കുടുംബശ്രീ അംഗങ്ങൾക്കുള്ള 2000 കോടി രൂപ പലിശരഹിത വായ്പ പദ്ധതി
കോവിഡ് 19 രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക് ഡൗൺ ഉൾപ്പെടെയുള്ള പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന അയൽക്കൂട്ടാംഗങ്ങൾക്ക് സാമ്പത്തികമായി തുണയാകുന്നതിന് കേരള സർക്കാർ പ്രഖ്യാപിച്ച 2000 കോടി രൂപയുടെ പലിശരഹിതാ വായ്പാ പദ്ധതി.
2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് എന്ന നിലയിൽ നടപ്പാക്കുന്ന ഈ പദ്ധതി പ്രകാരം കോവിഡ് 19 മുഖേന അയൽക്കൂട്ടാംഗത്തിനോ കുടുംബാംഗത്തിനോ സംഭവിച്ച തൊഴിൽ നഷ്ടത്തിനും സാമ്പത്തിക സ്ഥിതിക്കും ആനുപാതികമായി 5000, 10,000, 15,000 എന്നിങ്ങനെ പരമാവധി 20,000 രൂപവരെയാണ് ഒരു വ്യക്തിക്ക് വായ്പയായി ലഭിക്കുക. നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ചാണ് അർഹരായവരെ തെരഞ്ഞെടുത്തത്. 2019 ഡിസംബർ 31ന് മുൻപ് രൂപീകരിച്ച അയൽക്കൂട്ടങ്ങളിൽ അംഗങ്ങളായവർക്ക് മാത്രമാണ് വായ്പ ലഭിക്കുക. പ്രാഥമിക കണക്കെടുപ്പ് കഴിഞ്ഞപ്പോൾ 14 ജില്ലകളിലെ 2.5 ലക്ഷം അയൽക്കൂട്ടങ്ങളിൽ അംഗങ്ങളായ 35 ലക്ഷം പേർക്ക് ഈ വായ്പ ലഭിക്കും. ഒരു തവണയെങ്കിലും വായ്പ എടുത്തിട്ടുള്ള അയൽക്കൂട്ടമാണെങ്കിൽ ആ ബാങ്ക് മുഖേനയോ അല്ലെങ്കിൽ സേവിങ്സ് അക്കൗണ്ട് ഏത് ബാങ്കിലാണോ ഉള്ളത് ആ ബാങ്ക് മുഖേനയോ ആയിരിക്കും വായ്പ ലഭ്യമാക്കുക. ആറ് മാസം മൊറട്ടോറിയം ഉൾപ്പെടെ 36 മാസമാണ് തിരിച്ചടവിനുള്ള കാലാവധി.
പ്രളയാനന്തരം കുടുംബശ്രീ മുഖേന സർക്കാർ നടപ്പാക്കിയ റീസർജന്റ് കേരള ലോൺ സ്‌കീം (ആർകെഎൽഎസ്) മാതൃകയിൽ തന്നെയാണ് ഈ പദ്ധതിയും നടപ്പാക്കുന്നത്. ഒമ്പത് ശതമാനം പലിശയ്ക്കാണ് ബാങ്കുകൾ വായ്പ ലഭ്യമാക്കുന്നത്. പലിശ തുക സബ്സിഡിയായി സർക്കാർ അയൽക്കൂട്ടങ്ങൾക്ക് ലഭ്യമാക്കും. ഇത് സംബന്ധിച്ച് കുടുംബശ്രീമിഷൻ സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റിയുമായും (എസ്എൽബിസി) സഹകരണ ബാങ്ക് രജിസ്ട്രാറുമായും ധാരണയിലെത്തി. കുടുംബശ്രീ ജില്ലാ മിഷനുകൾ മുഖേന ഓരോ അയൽക്കൂട്ടത്തിന്റെയും വായ്പയുടെ ആവശ്യകതയുടെ വിശദാംശങ്ങൾ ശേഖരിക്കുകയും 2000 കോടി പരിധിയിൽ ഓരോ ജില്ലയ്ക്കും നിശ്ചിത തുക അനുവദിക്കുകയും ചെയ്തു. ഈ പരിധിയ്ക്കുള്ളിൽ നിന്നുകൊണ്ട് ഓരോ ജില്ലയിലും സിഡിഎസുകൾക്കും (കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് സൊസൈറ്റി - പഞ്ചായത്ത് തലത്തിലെ അയൽക്കൂട്ടങ്ങളുടെ ഫെഡറേഷൻ) അയൽക്കൂട്ടങ്ങൾക്കും അനുവദിക്കാവുന്ന തുക നിശ്ചയിച്ചിട്ടുണ്ട്. നിശ്ചിത പരിധിക്കുള്ളിൽ നിന്നുകൊണ്ട് അയൽക്കൂട്ടങ്ങൾ സി.ഡി.എസ്സുകൾ വഴി ബാങ്കുകൾക്ക് അപേക്ഷ നൽകുകയും ബാങ്കുകൾ തുക അനുവദിക്കുകയും ചെയ്യും. ആറുമാസത്തെ മൊറട്ടോറിയം കാലാവധിയ്ക്കുശേഷം ഒമ്പത് ശതമാനം പലിശയ്ക്ക് അയൽക്കൂട്ടങ്ങൾ തിരിച്ചടവ് നടത്തണം. ഈ പലിശ തുക സബ്സിഡിയായി സർക്കാരിൽ നിന്നും അയൽക്കൂട്ടങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കുടുംബശ്രീ ലഭ്യമാക്കും.