കുടുംബശ്രീ സാമൂഹിക പ്രവർത്തനങ്ങൾ

 

തൊഴിൽക്കൂട്ടം

'തൊഴിൽക്കൂട്ട'മാണ് കുടുംബശ്രീയുടെ നവീന സംരംഭങ്ങളിൽ ശ്രദ്ധേയമായ മറ്റൊന്ന്. തൊഴിലുറപ്പ് പദ്ധതിയിലൂടെ സ്ത്രീകൾ ആർജിച്ച വൈദഗ്ധ്യത്തെ ഫലപ്രദമായി കൂട്ടിയോജിപ്പിച്ച് കായിക തൊഴിൽ മേഖലയിൽ അനുഭവപ്പെടുന്ന മനുഷ്യ വിഭവ ദാരിദ്യം പരിഹരിക്കുകയും സ്ത്രീകളുടെ വരുമാനമാർഗം വിപുലീകരിക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പുതിയൊരു തൊഴിൽ സംസ്കാരവും കായിക തൊഴിൽമേഖലയിൽ സ്ത്രീ പുരുഷ തുല്യതയും കൈവരുത്താൻ ഉതകുന്നതാണ് ഈ സംരംഭം. ഒരു സി.ഡി.എസിൽ കുറഞ്ഞത് അഞ്ച് തൊഴിൽക്കൂട്ടങ്ങൾ എന്നതാണ് ഇക്കൊല്ലത്തെ പദ്ധതിലക്ഷ്യം. മൂന്നു ലക്ഷം കുടുംബങ്ങൾക്ക് ഇതിലൂടെ അധിക വരുമാനം കണ്ടെത്താനാവും. അംഗങ്ങളുടെ തൊഴിൽ വൈദഗ്ധ്യം വർദ്ധിപ്പിക്കുന്നതിന് പരിശീലനവും ലഘുയന്ത്രങ്ങൾ വാങ്ങുന്നതിന് സംഘങ്ങൾക്ക് സാമ്പത്തികസഹായവും കുടുംബശ്രീ വഴി ലഭ്യമാകും. ഈ സാമ്പത്തിക വർഷം പുതുതായി കുറഞ്ഞത് 5000 തൊഴിൽക്കൂട്ടങ്ങളെങ്കിലും രൂപീകരിക്കാൻ ലക്ഷ്യമിടുന്നു.

ബഡ്സ് സ്കൂൾ

മാനസിക വൈകല്യങ്ങളുള്ള കുട്ടികളുടെ പുനരധിവാസത്തിനായി രൂപം നൽകിയ ബഡ്സ് സ്കൂളുകളിൽ 11 എണ്ണത്തിനു കൂടി 2011-12 വർഷം അംഗീകാരം ലഭിച്ചു. ഇതോടെ അംഗീകാരം ലഭിച്ച സ്കൂളുകളുടെ എണ്ണം 52 ആയി. 33 സ്കൂളുകൾക്ക് സ്വന്തമായി വാഹനം ലഭ്യമാക്കി.

ബാലസഭ മീനയുടെ ലോകം

കുടുംബശ്രീയുടെ ശിശുവികസന പരിപാടിയുടെ ഭാഗമായി രൂപം നൽകിയ ബാലസഭകളുടെ പ്രവർത്തനം വിപുലീകരിക്കുന്നതിന് ഇക്കൊല്ലം നൂതനമായ ഒരു പദ്ധതിക്കു കൂടി രൂപം നൽകിയിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങൾ, സ്വഭാവരൂപീകരണം എന്നിവ മുഖ്യപ്രമേയമാക്കി മീനാ കമ്മ്യൂണിക്കേഷൻ എന്ന പേരിൽ സംസ്ഥാനത്തുടനീളം നടപ്പാക്കി വരുന്ന സമഗ്ര പരിപാടിയുടെ രണ്ടാംഘട്ടമായി 'മീനയുടെ ലോകം' എന്ന പേരിൽ യൂണിസെഫ് സഹായത്തോടെ ആകാശവാണിയിൽ ഒരു കൊല്ലം നീണ്ടുനിൽക്കുന്ന ഒരു പ്രതിവാര പ്രക്ഷേപണ പരിപാടി 2012 ജൂലൈ 19 ന് മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. 

