സ്ത്രീ, ലൈംഗികത, അധികാരം: പാതിവ്രത്യത്തിന്റെ പരിണാമ വഴികൾ

ഡോ. ദിവ്യ ചന്ദ്രശോഭ
സ്ത്രൈണ
കടപ്പാട് : https://www.youtube.com/watch?v=mXy4CuuzSAo
എഴുതിയത് : ഡോ. ദിവ്യ ചന്ദ്രശോഭ

 

      പാതിവ്രത്യം എന്നത് ഒരു ആധുനിക സങ്കൽപ്പമല്ല. സമൂഹം ഒരു വ്യവസ്ഥിതിയിൽ നിന്നും മറ്റൊന്നിലേക്കു പരിണമിച്ചു കൊണ്ടിരിക്കുന്ന ഓരോ ഘട്ടത്തിലും സ്ത്രീലൈംഗികതയെ നിയന്ത്രിച്ചുകൊണ്ടു കുലം  / വംശം/ ജാതി / രാഷ്ട്രം എന്നിവയുടെ പരിശുദ്ധി / മാനം നിലനിർത്തുന്നതിനായി പാതിവ്രത്യ സങ്കൽപം രൂപപ്പെടുത്തുന്നുണ്ട്. നാടുവാഴിത്ത വ്യവസ്ഥിതിയിൽ നിന്നും ആധുനിക ദേശരാഷ്ട്ര സാംവിധാനത്തിലേക്കു (മുതലാളിത്ത വ്യവസ്ഥിതിയിലേക്കു) സമൂഹം മാറുമ്പോൾ ലൈംഗിക സങ്കൽപ്പത്തിന് പൊതുവെയും പാതിവ്രത്യ സങ്കൽപ്പത്തിന് (സ്ത്രൈണ ലൈംഗികതയ്ക്ക് ) വിശേഷിച്ചും കൈവരുന്ന മാറ്റങ്ങളെ വിശകലനം ചെയ്യാനാണ് ഈ പഠനം ലക്ഷ്യമിടുന്നത്. മധ്യകാല -കൊളോണിയൽ കാലത്തിന്റെ സാമൂഹ്യ ജീവിതത്തെ അടയാളപ്പെടുത്തിയ വടക്കന്പാട്ടുകളെയും ആധുനിക ദേശീയതയുടെ , ദേശരാഷ്ട്രത്തിന്റെ ജീവിതാവബോധങ്ങളെ അവതരിപ്പിച്ച വടക്കന്പാട്ടു സിനിമകളെയും മുൻനിർത്തിയാണ് പഠനം നടത്തുന്നത്

പതിവ്രതാ സങ്കല്പം വടക്കൻപാട്ടുകളിൽ

    ബ്രിട്ടീഷ്ഭരണകാലത്ത് ‘മലബാർ’ എന്നും സ്വാതന്ത്ര്യാനന്തരം ‘വടക്കൻകേരളം’ എന്നും വിശേഷിപ്പിക്കപ്പെട്ട പ്രദേശങ്ങളിലെ അവർണ്ണ-മുസ്ലീം വിഭാഗത്തിൽപെട്ടവർക്കിടയിൽ പ്രചാരത്തിലിരുന്ന പാട്ടുകളാണ് ‘വടക്കൻപാട്ടുകളെ’ന്ന് അറിയപ്പെടുന്നത്. പത്തൊമ്പത്-ഇരുപത് നൂറ്റാണ്ടുകളിൽ വളരെ സജീവമായി നിലനിന്നിരുന്ന ഈ പാട്ടുസംസ്കാരത്തിന് ഇപ്പോഴും വലിയ തോതിലല്ലെങ്കിൽപോലും പിന്തുടർച്ചക്കാരുണ്ട്.പുത്തൂരംപാട്ടുകൾ, തച്ചോളിപ്പാട്ടുകൾ, ഒറ്റപ്പാട്ടുകൾ എന്നിങ്ങനെ മൂന്ന് പാരമ്പര്യങ്ങളാണ് വടക്കന്പാട്ടുകളിലുള്ളത്. (എ .കെ . നമ്പ്യാർ, 2000, 186) കണ്ണപ്പച്ചേകവർ, ആരോമൽ ചേകവർ,  ഉണ്ണിയാർച്ച,  തുടങ്ങിയവരെ കുറിച്ചുള്ള പാട്ടുകളാണ് പുത്തൂരം പാട്ടുകൾ. തച്ചോളി ഒതേനനെ കേന്ദ്രീകരിച്ചുള്ള പാട്ടുകളാണ് തച്ചോളിപ്പാട്ടുകൾ. ഒതേനനു പുറമെ പാലാട്ടുകോമൻ, കുടകുമല കുങ്കി തുടങ്ങിയ നിരവധി വീരരുടെ കഥകളും തച്ചോളിപ്പാട്ടുകളുടെ ഭാഗമാണ്. ഈ രണ്ടു പാരമ്പര്യങ്ങളിൽ നിന്നും വ്യത്യസ്തമായി പൂമാതൈ പൊന്നമ്മ, മതിലേരി കന്നി തുടങ്ങിയവരെ കുറിച്ചുള്ള പാട്ടുകളാണ് ഒറ്റപ്പാട്ടുകൾ. വയലിൽ പണിയെടുക്കുക, കുളം മുക്കുക, ചകിരിയടിക്കുക, ഭാരം വലിക്കുക തുടങ്ങിയ പലതരത്തിലുള്ള അധ്വാനത്തിലേർപ്പെടുന്ന സ്ത്രീകളും പുരുഷന്മാരും അവരുടെ അധ്വാനഭാരം ലഘൂകരിക്കാനായി പാടുന്ന പാട്ടുകളാണ് ഇവ.

    ജാതിയിൽ താഴ്ന്ന വിഭാഗങ്ങൾക്കിടയിൽ നിലനിന്നിരുന്ന പാട്ടുകളായതുകൊണ്ടുതന്നെ നാടോടിവിജ്ഞാനീയത്തിന്റെ കൂട്ടത്തിലാണ് വടക്കൻപാട്ടുകൾ ഉൾപ്പെടുത്തപ്പെട്ടത്. അതുകൊണ്ടുതന്നെ, വീരകഥാഗാനങ്ങൾ, നാടോടിസാഹിത്യം എന്ന നിലക്കൊക്കെയാണ് വടക്കൻപാട്ടുകൾ ഏറെയും മനസ്സിലാക്കപ്പെട്ടത്. എന്നാൽ മധ്യകാലത്തെ ഉത്തര കേരളത്തിലെ ജനജീവിതത്തിലെയ്ക്ക് വെളിച്ചം വീശുന്ന ചരിത്രരേഖകൾ എന്ന നിലയ്ക്ക് വടക്കൻപാട്ടുകൾ ഏറെയൊന്നും പഠിക്കപ്പെട്ടിട്ടില്ല. ആരോമൽ,  ഒതേനൻ എന്നിവരെക്കുറിച്ചുള്ള പാട്ടുകളിലൂടെ നാടുവാഴിത്ത വ്യവസ്ഥിതിയെ അടയാളപ്പെടുത്തുകയാണ് വടക്കന്പാട്ടുകൾ ചെയ്യുന്നത്. നാടുവാഴിത്ത വ്യവസ്ഥിതിയിലെ പാതിവ്രത്യ സങ്കൽപ്പത്തെ ചരിത്രപരമായി വിശദീകരിക്കാൻ സാധിക്കുന്ന ഉപാദാനങ്ങൾ എന്ന  നിലയ്ക്കാണ് വടക്കൻപാട്ടുകളെ ഈ പഠനത്തിൽ ഉപയോഗിച്ചിട്ടുള്ളത് .

