വിദ്യാഭ്യാസവും തൊഴിലും
കേരളത്തിലെ മാറുന്ന വിദ്യാഭ്യാസ പ്രവണത
സമൂഹത്തിന്റെ മുകൾതട്ടിലേക്കുള്ള വളർച്ചയുടെ പ്രധാന ചാലകശക്തിയാണ് വിദ്യാഭ്യാസം. സ്ത്രീകളുടെ വർധിച്ച പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം. കേരളത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസവും സാക്ഷരതനിരക്കും ദേശീയ ശരാശരിയേക്കാൾ വളരെ ഉയർന്നതാണ്. പ്രൈമറി സ്കൂളുകൾ വഴി നൽകുന്ന നിലവാരമുള്ള പ്രാഥമിക വിദ്യാഭ്യാസം കേരളം കൈവരിച്ച നേട്ടങ്ങളിൽ ഒന്നാണ്. ഇത് ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാൻ കഴിയുന്നതല്ല. എന്നാൽ വിദ്യാഭ്യാസ മേഖലയിൽ സ്ത്രീകൾ വളരെ ഉയർന്ന നിലയിലാണെങ്കിലും സ്ത്രീകളുടെ തൊഴിലാളി ജനസംഖ്യ നിരക്കിലുള്ള കുറവ് തീർത്തും നിരാശാജനകമാണ്. എന്തുകൊണ്ടാണ് നമ്മുടെ സ്ത്രീകൾക്ക് വിദ്യാഭ്യാസമുണ്ടായിട്ടും അവർ തൊഴിൽവിപണിയിൽ എത്തിപ്പെടുന്നില്ല?. തൊഴിലധ്ഷ്ഠിത പാഠ്യ പദ്ധതി നമുക്കുണ്ടായിട്ടും എന്തുകൊണ്ടാണ് നമ്മുടെ സ്ത്രീകൾ പുരുഷന്മാരെപ്പോലെ തൊഴിൽ മേഖലയിൽ എത്തിപ്പെടുന്നില്ല? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തണമെങ്കിൽ സ്കൂൾ വിദ്യാഭ്യാസം മുതലുള്ള വിദ്യാർഥികളുടെ ലിംഗാനുപാദം പരിശോധിക്കേണ്ടതുണ്ട്, സാങ്കേതികവിദ്യാഭ്യാസ മേഖലകളിലെ വിദ്യാർഥികളുടെ പങ്കാളിത്തം എത്രത്തോളമാണെന്നു വിശദമായി പരിശോദിക്കേണ്ടതുണ്ട്.
(ഉറവിടം:സെൻസസ് 2011)
2001 ലെ സെൻസസ് പ്രകാരം 87.72 ശതമായിരുന്നു കേരളത്തിലെ സ്ത്രീകളുടെ സാക്ഷരതാ നിരക്ക്. എന്നാൽ ഇത് 2011 ലെ സെൻസസ് പ്രകാരം 92.07 ശതമാനമായി ഉയർന്നു. 2017-2018 ഇൽ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പ്രസിദ്ധീകരിച്ച “ഗാർഹിക സാമൂഹിക ഉപഭോഗം: വിദ്യാഭ്യാസം” എന്ന സർവ്വേ പ്രകാരം പ്രീ-പ്രൈമറിതലം മുതൽ പ്രീ-യൂണിവേഴ്സിറ്റിതലം വരെയുള്ള സ്ത്രീകളുടെ പ്രായ നിർദ്ദിഷ്ട എൻറോൾമെന്റ് അനുപാതം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേരളത്തിലാണ്. ഇത്തരത്തിൽ ഏറ്റവും മികച്ച പ്രകടനം കേരളം കാഴ്ചവക്കുമ്പോൾ സ്ത്രീകൾ ഉന്നത വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുക്കുന്ന കോഴ്സുകളുടെ വൈവിധ്യതയിൽ മാറ്റം വരുന്നുണ്ട്. ഇത്തരത്തിൽ വിവിധ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിന്റെ പരിണിതഫലമാണ് തൊഴിൽ വിപണിയിലും പ്രതിഫലിക്കുന്നത്. നൂതന തൊഴിലധിഷ്ഠിത കോഴ്സുകൾ വിദ്യാഭാസ സ്ഥാപനങ്ങൾ നൽകുന്നുണ്ടെങ്കിലും അതിൽ വിദ്യാർത്ഥിനികളുടെ പങ്കാളിത്തം എത്രത്തോളമാണെന്നുള്ളത് സൂക്ഷ്മതയോടെ പരിശോദിക്കേണ്ടതിന്റെ ആവശ്യകത ഏറെയാണ്.
