നഴ്‌സിംഗ് സമരം

മാലാഖമാരെന്നു മാധ്യമങ്ങൾ വിശേഷിപ്പിയ്ക്കുന്ന കേരളത്തിലെ നഴ്സുമാർ, മരുന്ന് കൊടുക്കുന്ന കൈകൾ കൊണ്ട് മുഷ്ടിചുരുട്ടി സമരം ചെയ്തത് കേരളത്തിലെ സമര രംഗത്തൊരു പുതിയ അദ്ധ്യായമായിരുന്നു. രാഷ്ട്രീയ തൊഴിലാളി വർഗ പ്രസ്ഥാനങ്ങളുടെയൊന്നും സഹായമില്ലാതെ സ്വതന്ത്രരായി തങ്ങളുടെ ന്യായമായ തൊഴിൽ സുരക്ഷയ്ക്കും അടിസ്ഥാന വേതനത്തിനും ഷിഫ്റ്റ് സമ്പ്രദായത്തിലെ അശാസ്ത്രീയതയ്ക്കും മാനേജ്‌മെന്റിന്റെ പീഡനങ്ങൾക്കുമെതിരെ നഴ്‌സുമാർ സംഘടിയ്ക്കുകയായിരുന്നു. 95 ശതമാനവും സ്ത്രീകൾ ജോലി ചെയ്യുന്ന ഒരു മേഖല കൂടിയാണ് നഴ്‌സിംഗ്. 


കാലങ്ങളായുള്ള അവഗണനയ്ക്കും പീഡനങ്ങൾക്കുമെതിരെ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ആശുപത്രികളിൽ വിവിധ ഘട്ടങ്ങളിലായി നഴ്സുമാർ സമരം ചെയ്തു. എറണാകുളം അമൃത ആശുപത്രി, ലേക്ഷോർ ഹോസ്പിറ്റൽ, കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ തുടങ്ങിയ ഇടങ്ങളിൽ നഴ്‌സുമാർ മാസങ്ങളോളം സമരം ചെയ്തു. 2012-ൽ ഒൻപത് നഴ്സുമാരെ ലേക്ഷോർ ആശുപത്രി മാനേജ്‌മെന്റ് അകാരണമായി പിരിച്ചുവിട്ടതോടെ ആശുപത്രി ഗേറ്റിൽ നഴ്സുമാർ സമരം നടത്തി. എന്നാൽ സമരക്കാരുടെ നേരെ ആശുപത്രി ഡോക്ടർമാരിൽ ഒരാൾ വാഹനം ഓടിച്ചു കയറ്റുവാൻ ശ്രമിച്ചു. തുടർന്ന് സമരം കത്തി പടരുകയായിരുന്നു. 

കോതമംഗലം ആശുപത്രിയിൽ സമരം ചെയ്ത നഴ്‌സുമാർ ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയതോടെ സമരം മറ്റൊരു തലത്തിലേയ്ക്ക് നീങ്ങുകയും അത് വരെ മൗനം അവലംബിച്ചിരുന്ന ഭരണകൂടം നഴ്‌സുമാരുടെ ആവശ്യങ്ങളെ അനുഭാവപൂർവം പരിഗണിയ്ക്കാമെന്നു ഉറപ്പ് നൽകുകയായിരുന്നു. 

Nurses go on a strike in Kerala: The Hindu Explains - The Hindu

കേരളത്തിലെ നഴ്‌സിംഗ് രംഗം പിന്നീടും നിരവധി സമരങ്ങൾക്ക് സാക്ഷ്യം വഹിച്ചു. അടിസ്ഥാന ശമ്പളം സർക്കാർ നഴ്‌സിംഗ് മേഖലയിൽ പ്രഖ്യാപിയ്ക്കുകയും ഷിഫ്റ്റ് സമ്പ്രദായം ഉൾപ്പടെ നഴ്‌സുമാർ അനുഭവിയ്ക്കുന്ന പ്രശ്നങ്ങളിൽ ഒരുപരിധി വരെ ഇടപെടാനും സർക്കാരിന് ഈ സമരങ്ങളിലൂടെ സാധിച്ചു. 

കേരളത്തിലെ നഴ്‌സുമാർ നടത്തിയ സമരത്തിന്റെ ഫലമായി പ്രശ്നത്തെകുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി സർക്കാർ എസ്. ബലരാമൻ കമ്മീഷനെ നിയോഗിച്ചു. എന്നാൽ മിനിമം ശമ്പളം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഇന്നും നഴ്‌സുമാർ അവഗണന അനുഭവിയ്ക്കുകയാണ്.