ജ്വാലാമുഖി
നളിനി ജമീല, ഞാൻ, ലൈംഗികത്തൊഴിലാളി, ഡി.സി ബുക്ക്സ്, എന്ന ആത്മകഥയിൽ നിന്നും എടുത്ത ഭാഗം
ഇങ്ങനെ പല നിലയിൽ കഴിയുകയും സെക്സ് വർക്കു ചെയ്യുകയും ഒക്കെ ചെയ്തു ഞാൻ ഒരു ലൈംഗികത്തൊഴിലാളി എന്ന് ഉറച്ചുനിൽക്കാൻ തീരുമാനിച്ചത് "ജ്വാലാമുഖി'യോടു ബന്ധപ്പെട്ടപ്പോഴാണ്. ശാരദയും ലളിതയും പിന്നെ കുറേ പെണ്ണുങ്ങളൊക്കെ കൂടി ഒരു സംഘടനയുണ്ടാക്കി പ്രവർത്തിക്കുകയായിരുന്നു. ഞാൻ സംഘടനയുണ്ടാക്കി വന്ന ഒരാളല്ല. ഉണ്ടായ സംഘടനയിലേക്കു വന്നതാണ്.
ഒരുദിവസം തിരുവനന്തപുരത്തുനിന്നും തൃശൂരിലെത്തി മുൻസിപ്പാലിറ്റിയുടെ കംഫർട്ട് സ്റ്റേഷനിൽ ചില്ലറയുടെ പേരിൽ തർക്കിച്ചുകൊണ്ട് നിൽക്കുമ്പോൾ അതു ശ്രദ്ധിച്ച് രണ്ടു സ്ത്രീകൾ നിൽപ്പുണ്ടായിരുന്നു. അവർ അടുത്തുവന്ന് “നീയൊന്നും ഒരുകാലത്തും നന്നാവില്ല” എന്നു പറഞ്ഞു. ഞാനതു കേട്ട് അമ്പരന്നു. യാതൊരു പരിചയവുമില്ലാത്തവർ എന്തിനാ എന്നെ ചീത്ത പറയുന്നത് എന്നു പിടികിട്ടിയില്ല. "ഇവിടെ വന്ന് പ്രശ്നമുണ്ടാണ്ടാക്കുന്നതെന്തിന്, നമ്മുടെ ഓഫീസിലേക്കു വന്നാൽപ്പോരേ" എന്നാണ് ചോദ്യം. അങ്ങനെയാണ് സംഘടനയെപ്പറ്റി അറിയുന്നത്. തൃശൂരുനിന്നും അഞ്ചുകിലോമീറ്റർ ദൂരെയുള്ള അഞ്ചേരിയിലാണ് ഓഫീസെന്നു പറഞ്ഞു തന്നു. അന്നു വൈകിട്ട് ഓട്ടോ പിടിച്ച് അഞ്ചേരിയിൽ കറങ്ങി. സ്ഥലം കണ്ടു പിടിക്കാൻ വലിയ വിഷമമുണ്ടായില്ല. "ജ്വാലാമുഖി" എന്ന പേര് അപ്പോഴേക്കും പ്രസിദ്ധമായിക്കഴിഞ്ഞിരുന്നു. സംഘടനയിൽ വരുന്നവർ "ജ്വാല മുഖികൾ' എന്നാണറിയപ്പെട്ടത്. അന്നത്തെ ദിവസം സങ്കോചം കാരണമവിടെ കയറാതെ തിരിച്ചുപോയി.
പിറ്റേന്ന് മടിച്ചുമടിച്ചാണെങ്കിലും ഓഫീസിൽ കയറിച്ചെന്നു. അഞ്ചേരിച്ചിറ സെന്ററിൽത്തന്നെയുള്ള ഒരു വീടാണ് ഓഫീസ്. അപ്പോഴവിടെ എയ്ഡ്സിനെക്കുറിച്ചുള്ള ക്ലാസ്സു നടക്കുകയാണ്. ക്ലാസെടുത്തത് ഗുരുവായൂർ ശ്രീകൃഷ്ണാകോളേജിലെ പ്രൊഫ. ഗോകുൽദാസാണെന്ന് പിന്നീട് മനസ്സിലായി. പല സെക്സ് വർക്കേഴ്സും തങ്ങളുടെ അനുഭവങ്ങൾ വിവരിച്ചു. പോലീസ് ഇടപെടലുകളെപ്പറ്റിയും പലതരം ക്ലയന്റ്സിനെക്കുറിച്ചുമൊക്കെ അവിടെ സ്വതന്ത്രചർച്ച നടന്നു. ഇതൊക്കെ പുതിയൊരനുഭവമായിരുന്നു.
