ആരോഗ്യ സംരക്ഷണ ചരിത്രത്തിലെ ശ്രദ്ധേയരായ സ്ത്രീകൾ

മേരി പൂനെൻ ലൂക്കോസ്

മേരി പൂനെൻ ലൂക്കോസ്

Mary Ponnen Lukose

മേരി പൂനെൻ ലൂക്കോസ് ഗൈനക്കോളജിസ്റ്റും പ്രസവചികിത്സകയുമായിരുന്നു. കോട്ടയം ജില്ലയിലെ അയ്മനം എന്ന ചെറിയ ഗ്രാമത്തിൽ 1886 ഓഗസ്റ്റ് രണ്ടിന്  സമ്പന്ന കുടുംബത്തിൽ ഏകമകളായി ജനിച്ചു. അവരുടെ  പിതാവ്   ഡോ ടി. ഇ. പൂനെൻ തിരുവിതാംകൂറിലെ ആദ്യത്തെ മെഡിക്കൽ ബിരുദധാരിയും, റോയൽ ഫിസിഷ്യനുമായിരുന്നു. അമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതിനാൽ  ബ്രിട്ടീഷ് ഭരണാധികാരികളാണ് മേരിയെ വളർത്തിയത്. വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ കേരളത്തിലെ ആദ്യ വനിതയാണ് മേരി പൂനെൻ ലൂക്കോസ്. ഇന്ത്യൻ സർവ്വകലാശാലകൾ സ്ത്രീകൾക്ക് വൈദ്യശാസ്ത്രത്തിൽ പ്രവേശനം നൽകാത്തതിനാൽ, ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും അവർ  എംബിബിഎസ് ബിരുദം കരസ്ഥമാക്കി. മേരി യുകെയിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുകയും, ഒരേസമയം, ലണ്ടൻ സംഗീത പരീക്ഷയിൽ വിജയിക്കാൻ സംഗീതപഠനം നടത്തുകയും ചെയ്തു. 
        

1916-ൽ ഇന്ത്യയിലേക്ക് മടങ്ങിയ മേരി, തിരുവനന്തപുരം തൈക്കാടിലെ വിമൻ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റലിൽ പ്രസവചികിത്സകയായി സ്ഥാനം ഏറ്റെടുത്തു. കൂടാതെ ആശുപത്രി സൂപ്രണ്ടായി ജോലി ചെയ്യുകയും ചെയ്തു. തൈക്കാട് ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന സമയത്ത്, പ്രാദേശിക മിഡ്‌വൈഫുകളുടെ കുട്ടികൾക്കുള്ള പിന്തുണ നേടുന്നതിനായി അവർ ഒരു മിഡ്വൈഫറി പരിശീലന പരിപാടിക്ക് തുടക്കമിട്ടു. കേരളാ സംസ്ഥാനത്തിലെ ആരോഗ്യവകുപ്പിന്റെ മേധാവിയായും ആദ്യത്തെ വനിതാ നിയമസഭാംഗമായും പ്രവർത്തിച്ചു. അതുകൂടാതെ  ഇന്ത്യയിലെ തന്നെ ആദ്യത്തെ വനിതാ സർജൻ ജനറലായിരുന്നു മേരി പൂനെൻ .  
         
തിരുവനന്തപുരത്തെ യംഗ് വിമൻസ് ക്രിസ്ത്യൻ അസോസിയേഷന്റെ (വൈഡബ്ല്യുസിഎ) സ്ഥാപകരിലൊരാളായ മേരി 1918 ൽ അതിന്റെ സ്ഥാപക പ്രസിഡന്റായി സ്ഥാനമേറ്റു. 1968 വരെ ഈ സ്ഥാനം നിലനിർത്തി. ഇന്ത്യയിലെ ഗേൾ ഗൈഡുകളുടെ ചീഫ് കമ്മീഷണറായി സേവനമനുഷ്ഠിച്ചു അതോടൊപ്പം തന്നെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റീസ് ഓഫ് ഇന്ത്യ (ഫോഗ്സി) യുടെയും സ്ഥാപക അംഗം കൂടിയായിരുന്നു അവർ. നാഗർകോവിലിലെ ഒരു ക്ഷയരോഗ സാനിറ്റോറിയത്തിന്റെയും, തിരുവനന്തപുരത്തെ എക്സ്-റേ ആൻഡ് റേഡിയം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും  സ്ഥാപകയാണ്.

1976 ഒക്ടോബർ രണ്ടിന് 90ആം വയസ്സിൽ  അവർ അന്തരിച്ചു. തിരുവിതാംകൂറിലെ അവസാന മഹാരാജാവായ ചിത്തിര തിരുനാൾ ബലരാമ വർമ്മയിൽ നിന്ന് വൈദ്യശാസ്ത്രകുശല എന്ന പദവി സ്വീകരിച്ചു. 1975 ൽ ഇന്ത്യാ സർക്കാർ അവർക്ക് പത്മശ്രീ ബഹുമതി നൽകി.