തോട്ടം തൊഴിലാളി സ്ത്രീകളുടെ സമരം

കാലങ്ങളായി ഒരു വിഭാഗം തൊഴിലാളികൾ അനുഭവിച്ചു പോന്ന ചൂഷണത്തിനെതിരെയുള്ള പോരാട്ടമായിരുന്നു 2015 ൽ മൂന്നാറിൽ വെച്ച് നടന്ന തോട്ടം തൊഴിലാളി സ്ത്രീകളുടെ സമരം. പുരുഷാധിപത്യ തൊഴിലാളി യൂണിയനുകൾ കോർപ്പറേറ്റ് ദാസ്യവേലകൾക്ക് ചുക്കാൻ പിടിച്ചപ്പോൾ ടാറ്റ എന്ന കോർപ്പറേറ്റിനെതിരെ പെമ്പിളൈ ഒരുമൈ എന്ന സ്ത്രീ കൂട്ടായ്‌മ അതിശക്തമായ സമരവുമായി രംഗത്ത് വരികയായിരുന്നു.

സ്വന്തം വീടുകളിൽ നിന്നുള്ള പുരുഷന്മാരെ പോലും അകറ്റി നിർത്തിയാണ് പെമ്പിളൈ ഒരുമൈ സമരം നയിച്ചത്. ലിസി സണ്ണി, ജി. ഗോമതി എന്നിവരായിരുന്നു സമരത്തിന് നേതൃത്വം നൽകിയത്. ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിന് മറ്റൊരു മുഖം കൂടെ ഉണ്ടെന്ന് കേരളത്തിന് കാണിച്ചു കൊടുത്ത മൂന്നാറിലെ സ്ത്രീകളുടെ സമരത്തിനൊടുവിൽ തൊഴിൽ വകുപ്പ് ഇടപെട്ട് തൊഴിലാളികളുടെ ബോണസ്, ശമ്പള വർദ്ധനവ് എന്നീ കാര്യങ്ങളിൽ ഒത്തുത്തീർപ്പുണ്ടാക്കി. എന്നാൽ രാഷ്ട്രീയ നേതാക്കൾ ഈ സംഘടിത സ്ത്രീ സമരത്തെ തകർക്കാനായി രംഗത്ത് വന്നിരുന്നു. അശ്ളീല പരാമർശങ്ങൾ നടത്തിയും വസ്തുത വിരുദ്ധമായ കാര്യങ്ങൾ ആരോപിച്ചും സമരത്തെ തകർക്കാൻ ശ്രമിച്ചിരുന്നു.