നു നിലനിന്നിരുന്നതെന്നതെന്നും അവയെങ്ങനെയാണ് സാമൂഹ്യജീവിതത്തെ രൂപപ്പെടുത്തിയിരുന്നതെന്നും രാഷ്ട്രീയപ്രക്രിയയെ അവ എങ്ങനെയാണ് സ്വാധീനിച്ചിരുന്നതെന്നും സംബന്ധിച്ചുള്ള വിവരങ്ങൾ സുലഭമല്ല. എന്നാൽ അക്കാലത്തെ സ്ത്രീനേതാക്കളുടെ ജീവചരിത്രങ്ങളും ആത്മകഥകളുമെല്ലാം ആ സങ്കീർണ്ണതകൾ സംബന്ധിച്ച പ്രധാനമായ ചില ഉൾക്കാഴ്ച്ചകൾ നൽകുന്നുണ്ട് (Velayudhan, Meera, 2016).
കാർഷികസമരങ്ങളും ഭൂപരിഷ്കരണങ്ങളും ആധുനിക ജനാധിപത്യസംവിധാനങ്ങളുടെ നിയമപരമായ ചട്ടക്കൂടുകൾക്കുള്ളിൽ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സിവിൽസമൂഹനിർമ്മിതി ലക്ഷ്യം വച്ചിരുന്നു. ഭൂപരിഷ്കരണത്തിനായുള്ള ചരിത്രപരമായ പോരാട്ടങ്ങളെല്ലാംതന്നെ സ്വത്തുവകകളുടെ പുനർവിതരണത്തിനൊപ്പം സാമൂഹികാംഗീകാരവും ഉൾച്ചേർക്കലും ലക്ഷ്യം വച്ചുള്ളവയായിരുന്നു. "അദ്ധ്വാനിക്കുന്നവന് ഭൂമി" എന്നത് 1930-കൾ മുതൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖ്യമുദ്രാവാക്യമായിരുന്നുവെങ്കിലും കർഷകർക്കും കാർഷിക തൊഴിലാളികൾക്കും ചില അവകാശങ്ങളെങ്കിലും നേടിയെടുക്കാൻ ഏകദേശം രണ്ട് പതിറ്റാണ്ടുകൾകൂടി വേണ്ടിവന്നു. ഭൂ-ഉടമസ്ഥരും കൈവശംവയ്പ്പുകാരുമായിരുന്ന വർഗ്ഗങ്ങളും ജാതികളും സമുദായങ്ങളും സംഘടിച്ചുകൊണ്ട് അവരുടെ താല്പര്യങ്ങൾ പൊതുനയത്തിന്റെ ഭാഗമാക്കുവാനും കൃഷിചെയ്യാനുള്ള അവരുടെ അവകാശത്തിന്റെ ഭാഗമാക്കുവാനുമെല്ലാം ആവശ്യമുയർത്തി എതിർത്തുകൊണ്ടിരുന്നതിനാലാണിത്.
ജാതി-അടിമത്തം ഇല്ലാതാക്കുന്നതിലും സാമൂഹ്യവികസനത്തിലുമുള്ള ഭൂപരിഷ്കരണത്തിന്റെയും പുനർവിതരണത്തിന്റെയും പ്രാധാന്യം കണക്കിലെടുക്കുമ്പോഴും അവയിലെ നിഷേധാത്മകമായ പ്രക്രിയകൾ - ദലിതുകൾക്ക് കാർഷികഭൂമി ലഭ്യമാക്കാതിരുന്നതും ഗാർഹികഭൂമി മാത്രം ലഭ്യമാക്കിയതും- പ്രതികൂലാവസ്ഥയിലേക്ക് തള്ളുകയും അങ്ങനെ സമൂഹത്തിന്റെ പൊതുവായ മുന്നോട്ടുപോക്കിനൊപ്പം നീങ്ങാൻ പ്രാപ്തരല്ലാതാക്കുകയും ചെയ്തു. ഭൂ-ഉടമസ്ഥതയിലെ അസമത്വങ്ങളും ആസ്തിവകകളില്ലായ്മയും ദലിതുകളുടെ സാമൂഹ്യമുന്നേറ്റക്രമങ്ങളെ പരിമിതപ്പെടുത്തിയിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിക്കുന്ന നിരവധി പഠനങ്ങൾ ഇന്നുണ്ട്.1990-കൾ മുതലുണ്ടായ പുതുസാമൂഹ്യമുന്നേറ്റങ്ങളിൽ -അവ ദലിതുകളുടെയാവട്ടെ ആദിവാസികളുടെയാവട്ടെ- കേന്ദ്രസ്ഥാനത്തേക്ക് ഭൂമി എന്ന വിഷയം കടന്നുവന്നത് ആ വിഭാഗങ്ങളുടെ സാമൂഹ്യമായ പതിതാവസ്ഥയിൽ രാഷ്ട്രീയപ്രക്രിയയിലെ ബാഹ്യവൽക്കരണത്തിൽ, അരികുവൽക്കരണത്തിൽ ഭൂമിയുടെ പങ്കിനെ പ്രത്യേകമായും അടയാളപ്പെടുത്തിക്കൊണ്ടാണ്.
ആസ്തികളുടെ വിധങ്ങളും അവയുടെ സങ്കലനങ്ങളും ആഘാതങ്ങളെ നേരിടുന്നതിൽ ആസ്തിയില്ലാത്തവരെയും ആസ്തിദരിദ്രരരെയും പ്രാപ്തരാക്കുന്നതിൽ പ്രധാനമാണെന്ന് കേരളത്തിലെ ആദിവാസികളെക്കുറിച്ചുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ആസ്തികളെന്നാൽ വിഭവങ്ങൾ മാത്രമല്ലെന്നും ജീവസന്ധാരണത്തിനായുള്ള പ്രവൃത്തികളുടെ തെരഞ്ഞെടുപ്പുകൾക്ക് അനുസൃതമായി വിഭവങ്ങളെ പരിവർത്തനപ്പെടുത്താനും പ്രതിസന്ധികളും ആഘാതങ്ങളും നേരിടാൻ ശക്തരാക്കുവാനും ഉതകുന്ന ഒരു ഏജൻസി കൂടിയാണെന്നാണ് അവ വ്യക്തമാക്കുന്നത്. അതേസമയം ആസ്തികൾ സ്വന്തമാക്കുന്നതിലും സമാഹരിക്കുന്നതിലും സാമൂഹ്യാധികാരത്തിന്റെ ബലാബലം പങ്കുവഹിക്കുന്നുമുണ്ട് (Arun, Shobha et al, 2010). ഇത് കേരളത്തിലെ ദലിതുകളുടെ കാര്യത്തിലും പട്ടികവിഭാഗങ്ങളുടെ കാര്യത്തിലും അതുപോലെതന്നെ ബാധകമാണെന്നതാണ് ഈ ലേഖനത്തിന്റെ കേന്ദ്രവിഷയം.
