സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ: ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം മേയറായി ഇരുപത്തിയൊന്നുകാരി ആര്യ രാജേന്ദ്രനെ തിരഞ്ഞെടുത്തു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്‍.സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് ആര്യാ രാജേന്ദ്രന്റെ പേര് മേയര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ആര്യ തിരുവനന്തപുരം മേയറാകുന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ നേട്ടമാണ് ആര്യയ്ക്കും തിരുവനന്തപുരത്തിനും സ്വന്തമാകുന്നത്.മുടവൻമുഗളിൽ നിന്നുളള വാർഡ് കൗൺസിലറാണ് ആര്യ രാജേന്ദ്രൻ. 

ഇക്കുറി യുവതലമുറയില്‍ നിന്നും നിരവധി പേര്‍ ജയിച്ച് കയറിയ സാഹചര്യത്തില്‍ യുവനേതാക്കളെ പരിഗണിക്കണം എന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മേയര്‍ സ്ഥാനത്തേക്ക് ആര്യ രാജേന്ദ്രനെ തിരഞ്ഞെടുത്തിരിക്കുന്നത്.തിരുവനന്തപുരത്തെ മൂന്നാമത്തെ വനിതാ മേയർ എന്ന പ്രത്യേകത കൂടി ഇതോടെ ആര്യയ്ക്കുണ്ടാകും. 2000–2005 കോർപ്പറേഷൻ മേയറായ പ്രഫ. ജെ ചന്ദ്രയും 2010–2015 കാലയളവിൽ മേയറായ അഡ്വ. കെ ചന്ദ്രികയുമാണ് വനിതാ മേയർമാരിലെ മുൻഗാമികൾ. മൂവരും സിപിഐ എം പ്രതിനിധികളാണെന്ന പ്രത്യേകതയുമുണ്ട്.

നിലവില്‍ ബാലസംഘത്തിന്‌റെ സംസ്ഥാന പ്രസിഡന്റും എസ്എഫ്‌ഐയുടെ സംസ്ഥാന ഭാരവാഹിയുമാണ് ആര്യ. ആൾ സെയ്ന്റ്സ് കോളേജിൽ ബിഎസ് സി ഗണിത ശാസ്ത്രം രണ്ടാം വര്‍ഷ വിദ്യാര്‍ഥി കൂടിയാണ്‌. മത്സരരംഗത്ത് തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയുമായിരുന്നു ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽ ഐ സി ഏജന്റായ ശ്രീലതയുടേയും മകളായ ആര്യ രാജേന്ദ്രൻ.