ടെക്നിക്കൽ ഹൈസ്കൂളുകളിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും എണ്ണം (2015 -2019)
(ഉറവിടം:സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്)
2015 മുതൽ 2019 വരെയുള്ള ടെക്നിക്കൽ ഹൈസ്കൂളുകളിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും എണ്ണമാണ് പട്ടികയിൽ നൽകിയിരിക്കുന്നത്. സാങ്കേതിക ഹൈസ്കൂളുകൾ എന്നത് സാങ്കേതിക കോളേജുകൾ പോലെ, നിർദ്ദിഷ്ട തൊഴിൽ മേഖലകൾക്കായി പ്രത്യേക പരിശീലനം നൽകുന്നു, ഒപ്പം ഗണിതം, ശാസ്ത്രം, വായന, സാമൂഹിക പഠനങ്ങൾ, വിവരസാങ്കേതികവിദ്യ എന്നിവ ഉൾക്കൊള്ളുന്ന ഒരു ഹൈസ്കൂൾ പാഠ്യപദ്ധതിയാണിത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഉള്ള വിവിധ കോഴ്സുകൾ നൽകുന്നത്. 2015-2016 ഇൽ 8218 ആൺകുട്ടികൾ വിദ്യാർഥികളായി ഉണ്ടായിരുന്നു. ഇതേസമയം വിദ്യാർഥിനികളുടെ എണ്ണം 654 മാത്രമായിരുന്നു. ആൺകുട്ടികളുടെ ഇന്നത്തെ അപേക്ഷിച്ച് പെൺകുട്ടികൾ വളരെ കുറവാണെന്നു കാണാം. 2018 -2019 വരെയുള്ള കണക്കുകളിലും ഇതേ പ്രവണത തന്നെയാണ് കാണാൻ കഴിയുക.2015-2016 ഇൽ 8000 ഇൽ അധികം ഉണ്ടായിരുന്ന ആൺകുട്ടികൾ 2018 -19 ആയപ്പോൾ 7530 ആയി കുറഞ്ഞു. ഇതേസമയം 2015-2016 ഇൽ 650 ഇൽ കൂടുതൽ ഉണ്ടായിരുന്ന പെൺകുട്ടികൾ 2018-19 ആയപ്പോഴേക്കും 427 ആയി ചുരുങ്ങി. ലിംഗഭേദമെന്യേ ടെക്നിക്കൽ വിദ്യാഭ്യാസം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നുണ്ടെങ്കിലും പെൺകുട്ടികളുടെ എണ്ണം വളരെ കുറഞ്ഞുകൊണ്ടിരിക്കുന്നത് ഒരു ശുഭ സൂചനയല്ല. അധ്യാപകരുടെ കാര്യത്തിലും കണക്കുകൾ വ്യത്യസ്തമല്ല. പുരുഷ അധ്യാപകരുടെ എണ്ണത്തെ അപേക്ഷിച്ചു സ്ത്രീ അധ്യാപകർ വളരെ കുറവാണ്. ടെക്നിക്കൽ വിദ്യാഭ്യാസം നേടുന്ന വിദ്യാർഥിനികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുറവ് തന്നെയാണ് സ്ത്രീ അധ്യാപകരുടെ കുറഞ്ഞ എണ്ണത്തിലും പ്രതിഫലിക്കുന്നത്.