ഭൂഅസമത്വം:
കേരളത്തിലേതിനു വിരുദ്ധമായി, തമിഴ്നാട്ടിലെ ചേരി എന്ന ദലിത് അധിവാസപ്രദേശം എന്നും ദലിതുകളുടെ കൈവശം തന്നെയായിരുന്നുവെന്ന് മാത്രമല്ല ഭൂ-ഉടമകൾക്ക് അവരെ അവിടെ നിന്നും ഒഴിപ്പിക്കാൻ കഴിഞ്ഞിരുന്നതുമില്ല. മെൻഷർ [Mencher ( 1980)] പറയുന്നതനുസരിച്ച് നിയമത്തിനാൽ ഭൂരഹിത തൊഴിലാളികൾക്ക് നൽകിയത് വാസ്തവത്തിൽ തമിഴ്നാട്ടിലെ കാർഷിക തൊഴിലാളികൾക്ക് മുൻപ് തന്നെ സ്വന്തമായുണ്ടായിരുന്നതാണെന്നും വീടിനു ചുറ്റുമുള്ള ഭൂമി കൃഷിയോഗ്യമാണെന്ന് ചിലർ പറയുന്നുണ്ടെങ്കിലും ഭൂരിഭാഗം തൊഴിലാളികളുടെ കാര്യത്തിലും അത് സാധ്യമല്ലെന്നുമാണ്. ആയതിനാൽ കാർഷികഭൂമിയുടെ ഉടമസ്ഥാവകാശത്തിന്മേലുള്ള നിയമപരമായ നിഷേധം കൃഷിഭൂമി-ഉടമകളായ കർഷകരായിമാറുന്നതിൽ നിന്നും ദലിതുകളെ തടയുകയും ഭൂമിയിലെ യഥാർത്ഥ അധ്വാനവിഭാഗമായിരിക്കെയും കാർഷികസമൂഹത്തിലെ അവരുടെ സ്ഥാനം പ്രധാനമല്ലെന്നവണ്ണം കണക്കാക്കപ്പെടുകയുമാണ്. അഞ്ച് വർഷത്തെ ഭൂമി-ഇടപാടുകളെക്കുറിച്ചുള്ള ഒരു പഠനം (Aravindan, 2006, KSSP) വ്യക്തമാക്കുന്നത് സമൂഹത്തിലെ താഴ്ന്നവിഭാഗം സാമ്പത്തികവർഗ്ഗങ്ങളുടെ ചിലവിൽ ഭൂമി സ്വന്തമാക്കിയത്- 33,023 ഹെക്റ്ററുകൾ- ഏറ്റവും സമ്പന്നവർഗ്ഗങ്ങളാണെന്നാണ്.
കുട്ടനാടിലേതുപോലെ കാർഷികഭൂമിയുടെ, പ്രത്യേകിച്ചും നെൽപ്പാടങ്ങളുടെ, റിയൽ എസ്റ്റേറ്റുവൽക്കരണം പാട്ടത്തിനു ഭൂമിയെടുത്തും ആ ഭൂമികളിൽ കർഷകതൊഴിലാളികളായും നിലനിന്നിരുന്ന ദലിത് ജീവസന്ധാരണങ്ങളെ പ്രതികൂലാവസ്ഥയിലേക്ക് തള്ളിയിട്ടുണ്ട്. പ്രവാസികൾ അയക്കുന്ന പണം ഭൂമി വാങ്ങിക്കൂട്ടുന്നതിന് വിനിയോഗിക്കപ്പെട്ടപ്പോൾ ദലിതുകൾക്ക് അത്തരത്തിൽ പണം കൈപ്പറ്റുന്ന ഒരു വിഭാഗമല്ലാത്തതിനാൽ ഭൂമി വാങ്ങാനുള്ള ക്രയശേഷിയില്ലായ്മ മൂലം അതിന് കഴിഞ്ഞിട്ടില്ല (Oscella, 2000). ഭൂമി-ഉടമസ്ഥതയിലുള്ള അസമത്വങ്ങൾ വിവിധ വിഭാഗങ്ങളുടെ സാമൂഹ്യചലന ക്രമങ്ങളെ ഭിന്നിപ്പിക്കുകയും വ്യത്യസ്തമാക്കുകയും ചെയ്യുമെന്നും എങ്കിലും കേരളത്തിലെ ഭൂ-ഉടമസ്ഥതയെക്കുറിച്ചുള്ള ഡാറ്റ ആവശ്യത്തിനില്ലായെന്നും ഒരു പഠനം (Yadu, 2014) ചൂണ്ടിക്കാട്ടുന്നു.