    നാടുവാഴിത്തകാലത്തെ കുടുംബ - സ്ത്രീപുരുഷബന്ധങ്ങളുടെ സ്വഭാവം വ്യക്തമാക്കുന്ന വിവരണങ്ങൾ പാട്ടുകളിൽ ധാരാളമായി കാണാം. പാതിവ്രത്യം, ചാരിത്ര്യം തുടങ്ങിയ സങ്കൽപ്പങ്ങൾ രൂപപ്പെടുകയും സ്ത്രീലൈംഗികത ശക്തമായി നിയന്ത്രിക്കപ്പെടുകയും ചെയ്ത സമൂഹമാണ് മലബാർ എന്നാണ് പാട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. എന്നാൽ സ്ത്രീലൈംഗികതയ്ക്ക് മുകളിലുള്ള നിയന്ത്രണവും പാതിവ്രത്യസങ്കൽപവും സമൂഹത്തിലെ എല്ലാ ജാതിയിലുംപെട്ട സ്ത്രീകൾക്ക് ഒരുപോലെയായിരുന്നില്ല. പാതിവ്രത്യത്തെക്കുറിച്ച് ജാതിശ്രേണിയുടെ മേൽത്തട്ടിൽ നിന്നിരുന്ന നമ്പൂതിരിവിഭാഗത്തിൽ നിലവിലിരുന്ന സങ്കല്പമായിരുന്നില്ല തൊട്ടുതാഴെയുള്ള നായർസമുദായത്തിലേത്. താഴ്ന്ന ജാതികളിലും വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഉണ്ടായിരുന്നത്.

     നമ്പൂതിരി സമുദായത്തിൽപ്പെട്ടവർ പ്രധാന കഥാപാത്രങ്ങളായി  വരുന്ന പാട്ടുകൾ വടക്കൻപാട്ട് ശേഖരത്തിൽ വളരെ കുറവാണ്. നമ്പൂതിരി പുരുഷന്മാരെക്കുറിച്ച് ചില പാട്ടുകളിൽ പരാമാർശിക്കപ്പെടുക മാത്രമേ ചെയ്യുന്നുള്ളൂ. എന്നാൽ കക്കര കുലോത്തമ്മ, നങ്ങേമ കെട്ടിലമ്മ, രയരമംഗലത്തില്ലം ദേവമ്മ തുടങ്ങിയ നമ്പൂതിരി  സ്ത്രീകളെക്കുറിച്ചുള്ള പാട്ടുകൾ പ്രചാരത്തിലുണ്ട് (ബാലകൃഷ്ണൻ, 2008 : 27, 95, 149). മൂന്നു
പാട്ടുകളിലും നായികമാരുടെ ചാരിത്ര്യശുദ്ധി നാടുവാഴിത്തഅധികാരത്താൽ ചോദ്യം ചെയ്യപ്പെടുന്നതാണ് പ്രമേയം. മഞ്ഞക്കണിക്കൊന്നപ്പൂവിന്റെ നിറമുള്ള, സുന്ദരിയായ കക്കര കുലോത്തമ്മ നാടുവാഴുന്ന തമ്പുരാനടക്കമുള്ളവരുടെ ഒരന്തിയുറക്കിനു വേണ്ടിയുള്ള ആഗ്രഹത്തെ നിരസിച്ചവളാണ്.  അതിന്റെ പകയിൽ അവളെ  പിഴച്ചവളെന്നു മുദ്രകുത്തി കൊല്ലുന്നു.

    വേളി മംഗലത്താലി അണിയുന്നതിനു മുൻപേ തിരണ്ടുപോയതാണ് നങ്ങേമ ചെയ്ത കുറ്റം. അവളെ പിഴച്ച പെണ്ണെന്നു ആരോപിച്ച് ഏകാന്തവാസത്തിനു ശിക്ഷിച്ചു നാടുവാഴി. പിഴച്ച പെണ്ണിനോടു സമ്പർക്കത്തിന് ചെല്ലുന്നവരെ കല്ലെറിഞ്ഞു കൊല്ലാനാണ് തമ്പുരാന്റെ കൽപന. കോലത്തിരി തമ്പുരാന്റെ രാജസദസ്സിൽ വെച്ച്  നടന്ന ‘മഹാപാണ്ഡിത്യമത്സര’ത്തിൽ ‘സർവ്വജ്ഞരത്നം’ നേടിയെടുത്ത രയരമംഗലം മനയ്ക്കലെ ദേവമ്മയെയും വ്യഭിചാരക്കുറ്റം ആരോപിച്ചാണ് കൊല്ലുന്നത്. പെൺകുട്ടികൾ ഋതുമതിയായി കഴിഞ്ഞാൽ പിന്നെ മതിൽക്കെട്ടിനു പുറത്തുപോകാൻ പാടില്ലെന്ന് ദേവമ്മയെ മൂത്തകാരണവർ ഉപദേശിക്കുന്നു. ഇപ്രകാരം നമ്പൂതിരിസ്ത്രീയുടെ ശരീരം, ലൈംഗികത എന്നിവ പലനിലക്കു കർശനമായ നിയന്ത്രണങ്ങൾക്കു വിധേയമായിരുന്നു. ബഹുഭാര്യാത്വം അനുവദനീയമായിരുന്നതുകൊണ്ടുതന്നെ അനവധി ലൈംഗികബന്ധത്തിനുള്ള സാധ്യത നമ്പൂതിരി പുരുഷന്മാർക്കുണ്ടായിരുന്നുവെങ്കിലും, നമ്പൂതിരിസ്ത്രീകൾ ഒരു പുരുഷനെ മാത്രം വേളി കഴിച്ചു പതിവ്രതകൾ ആകേണ്ടിയിരുന്നു. ബ്രാഹ്മണസ്ത്രീകൾക്കുള്ള കൃത്യമായ നിർദ്ദേശങ്ങൾ ശാങ്കരസ്മൃതി നൽകുന്നു :  പത്നി, ദാസികളെ മുൻനിർത്തി മറക്കുടയും പുതപ്പും ധരിച്ചെ പുറത്തിറങ്ങാവൂ. വെളുത്ത വസ്ത്രമേ ബ്രാഹ്മണ സ്ത്രീ ഉടുക്കാവൂ. അതിൽ അരഞ്ഞാൺ ചുറ്റി അലങ്കരിക്കരുത്. സ്വർണ്ണവള പാടില്ല. മൂക്കുത്തി പാടില്ല. ശൃംഗാരപൊട്ടു പാടില്ല (ഭാസ്കരനുണ്ണി, 2012 : 471). അതുപോലെതന്നെ, വേളി കഴിഞ്ഞാൽ അന്യപുരുഷന്മാരുമായി സംസാരിക്കുന്നുവോ എന്ന് എല്ലാ സമയവും പുരുഷൻ മനസ്സിരുത്തി ശ്രദ്ധിക്കണമെന്നും   അവൾക്കു ഉത്സവം കാണാനോ പെരുവഴി നടക്കാനോ  അനുവാദം നൽകരുത് എന്നും ശാങ്കരസ്മൃതി അനുശാസിക്കുന്നു (2012: 473). കന്യകയിരിക്കുമ്പോൾ തന്നെ പാതിവ്രത്യ പരീക്ഷണം നടത്തുന്ന സമ്പ്രദായവും നമ്പൂതിരിമാർക്കിടയിൽ ഉണ്ടായിരുന്നു  (2012: 474). ഇവയെല്ലാംതന്നെ സ്ത്രീകളുടെ പാതിവ്രത്യം സംരക്ഷിക്കുന്നതിനുവേണ്ടി ഉണ്ടാക്കിയിട്ടുള്ള ജാതിമര്യാദകൾ / നിയമങ്ങൾ ആണ്.