പോളിടെക്‌നിക്കുകളിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും എണ്ണം (2016 -2018)
(ഉറവിടം: സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്)
അടിസ്ഥാന സാങ്കേതിക കോഴ്‌സുകൾ നൽകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പോളിടെക്‌നിക് കോളേജുകൾ. നൈപുണ്യ വികസന കോഴ്‌സുകളിൽ ഒന്നാണ് പോളിടെക്‌നിക് നൽകുന്ന കോഴ്സുകൾ. അതുപോലെ തൊഴിലധിഷ്ഠിതമായ കോഴ്സുകളാണ് പോളിടെക്‌നിക് കോളേജുകൾ നൽകുന്നത്. മറ്റു മേഖലകളിലെ വിദ്യാഭ്യാസത്തെ അപേക്ഷിച്ചു നോക്കുമ്പോൾ പോളിടെക്‌നിക്കുകളിൽ പഠനം കഴിഞ്ഞാലുടൻ കോഴ്സിന്റെ അടിസ്ഥാനത്തിൽ ഉടനടി ജോലി ലഭിക്കുമെന്നത് ഈ കോഴ്സിന്റെ വലിയൊരു പ്രതേകതയാണ്. സർക്കാർ പോളിടെക്‌നിക്കുകളിലെയും സ്വകാര്യ പോളിടെക്‌നിക്കുകളിലെയും 2016 മുതൽ 2018 വരെയുള്ള ആകെ വിദ്യാർഥികളുടെയും അധ്യാപകരുടെയും എണ്ണമാണ് പട്ടികയിൽ ഉള്ളത്. 2016 ഇൽ ആകെ 22039 ആൺകുട്ടികളും 10270 പെൺകുട്ടികളുമാണ് കേരളത്തിലെ പോളിടെക്‌നിക് കോളേജുകളിൽ ഉണ്ടായിരുന്നത്. 2018 ആയപ്പോഴേക്കും ആൺകുട്ടികളുടെ എണ്ണം 23519 ആയി കൂടി. എന്നാൽ പെൺകുട്ടികളുടെ എണ്ണം 9339 ആയി കുറഞ്ഞു. എന്നാൽ പോളിടെക്‌നിക് കോളേജുകളിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ എണ്ണം നോക്കുകയാണെങ്കിൽ പെൺ അധ്യാപകരുടെ എണ്ണത്തിൽ വർധനനവ് ഉണ്ടായതായി കാണാം. 2016 ഇൽ പോളിടെക്‌നിക് കോളേജുകളിൽ പഠിപ്പിക്കുന്ന പെൺ അധ്യാപകരുടെ എണ്ണം 563 ആയിരുന്നു. എന്നാൽ 2017 ഇൽ ഇത് 577 ഉം 2018 ഇൽ 644 ഉം ആയി ഉയർന്നു. ആൺ അധ്യാപകരുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടായതായി കാണാം. എന്നാലും 2018 ഇൽ പോളിടെക്‌നിക് കോളേജുകളിൽ പഠിപ്പിക്കുന്ന ആൺ അധ്യാപകരുടെ എണ്ണം 1201 ആണ്. അധ്യാപികമാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നുണ്ടെങ്കിലും അധ്യാപകരുടെ എണ്ണത്തിന് വളരെ പിന്നിൽ ആണ് അധ്യാപികമാരുടെ എണ്ണം.
സാങ്കേതിക വിദ്യാഭ്യാസ മേഖലകളിൽ വിദ്യാർഥിനികളുടെ എണ്ണം കുറഞ്ഞു വരുന്നതിന്റെ കാരണം അറിയണമെങ്കിൽ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ബിരുദ വിദ്യാർഥിനികളുടെ എണ്ണം പരിശോധിക്കേണ്ടതാവശ്യമാണ്.