നിലനിൽക്കുന്ന സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക പ്രതികൂലാവസ്ഥകൾ:
കേരളാ സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിന്റെ പട്ടികജാതിവികസനത്തിനുള്ള വർക്കിംഗ് ഗ്രൂപ്പിന്റെ 13-ആം പദ്ധതി റിപ്പോർട്ട് പ്രകാരം പട്ടികജാതിവിഭാഗം കേരളത്തിന്റെ മുഴുവൻ ജനസംഖ്യയുടെ 9.1 ശതമാനമാണ് (2011 സെൻസസ്). ഇന്ത്യയിൽ അവരുടെ പ്രതിനിധാനം 16.60 ശതമാനമാണ്. സംസ്ഥാനതലത്തിൽ പട്ടികജാതിവിഭാഗത്തിന്റെ സാക്ഷരതാനിരക്ക് 88.70 ശതമാനമായിരിക്കെ ദേശീയതലത്തിൽ അത് 66.07 ശതമാനം മാത്രമാണ്. കുറേ ആളുകൾ പലയിടത്തായി കുടുംബങ്ങളായും മറ്റും ഇതരസമുദായങ്ങൾക്കൊപ്പം താമസിക്കുന്നുവെങ്കിലും 60 ശതമാനത്തോളം പേരും ജീവിക്കുന്നത് 26,000-ത്തിനു മേൽ 'കോളനികളി'ലാണ് (habitat- വാസസ്ഥാനങ്ങളെന്ന് ഔദ്യോഗികപഠനങ്ങൾ വിളിക്കുന്നു). കേരളത്തിലൊട്ടാകെയുള്ള ദലിതുകളുടെ അധിവാസക്രമം ഇത്തരത്തിലാണ്. പട്ടികജാതിവിഭാഗം ഏറ്റവും കൂടുതലുള്ളത് പാലക്കാട് ജില്ലയിലാണ് (13.29%). പിന്നാലെ തിരുവനന്തപുരം (12.27%), കൊല്ലം (10.80%), തൃശൂർ (10.67%) മലപ്പുറം (10.14%) എന്നീ ജില്ലകൾ. ഈ അഞ്ച് ജില്ലകൾ ഒരുമിച്ച് സംസ്ഥാനത്തെ പട്ടികജാതിവിഭാഗ ജനസംഖ്യയുടെ 57.17 ശതമാനത്തെ ഉൾക്കൊള്ളുന്നു. പാലക്കാട് ജില്ലയുടെ ജനസംഖ്യയുടെ 14.37 ശതമാനമാണ് പട്ടികജാതി വിഭാഗത്തിന്റേത്. പത്തനംതിട്ടയിൽ അത് 13.74 ശതമാനവും. ഇടുക്കി, കൊല്ലം, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ അത് അതാത് ജില്ലകളിലെ ജനസംഖ്യയുടെ 10 ശതമാനത്തിനു മുകളിലുണ്ട്. വേടർ, വേട്ടുവൻ, നായാടി, കല്ലാടി, അരുന്ധതിരാർ, ചക്കിലിയർ എന്നിങ്ങനെയുള്ള, പട്ടികജാതിവിഭാഗത്തിലെ അതീവദുർബലരായ വിഭാഗങ്ങൾ സംസ്ഥാനത്തിലെ പട്ടികജാതിവിഭാഗജനസംഖ്യയുടെ 3.65 ശതമാനം വരും.
നിലവിലെ സാമൂഹ്യ-സാമ്പത്തിക നില:
പട്ടികജാതി വകുപ്പും (Scheduled Caste Department-ഉം) തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും (2013, KILA) ദലിത് കോളനികളിൽ (habitat- വാസസ്ഥാനങ്ങൾ) നടത്തിയ സർവ്വേ പ്രകാരംതാഴെ പറയുന്നവയാണ് ഈ വിഭാഗങ്ങളുടെ സാമൂഹ്യ-സാമ്പത്തിക നിലയിലെ ശ്രദ്ധേയമായ ലക്ഷണങ്ങൾ
(1) റോഡ്, വൈദ്യുതി, കുടിവെള്ളം മുതലായ അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ ഭൂരിപക്ഷം കോളനികളിലും മോശമായ സ്ഥിതിയാണ്.
(2) പട്ടികജാതിവിഭാഗ ജനസംഖ്യയുടെ നാലിലൊന്ന് - 6 മുതൽ 21 വയസ്സുവരെയുള്ള കുട്ടികൾ- വിദ്യാഭ്യാസപരമായ മുന്നോട്ടുപോക്കാവശ്യമുള്ള വിഭാഗമാണ്.
(3) പട്ടികജാതിവിഭാഗ ജനസംഖ്യയുടെ ഭൂരിപക്ഷവും (58%) 22-59 വയസ്സുവരെയുള്ളവരാണ്. മനുഷ്യവിഭവശേഷിവികസനത്തിന്മേലുള്ള സംരംഭങ്ങൾക്ക് വർദ്ധിച്ച സാധ്യതയുള്ള വിഭാഗമാണ് ഇവർ.
(4) പട്ടികജാതിവിഭാഗ ജനസംഖ്യയുടെ 10% 60 വയസ്സിലും അതിനു മുകളിലുമുള്ളവരാണ്. അവർക്ക് ആശ്വാസശുശ്രൂഷകളും അടിസ്ഥാനജീവിത സാഹചര്യങ്ങൾക്കായുള്ള ക്ഷേമപദ്ധതികളും ആവശ്യമായിരിക്കും.
(5) ആസ്തിവകകൾ വളരെ താഴെയാണ്. ഒരു ദലിത് കുടുംബം കൈവശം വയ്ക്കുന്ന ശരാശരി ഭൂമി 2.52 സെന്റാണ്. ഭൂരഹിത കുടുംബങ്ങൾ മറ്റുള്ള ജനവിഭാഗങ്ങളുമായി താരതമ്യം ചെയ്താൽ വളരെ കൂടുതലാണ്. അതിനാൽ സംസ്ഥാനത്തെ ഭൂമി വിതരണ പദ്ധതികളുടെ നടത്തിപ്പിൽ പുനർനിരീക്ഷണത്തിനും ജീവസന്ധാരണത്തിനുതകുന്ന തരത്തിൽ കൂടുതൽ ഭൂമി ലഭ്യമാക്കുതിനും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
(6) ഭൂരിപക്ഷം ദലിത് വീടുകളും ജീർണ്ണിച്ചവയും, വാസയോഗ്യമല്ലാത്തവയും, ആവശ്യത്തിനു ഇടവും സജ്ജീകരണങ്ങളുമില്ലാത്തവയും, സാനിറ്ററി കക്കൂസുകളില്ലാത്തവയും (30%), വൈദ്യുതി (14.51%) ഇല്ലാത്തവയുമാണ്. ഇതിനു പുറമേ ഇടങ്ങൾ പങ്കുവച്ച് ജീവിക്കുന്ന വീടില്ലാത്ത കുടുംബങ്ങളും നാടോടികളെപ്പോലെ ജീവിക്കുന്നവരുമുണ്ട്. അതിനാൽ പാർപ്പിടം എന്നത് ആസൂത്രണത്തിന്റെയും ഇടപെടൽ പദ്ധതികളുടെയും ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയമാകേണ്ടതുണ്ട്.