കുട്ടികളുടെ ആരോഗ്യം, പോഷകാഹാരം, നേതൃത്വശേഷി, സഹകരണ മനോഭാവം തുടങ്ങിയവ കായിക-വിനോദവുമായി ബന്ധപ്പെടുത്തി പരിപോഷിപ്പിക്കുന്നതിന് പൈലറ്റടിസ്ഥാനത്തിൽ 7 ജില്ലകളിൽ ആരംഭിച്ച സമഗ്രകായികാരോഗ്യ പരിപാടി മുഴുവൻ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. 22 ബ്ളോക്കുകളിലെ 139 പഞ്ചായത്തുകളിൽ ഇതിനകം പദ്ധതി പൂർത്തീകരിച്ചു.

സാമൂഹ്യക്ഷേമ പദ്ധതികൾ: ജനകീയ സർവെ

കേന്ദ്രസർക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതികൾ അർഹതയുള്ള എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അർഹരായ മുഴുവൻപേരേയും ജനകീയ സർവേയിലൂടെ കണ്ടെത്തുന്ന ചുമതല ഇക്കൊല്ലം കുടുംബശ്രീയെ ഏൽപ്പിച്ചു. ഇങ്ങനെ അയൽക്കൂട്ട അംഗങ്ങൾ തയ്യാറാക്കുന്ന പട്ടികയും വിശദ വിവരങ്ങളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് കുടുംബശ്രീ കൈമാറും

ആശ്രയ രണ്ടാംഘട്ടം

നിരാശ്രയരായ അഗതി കുടുംബങ്ങളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന ആശ്രയ പദ്ധതി പ്രകാരം 2011-12-ൽ 65 തദ്ദേശ ഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച പദ്ധതികൾക്കായി 12.69 കോടി രൂപ ചലഞ്ച് ഫണ്ട് ഇനത്തിൽ അനുവദിച്ചു. 6226 അഗതികൾക്ക് ഇതിന്റെ ഗുണം ലഭിക്കും. 2011-12 വർഷം 15 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടത്തിയ പുനപരിശോധനയുടെ അടിസ്ഥാനത്തിൽ 22.46 ലക്ഷം രൂപയുടെ ചലഞ്ച് ഫണ്ട് അനുവദിച്ചു. വിട്ടുപോയിട്ടുള്ള അഗതി കുടുംബങ്ങളെ ഉൾപ്പെടുത്തി ഇക്കൊല്ലം 500 തദ്ദേശഭരണസ്ഥാപനങ്ങളിൽ ആശ്രയയുടെ രണ്ടാംഘട്ടം പദ്ധതി പ്രാവർത്തികമാക്കും. കുറഞ്ഞത് 25,000 കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

പ്രത്യേക ആശ്രയ പദ്ധതി

പട്ടികവർഗ വിഭാഗക്കാർ കൂടുതലുള്ള തദ്ദേശഭരണ സ്ഥാപനങ്ങളിൽ അവർക്കു വേണ്ടി നടപ്പാക്കുന്ന പ്രത്യേക ആശ്രയ പദ്ധതി പ്രകാരം 2011-12 സാമ്പത്തിക വർഷം 12 പ്രോജക്ടുകൾക്ക് അംഗീകാരം നൽകി. 2012-13 സാമ്പത്തിക വർഷം അർഹരായ മുഴുവൻ പട്ടികവർഗവിഭാഗക്കാരെയും ഉൾപ്പെടുത്തി സഹായം ലഭ്യമാക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടമായി ഇക്കൊല്ലം 50 തദ്ദശഭരണസ്ഥാപനങ്ങളിൽ ഇത് നടപ്പാക്കും.

ഭവനശ്രീ

ഭവനശ്രീ പദ്ധതി പ്രകാരം വായ്പ എടുത്ത കുടുംബശ്രീ അംഗങ്ങളുടെ തിരിച്ചടവ് ബാധ്യത സർക്കാർ ഏറ്റെടുത്തു. ഇതിനായി കുടുംബശ്രീയും ബന്ധപ്പെട്ട ബാങ്കും സർക്കാരും തമ്മിൽ ഒരു ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു. അതിന്റെ അടിസ്ഥാനത്തിൽ 14 ബാങ്കുകൾക്കായി കഴിഞ്ഞ വർഷം 76. 28 കോടി രൂപ നല്കി. അടുത്ത സാമ്പത്തിക വർഷം ഇതിന്റെ മൂന്നാം ഗഡു നല്കുന്നതിനായി 25 കോടി രൂപ ബജറ്റിൽ മാറ്റി വച്ചിട്ടുണ്ട്.