രണ്ടാമത്തെ മീറ്റിങ്ങിനു പോകുമ്പോഴേക്കും ഞാൻ തൊട്ടു, തൊട്ടില്ല എന്ന മട്ടിലുള്ളാരു സംഘടനാ പ്രവർത്തകയായിട്ടുണ്ട്. എല്ലാവരും പ്രശ്നങ്ങൾ പറയുന്നതല്ലാതെ പരിഹാരമൊന്നും കാണാനില്ല. തിങ്കളാഴ്ച പോലീസ് പിടിച്ചു, ചൊവ്വാഴ്ച പോലീസ് പിടിച്ചു, ഗുണ്ട ആക്രമിച്ചു, വീട്ടിൽനിന്നു പുറത്താക്കി, കടക്കാരൻ കളിയാക്കി... എന്നിങ്ങനെ പരാതികൾ. തിരിച്ചെന്തെങ്കിലും ചെയ്തതായി ആരും പറയുന്നില്ല. ഇതെനിക്കു മനസ്സിലായതേയില്ല. സംഘടനയുണ്ടാക്കി എന്നു പറയുന്നു, സംഘടനയ്ക്കു ബലമുണ്ടെന്നും പറയുന്നു. പോലീസ് സ്റ്റേഷനിൽ പോവുന്നുണ്ട്, ആൾക്കാരെ കാണുന്നുണ്ട്, മീറ്റിങ്ങും നടത്തുന്നുണ്ട്, മീറ്റിങ്ങിൽ പ്രശ്നങ്ങൾ പറയുന്നുണ്ട്. പരിഹാരം മാത്രം പറയുന്നില്ല. കുറേനേരം നിശ്ശബ്ദമായി കേട്ടിരുന്നശേഷം, ത്രേസ്യ സംസാരിക്കുമ്പോൾ ഞാനൊരു ചോദ്യം ചോദിച്ചു. വേണ്ടിവന്നാൽ തൃശൂര് ഒന്നടങ്കം അടിച്ചുനിരപ്പാക്കാൻ കഴിയുന്നത്ര തന്റേടിയാണ് ത്രേസ്യ. പോലീസിന്റടുത്തൊക്കെ ഭയങ്കര സ്ട്രോങ്ങായി നിൽക്കുന്ന ഒരാൾ. ഇങ്ങനെ പരാതി പറയാനല്ലാതെ പരിഹാരമൊന്നും നമുക്ക് പറയാനില്ലേ എന്നായിരുന്നു എന്റെ ചോദ്യം. അപ്പോൾ പോൾസൺ മുഖം കറുപ്പിച്ച്, “പരിഹാരം പറയാൻ പറ്റാത്തതുകൊണ്ടല്ലേ നമ്മളുടെകൂടെ കൂടിയിരിക്കുന്നത്' എന്നു പറഞ്ഞു. പരിഹാരമുണ്ടാക്കാൻ വേണ്ടിയാണ് സംഘടന എന്നല്ലേ പോൾസൺ തുടക്കത്തിൽ പറഞ്ഞത് എന്നായി ഞാൻ. എനിക്ക് ഐഡിയയുണ്ടെങ്കിൽ പറയാൻ പറഞ്ഞു. ഞാൻ പറഞ്ഞാലാരെങ്കിലും അംഗീകരിക്കുമെന്ന് യാതൊരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. അവിടെയെല്ലാവരും പീഡനം പീഡനമെന്ന് ആവർത്തിച്ചു പറയുകയാണ്. ഒരിക്കൽ പറഞ്ഞവർതന്നെ അടുത്ത റൗണ്ട് വരുമ്പോൾ വീണ്ടും പറയുന്നു. ഞാൻ എന്റെ പരിഹാരം നിർദ്ദേശിച്ചു. ഇന്നയാളെ പോലീസു പിടിച്ചു എന്നാണല്ലോ പറഞ്ഞത്. പോലീസ് പിടിച്ചു, അഡ്വക്കേറ്റിനെ കണ്ടു, കോടതിയിൽ ഫൈനടച്ചു, വീണ്ടും പോലീസ് പിടിച്ചു... ഇങ്ങനെയാണ്. അഡ്വക്കേറ്റിനു കൊടുത്ത കാശിന്റെ കണക്കൊക്കെ പലരും പറഞ്ഞു. ഇത് സത്യത്തിൽ ആവശ്യമില്ല. ഫൈനടക്കാനാണെങ്കിൽ അഡ്വക്കേറ്റിനെ കാണുന്നതെന്തിനാണ്? നമ്മൾ ശരിക്കും കുറ്റമൊന്നും ചെയ്തിട്ടില്ല, അതുകൊണ്ട് ശിക്ഷിക്കാൻ പാടില്ല എന്നു പറഞ്ഞ് കേസു വാദിക്കുകയാണു വേണ്ടത്.
അങ്ങനെ വാദിക്കാനൊന്നും പറ്റില്ലെന്നായി പലരും. ഞാൻ പറഞ്ഞു, അതു ശരിയല്ല. രണ്ട് ആൾജാമ്യമുണ്ടെങ്കിൽ കുറ്റം ചെയ്തില്ലെന്ന് വാദിക്കാൻ പറ്റും, വാദിച്ച് തെളിയിക്കാൻ പറ്റും.