ആർട്സ്, സയൻസ് കോളേജുകളിൽ വിദ്യാർത്ഥികളുടെ പ്രവേശനം (2017-18)
(ഉറവിടം: കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്)
2017-18 ഇൽ ആർട്സ്, സയൻസ് കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണമാണ് പട്ടികയിൽ നൽകിയിരിക്കുന്നത്. ബിരുദ കോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർഥികളിൽ ഏകദേശം 79 ശതമാനം പേരും പെൺകുട്ടികളാണ്. അതുപോലെതന്നെ ബിരുദാനന്തര കോഴ്സുകളിലും 67 ശതമാനവും പെൺകുട്ടികളാണ് പ്രവേശനം നേടിയിരിക്കുന്നത്. ആകെമൊത്തമുള്ള കണക്കുകൾ നോക്കുമ്പോൾ ബിരുദ കോഴ്സുകളിലും ബിരുദാനന്തര കോഴ്സുകളിലും പ്രവശേനം നേടിയ ആകെ വിദ്യാർഥികളിൽ 77 ശതമാനവും പെൺകുട്ടികളാണ്. പോളിടെക്‌നിക് പോലുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾ നൽകുന്ന കോളേജുകളിൽ കുറയുന്ന പെൺകുട്ടികളുടെ അനുപാതം പ്രതിഫലിക്കുന്നത് ആർട്സ്, സയൻസ് കോളേജുകളിൽ ഉയരുന്ന പെൺകുട്ടികളുടെ അനുപാദത്തിലാണ്. ഇപ്പോഴും കേരത്തിലെ വിദ്യാർഥിനികൾക്ക് ആർട്സ് ആൻഡ് സയൻസ് വിഷങ്ങളോടാണ് താൽപ്പര്യം കൂടുതൽ എന്ന കാരണത്തിലേക്കാണ് ഈ പ്രവണത വിരൽ ചൂണ്ടുന്നത്. നൂതനവും വിപുലവുമായ തൊഴിലധിഷ്ഠിത വിദ്യാഭ്യാസമേഖലകളിൽ പെൺകുട്ടികളുടെ പങ്കാളിത്തം കുറഞ്ഞു വരുന്നതെന്തുകൊണ്ടെന്നു കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കൂടിയിട്ടും അവരുടെ തൊഴിലാളി ജനസംഖ്യ നിരക്കിലുള്ള കുറവ് എന്തുകൊണ്ടാണെന്ന് നമുക്കിവിടെ മനസ്സിലാക്കുവാൻ സാധിക്കും. തൊഴിലവസരങ്ങളുടെ കുറവാണ് ഇതിനുകാരണമെന്നു പറയാമെങ്കിലും ലഭ്യമായ തൊഴിലവസരങ്ങൾ സ്ത്രീകൾക്ക് ഉപയോഗപ്പെടുതുവാൻ സാധിക്കുന്നുള്ള എന്ന് കൂടെ പറയേണ്ടി വരും. അതിനു കാരണവും നമുക്ക് ഈ പഠനത്തിലൂടെ മനസ്സിലാക്കുവാൻ കഴിയും. തൊഴിലധിഷ്ഠിത കോഴ്സുകളിലെ പെൺകുട്ടികളുടെ കുറഞ്ഞപങ്കാളിത്തം കാരണം അത്തരത്തിൽ ലഭിക്കുന്ന തൊഴിൽ മേഖലകളിൽ ആൺകുട്ടികൾ കൂടുതൽ എത്തിപ്പെടുന്നു.
വിദ്യാഭ്യാസ നിലവാരത്തിൽ കേരളത്തിലെ സ്ത്രീകൾ വളരെ മുന്നിൽ ആണെന്ന കാര്യം നമുക്ക് നിസംശയം പറയാൻ സാധിക്കും. നൈപുണ്യ വികസനത്തിന് ഊന്നൽ നൽകുന്ന പോളിടെക്‌നിക് പോലുള്ള കോഴ്സുകളിൽ പെൺകുട്ടികളുടെ അനുപാതം കുറയുന്നത് ആശങ്കാവഹമാണ്. തൊഴിലധിഷ്ഠിത കോഴ്സുകൾ നൽകിയിട്ടും പെൺകുട്ടികൾക്ക് ഇപ്പോഴും പ്രിയം സയൻസ്, ആർട്സ് വിഷയങ്ങളോടാണ്.
References
Economic review (2018), Kerala State Planning Board, Govt. of. Kerala.