   ജാതിമര്യാദകൾ തെറ്റിച്ചാൽ അത് വ്യഭിചാരമായി കണക്കാക്കുകയും  പാട്ടുകളിൽ പറയുന്നത് പോലെ ജാതിഭ്രഷ്ട്ട് ലഭിക്കാവുന്ന, വധശിക്ഷവരെ കിട്ടാവുന്ന, കുറ്റകൃത്യമായിത്തീരുകയും ചെയ്യുന്നു. ‘സ്മാർത്തവിചാരം’ എന്ന ഏർപ്പാട് ഇത്തരത്തിൽ ഒന്നിലധികം പുരുഷന്മാരുമായി ലൈംഗികബന്ധം പുലർത്തിയ "സ്വഭാവദൂഷ്യമുള്ള' സ്ത്രീകളെ  ശിക്ഷിക്കുന്ന സമ്പ്രദായമാണ്. ഒന്നിലധികം പുരുഷന്മാരുമായി ലൈംഗികബന്ധം പുലർത്തുന്ന നായർസ്ത്രീകളെ തച്ചോളിപ്പാട്ടുകളിൽ കാണാം. "പുതുനാടൻ ചന്തു നാടു കാണ്മാൻ പോയ കഥ' എന്ന പാട്ടിൽ ചന്തു നാൽമുറി മുറിച്ച ( സംബന്ധം)  പെണ്ണായിട്ടുകൂടി  വട്ടോള്ളി വാഴുന്ന മേനവൻ ‘ഇന്നത്തെ വിരുന്നിനു വരട്ടെ’ എന്ന് ചോദിക്കുമ്പോൾ, ‘അത്ര മനസ്സാണെങ്കിൽ’അയാളോട് വരാൻ അവൾ പറയുന്നുണ്ട് (അച്ചുതാനന്ദൻ,1994: 323) ‘ഒതേനനും ഒലവിൽ ഒതയോത്തെ കുഞ്ഞിചീരുവും' എന്ന പാട്ടിൽ കുഞ്ഞി ചീരു ചന്ദ്രോത്തുവീട്ടിലെ കുങ്കൻ നമ്പ്യാരുടെ സംബന്ധക്കാരിയാണ്. എന്നാൽ  കുളിക്കാനായി  പോകുന്ന സമയത്തു ചീരുവിനെ കാണുന്ന  പുലയൻ ‘അഞ്ഞൂറ് പൊന്ന് തരാം ഊഴം വഴങ്ങാൻ വരട്ടെ’  എന്ന് ചോദിക്കുമ്പോൾ  അയാളെ വീട്ടിലേക്കു ക്ഷണിക്കുന്നു (Achyuta Menon, Nair, 1955 : 142)  :
 

ചിറമ്മലൊണക്കൻ പുലയ കേൾക്ക
ബന്ധു അവിടയതില്ല ഇപ്പം
ബന്ധുഅത വീട്ടില പൊയിറ്റുണ്ട
ബന്ധു ഇവിടെയത വരിണ്ടിക്കില
നാലുദീവസം കഴിയവേണം
നീയന്നതന്നെ വരുന്നെങ്കില
നെരട്ടന്തിമൊന്തി ആകുന്നേരം
വേഗത്തിതന്നെയങ്ങു വന്നോനീയെ (1955: 142)


നായർ സമുദായത്തിൽ നിലനിന്നിരുന്ന ഈ സമ്പ്രദായത്തെപ്പറ്റി പതിനാറാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ച ഡി. ബാർബോസ വിശദീകരിക്കുന്നുണ്ട് :

    നായർ സ്ത്രീകൾക്ക് പന്ത്രണ്ട്-പതിനാല് വയസ്സ് പ്രായമാകുമ്പോൾ  താലികെട്ടു എന്ന ഒരു ക്രിയയുണ്ട്. ഈ ചടങ്ങു കഴിഞ്ഞാൽ സ്ത്രീക്ക് തന്നെക്കാൾ താണ ജാതിയിലല്ലാത്ത ഏതു പുരുഷനോടുകൂടിയും രമിക്കുന്നതിന് വിരോധമില്ല. എന്നാൽ താലികെട്ട് എന്ന ക്രിയ നടത്തുവാൻ പുരുഷന്മാർ അധികവും ഒരുങ്ങാത്തതിനാൽ കുട്ടിയുടെ അമ്മക്ക് കുറെ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ഇത് ഒരു വിധം നിവൃത്തിച്ചാൽ അമ്മയുടെ പിന്നത്തെ ശ്രമം കുട്ടിക്ക് ഒരു സംബന്ധക്കാരനെ ഉണ്ടാക്കുന്ന കാര്യത്തിലാണ്. എന്നാൽ പെൺകുട്ടി സുന്ദരിയാണെങ്കിൽ മൂന്നോ നാലോ നായന്മാർ ഒന്നിച്ചു കൂടി പെൺകുട്ടിയോട് സംബന്ധം തുടങ്ങാനും അവളുടെയും മറ്റും ചെലവുകൾ നടത്താനും ഏർപ്പാട് ചെയ്യുന്നു. ഇങ്ങനെ എത്ര കണ്ട് അധികം പുരുഷന്മാർ ഒരു സ്ത്രീക്ക് സംബന്ധമുണ്ടായോ അത്രകണ്ട് അധികം മാന്യത കൽപ്പിക്കുന്നു. ഒരു ദിവസം ഉച്ചനേരം മുതൽ പിറ്റേ ദിവസം ഉച്ച വരെ ഒരു പുരുഷനുമായി രമിക്കും. അതുകഴിഞ്ഞാൽ വേറെ പുരുഷൻ വരികയായി. ഇങ്ങനെ പുരുഷന്മാർ ഊഴമിട്ടു വരികയും ആർക്കും അവളുടെ നേരെ സുഖക്കേട് ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു. സ്ത്രീക്ക് ഏതെങ്കിലും പുരുഷന്റെ മേൽ തൃപ്തിയില്ലെങ്കിൽ അവനെ ഉപേക്ഷിക്കുന്നതിനും അവൾക്കു സ്വാതന്ത്ര്യമുണ്ട് (വേലായുധൻ, 2012 : 254). 

    നായർസ്ത്രീകൾക്ക് സംബന്ധക്കാരനെ ഒഴിവാക്കാൻ എളുപ്പത്തിൽ സാധിക്കുമായിരുന്നു എന്ന് 1721 ൽ കേരളം സന്ദർശിച്ച വിഷ്ഫർ പാതിരിയും പറയുന്നു. അതിനു അവർ സ്വീകരിച്ചിരുന്ന മാർഗങ്ങളെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട് (ഭാസ്കരനുണ്ണി, 2012  : 491). നായർസമുദായത്തിൽ നിലനിന്നിരുന്ന ‘സംബന്ധം’ എന്ന വിവാഹവ്യവസ്ഥയാണ്  സ്ത്രീകൾക്ക് ഇത്തരത്തിൽ ഒന്നിലധികം ലൈംഗികബന്ധങ്ങൾ സാധ്യമാക്കിയത്. ഒന്നിലധികം പുരുഷന്മാരുമായി ലൈംഗികബന്ധത്തിനുള്ള സാധ്യത ഉണ്ടായിരുന്നു  എന്നതിനർത്ഥം നായർസമുദായത്തിൽ സ്ത്രീകളുടെ ലൈംഗികത നിയന്ത്രിക്കപ്പെട്ടിരുന്നില്ലെന്നോ പാതിവ്രത്യസങ്കൽപ്പങ്ങൾ ഉണ്ടായിരുന്നില്ലെന്നോ അല്ല. 