(7) തൊഴിലുള്ള ഭൂരിഭാഗം പേരും കൂലിവേലക്കാരായി സേവനമേഖലകളിലോ ഉല്പാദനകരവും ലാഭകരവുമല്ലാത്ത മേഖലകളിലോ ആണ് തൊഴിലെടുക്കുന്നത്. സംരഭകരെന്ന നിലയ്ക്കോ കൃഷിഭൂമിയുടെ ഉടമകളായ കർഷകരെന്നോ നിലയ്ക്കുള്ള അവരുടെ എണ്ണം തീരേകുറവാണ്. ഇതാണ് ദലിത് കുടുംബങ്ങളുടെ താഴ്ന്ന വരുമാനത്തിനും ദരിദ്രമായ സാമ്പത്തികാവസ്ഥയ്ക്കും കാരണം.
(8) വിദ്യാഭ്യാസം നേടിയവർക്കിടയിലുള്ള തൊഴിലില്ലായ്മ ഏറെയാണ്. 15 മുതൽ 59 വയസ്സുവരെയുള്ള ദലിതർക്കിടയിൽ 49 ശതമാനം തൊഴിൽരഹിതരാണ്.
(9) ഹയർ സെക്കൻഡറി - പ്രഫഷണൽ വിദ്യാഭ്യാസം എന്നിവ പൂർത്തീകരിക്കുന്ന പട്ടികജാതിവിഭാഗത്തിലെ വിദ്യാർത്ഥികളുടെ എണ്ണം കുറവാണ്. പഠനം ഇടയ്ക്കുവച്ച് നിർത്തുന്നവരാണേറെയും. ഹോസ്റ്റൽ താമസസൗകര്യങ്ങളും മറ്റ് പഠനസഹായസംവിധാനങ്ങളും ദുർലഭമാണ്.
(10) അവിവാഹിതരായ അമ്മമാരും, വിധവകളും വിവാഹമോചനം നേടിയവരുമാണ് ദലിത് ജനസംഖ്യയുടെ 7 ശതമാനം. ഏറ്റവും ദുർബലരും പ്രതിസന്ധി നേരിടുന്നവരുമായ -ഈ വിഭാഗത്തിന് നിലനിൽപ്പിനായുള്ള തൊഴിലും മറ്റ് സഹായപദ്ധതികളും -ആവശ്യമാണ് .
Distribution of workers in the Age Group 15-59
Sl.No. Category Total Workers % to Total workers
1 Permanent Employees/ സ്ഥിരം ജീവനക്കാർ 50501 6.08
2 Provisional Employees/ താൽക്കാലിക ജീവനക്കാർ 47472 5.71
3 Self Employed/ സ്വയം തൊഴിൽ ചെയ്യുന്നവർ 29595 3.56
4 Labourers/ തൊഴിലാളികൾ
(i) Non Agricultural sector/ കാർഷികേതര മേഖല 129947 15.63
(ii)Agriculture and Allied sector/ കൃഷിയും അനുബന്ധ മേഖലയും 172211 20.71
(iii) Other Sectors/ മറ്റ്മേഖലകൾ 351434 42.26
Sub Total 653592
5 Other Occupations/ മറ്റ് തൊഴിലുകൾ 50469 6.05
Total/ ആകെത്തുക 831629 100
Source: Scheduled Caste Habitats and Families in Kerala (Published by Scheduled
Caste Development Department in 2013)
EDUCATIONAL STATUS OF SCHEDULED CASTE
Sl.
No. Educational Level
Total % to total
1 Illiterates 224068 10.01
2 Literates/Neo Literates 19790 0.88
3 Primary Level 773583 34.54
4 Secondary Level 696142 31.09
5 SSLC(Pass) 296662 13.25
6 PDC/Plus 2 (Pass) 151179 6.75
7 Graduates 48867 2.18
8 Post Graduates 8852 0.4
9 B.Tech 1113 0.05
10 Medicine(Degree) 302 0.01
11 Engineering(certificate/Diploma) 2405 0.11
12 Other Professional Degrees 3799 0.17
13 Other Professional Courses(certificate/Diploma) 12646 0.56
Source: Scheduled Caste Habitats and Families in Kerala (Published by
Scheduled Caste Development Department in 2013)
കേരളത്തിൽ ഗവണ്മെന്റ് ജോലികളിൽ 10 ശതമാനം ദലിത് വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്നുണ്ട്. അതുകാരണം സർക്കാർ കോളജുകളിലെ 2,335 അധ്യാപകരിൽ 298 പേർ ദലിതരാണ്. എന്നാൽ ജീവനക്കാരുടെ ശമ്പളത്തിനും സ്ഥാപനത്തിന്റെ നടത്തിപ്പിനുമുള്ള ഗ്രാന്റുകൾ നൽകുന്നത് സർക്കാരായിട്ടും സ്വകാര്യമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം നിലവിലില്ല. കേരളത്തിലുള്ള 238 ആർട്ട്സ് & സയൻസ് കോളജുകളിൽ കേവലം 58 എണ്ണമാണ് സർക്കാർ ഉടമസ്ഥതയിലുള്ളത്. ബാക്കിയുള്ളവയിൽ 120 എണ്ണം ക്രിസ്ത്യൻ, മുസ്ലീം സംഘടനകളും 60 എണ്ണം നായർ സർവ്വീസ് സൊസൈറ്റി, ശ്രീനാരായണ ട്രസ്റ്റ്, ദേവസ്വം ബോർഡ് എന്നിവയുടേതാണ്. നായർ സർവ്വീസ് സൊസൈറ്റി ഉന്നതജാതി ഹിന്ദുക്കളായ നായർവിഭാഗത്തെയും ശ്രീനാരായണ ട്രസ്റ്റ് പിന്നോക്ക ഹിന്ദുവിഭാഗമായ ഈഴവസമുദായത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. തിരുവിതാംകൂർ, കൊച്ചി എന്നീ രണ്ട് ദേവസ്വം ബോർഡുകൾ സംസ്ഥാനത്തെ ക്ഷേത്രങ്ങളെ നിയന്ത്രിക്കുന്ന സ്വയംഭരണ സ്ഥാപനങ്ങളാണ്.
