കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്. പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്തിലാണ് 21-കാരിയായ രേഷ്മ മറിയം റോയ് പ്രസിഡന്റ് പദം അലങ്കരിക്കുക. അരുവാപ്പുലം പഞ്ചായത്തിലെ 11-ാം വാർഡിൽനിന്നാണ് രേഷ്മ മറിയം റോയ് തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയെന്ന നിലയിലാണ് തിരഞ്ഞെടുപ്പിന് മുമ്പേ രേഷ്മ ശ്രദ്ധേയയായത്.
2020 നവംബർ 18-നാണ് രേഷ്മയ്ക്ക് 21 വയസ്സ് തികഞ്ഞത്.തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 19-ഉം ആയിരുന്നു. 21 വയസ്സ് തികഞ്ഞതിന്റെ പിറ്റേദിവസമാണ് രേഷ്മ പത്രിക സമർപ്പിച്ചത്. കോന്നി വി.എൻ.എസ്. കോളേജിൽനിന്ന് ബി.ബി.എ. പൂർത്തിയാക്കിയ രേഷ്മ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗവും എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. തടികച്ചവടക്കാരനായ റോയ് പി. മാത്യുവാണ് പിതാവ്. മാതാവ് മിനി റോയ് സെന്റ് സ്റ്റീഫൻസ് കോളേജിലെ ജീവനക്കാരിയാണ്. ഏകസഹോദരൻ റോബിൻ മാത്യു റോയ്.