അതെങ്ങനെയാണ് കുറ്റം ചെയ്തില്ലെന്നു പറയുന്നത്, നമ്മൾ ഫീൽഡിൽ നിൽക്കുന്നത് കുറ്റം ചെയ്യാനല്ലേ എന്നായി മറുവാദം. ഞാൻ പറഞ്ഞു, അതാണു പ്രശ്നം. കുറ്റമാണെന്നു വിചാരിച്ചാൽപ്പിന്നെ ശിക്ഷ ഉറപ്പാണ്. കളവു നടത്തുന്നുവെന്നു സ്വയം വിചാരിച്ചാൽ ആദ്യം നാട്ടുകാരടിക്കും, പിന്നെ പോലീസടിക്കും, അതുകഴിഞ്ഞ് കോടതി ശിക്ഷിക്കും. എങ്ങനെയാണു നമ്മൾ കുറ്റവാളികളാവുന്നത് ? എന്തർത്ഥത്തിലാണ് ? സെക്സ് ചെയ്യുന്നത് കുറ്റമാണെങ്കിൽ നമ്മളെക്കൂടാതെയൊരാളുണ്ടല്ലോ അതിൽ. അയാളെന്തുകൊണ്ടു ശിക്ഷിക്കപ്പെടുന്നില്ല ? അയാൾ കുറ്റവാളിയല്ലേ ? അയാളെ പോലീസു പിടിക്കണ്ടേ ? അതെങ്ങനെയാണ് ആണിനെ പിടിക്കുക എന്നായി മറുചോദ്യം. പരിഹരിക്കപ്പെടാത്തതിനു കാരണം ഈ ചിന്തയാണെന്ന് ഞാൻ പറഞ്ഞു. കുറ്റവാളിയാണെന്ന ബോധമുണ്ടാവുന്നു. അഡ്വക്കേറ്റുമാർ പണം വാങ്ങി ശിക്ഷ വാങ്ങിത്തരുന്നു, ഫൈനടപ്പിക്കുന്നു. വാദിക്കുന്നതേയില്ല.
ഇത്രയുമായപ്പോൾ നേരത്തെ മുഖം കറുപ്പിച്ച പോൾസൺ പ്രോത്സാഹിപ്പിച്ചുകൊണ്ട് എന്താണു ചെയ്യാനാവുക എന്നു ചോദിച്ചു. അതോടെ വിശദമായ ചർച്ചയായി. ആരു ജാമ്യമെടുക്കും എന്നതായിരുന്നു ആദ്യത്തെ കീറാമുട്ടി. കരച്ചീട്ടുള്ളവരു വേണം. പലർക്കും കാമുകന്മാരുണ്ട്. അല്ലെങ്കിൽ വീട്ടുകാരുണ്ട്. ആരാണവിടെ ചെന്നു പറയുക എന്നതാണ് പ്രശ്നം. ഞാൻ പറഞ്ഞു, നമ്മുടെ സംഘടന ചെയ്യേണ്ട പ്രധാന പണിയതാണ്. നിങ്ങളെപ്പിടിച്ചാൽ സഹായിക്കാൻ പിറകേ ഞാൻ വരണം. എന്നെപ്പിടിച്ചാൽ നിങ്ങൾ വരണം. അങ്ങനെ ജാമ്യമെടുത്താൽ എല്ലാവരും കൃത്യമായി ഹാജരാവില്ല എന്നൊരു പ്രശ്നം ഉന്നയിക്കപ്പെട്ടു. ഞാൻ പറഞ്ഞു, നമ്മളെല്ലാവരെയും ഇറക്കേണ്ട. ഹാജരാവും എന്നു തോന്നലുള്ളവർക്കുവേണ്ടി ചെയ്യാം. വേറെയുള്ളവർക്ക് വിശ്വാസമുള്ള വേറെയാൾക്കാരുണ്ടാവും, അവരു ചെയ്തുകൊള്ളും. പിന്നെയാവശ്യം ഒരു അഡ്വക്കേറ്റാണ്. അതാരാവുമെന്നൊക്കെപ്പറഞ്ഞ് ചർച്ച സജീവമായി.
ഒടുവിൽ "പൂച്ചക്കാരു മണികെട്ടും' എന്നതുപോലെ ഇതൊക്കെ ആരു പറയും എന്നതിലേക്ക് ആലോചനകൾ തിരിച്ചുവന്നു. അടച്ച മുറിയിൽ മീറ്റിങ്ങു കൂടിയാൽപ്പോരാ, പൊതുമീറ്റിങ്ങ് വേണം എന്നു ഞാനാവശ്യപ്പെട്ടു. അതിനുമുമ്പ് ഒന്നുരണ്ട് പൊതുമീറ്റിങ്ങുകൾ നടത്തിയിട്ടുണ്ട്
പക്ഷേ, സ്വന്തം നാട്ടിൽ നടത്തിയിട്ടുണ്ടായിരുന്നില്ല. പറയാൻ ഞാൻ തയ്യാറാണെന്നും പറഞ്ഞു.
References
നളിനി ജമീല, ഞാൻ, ലൈംഗികത്തൊഴിലാളി, ഡി.സി ബുക്ക്സ്, എന്ന ആത്മകഥയിൽ നിന്നും എടുത്ത ഭാഗം https://www.mathrubhumi.com/polopoly_fs/1.2239454!/image/image.jpg_gen/…