കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ ഷഹീൻബാഗ് സമര നായിക ബിൽകിസ് ബാനു പൊലീസ് കസ്റ്റഡിയിൽ

Bilkis Bano


കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ ഷഹീൻബാഗ് സമര നായിക ബിൽകിസ് ബാനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ‘ഞങ്ങൾ കർഷകരുടെ മക്കളാണ്. കർഷക സമരത്തെ പിന്തുണയ്ക്കാൻ അവിടെയെത്തും. അവർക്കായി ശബ്ദമുയർത്തും. കേന്ദ്രം നമ്മുടെ ശബ്ദം കേട്ടേ മതിയാകു’, പ്രതിഷേധത്തിൽ ചേരുന്നതിന് മുമ്പ് ബിൽകിസ് മാധ്യമങ്ങളോട് പറഞ്ഞു. ഹരിയാന – ദൽഹി അതിർത്തിയായ സിംഗുവിലെത്തിയ ബിൽകിസിനെ പൊലീസ് തടയുകയായിരുന്നു.

കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻബാഗിൽ സമരം നയിച്ച വ്യക്തിയാണ് ബിൽകിസ് ബാനു. ഷഹീൻബാഗിന്റെ മുത്തശ്ശി എന്നാണ്  ബിൽകിസ് ബാനു അറിയപ്പെടുന്നത്. 2020 വർഷത്തിൽ ലോകത്ത് മാറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചവരായി ബി.ബി.സി തെരഞ്ഞെടുത്ത നൂറ് വനിതകളുടെ ലിസ്റ്റിൽ ഷഹീൻബാഗ് സമരനായിക ബിൽകിസ് ബാനുവുമുണ്ടായിരുന്നു. നേരത്തെ ടൈം മാസിക തെരഞ്ഞെടുത്ത ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിലും ബിൽകിസ് ബാനു ഇടം പിടിച്ചിരുന്നു.‘അരികുവത്കരിക്കപ്പെട്ടവരുടെ ശബ്ദം’ എന്നാണ് ബി.ബി.സി ബിൽകിസ് ബാനുവിനെ വിശേഷിപ്പിച്ചത്. ഒരു കയ്യിൽ പ്രാർത്ഥനാമാലകളും മറുകയ്യിൽ ദേശീയ പതാകയുമായി പ്രതിഷേധിച്ച ബിൽകിസ് ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറുകയായിരുന്നുവെന്നാണ് നേരത്തെ ടൈംസ് ലേഖനം പറഞ്ഞിരുന്നത്.