പ്രത്യേക അയൽക്കൂട്ടങ്ങൾ

ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവർ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ, ഭാഷാന്യൂനപക്ഷങ്ങൾ, തോട്ടം തൊഴിലാളികൾ, പരമ്പരാഗത തൊഴിൽ ചെയ്യുന്നവർ തുടങ്ങി സമൂഹത്തിലെ പാർശ്വവൽകൃത വിഭാഗങ്ങൾക്കായി പ്രത്യേക അയൽക്കൂട്ടങ്ങൾ രൂപീകരിക്കുന്നതിനും ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി പ്രത്യേക ജനകീയ പുനരധിവാസ പദ്ധതി ആവിഷ്കരിക്കുന്നതിനുമുള്ള നടപടികൾ നടന്നുവരുന്നു. സ്ത്രീപദവി സ്വയംപഠനം, നിർഭയ 

സ്ത്രീശാക്തീകരണത്തിൽ അനന്യമായ മാതൃകകൾ സൃഷ്ടിച്ച കടുംബശ്രീയുടെ നൂതന സംരംഭങ്ങളിലൊന്നാണ് സ്ത്രീപദവി സ്വയംപഠന പ്രക്രിയ. സാമ്പത്തികശാക്തീകരണത്തിനൊപ്പം അവകാശബോധവും സ്വത്വബോധവുമുള്ള സ്ത്രീസമൂഹസൃഷ്ടിയിലൂടെ മാത്രമേ സാമൂഹിക ശാക്തീകരണവും ദാരിദ്രലഘൂകരണവും പൂർണമാവൂ എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ രൂപംനൽകിയ പദ്ധതിയാണിത്. കേരളത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കും അന്തസ്സായി ജീവിക്കാനും നിർഭയം സഞ്ചരിക്കാനുമുള്ള സാഹചര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപം നല്കിയ നിർഭയ പദ്ധതി സ്ത്രീപദവി സ്വയംപഠന പ്രക്രിയയിലൂടെ സമൂഹത്തിന്റെ താഴേതലം മുതൽ പ്രാവർത്തികമാക്കാൻ കുടുംബശ്രീ വിപുലമായ ഒരുക്കങ്ങൾ ചെയ്തു കഴിഞ്ഞു. ഇതിനായി കുടുംബശ്രീ പ്രത്യേക കൈപുസ്തകം തയ്യാറാക്കി. വിവിധ തലങ്ങളിൽ വിപുലമായ പരിശീലന പരിപാടികൾ നടന്നുവരികയാണ്. ഇതിനകം പരിശീലനത്തിൽ പങ്കെടുത്ത 77 പഞ്ചായത്തുകൾ കർമപരിപാടികളുടെ രൂപരേഖ തയ്യാറാക്കി കഴിഞ്ഞു. സ്ത്രീപദവി സ്വയംപഠന പ്രക്രിയയുടെ ഭാഗമായി ഹെൽത്ത് റിസോഴ്സ് മാപ്പിംഗ്, സ്ത്രീ സൌഹൃദ ഗ്രാമം എന്ന ലക്ഷ്യത്തോടെ ക്രൈംമാപ്പിംഗ്, പ്രോസസ് ഡോക്യൂമെന്റേഷൻ എന്നിവയുടെ പ്രഥമഘട്ട പ്രവർത്തനങ്ങൾ എന്നിവയും നടന്നുവരുന്നു.

ശ്രീശക്തി ദ്വിഭാഷാ വെബപോർട്ടൽ

സ്ത്രീപദവി സ്വയംപഠന പ്രക്രിയയിലെ മോഡ്യൂൾ വികസന പ്രക്രിയ പൂർണ്ണമായും വെബ് അധിഷ്ഠിതമാക്കി. വിവിധ സംഘടനാതലങ്ങളിൽ നടത്തിയ ചർച്ചകളെ ഓൺ ലൈൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പരിപോഷിപ്പിക്കാനും അതിലൂടെ പോരായ്മകൾ നികത്താനും ശ്രീശക്തി ദ്വിഭാഷാ വെബപോർട്ടൽ വഴിയൊരുക്കുന്നു. പ്രശ്നങ്ങൾ, ആശയങ്ങൾ എന്നിവയെകുറിച്ച് ചർച്ച ചെയ്യാനും മോഡ്യൂളുകൾ രൂപീകരിക്കാനും എല്ലായിടത്തു നിന്നും വിവരങ്ങൾ ശേഖരിക്കാനും സംശയ നിവാരണത്തിനും അതിലൊക്കെ ഉപരിയായി സ്ത്രീകൾക്ക് കമ്പ്യൂട്ടർ സാങ്കേതികപരിജ്ഞാനം നേടിക്കൊടുക്കാനും ഈ പോർട്ടൽ സഹായിക്കുന്നു.