   ബാർബോസയും വിഷ്ഫർ പാതിരിയുമൊക്കെ നായർസ്ത്രീകൾക്ക് സംബന്ധക്കാരനെ അവരുടെ ഇഷ്ടപ്രകാരം സ്വീകരിക്കാനും ഒഴിവാക്കാനും സാധിക്കുമായിരുന്നു എന്ന തരത്തിലാണ് രേഖപ്പെടുത്തിയത്. യഥാർത്ഥത്തിൽ അത്തരമൊരു സ്വാതന്ത്ര്യം നായർസ്ത്രീകൾക്ക് ഉണ്ടായിരുന്നില്ല. സംബന്ധക്കാരനെ നിശ്ചയിക്കുന്നത് തറവാട്ടിലെ കാരണവരാണ്. അമ്മയുടെ സഹോദരൻ - അമ്മാവന് ആയിരുന്നു സർവ്വാധികാരം. അധികാരവും സമ്പത്തും ഉള്ളവർ വരുന്നതിനനുസരിച്ചു കാരണവരുടെ നിർദ്ദേശപ്രകാരം സംബന്ധക്കാരനെ ഒഴിവാക്കാനും സ്വീകരിക്കാനും  സ്ത്രീകൾ നിർബന്ധിക്കപ്പെട്ടിരുന്നു. ‘ഒതേനൻ കരിമല കുഞ്ഞിക്കോരനെ കൊന്നത്' എന്ന പാട്ടിൽ തീയ്യനായ കുഞ്ഞിക്കോരന് ഊഴം വഴങ്ങാൻ അമ്മ സമ്മതം നൽകുമ്പോൾ മാതു എതിർക്കുന്നു. അപ്പോൾ തീയ്യനാണെങ്കിലും കോരൻ നാടുവാഴിയാണെന്ന് അമ്മ മറുപടി പറയുന്നു (Achyuta Menon, Nair, 1955: 4). അതായത് ജാതിയിൽ താഴ്ന്ന ആളാണെങ്കിലും അധികാരവും സമ്പത്തുമുള്ള ആളുകളുമായി ഊഴം വഴങ്ങാൻ സ്ത്രീകൾ നിർബന്ധിക്കപ്പെട്ടിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്. മാത്രമല്ല, ഉന്നതാധികാരവും സാമ്പത്തികശേഷിയുമുള്ള ആളുകളുമായി സംബന്ധത്തിൽ ഏർപ്പെട്ട സ്ത്രീകൾ വേറെ പുരുഷനുമായി സംസർഗം നടത്തുന്നത് കർശനമായി നിയന്ത്രിക്കപ്പെട്ടിരുന്നു. അത്തരം സംഭവങ്ങൾ വ്യഭിചാരമായും ജാതിഭ്രഷ്ട് കല്പിക്കാവുന്ന കുറ്റമായും കണക്കാക്കിയിരുന്നു. 'കോമന്നാരുടെ  പാട്ടുകഥ' എന്ന പാട്ടിൽ ഒതേനൻ സംബന്ധം ചെയ്ത കാവിലും  ചാത്തോത്തു കുങ്കി തന്റെ  മരുമകനായ കോമന്നാരുമായി സംസാരിച്ചിരിക്കുന്നത് കണ്ടു വന്ന ഒതേനൻ അത് തന്റെ മരുമകനാണ് എന്നറിയാതെ കുങ്കിയുടെ 'മാറ്റാൻ'  (ജാരൻ) ആണെന്ന് കരുതി  ‘വെടിവെച്ചു കൊല്ലുമെന്ന്’ സഹചാരിയായ ചാപ്പനോട് പറയുന്നു :


ഒന്നിതാ കേൾക്കണം നേർച്ചെങ്ങാതി
ചീരൂന്ന് മാറ്റാനും വന്നിട്ടുണ്ട്
നായാട്ട്നിറയിൽ നിറച്ച തോക്കും 
ഇപ്പോഴെ ഞാനുമൊഴിക്കും ചാപ്പാ (അച്ചുതാനന്ദൻ, 1994 : 302)


ഇത് നായർസ്ത്രീകളും പാതിവ്രത്യം അനുഷ്ഠിക്കേണ്ടിയിരുന്നുവെന്ന് വ്യക്തമാകുന്നു. കുറ്റകൃത്യങ്ങൾ നടത്തിയവരെ ശിക്ഷിക്കുന്നതിനായി തിളച്ച നെയ്യിൽ കൈമുക്കിക്കുക, മുതലകൾ ഉള്ള പുഴ നീന്തിക്കുക തുടങ്ങിയ സമ്പ്രദായങ്ങൾ മധ്യകാലം മുതൽ കൊളോണിയൽ കാലം വരെ തുടർന്നിരുന്നുവെന്നു ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. വ്യഭിചാരക്കുറ്റം ആരോപിക്കപ്പെടുന്ന സ്ത്രീകളും അവരുടെ പാതിവ്രത്യം തെളിയിക്കാൻ ഇത്തരം ശിക്ഷാരീതികളിലൂടെ കടന്നു പോകേണ്ടിയിരുന്നു. വടക്കൻപാട്ടുകളിൽ അതിനുള്ള ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. "തച്ചോളി ഒതേനന്റെ പാട്ടിൽ' മീത്തലേടത്തെ കുങ്കി ബില്ലിയാരിക്ക് കുങ്കമണവാളനുമായി ബന്ധമുണ്ടെന്ന് (‘ഓന്റെ അമരാത ഇണ്ട പോലും’) ഒതേനൻ ആരോപിക്കുന്നു (സ്ക്കറിയ, 1994 : 56). തിളച്ച നെയ്യിൽ കൈമുക്കിയും തീയിൽ ചുട്ടെടുത്ത മഴു കൈകൊണ്ടെടുത്തും മുതലകളുള്ള പുഴ നീന്തിക്കടന്നും ആരോപണം തെറ്റെന്നു തെളിയിക്കാൻ വാഴുന്നോർ കുങ്കി ബില്ലിയാരിയോട് ഉത്തരവിടുന്നു. മേൽ സൂചിപ്പിച്ച പാട്ടുകളിലെല്ലാം തന്നെ സ്ത്രീകൾ ചാരിത്ര്യം സംരക്ഷിക്കാത്തതിന്റെ പേരിൽ പലതരത്തിൽ ശിക്ഷിക്കപ്പെടുന്നതായി കാണാം.

