കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് രക്ഷിക്കുന്ന നിയമം (POCSO ACT)
കുട്ടികൾ ഓരോ രാജ്യത്തിന്റെയും സമ്പത്താണ്.കുട്ടികളുടെ മാനസിക-ശാരീരികാരോഗ്യത്തിലധിഷിഠിതമായ വളർച്ച ഉറപ്പ്വരുത്തേണ്ടത് രാജ്യത്തിൻറെ ഭാവി പുരോഗതിയ്ക്ക് അത്യാവശ്യമാണ്. എന്നാലിന്ന് ഏറ്റവുമധികം ചൂഷണം നേരിടുന്നത് സ്ത്രീകളും കുട്ടികളുമാണ്. 18 വയസിനു താഴെയുള്ളവരെയെല്ലാം കുട്ടികളായാണ് കണക്കാക്കുന്നത്. ബാലവേല മുതൽ ലൈംഗികാതിക്രമങ്ങൾ വരെയുള്ള കുട്ടികക്കെതിരെ നടക്കുന്ന ചൂഷണങ്ങൾ തടയുന്നതിന് ശക്തമായ നിയമങ്ങൾ ഇന്ന് നിലവിലുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷൽ ഒഫൻസ്സ് ആക്ട് 2012 (പോക്സോ ആക്ട്).
ലൈംഗിക ആക്രമണം, ലൈംഗിക പീഡനം, അശ്ലീലത തുടങ്ങിയ കുറ്റകൃത്യങ്ങളില്‍നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിലും അങ്ങനെയുള്ള കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കുവേണ്ടി സ്പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ക്കുംവേണ്ടിയാണ് ഈ നിയമം.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍
ഈ നിയമമനുസരിച്ചു താഴെപറയുന്നവയെ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളായി കണക്കാക്കുന്നു.
1. ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണം
2. ഗൗരവതരമായ ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണം
3. ലൈംഗിക ആക്രമണം
4. ഗൗരവതരമായ ലൈംഗിക ആക്രമണം
5. ലൈംഗിക പീഡനം
6. അശ്ലീലകാര്യങ്ങള്ക്കുവേണ്ടി കുട്ടിയെ ഉപയോഗിക്കല്‍
7. കുറ്റകൃത്യം ചെയ്യാന്‍ ശ്രമിക്കുകയും പ്രേരിപ്പിക്കുക ചെയ്യുക
കുറ്റവും ശിക്ഷയും
വകുപ്പ് 3 ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണം :-7 വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെ ആകാവുന്നതുമായ കാലത്തേക്ക് രണ്ടിലേതെങ്കിലും തരത്തില്‍പ്പെട്ട തടവുശിക്ഷയ്ക്കും കൂടാതെ പിഴശിക്ഷയ്ക്കും അര്‍ഹരാകുന്നതാണ്.
വകുപ്പ് 5 ഗൗരവകരമായ ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണം:-10 വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തംവരെയാകാവുന്നതുമായ കാലത്തേക്ക് കഠിനതടവിനും കൂടാതെ പിഴയ്ക്കും ശിക്ഷാര്ഹരാകുന്നതാണ്.
വകുപ്പ് 7 ലൈംഗിക ആക്രമണം:-3 വര്‍ഷത്തില്‍ കുറയാത്തതും അഞ്ചുവര്‍ഷംവരെ ആകാവുന്ന രണ്ടിലേതെങ്കിലും തരത്തില്‍പ്പെട്ട തടവുശിക്ഷ യ്ക്കും കൂടാതെ പിഴശിക്ഷയ്ക്കുംകൂടി അര്‍ഹനായിത്തീരുന്നതാണ്.
വകുപ്പ് 9 ഗൗരവതരമായ ലൈംഗിക ആക്രമണം:-3 വര്‍ഷത്തില്‍ കുറയാത്തതും ഏഴുവര്‍ഷംവരെ ആകാവുന്ന രണ്ടിലേതെങ്കിലും തരത്തില്‍ പ്പെട്ട തടവുശിക്ഷയ്ക്കും കൂടാതെ പിഴശിക്ഷയ്ക്കും കൂടി അര്‍ഹനായിത്തീരുന്നതാണ്.