ഭൂരിപക്ഷം സ്കൂളുകളും സമാനമായി സ്വകാര്യമേഖലയിലാണുള്ളത്. National University of Educational Planning and Administration 2016-ൽ നടത്തിയ സർവ്വേ പ്രകാരം കേരളത്തിലെ സ്കൂളുകളിൽ 27.31% മാത്രമാണ് സർക്കാർ വിദ്യാഭ്യാസവകുപ്പിന്റെ ഉടമസ്ഥതയിലുള്ളത്. ബാക്കിയുള്ളവ എയ്ഡഡ് സ്കൂളുകളോ അൺ-എയ്ഡഡ് സ്വകാര്യ സ്കൂളുകളോ ആണ്. അൺ-എയ്ഡഡ് സ്ഥാപനങ്ങൾ ഏതെങ്കിലും വിധത്തിലുള്ള സർക്കാർ ധനസഹായങ്ങൾ ലഭിക്കുന്നവയല്ല. എയ്ഡഡ് പ്രൈവറ്റ് കോളജുകളിൽ ദലിത് വിഭാഗത്തിൽ നിന്നുള്ള അധ്യാപകരുടെ എണ്ണം അത്യധികമാംവണ്ണം കുറവാണ്. വിവരാവകാശനിയമം അനുസരിച്ച് 2010-ൽ ഫയൽ ചെയ്യപ്പെട്ട ഒരു അന്വേഷണമനുസരിച്ച് 7,199 ടീച്ചർമാരിൽ കേവലം 11 പേർ - വെറും 0.15%- മാത്രമാണ് ദലിത് വിഭാഗങ്ങളിൽ നിന്നുമുള്ളത്. സ്കൂളുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. National University of Educational Planning and Administration-ന്റെ 2016-ലെ സർവ്വേ അനുസരിച്ച് സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ് സ്കൂളുകളിൽ ദലിത് വിഭാഗത്തിൽ നിന്നുള്ള അധ്യാപകരുടെ എണ്ണം 5.31% ശതമാനം മാത്രമാണ് - മുഴുവനുള്ള 2,65,644 പേരിൽ 12,833 മാത്രം.
പൊതുജനാരോഗ്യ സ്ഥാപനങ്ങൾ ഭൂരിപക്ഷം ദലിത് കോളനികളിൽ നിന്നും വളരെ ദൂരെയുള്ള പ്രദേശങ്ങളിലാണ്. സർവ്വേ ചെയ്യപ്പെട്ട 26.27% കോളനികളും അത്തരം ആരോഗ്യസ്ഥാപനങ്ങളിൽ നിന്നും 25 കിലോമീറ്റർ ദൂരെയാണുള്ളത്. 33.28% - അതായത് 8,768 കോളനികളുടെ കാര്യത്തിൽ അത് 5 കിലോമീറ്ററിനു മുകളിലാണ്. ആയുർവ്വേദ/ ഹോമിയോ ഡിസ്പൻസറികൾ/ ഹോസ്പിറ്റലുകൾ എന്നിവയും ദലിത് ജീവിതമേഖലകളുടെ സമീപത്തല്ല. ആരോഗ്യകേന്ദ്രങ്ങളിൽ നിന്നുമുള്ള അവയുടെ അകലം താഴെകൊടുത്തിരിക്കുന്നു.
Sl.
No. Health Institutions Total Habitats Below
5Km % 5.25km. % Above
25km. %
(1) (2) (3) (4) (5) (6) (7) (8) (9)
1 Primary Health Sub Centres 26342 20880 79.25 2948 11.20 2514 9.55
2 Primary Health Centres 26342 17574 66.71 7053 26.79 1715 6.50
3 Community Health Centres 26342 11848 44.95 7580 28.78 6914 26.27
4 Taluk Hospitals 26342 2915 11.01 16934 64.32 6493 24.67
5 District Hospitals 26342 1599 6.07 9360 35.56 15383 58.37
6 Government
Ayurveda Hospitals/Dispensaries 26342 11909 45.16 12117 46.04 2316 8.80
7 Government
Homoeo Hospitals/Dispensaries 26342 12277 46.56 7993 30.37 6072 23.07
8 Medical Stores 26342 22556 85.62 3226 12.26 560 2.13
Source: Scheduled Caste Habitats and Families in Kerala (Published by Scheduled
Caste Development Department in 2013)
കൊല്ലം ജില്ലയിലെ കൊട്ടാരക്കര, കുന്നത്തൂർ താലൂക്കുകളിലെ പ്രത്യേക ദലിത് വിഭാഗങ്ങളിലെ - പുലയ, കുറവ, പറയ, തണ്ടാൻ, പരിവർത്തിത ക്രിസ്ത്യൻ- ദലിത് സ്ത്രീകളുടെ സാമൂഹ്യ-സാമ്പത്തിക-തൊഴിൽ നിലകൾ നിരീക്ഷിച്ചിരിക്കുന്ന അച്ചാമ്മ ജോണിന്റെ (Achamma John) പഠനം ഭൂമി പോലെയുള്ള അത്യന്താപേക്ഷിത വിഭവങ്ങളിൽ അവരുടെ കുടുംബങ്ങൾ നേരിടുന്ന പ്രതികൂലനിലയെ എടുത്തുകാണിക്കുന്നു. ആധുനികസ്റ്റേറ്റിന്റെ രാഷ്ട്രീയപ്രക്രിയകളിലുള്ള അവരുടെ പങ്കെടുപ്പ് ദയനീയമാംവിധം കുറവാണ്. വികസനപരിപാടികൾ ഉപയോഗപ്പെടുത്തുന്നതിൽ നിന്നും ഈ സാമൂഹ്യവിഭാഗങ്ങളെ പല കാരണങ്ങൾ തടയുന്നുവെന്ന് അവർ കണ്ടെത്തുന്നു. ഉദാഹരണത്തിന് അവർക്കായുള്ള പരിപാടികളെക്കുറിച്ച് അവരെ ബോധവൽക്കരിക്കാൻ ശ്രമങ്ങളൊന്നുമേ നടന്നിട്ടില്ല. ദാരിദ്ര്യം നിമിത്തം ഈ വിഭാഗങ്ങളിലെ കുട്ടികൾ വലിയ എണ്ണത്തിൽ പഠനം വഴിക്ക് നിർത്തുന്നു. വിപുലമായി നടത്തിയ സർവ്വേയിൽ മേൽപറഞ്ഞ ഗവേഷകയുടെ കണ്ടെത്തലനുസരിച്ച് ആ വീടുകളിലെ സാക്ഷരതാനിരക്ക് സംസ്ഥാന ശരാശരിയെക്കാൾ വളരെ താഴെയാണ്. പഠനം പാതിവഴിക്ക് മുടങ്ങുന്നത് കുട്ടികളിൽ കൂടുതലാണെന്ന് മാത്രമല്ല പെൺകുട്ടികളുടെ കാര്യത്തിൽ അത് അതിനും മേലെയാണ് താനും. ചരിത്രപരമായി ദലിത് സമൂഹങ്ങളിൽ നിലവിലില്ലാതിരുന്ന സ്ത്രീധനം ആവശ്യപ്പെടുകയും നൽകപ്പെടുകയും ചെയ്യുന്ന രീതി ഈയിടെയായി കൂടുതലായി സംജാതമാകുന്നുവെന്നും അവർ കണ്ടെത്തുന്നു.