    സ്ത്രീലൈംഗികതയെ നിയന്ത്രിക്കുന്നതിനായി ഉണ്ടായിരുന്ന മറ്റൊരു ഏർപ്പാട് "പഴുക്കയേറ്' എന്ന് പാട്ടുകൾ വിശേഷിപ്പിക്കുന്ന ‘പേടി സമ്പ്രദായ’മാണ്  (മണ്ണാപ്പേടി, പുലപ്പേടി, പറയപ്പേടി ). നായന്മാരുടെ ഇണചേരലിനെ ജാതിയുടെ നിബന്ധനകൾക്കു വിധേയമാക്കുന്ന ശക്തമായ ഉപകരണമായിരുന്നു പേടി. പേടിയിലും നൽകപ്പെടുന്ന ശിക്ഷ വീട്ടിൽ നിന്നും ജാതിയിൽ നിന്നുമുള്ള നിഷ്കാസനമാണ്. മരുമക്കത്തായ വ്യവസ്ഥയിൽ വീടുകളിൽ ശക്തമായ ആൺകോയ്മ സ്ത്രീകളുടെ ചലനങ്ങളെ നിയന്ത്രിക്കാൻ കണ്ടുപിടിച്ച മാർഗവുമാണിത് (ഗണേശ്,1997: 227) ‘കനകത്തു കുമ്പച്ചിയും പുലയരും' എന്ന പാട്ടിൽ കുമ്പച്ചിയെ ഇത്തരത്തിൽ പഴുക്കടക്കയെറിഞ്ഞു ജാതിഭ്രഷ്ടാക്കുന്നത് വിവരിക്കുന്നു. ഭ്രഷ്ടയായ കുങ്കി കുടിയാൻ മമ്മിയുടെ കൂടെ പോകുകയാണ് ചെയ്യുന്നത് (അപ്പുണ്ണി നമ്പ്യാർ,1983: 180). ‘ഒതേനനും മണലൂർ കുഞ്ഞിക്കുമ്പയും' എന്ന പാട്ടിൽ കുഞ്ഞിക്കുമ്പ തന്നോട് ഊഴം വഴങ്ങാൻ സമ്മതിക്കാതെ ഒതേനനോട് വഴങ്ങിയതിൽ കുപിതനായി മരക്കാർ കുമ്പയെ പുലയരെക്കൊണ്ട് തീണ്ടിക്കുന്നു (Achyuta Menon,Nair, 1955 : 113- 125). ഒന്നിലധികം പുരുഷന്മാരുമായി ലൈംഗികബന്ധത്തിലേർപ്പെടാനുള്ള സാഹചര്യം നായർ സ്ത്രീകൾക്ക് ഉണ്ടായിരുന്നു എങ്കിലും പാതിവ്രത്യം കർശനമായി പാലിക്കേണ്ടിയിരുന്നു എന്നാണ് ഈ വിവരണങ്ങളിൽനിന്നും വ്യക്തമാകുന്നത്. നമ്പൂതിരിസ്ത്രീകളെ പോലെ ഒരു പുരുഷനെ പ്രതി രൂപംകൊള്ളുന്ന പാതിവ്രത്യം ആയിരുന്നില്ല നായർസ്ത്രീകളുടേത് എന്ന് മാത്രം. മാത്രമല്ല, താഴ്ന്ന ജാതിയിൽപ്പെട്ട പുരുഷന്മാരുമായുള്ള ലൈംഗികബന്ധം ശക്തമായി വിലക്കപ്പെടുകയും ചെയ്തിരുന്നു .

   തീയ്യ/ഈഴവസമുദായത്തിൽ പല സഹോദരൻമാർ ചേർന്ന് ഒരു സ്ത്രീയെ വിവാഹം കഴിക്കുന്ന സഹോദരബഹുഭർതൃത്വം ആണ് നിലവിലുണ്ടായിരുന്നത് എന്ന്  പത്തൊമ്പതാംനൂറ്റാണ്ടിൽ കേരളം സന്ദർശിച്ച ഫ്രാൻസിസ് ബുക്കാനൻ രേഖപ്പെടുത്തിയിട്ടുണ്ട്. (വേലായുധൻ, 2012:398). ഈഴവസ്ത്രീകൾ യൂറോപ്യരുമായി ബന്ധം പുലർത്തിയിരുന്നു എന്നും അത് യാതൊരു തരത്തിലുമുള്ള ജാതിഭ്രഷ്ടിനും കാരണമായിരുന്നില്ല എന്നും എൽ. കെ. അനന്തകൃഷ്ണ അയ്യരും ചൂണ്ടിക്കാണിക്കുന്നു (Ananthakrishna, 1981:283). എന്നാൽ വടക്കൻപാട്ടുകളിൽ ഇത്തരത്തിലുള്ള സ്ത്രീപുരുഷബന്ധങ്ങളല്ല ദൃശ്യമാകുന്നത്. ഒന്നിലധികം പുരുഷന്മാരുമായുള്ള ബന്ധത്തിന്റെ സൂചനകൾ കാണുന്നു. പുത്തൂരംപാട്ടുകളിലും 'കരും പറമ്പിൽ കണ്ണന്റെ കഥ'  എന്ന പാട്ടിലും മാത്രമാണ് തീയ്യ/ഈഴവർ പ്രധാന കഥാപാത്രമായി വരുന്നത്. (അച്ചുതാനന്ദൻ, 1994:349). ഇതിൽ പുത്തൂരംപാട്ടുകളിലെ കഥാപാത്രമായ ഉണ്ണിയാർച്ച ആറ്റുംമണമ്മേലെ കുഞ്ഞിരാമനെയാണ് കല്യാണം കഴിച്ചിട്ടുള്ളത്. എന്നാൽ, ആങ്ങള അങ്കം ജയിച്ചു വന്നാൽ കുഞ്ഞിരാമാനുമായുള്ള ‘ബന്ധുത്വം’ ഒഴിഞ്ഞു മുറച്ചെറുക്കനായ ചന്തുവിന് പെണ്ണായിരിക്കാമെന്ന് ഉണ്ണിയാർച്ച വാക്കു കൊടുക്കുന്നുണ്ട്. അതായത്, ഏതു സമയത്തും ഒഴിവാക്കാവുന്ന ഒരു ബന്ധുത്വം എന്ന സ്വഭാവമാണ് വിവാഹത്തിന് ഉണ്ടായിരുന്നത് എന്ന് പറയാവുന്നതാണ്. അതുപോലെത്തന്നെ, ചന്തുവിനോട് ഉണ്ണിയാർച്ചക്കു താല്പര്യമുണ്ടായിരുന്നു എന്നതിന്റെ സൂചനകളും പാട്ടുകൾ നൽകുന്നു. മുറച്ചെറുക്കനെ വിവാഹം കഴിക്കുന്ന സമ്പ്രദായം മിക്കവാറും എല്ലാ ജാതികളിലും നാടുവാഴിത്തകാലത്തു നിലനിന്നിരുന്നത് കൊണ്ടുതന്നെ അതിൽ അസ്വാഭാവികത കരുതേണ്ടതുമില്ല.  തീയ്യത്തി ആർച്ചയെക്കുറിച്ചുള്ള പാട്ടിലാണെങ്കിൽ ആർച്ചയെ  കണ്ടു കൊതിമൂത്ത തമ്പുരാൻ ഭർത്താവായ കണ്ണനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തന്നോടൊപ്പം അന്തിയുറങ്ങാൻ നിർബന്ധിക്കുന്നു. നിർബന്ധത്തിനു വഴങ്ങി തമ്പുരാനോടൊപ്പം ആർച്ച അന്തിയുറങ്ങുന്നുമുണ്ട്. മൂന്നു തരം രേഖപ്പെടുത്തലിലും ഒന്നിലധികം പുരുഷന്മാരുമായി ബന്ധം പുലർത്തുന്നവരായി ഈഴവ / തീയ്യസ്ത്രീകളെ കാണാമെങ്കിലും അവർ പാതിവ്രത്യസങ്കൽപ്പങ്ങളിൽ നിന്നും മുക്തരാണ് എന്ന് കരുതിക്കൂടാ. സഹോദര ബഹുഭർതൃത്വം ജാതിമര്യാദയുടെ ഭാഗമാണ്. യൂറോപ്യരുമായുള്ള ബന്ധം ജാതിഭ്രഷ്ടിനു കാരണമായിരുന്നില്ലെങ്കിൽ അതും പിന്നീട് ജാതിമര്യാദയുടെ ഭാഗമായിത്തീർന്നതു കൊണ്ടാകാം.19  യൂറോപ്യൻഭരണം പ്രത്യേകിച്ച് ബ്രിട്ടീഷുകാരുടേത്, സാമ്പത്തികമായി ഉന്നമനം നേടാൻ ഈഴവ / തീയ്യ സമുദായത്തെ ഏറെ സഹായിച്ചിട്ടുണ്ട്. അത് ജാതിമര്യാദകളിൽ മാറ്റം വരുത്തുന്ന സമീപനം സ്വീകരിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടാകാം. ഈ ജാതിമര്യാദകളെ ലംഘിക്കുന്ന തരത്തിലുള്ള ബന്ധങ്ങളിൽ ഏർപ്പെടാൻ പക്ഷെ ഈഴവ / തീയ്യ സ്ത്രീകൾക്ക് അനുവാദമുണ്ടായിരുന്നില്ല.  എത്ര സഹോദരന്മാരെ വിവാഹം കഴിച്ചാലും അവരോടൊക്കെ പാതിവ്രത്യം പുലർത്താൻ അവർ നിർബന്ധിതരായിരുന്നു. അതായത് അവർക്ക് പുറത്തുള്ള പുരുഷൻമാരുമായി ബന്ധംപുലർത്തുന്നത് കർശനമായി വിലക്കിയിരുന്നു. അത് ജാതിമര്യാദകളുടെ ലംഘനമായിക്കണ്ട് കടുത്ത  ശിക്ഷകൾ  നൽകുന്ന രീതിയും നിലനിന്നിരുന്നു. പുത്തൂരംപാട്ടുകളിലാണെങ്കിൽ, അയഞ്ഞ ഘടനയിലെങ്കിലും  ഏകഭർതൃത്വമാണ് കാണുന്നത്.  ഏകഭർതൃത്വം  പാതിവ്രത്യത്തിന്റെ മൂർത്തിമത്ഭാവവുമാണ്.

