പ്രത്യാശ പദ്ധതി

ദാരിദ്ര്യ നിർമ്മാർജ്ജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട് കുടുംബശ്രീ മിഷൻ പ്രോത്സാഹിപ്പിച്ച് വരുന്ന ഉപജീവന ഉപാധിയാണ് കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങൾ. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ദരിദ്ര ജനവിഭാഗങ്ങളിൽ ഉൾപ്പെടുന്ന കുടുംബശ്രീ സ്ത്രീകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും തൊഴിലവസരം സൃഷ്ടിക്കുകയും സാമ്പത്തിക സ്വാശ്രയത്വം ഉണ്ടാക്കുകയും ആണ് പ്രത്യാശ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

പ്രധാന ലക്ഷ്യങ്ങൾ

  1. സാമ്പത്തികവും സാമൂഹികപരവുമായ സ്ത്രീശാക്തീകരണവും ഉന്നമനവും.
  2. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട കുടുംബശ്രീ അംഗങ്ങൾക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ അവരുടെ കഴിവിനൊത്ത വിധമുള്ള തൊഴിൽ കണ്ടെത്തുന്നതിനും അതുവഴി ദാരിദ്ര്യ ലഘൂകരണം സാധ്യമാക്കുകയും ചെയ്യുക.
  3. നൂതനമായ തൊഴിൽ സംരംഭങ്ങൾ കണ്ടെത്തി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക.
  4. പ്രാദേശിക സാമ്പത്തിക വികസനത്തിന് ആക്കം കൂട്ടുക.

ഗുണഭോക്താക്കൾ

സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ദരിദ്ര ജനവിഭാഗങ്ങളിൽ ഉൾപ്പെടുന്ന അശരണർ, വൃദ്ധർ, ഭിന്നലിംഗക്കാർ, ഗാർഹിക പീഡനത്തിനും അതിക്രമങ്ങൾക്കും ഇരയായവർ, അവിവാഹിതരായ അമ്മമാർ, കിടപ്പുരോഗികൾ / മാനസിക വെല്ലുവിളികൾ നേരിടുന്നവർ / അവരുടെ സംരക്ഷകർ, വിധവകൾ, ആശ്രയ ഗുണഭോക്താക്കൾ, വികലാംഗർ, ബഡ്സ് സ്കൂൾ കുട്ടികളുടെ അമ്മമാർ എന്നീ വിഭാഗങ്ങളിൽപ്പെട്ട സ്ത്രീകൾ

പ്രോജക്ട് - പദ്ധതി തുക

  • വ്യക്തിഗത സംരംഭം - സംരംഭം ആരംഭിക്കുന്നതിന് പരമാവധി 50,000/- രൂപ പ്രത്യാശ സ്റ്റാർട്ട് അപ് ഫണ്ടായി ലഭിക്കും.
  • ഗ്രൂപ്പ് സംരംഭം - ഒരംഗത്തിന് 50,000/- രൂപ എന്ന നിലയിൽ പരമാവധി 2.5ലക്ഷം രൂപ ലഭിക്കും.