ദലിത് കോളനികൾ: സാമൂഹിക ഇടങ്ങളുടെ വിതരണത്തിന്റെ രീതികളിൽ അവ രൂപീകൃതമായ പലേവിധ ചരിത്രങ്ങത്തിനനുസരിച്ച് 'കീഴാളമായ ഉൾപ്പെടുത്തൽ' ('subordinated inclusion’) എന്ന് അവ വിളിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം വിവിധ കോളനിനിർമ്മാണ സ്കീമുകൾ, കോ ഓപ്പറേറ്റീവ് കോളനികൾ, ഹരിജൻ വെൽഫേർ(1954-നു ശേഷമുള്ളവ), SC സ്പെഷ്യൽ കമ്പോണന്റ് പ്ലാൻ (അഞ്ചാം പദ്ധതി- 1982-83), ഭൂദാൻ, ലക്ഷംവീട്, നാലുസെന്റ് കോളനി മുതലായവയിലൂടെയാണ് അവ നിലവിൽ വന്നത്.
2013-ൽ SC "പാർപ്പിടങ്ങളെ' (കോളനികൾ) സംബന്ധിച്ച് KILA നടത്തിയ പഠനം പ്രകാരം ഒരു വലിയ വിഭാഗം അയല്പക്കകൂട്ടായ്മകൾക്ക് വെളിയിലും ഒരു പരിധിവരെ ഗ്രാമസഭകൾക്ക് പുറത്തുമാണ്. ആയതിനാൽ അവസരങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന സാമൂഹ്യശൃംഖലയിൽ കണ്ണികളാകാൻ ഇവർക്ക് കഴിയാതെ പോകുന്നു. പലവിധ കൂട്ടായ്മകളിലേക്ക് പങ്കെടുക്കാനും കണ്ണിചേരാനും ഇവരെ പ്രാപ്തരാക്കുന്ന തരത്തിലുള്ള, പ്രത്യേകിച്ചും സ്ത്രീകളുടെ കാര്യത്തിൽ, സാമൂഹ്യമായ നീക്കങ്ങളുടെ ആവശ്യകത ഇത് അടിവരയിടുന്നു.
കോളനിയെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന ഒരു പഠനം (Bharathan, Jyotsna) അനുസരിച്ച് ദേശീയ തൊഴിലുറപ്പ് പദ്ധതി (MNREGA) പ്രകാരമുള്ള തൊഴിലുകളിൽ ഏർപ്പെടുന്ന സ്ത്രീകൾ പറയുന്നത് ആ തൊഴിലുകൾ സ്വന്തം ആസ്തികളുമായി ബന്ധപ്പെട്ടുള്ളവയാണെങ്കിൽ കൂടുതൽ മൂല്യവത്തായിരുന്നേനെയെന്നാണ്. ഇന്നത്തെ സാഹചര്യത്തിൽ തൊഴിലുറപ്പിന്റെ ഭാഗമായുള്ള ജോലികൾ അതികഠിനമാണ് -ഉദാഹരണത്തിന് കനാൽ വൃത്തിയാക്കൽ പോലെയുള്ള ആരോഗ്യത്തിനു ഹാനികരമായേക്കാവുന്ന ജോലികൾ നിമിത്തം അസുഖങ്ങൾ പിടിപെട്ട പലരും ശേഷം വീട്ടുജോലികൾക്ക് മാത്രം പോകുന്ന അവസ്ഥയുണ്ടാകുന്നു. സ്ഥിരമായ ജീവസന്ധാരണ വഴികൾ/ അവസരങ്ങളോ ആസ്തികളോ ഇല്ലാത്ത ദലിത് സ്ത്രീകൾ ശ്രീറാം, മഹീന്ദ്ര & മഹീന്ദ്ര, തമിഴ്നാട്ടിൽ നിന്നുള്ള വട്ടിപ്പലിശക്കാർ എന്നിവരെപ്പോലെയുള്ള സ്വകാര്യഫിനാൻസ് കമ്പനികൾക്ക് കടക്കാരാകുന്നു. ഇത് ദലിത് സ്ത്രീകളെ 'കടങ്ങളുടെ കൈകാര്യക്കാരാ'ക്കിത്തീർക്കുന്ന സ്ഥിതിവിശേഷമാണുണ്ടാക്കിയിട്ടുള്ളത്. സ്ത്രീകൾ പുതിയപുതിയ തൊഴിൽസാധ്യതകൾ ആഗ്രഹിക്കുന്നതിനാൽ ജാതിപരമായി കൈകാര്യം ചെയ്തിരുന്ന തൊഴിലുകൾക്കുപരിയായുള്ള തൊഴിൽ വൈദഗ്ദ്ധ്യത്തിനു വേണ്ട വയോജനവിദ്യാഭ്യാസം ആവശ്യമാണെന്നുവരുന്നു. ഇത് ഉപജീവനത്തിലെയും തൊഴിലിലെയും നിയമങ്ങളെക്കുറിച്ച് അവരെ ബോധവൽക്കരിക്കുന്നതിനും അങ്ങനെ ചൂഷണത്തിൽ നിന്ന് രക്ഷപ്പെടുവാനും സഹായിക്കുന്നതിനുതകുന്നതാണ്.