  "പൂമാതൈ പൊന്നമ്മയും കടലുംകര നാടുവാഴിയും' എന്ന പാട്ടിൽനിന്നും നാടുവാഴിത്തകാലത്തെ പുലയസമുദായത്തിലെ സ്ത്രീപുരുഷബന്ധങ്ങൾ  വ്യക്തമാണ് (അപ്പുണ്ണി നമ്പ്യാർ, 1983:19-37). പുലയസമുദായത്തിലെ ഉപവിഭാഗങ്ങൾക്കനുസരിച്ച് വിവാഹരീതിയിലും ആചാരങ്ങളിലും ദായക്രമങ്ങളിലും വ്യത്യാസമുണ്ടായിരുന്നു എന്ന് അനന്തകൃഷ്ണ അയ്യർ രേഖപ്പെടുത്തുന്നു. പുലയസമുദായത്തിൽ ധാരാളം ഉപവിഭാഗങ്ങളുണ്ട്. ഭൂരിഭാഗം ഉപവിഭാഗങ്ങളിലും ഏകദാമ്പത്യവും മക്കത്തായവുമാണ് നിലനിന്നിരുന്നത്. എന്നാൽ ത്രിച്ചൂർ(Trichur)താലൂക്കിലെ ചില ഭാഗങ്ങളിൽ പുലയർ, നായർ സമുദായത്തിലെ    സംബന്ധം  പോലെയുള്ള വിവാഹരീതി പിന്തുടർന്നിരുന്നു. "മെരുങ്ങു കൂടുക' എന്നാണ് ഇതിനെ വിളിച്ചിരുന്നത്.  ഇപ്രകാരം വിവാഹിതയായ സ്ത്രീയെ ഭർതൃവീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാറില്ല. തണ്ടാപുലയന്മാർക്കിടയിൽ ബഹുഭാര്യാത്വം നിലനിന്നിരുന്നു. അച്ഛനമ്മമാരുടെ സമ്മതത്തോടെ വിവാഹത്തിന് മുൻപ് ഒന്നോ രണ്ടോ പുരുഷന്മാരുമായി ബന്ധം പുലർത്തുകയും അവസാനം അതിലൊരാൾ അവളെ വിവാഹം കഴിക്കുകയും ചെയ്യുന്ന സമ്പ്രദായം ഉത്തര കേരളത്തിന്റെ ചില ഭാഗങ്ങളിൽ ഉണ്ടായിരുന്നു. വിവാഹരീതികൾ എപ്രകാരമായിരുന്നാലും സ്വജാതി വിവാഹം മാത്രമേ അനുവദനീയമായിരുന്നുള്ളൂ. അന്യജാതിയായ പറയനുമായി സ്ത്രീകൾക്ക് ബന്ധമുണ്ടായാൽ അവളെ ജാതിയിൽ നിന്നും പുറത്താക്കിയിരുന്നു (Ananthakrishna, 1981:99 - 110).ജാതിവിലക്ക് മാത്രമല്ല മരണശിക്ഷ തന്നെ നല്കിയിരുന്നുവെന്ന് പൂമാതൈയെക്കുറിച്ചുള്ള പാട്ടിൽ പറയുന്നുണ്ട്.

   കടലുംകര നാടുവാഴിയുടെ കാമദാഹത്തിന് വഴങ്ങാത്തതിന്റെ പേരിൽ പൂമാതൈയെ അപരാധദോഷം ആരോപിച്ച് കൊല്ലുന്നതായാണ് പാട്ടുകൾ വിവരിക്കുന്നത്. പാതിവ്രത്യസങ്കല്പങ്ങൾ അവർണസമുദായങ്ങളിലും ശക്തമായിരുന്നു എന്നാണ് ഇതിൽനിന്നും വ്യക്തമാകുന്നത്.
ബ്രാഹ്മണാധിപത്യത്തിലൂടെ ഉരുത്തിരിഞ്ഞു വന്ന കാർഷികഗ്രാമങ്ങളുടെ വ്യാപനത്തിലൂടെ ഉണ്ടായതാണ് നാടുവാഴിത്തസമൂഹം. ഈ കാലത്തെ ഭൂ-ഉത്പാദക ബന്ധങ്ങൾക്കനുസൃതമായാണ് ദായക്രമങ്ങളും സ്ത്രീപുരുഷബന്ധങ്ങളും രൂപം കൊള്ളുന്നത് (ഷിബി,2015:1). കാർഷികസമ്പത്ഘടനയിലേക്കും രണ്ടാംഘട്ട നഗരവൽക്കരണത്തിലേക്കുമുള്ള മാറ്റം ജാതിയുടെയും വർഗ്ഗവിഭജനങ്ങളുടെയും ആവിർഭാവത്തിനും വഴിയൊരുക്കുന്നു എന്ന് ഉമാ ചക്രവർത്തി അഭിപ്രായപ്പെടുന്നു (Uma,1993: 581). .