വകുപ്പ് 11 ലൈംഗിക പീഡനം:-3 വര്‍ഷത്തില്‍ കുറയാത്തതും അഞ്ചുവര്‍ഷംവരെ ആകാവുന്ന രണ്ടിലേതെങ്കിലും തരത്തില്‍പ്പെട്ട തടവുശിക്ഷ യ്ക്കും കൂടാതെ പിഴശിക്ഷയ്ക്കുംകൂടി അര്‍ഹനായിത്തീരുന്നതാണ്.
വകുപ്പ് 14 അശ്ലീലകാര്യങ്ങള്ക്കുവേണ്ടി കുട്ടിയെ ഉപയോഗിക്കല്‍:-8 വര്‍ഷം വരെ ആകാവുന്ന രണ്ടിലേതെങ്കിലും തരത്തില്‍പ്പെട്ട തടവുശിക്ഷയ്ക്കും കൂടാതെ പിഴശിക്ഷയ്ക്കും അര്ഹനാകുന്നതുമാണ്.
വകുപ്പ് 15 കുട്ടി ഉള്‍പ്പെടുന്ന അശ്ലീലസാമഗ്രികള്‍ ശേഖരിച്ചുവച്ചാല്‍:-3 വര്‍ഷം വരെ ആകാവുന്ന രണ്ടിലേതെങ്കിലും തരത്തില്‍പ്പെട്ട തടവുശിക്ഷയ്ക്കും കൂടാതെ പിഴശിക്ഷ യ്ക്കും അര്ഹനാകുന്നതുമാണ്.
വകുപ്പ് 21കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യുന്നതിലോ റിക്കോര്‍ഡ് ചെയ്യുന്നതിലോ വീഴ്ച വരുത്തിയാല്‍:-6 മാസം വരെ ആകാവുന്ന രണ്ടിലേതെങ്കിലും തര ത്തില്‍പ്പെട്ട തടവുശിക്ഷയ്ക്കും കൂടാതെ പിഴ ശിക്ഷ യ്ക്കും അര്‍ഹനാകുന്നതാണ്.
വകുപ്പ് 23 മാധ്യമത്തിലെ റിപ്പോര്‍ട്ടിലൂടെയും കുട്ടിയെ തിരിച്ചറിയുന്നതരത്തില്‍ അയാളുടെ പേര്, വിലാസം, ഫോട്ടോ, കുടുംബവിവരങ്ങള്‍, സ്കൂള്‍, അയല്‍വാസം അല്ലെങ്കില്‍ കുട്ടിയെ തിരിച്ചറിയാന്‍ സഹായിക്കുന്നതരത്തിലുള്ള മറ്റ് വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയാല്‍:- 6 മാസത്തില്‍ കുറയാത്തതും ഒരു വര്‍ഷംവരെ ആകാവുന്ന തുമായ തടവിനും അല്ലെങ്കില്‍ പിഴയ്ക്കും അല്ലെങ്കില്‍ രണ്ടി നുംകൂടി ശിക്ഷാര്‍ഹനാകുന്നതുമാണ്.
കുറ്റകൃത്യങ്ങളുടെ റിപ്പോര്‍ട്ടിംഗ്
19-ാം വകുപ്പുപ്രകാരം ആര്‍ക്കെങ്കിലും (കുട്ടിയടക്കം) ഈ നിയമപ്രകാരമുള്ള കുറ്റകൃത്യം നടക്കാന്‍ സാധ്യതയുണ്ടെന്ന് ആശങ്കയുണ്ടെങ്കിലോ, അത്തരം കുറ്റകൃത്യം നടന്നു എന്ന് അറിവുണ്ടെങ്കിലോ, അയാള്‍ അത്തരം അറിവ് സ്പെഷ്യല്‍ ജൂവനൈല്‍ പോലീസ് യൂണിറ്റിന് അല്ലെങ്കില്‍ ലോക്കല്‍ പോലീസിന് നല്‍കേണ്ടതാണ്. 19 (2) ഉപവകുപ്പ് (1) പ്രകാരം നല്കുന്ന റിപ്പോര്‍ട്ട് - രേഖാമൂലമാക്കുകയും ഒരു നമ്പര്‍ നൽകുകയും വേണം, വിവരം നല്കിയ ആളിനെ വായിച്ചു കേള്‍പ്പിക്കണം,പോലീസ് യൂണിറ്റ് വെച്ചിട്ടുള്ള ബുക്കില്‍ രേഖപ്പെടുത്തണം,ഉള്ളടക്കം കുട്ടിക്ക് മനസ്സിലാകുന്ന ലളിതമായ ഭാഷയിലായിരിക്കണം.
മൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍
വകുപ്പ് 24 :-കുട്ടിയുടെ മൊഴി കുട്ടിയുടെ വീട്ടില്‍വച്ചോ അല്ലെങ്കില്‍ സാധാരണഗതിയില്‍ താമസിക്കുന്ന സ്ഥലത്ത് വെച്ചോ അല്ലെങ്കില്‍ കുട്ടിയ്ക്ക് താത്പര്യമുള്ള സ്ഥലത്തുവച്ചോ കഴിയുന്നിടത്തോളം സബ് ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത ഒരു വനിതാ പോലീസ് ഓഫീസര്‍ റിക്കോര്‍ഡ് ചെയ്യേണ്ടതാണ്.
വകുപ്പ് 25 :-കുട്ടിയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തുന്ന വിധം - കുട്ടി പറയുന്നത് അതുപോലെതന്നെ റിക്കോര്‍ഡ് ചെയ്യേണ്ടതാണ്.
വകുപ്പ് 26 :-കുട്ടിയുടെ രക്ഷകര്‍ത്താക്കളുടെയോ, അല്ലെങ്കില്‍ കുട്ടിയ്ക്ക് വിശ്വാസമുള്ള ആളുടെയോ, ഉറ്റമിത്രത്തിന്റെയോ സാന്നിദ്ധ്യത്തില്‍ കുട്ടി പറയുന്ന അതേ രീതിയില്‍ തന്നെ ആയിരിക്കണം മൊഴി രേഖപ്പെടുത്തേണ്ടത്
വകുപ്പ് 27 :-പീഡനത്തിന് ഇരയായത് പെണ്‍കുട്ടിയാണെങ്കില്‍ വൈദ്യപരിശോധന നടത്തേണ്ടത് ഒരു വനിതാ ഡോക്ടറായിരിക്കണം.
വകുപ്പ് 28 :-സംസ്ഥാന സര്‍ക്കാര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് ഗസറ്റ് വിജ്ഞാപനത്തിലൂടെ ഈ ആക്റ്റ് പ്രകാരമുള്ള കുറ്റകൃത്യം വിചാരണ ചെയ്യുവാനായി ഓരോ ജില്ലയിലും ഒരു സെഷന്‍സ് കോടതിയെ സ്പെഷ്യല്‍ കോടതിയായി നിയോഗിക്കേണ്ടതാണ്.
വകുപ്പ് 34 :-ഒരു കുട്ടിയാണ് കുറ്റകൃത്യം ചെയ്യുന്നതെങ്കില്‍ അതിന് പാലിക്കേണ്ട നടപടിക്രമവും സ്പെഷ്യല്‍ കോടതി വയസ്സ് നിര്‍ണ്ണയിക്കുന്ന രീതിയും - 2000-ലെ ബാലനീതി (കുട്ടികളുടെ പരിചരണവും സംരക്ഷണവും) ആക്ട് (2000-ലെ 56) ലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായിരിക്കും.
വകുപ്പ് 36 :-കുട്ടി മൊഴി നല്കുന്ന സമയം യാതൊരു കാരണവശാലും പ്രതിയെ കുട്ടി കാണുന്നില്ലെന്നും അതേ സമയം കുട്ടി പറയുന്നത് പ്രതിക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ടെന്നും അയാള്‍ക്ക് അഭിഭാഷകനോട് ആശയവിനിമയം നടത്താന്‍ കഴിയുന്നുണ്ടെന്നും ഉറപ്പു വരുത്തേണ്ടതാണ്.
വകുപ്പ് 37 :-കുട്ടിയുടെ രക്ഷകര്‍ത്താക്കളുടെയോ, കുട്ടിക്ക് പൂര്‍ണ്ണവിശ്വാസമുള്ള ആളുടെ സാന്നിദ്ധ്യത്തില്‍ രഹസ്യമായിട്ടായിരിക്കണം വിചാരണ നടത്തേണ്ടത്.