കോളനികൾക്ക് പുറത്തുള്ള സ്ഥാപനങ്ങളിൽ, ഉദാഹരണത്തിന് ഒരു സ്കൂളിൽ, പഠിക്കുന്ന ഒരു ദലിത് വിദ്യാർത്ഥി മറ്റ് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയുമിടയിൽ, പ്രത്യേകിച്ച് ഉന്നതജാതി/പ്രബലസമുദായത്തിന്റെ സ്കൂളുകളിലെ അധ്യാപകസമൂഹവും ഏറെയും ആ ജാതി-സമുദായങ്ങളിൽ നിന്നുതന്നെ ആയിരിക്കുമെന്നതിനാൽ, 'സാമൂഹികമായ അപരൻ' എന്ന നിലയ്ക്ക് സാമൂഹ്യമായ കീഴാള ഇടത്തിന്റെ പ്രതിനിധിയെന്ന അവസ്ഥയെ അവിടങ്ങളിലും അഭിമുഖീകരിക്കുന്നുണ്ട്. സെക്കൻഡറി വിദ്യാഭ്യാസം ഇടയ്ക്കുവച്ച് മുടങ്ങിപ്പോകൽ, മദ്യപാനം, ഗാർഹികപീഡനം എന്നിവ ഗ്രാമീണ, നാഗരിക കോളനികളിൽ, ചേരികളിലുൾപ്പടെ വ്യാപകമായ സ്ഥിതിവിശേഷമാണ്. വീട്ടിലെ പഠനത്തിനായുള്ള അയല്പക്കങ്ങളെ കേന്ദ്രീകരിച്ചുള്ള സ്പെഷ്യൽ കോച്ചിംഗ് സ്കീമുകളും കരിയർ കൗൺസലിംഗും വിനോദസംവിധാനങ്ങളുമെല്ലാമുള്ള മൾടിപർപ്പസ് കേന്ദ്രങ്ങളും അത്യാവശ്യകാര്യങ്ങളാണ്.
കാർഷികരംഗത്തുള്ള ദലിത് സ്ത്രീകളുടെ കഥനങ്ങൾ താഴെപ്പറയുന്നവയെ എടുത്തുകാട്ടുന്നു:
(a) കാർഷികരംഗത്തും ബന്ധിതമായ രംഗങ്ങളിലും നിന്ന് ഉപജീവനം കണ്ടെത്തുന്ന സ്ത്രീകൾക്ക് രജിസ്ട്രേഷനും കാർഷിക ഉപജീവന കാർഡുകളും. ഇത് സമഗ്രമായ സ്കീമുകൾ നടപ്പിലാക്കുന്നതിനും മുഖ്യധാര സ്കീമുകളിലും അവയോടനുബന്ധിച്ചുള്ള കാർഷികസ്ഥാപനങ്ങളുടെ വികസനകമ്മിറ്റികളുൾപ്പടെയുള്ള കമ്മിറ്റികളിലും ഒരു ക്വോട്ട സംവരണം ചെയ്യാൻ പ്രയോജനപ്രദമാകും.
(b) തൊഴിൽ വൈദഗ്ദ്ധ്യത്തിനായുള്ള പരിശീലന പരിപാടികൾ.
(c) കൃഷിയുമായി ബന്ധപ്പെട്ട കരകൗശല സംരംഭങ്ങളിൽ അവയുമായി ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്റുകളുടെ വക പരിശീലനപരിപാടികളും അടിസ്ഥാനസൗകര്യങ്ങളൊരുക്കലും/
(d) തെരഞ്ഞെടുക്കപ്പെട്ട ദലിതരായ സ്ത്രീ പ്രതിനിധികളും ജനറൽ കാറ്റഗറിയിലെ സ്ത്രീകളും പുരുഷന്മാരുമായ മെമ്പർമാരും തമ്മിലുള്ള അധികാരബലത്തിന്റെ കാര്യത്തിലുള്ള വ്യത്യാസത്തെക്കുറിച്ച് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് പരിപാടികൾ നടപ്പിലാക്കുന്നതിൽ പൊതുവിലും പട്ടികജാതിവിഭാഗത്തിനായുള്ള പരിപാടികളുടെ കാര്യത്തിലും അവയുടെ ആവശ്യകത പരിശോധിക്കുന്നതിലും അവയ്ക്കനുസൃതമായി പദ്ധതികൾ ആവിഷ്കരിക്കുന്നതിലും പ്രത്യേകമായും പ്രതികൂലമായ അവസ്ഥ സൃഷ്ടിക്കുന്നു.
(e) ജൈവ പച്ചക്കറികൾക്കായുള്ള പ്രചരണപരിപാടികളും ദലിത് പാർപ്പിടപ്രദേശങ്ങളിൽ ജൈവകൃഷിക്കായുള്ള സാമൂഹ്യശൃംഖലകളുടെ സ്ഥാപനവും
(f) തദ്ദേശഭരണസ്ഥാപനങ്ങളുടെയും പട്ടികജാതി വികസന ഡിപ്പാർട്ടുമെന്റിന്റെയും സ്കീമുകൾ വഴിയുള്ള ഭൂമി/ വീട് എന്നിവ ദമ്പതികളിൽ രണ്ടുപേരുടെയും പേരിലാക്കൽ, ഭൂരഹിതകുടുംബങ്ങൾക്ക് ഭൂമി നൽകുന്നത് കുടുംബങ്ങളിലെ ഗൃഹനാഥയുടെ പേരിലാക്കുക എന്നിവ.
(g) ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തിൽ കാർഷികവൃത്തിയിൽ ഏർപ്പെടുന്ന വിവിധവിഭാഗം സ്ത്രീകളുടെയും വിവരങ്ങൾ സമാഹരിക്കൽ ലിംഗാധിഷ്ഠിതമായ ആസൂത്രണത്തിനു പ്രധാനമാണ്. സ്ത്രീകളിൽ പലതരത്തിലുമുള്ള കർഷകരുണ്ട്. അവ സ്ത്രീകർഷകരാകാം (സ്ത്രീ ഗൃഹനാഥയായുള്ള വീടുകൾ), പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി ചെയ്യുന്ന പെൺകൂട്ടായ്മകൾ, ദേശീയതൊഴിലുറപ്പ് പദ്ധതിയിൽ പങ്കെടുക്കുന്ന സ്ത്രീകൾ എന്നിങ്ങനെയാവാം. രജിസ്ട്രേഷൻ, കാർഷികോപജീവന കാർഡുകൾ എന്നിവ വിവരസമാഹരണത്തിനുള്ള വഴിയാകുന്നതാണ്.