   വേദകാലാനന്തര കാലഘട്ടത്തിൽ  ഭൂമിയുടെ മുകളിൽ സ്വകാര്യ ഉടമസ്ഥാവകാശം സ്ഥാപിക്കപ്പെടുന്നതോടുകൂടി ഗോത്രജീവിതവ്യവസ്ഥ പൂർണ്ണമായും തകർന്നടിയുകയും ബ്രാഹ്മണർ അവഗണിക്കാനാവാത്ത ഒരു ശക്തിയായി മാറുകയും ചെയ്യുന്നുണ്ട്.  പിതൃവഴിയിൽ പിന്തുടർച്ചാവകാശം നിശ്ചയിക്കപ്പെടുന്ന, വ്യക്തമായി നിർവ്വചിക്കപ്പെട്ട ഒരു കുടുംബഘടനയിലേക്ക് സമൂഹം ഈ ഘട്ടത്തിൽ മാറുമ്പോൾ ജാതിയുടെ പരിശുദ്ധി സംരക്ഷിക്കപ്പെടേണ്ടതിന്റെയും അതിനായി സ്ത്രീ ലൈംഗികത നിയന്ത്രിക്കപ്പെടേണ്ടതിൻെറയും ആവശ്യകത സംജാതമാകുന്നു. സ്ത്രീയെ കേന്ദ്രീകരിച്ച്  ചാരിത്ര്യ - പാതിവ്രത്യ സങ്കൽപ്പങ്ങൾ രൂപപ്പെടുന്നത് അങ്ങനെയാണ്.

   ജാതിയുടെ, കുലത്തിന്റെ മാനവും പരിശുദ്ധിയും നിലനിർത്തുകയും സ്വജാതിയിൽപ്പെട്ട സന്തതിപരമ്പരകളിലൂടെ മാത്രം സ്വത്തുകൈമാറ്റം ഉറപ്പുവരുത്തുകയുമാണ് നാടുവാഴിത്തകാലത്തു സ്ത്രീകളെ ചാരിത്ര്യവതികളും പതിവ്രതകളുമാക്കി നിർത്തുന്നതിലൂടെ നിർവ്വഹിക്കപ്പെട്ടത്. നാടുവാഴിത്തഅധികാരഘടന നിലനിർത്തുന്നതിന് അത് അത്യന്താപേക്ഷിതമായിരുന്നു.

 പാതിവ്രത്യ സങ്കല്പം വടക്കൻപാട്ട് സിനിമകളിൽ

 വടക്കൻപാട്ടുകളെ ആധാരമാക്കി നിർമ്മിക്കപ്പെട്ട സിനിമകളെയാണ് വടക്കൻപാട്ട് സിനിമകൾ എന്ന് പറയുന്നത് . 1961 ൽ ഉണ്ണിയാർച്ച (കുഞ്ചാക്കോ) യോടെ ആരംഭിക്കുന്ന വടക്കൻപാട്ട് സിനിമകളുടെ തേരോട്ടം 2016 വീരം (ജയരാജ്) വരെ തുടരുന്നുണ്ട്.1 ഇരുപതോളം സിനിമകളാണ്  ഇപ്രകാരം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. വടക്കൻപാട്ടുകൾ നാടുവാഴിത്തകാല കാലത്തെയാണ് പ്രതിനിധീകരിക്കുന്നതെങ്കിൽ വടക്കൻപാട്ട് സിനിമകൾ ആധുനിക ദേശീയതയും ദേശ രാഷ്ട്ര സംവിധാനവും  രൂപം കൊണ്ട കാലത്തെ അഥവാ മുതലാളിത്ത കാലത്തെയാണ്.  ജാതിമത വ്യത്യാസമില്ലാതെ എല്ലാവർക്കും ബാധകമാകുന്ന രീതിയിൽ ഏകമാനമായ ഒരു ലൈംഗിക സദാചാര സംഹിതയുടെയും പാതിവ്രത്യ സങ്കല്പത്തിന്റെയും നിർമ്മിതിയിലേക്ക് സമൂഹം ഈ ഘട്ടത്തിൽ മാറുന്നുണ്ട്. ലൈംഗിക - ചാരിത്ര്യ സങ്കൽപ്പങ്ങൾക്ക് സംഭവിച്ച ഈ മാറ്റം വടക്കൻപാട്ട് സിനിമകളിലും ദൃശ്യമാണ്.

   ദേശരാഷ്ട്രം മുതലാളിത്തം രൂപകൽപ്പന ചെയ്തതാണ്. മുതലാളിത്തത്തിന്റെ നൂതനമായ മൂലധന സമാഹരണങ്ങൾക്കും ക്രയവിക്രയങ്ങൾക്കും പര്യാപ്തമാകുന്ന തരത്തിൽ സാമൂഹ്യക്രമത്തെ രൂപപ്പെടുത്തേണ്ടത് അതിന്റെ  ആവശ്യകതയായിരുന്നു. അതിനായി രാഷ്ട്രീയ അധികാരഘടന മാത്രം മാറിയാൽ മതിയാകുമായിരുന്നില്ല.  കുടുംബം, ദായകക്രമം, സ്ത്രീപുരുഷ ബന്ധങ്ങൾ എന്നിവയിലെല്ലാം മാറ്റം വരുത്തേണ്ടിയിരുന്നു. ദേശരാഷ്ട്രത്തിനുള്ളിൽ, കൂട്ടുകുടുംബത്തിനു പകരം അണുകുടുംബവും ബഹുഭാര്യത്വം/ഭർത്തൃത്വം എന്നിവക്ക് പകരം ഏകദാമ്പത്യവും ഉടലെടുക്കുന്നത്  മുതലാളിത്തത്തിന് അതിന്റെ മൂലധന വിനിയോഗം സുഗമമാക്കുന്നതിനും വിശാലമാക്കുന്നതിനും കൂടിവേണ്ടിയാണ്. സ്വകാര്യസ്വത്ത് വ്യക്തി ഉടമസ്ഥതിയിലേക്കു മാറുന്നതോടെ പിതൃദായകവ്യവസ്ഥ കൂടുതൽ സുഘടിതവും കെട്ടുറപ്പുള്ളതുമായിത്തീരുന്നു. സ്തൈ്രണകാമനയുടെ സമ്പൂർണ്ണമായ നിയന്ത്രണം, ഏകദാമ്പത്യവും മക്കത്തായ അണുകുടുംബവും നിലനിൽക്കേണ്ടതിനു അത്യന്താപേക്ഷിതമായിത്തീരുന്ന സ്ഥിതി വിശേഷം  ഇത് സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്ത്രൈണ ലൈംഗികതയെ നിയന്ത്രിക്കുന്ന പതിവ്രത്യ,  ചാരിത്ര്യ സങ്കല്പങ്ങൾ മുതലാളിത്ത സമൂഹത്തിൽ/ ദേശരാഷ്ട്രത്തിനുള്ളിൽ  കൂടുതൽ രൂഢമൂലമായിത്തീരുകയാണ് ചെയ്തത് . 