ഹരിതകേരളം പദ്ധതിയനുസരിച്ച് സംഘകൃഷിക്കായി കൂടുതൽ സ്ഥലങ്ങൾ വികസിപ്പിച്ചെടുക്കേണ്ട ആവശ്യകതയുണ്ടായി. തങ്ങളുടെ നിലവിലെ സാമൂഹ്യനിലയിൽ നിന്നും -അതായത് ഭൂരഹിത കാർഷികകൂലിവേലക്കാർ (അതിലുൾച്ചേർന്ന ജാതിപരതയുൾപ്പടെ) എന്ന നിലയിൽനിന്നും സ്ത്രീകർഷകർ എന്ന നിലയിലേക്ക്- കൂടുതൽ അന്തസോടെയും ആത്മാഭിമാനത്തോടെയും കൂടുതൽ സാധ്യതകളുമായി വിവിധസമുദായങ്ങളിലെ സ്ത്രീകൾ ഒന്നിച്ചുചേരാൻ അത് സഹായകമായി. ഉല്പാദനത്തിനുമേലുള്ള നിയന്ത്രണം വിപുലമാകുകയും ജനാധിപത്യവൽക്കരിക്കപ്പെടുകയും ചെയ്തതോടെ ഹരിതകേരളം സംബന്ധിച്ച ചർച്ചകൾക്കുമുപരിയായി- അത് നിലവിൽ പ്രക്രിയ എന്നതിലുപരി പദ്ധതി എന്നതിലാണ് ശ്രദ്ധയൂന്നുന്നത്- ഭക്ഷണസ്വയം പര്യാപ്തതയിലേക്കും കൂടി നീങ്ങുന്നുണ്ട്.
ശാക്തീകരണത്തിന്റെയും വികസനത്തിന്റെയും എല്ലാ സൂചികളനുസരിച്ചു നോക്കിയാലും കേരളത്തിലെ ദലിത് സമൂഹം സാമൂഹികവും സാമ്പത്തികവുമായ മേഖലകളിൽ -തുല്യമായ -അവസരങ്ങൾ അനുഭവിക്കുന്നില്ലയെന്നത് സ്പഷ്ടമായും തിറിച്ചറിയപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ഭരണഘടനാപരമായ സംരക്ഷണങ്ങളും ഘടനാപരമായ ചില പരിഷ്കാരങ്ങളും പഞ്ചവൽസരപദ്ധതികൾ വഴി നടന്ന പല ശ്രമങ്ങളുമൊക്കെയുണ്ടായിട്ടും ചരിത്രപരമായ അധസ്ഥിതാവസ്ഥ തുടരുകയാണ്. പദ്ധതിപ്രകാരമുള്ള വികസനപരിപാടികൾ വേണ്ടവിധത്തിൽ ദലിതരിലേക്കെത്തിയില്ല. 'അരിച്ചരിച്ച് താഴെവരെ'യിറങ്ങുമെന്ന സങ്കല്പമെല്ലാം നടക്കാതെപോയി. ദേശീയമായി Tribal Sub Plan (TSP in 1974), Special Component Plan (SCP in 1978) എന്നിവ എന്നിവ അനുക്രമമായി ആദിവാസികളുടെയും ദലിതരുടെയും ജീവിതസാഹചര്യങ്ങളെ നേരിട്ടും ഗുണാത്മകമായും പരിവർത്തനപ്പെടുത്താൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സമഗ്രപദ്ധതികളായി പരിവർത്തനം ചെയ്യപ്പെട്ടിരുന്നു. എന്നാൽ കാലക്രമേണ ഭരണഘടനാസങ്കൽപ്പ പ്രകാരമുള്ള ലക്ഷ്യങ്ങളായ സാമ്പത്തികവിമോചനം, വിദ്യാഭ്യാസപരമായ തുല്യത, എല്ലാ തരത്തിലുമുള്ള പരിരക്ഷണത്തിലും അന്തസ്സിലുമുള്ള സമത്വം, സാംസ്കാരികമായ സ്വാതന്ത്ര്യം എന്നിവ സംബന്ധിച്ചുള്ള ദൂരക്കാഴ്ചകൾ നഷ്ടമാകുകയും ഇവ രണ്ടും ദുർബലമാകുകയും ചെയ്തു. ആ വിഭാഗങ്ങളുടെ ആവശ്യങ്ങളും അവയുടെ മുൻഗണനകളും സമഗ്രമായി കണ്ടുകൊണ്ട് സ്ഥാപനപരമായും സംഘടനാപരമായുമുള്ള സജ്ജീകരണങ്ങൾ അവയുടെ ഫലപ്രാപ്തിക്കായി ആവിഷ്കരിക്കുന്നതിലും രണ്ട് സ്കീമുകളും പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രത്യേകം പ്രത്യേകമായ ആക്ടുകളെന്ന ആവശ്യം ശക്തമായി അനുഭവപ്പെടുന്നത്.
കേരളസംസ്ഥാന പ്ലാനിംഗ് ബോർഡിന്റെ 2016-ലെ പട്ടികജാതി വികസനത്തിന്മേലുള്ള വർക്കിംഗ് ഗ്രൂപ്പ് റിപ്പോർട്ട് കേരളത്തിനായി ഒരു SCP/TSP സ്റ്റേറ്റ് ആക്ട് നിർദ്ദേശിക്കുന്നതോടൊപ്പം അതിന്റെ ഫലപ്രദമായ നടത്തിപ്പിനും നടത്തിപ്പിനു പകരം ആസൂത്രണത്തിലേക്ക് മടങ്ങിപ്പോകാതിരിക്കാൻ വേണ്ടുന്ന നിയമനിർമ്മാണത്തിനായുള്ള ഘടനയും നിർദ്ദേശിച്ചിട്ടുണ്ട്. അതിനൊപ്പം ആവശ്യമുള്ളത് മാതൃകാപരവും സമഗ്രവുമായ ഒരു മാറ്റമാണ്. അതിലൂടെ വേണ്ടത് ദലിതരും ആദിവാസികളും ഉൾപ്പെടെയുള്ള അരികുവൽകൃതജനവിഭാഗങ്ങളെ "ക്ഷേമപദ്ധതികളുടെ സ്വീകർത്താക്കൾ" എന്ന നിലയിൽ മാത്രമായി കാണുന്നതിനു പകരം അവരുടെ ഏജൻസിയെയും അവരുടെ സ്വന്തം ചരിത്രത്തെയും അന്തസ്സിനെയും ആത്മാഭിമാനത്തെയും തിരിച്ചറിഞ്ഞും അംഗീകരിച്ചുകൊണ്ടുമുള്ള ഒരു മാറ്റം.
(