   ദേശീയതകളുടെ ആവിർഭാവം ലൈംഗികതയുടെ നിയന്ത്രണത്തിനും ക്രമീകരണത്തിനും കാരണമായിട്ടുണ്ട് എന്ന് ജി.എൽ. മോസ്സേയെപ്പോലുള്ളവർ നിരീക്ഷിച്ചിട്ടുണ്ട് (Mosse, George L, 1983). . പുരുഷ ലൈംഗികതയും നിയന്ത്രിക്കപ്പെടുന്നുണ്ടെങ്കിലും സ്ത്രീ ലൈംഗികതയാണ് കൂടുതൽ നിയന്ത്രണവിധേയമാകുന്നത്. ദേശീയതാ വ്യവഹാരങ്ങൾ സ്ത്രൈണ ലൈംഗികത വന്യവും (wild)അനിയന്ത്രിത(uncontrollable) മായതും മതിവരാത്തതും (insatiable)അപകടകരമായ (dangerous) തുമാണ് എന്ന ആശയമാണ് മുന്നോട്ടു വെക്കുന്നത്  എന്ന് ദേശീയതയും   ലിംഗവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ഫെമിനിസ്റ്റ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ദേശ രാഷ്ട്രങ്ങൾ സ്ത്രീയെ രാഷ്ട്രമായാണ്(Nation - as - Woman) കണക്കാക്കുന്നത്; സ്ത്രീയുടെ ചാരിത്ര്യത്തെ രാഷ്ട്രത്തിന്റെ മാനാഭിമാനത്തിന്റെ അളവുകോലായും. അതുകൊണ്ടുതന്നെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമണങ്ങൾ രാഷ്ട്രത്തിനു നേരെയുള്ളതായി കണക്കാക്കപ്പെടുന്നു. സ്ത്രീകൾക്കു സംഭവിക്കുന്ന മാനഹാനി രാഷ്ട്രത്തിന്റെ മാനഹാനിയായും മാറുന്നു. പുരുഷൻ ഒരു അപകടത്തെ കുറിച്ചുള്ള മുന്നറിയിപ്പ് ലംഘിച്ചാൽ അത് പരമാവധി അവരുടെ വ്യക്തിപരമായ കഴിവിനെ മാത്രമാണ് ഭീഷണിപ്പെടുത്തുന്നത്. എന്നാൽ സ്ത്രീകളാണ് അപകട മുന്നറിയിപ്പിനെ വകവെക്കാതിരിക്കുന്നതെങ്കിൽ അത് ഒരു മുഴുവൻ സമൂഹത്തിന്റെയും ദുരന്തത്തിന് കാരണമാകുന്നു എന്ന് ഇലിയാസ് കാനേറ്റി നിരീക്ഷിക്കുന്നുണ്ട് . (Ivekovnic, Rada and Mostov, Julie., 2002,qtd,11-þ12)

   സ്ത്രൈണകാമനയെ ശക്തമായി നിയന്ത്രിച്ചുകൊണ്ടുള്ള പാതിവ്രത്യ - ചാരിത്ര്യ സങ്കല്പങ്ങൾക്കു രൂപംകൊടുത്തുകൊണ്ടാണ് സമൂഹം / രാഷ്ട്രം നേരിടുന്ന ഈ അപകടത്തിനു പരിഹാരം കാണുന്നത്.
മറ്റെല്ലാ രാഷ്ട്രങ്ങളെപ്പോലെതന്നെ ഇന്ത്യയും രാഷ്ട്രത്തെ സ്ത്രീയായിതന്നെയാണ് കാണുന്നത്. സ്ത്രീ, സ്ത്രീകാമന എന്നിവയെ കുറിച്ച്  പൊതുവെ ദേശരാഷ്ട്ര  വ്യവഹാരങ്ങൾ പങ്കുവെക്കുന്ന കാഴ്ചപ്പാടുകൾ തന്നെയാണ് ഇന്ത്യയും പിന്തുടരുന്നത്. അതുകൊണ്ടുതന്നെ സ്തൈ്രണകാമനയെ നിയന്ത്രിക്കുന്ന പാതിവ്രത്യ സങ്കല്പങ്ങൾ ഇന്ത്യയും നിർമ്മിക്കുന്നുണ്ട്.

    ഇന്ത്യയിലെ സ്ത്രീകൾ പതിവ്രതകൾ അല്ലെന്ന ബ്രിട്ടിഷുകാരുടെ വിമർശനത്തിനെതിരെ പുരാണ മഹാഭാരതാദി ഇതിഹാസങ്ങളിലെ കഥാപാത്രങ്ങളെ മുൻനിർത്തി തങ്ങളുടെ സ്ത്രീകളും പതിവ്രതകളാണ് എന്ന് സ്ഥാപിക്കാനുള്ള വലിയ ശ്രമങ്ങൾ ദേശീയവാദികൾ നടത്തുന്നുണ്ട്. സീത, സതി, സാവിത്രി, ദ്രൗപതി തുടങ്ങിയ കഥാപാത്രങ്ങൾ  ദേശീയ വ്യവഹാരങ്ങളിൽ സജീവ സാന്നിധ്യമാകുന്നത് അങ്ങനെയാണ്. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളും സ്ത്രീയുടെ പാതിവ്രത്യത്തിനു ഉൗന്നൽ നൽകുന്നുണ്ട്. സംബന്ധമടക്കമുള്ള സ്ത്രീപുരുഷബന്ധങ്ങൾ നിലനിന്നിരുന്ന കേരളത്തിൽ സ്ത്രീകൾ കന്യകകളും ചാരിത്ര്യവതികളുമല്ലെന്ന അധിനിവേശ കാഴ്ചപ്പാടിനെതിരെ നായർ വിവാഹപരിഷ്ക്കരണം ആവശ്യപ്പെട്ടുകൊണ്ട് സർ. സി. ശങ്കരൻ നായർ 'ഞങ്ങളുടെ സ്ത്രീകൾക്കും ചാരിത്ര്യമുണ്ടായിരുന്നു'  (ഷീബ, കെ.എം.,ഉദ്ദാ .,2014 ) എന്ന ലേഖനം എഴുതിയത് ഓർക്കുക. അതുപോലെത്തന്നെ നായർ സ്ത്രീകൾക്ക് ചാരിത്ര്യമുണ്ടായിരുന്നു എന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ബാലഡ്സ് ഓഫ് നോർത്ത് മലബാറിന് എഴുതിയ പഠനത്തിൽ ചേലനാട്ടു അച്യുതമേനോനും നടത്തുന്നുണ്ട് (Achyuta Menon, Chelanattu., 1956,131)

  കുടുംബത്തിന്റെയും ദായകക്രമങ്ങളുടെയും പരിഷ്ക്കരണത്തിലൂടെ സ്ഥാപിക്കപ്പെട്ടത് സ്ത്രീയുടെ പാതിവ്രത്യവും മുതലാളിത്ത പിതൃദായക വ്യവസ്ഥിതിയുമാണ്. ഇപ്രകാരം കുടുംബ - ലൈംഗിക സങ്കല്പ്പങ്ങളിലെല്ലാം ആധുനികവൽക്കരിക്കപ്പെട്ട ഇന്ത്യയിലാണ്, കേരളത്തിലാണ് വടക്കൻപാട്ട് സിനിമകൾ പിറവിയെടുക്കുന്നത്. അതുകൊണ്ടുതന്നെ ബഹുഭർത്തൃത്വം അനുഷ്ഠിക്കുന്ന നാടുവാഴിത്ത സ്ത്രീയായയല്ല വടക്കൻപാട്ട് സിനിമകളിലെ നായികമാർ  അവതരിപ്പിക്കപ്പെട്ടത് മറിച്ചു, ദേശരാഷ്ട്രം രൂപകൽപ്പന ചെയ്ത ഭർത്താവായ പുരുഷനിൽ തന്റെ കാമന ജീവിതത്തെ ഒതുക്കി നിർത്തിയ ഒതുങ്ങിയ ലൈംഗിക തൃഷ്ണയുള്ള, പതിവ്രതയായ, ചരിത്ര്യവതിയായ ആധുനിക സ്ത്രീയായാണ്.

  വടക്കൻപാട്ടുകളിലെ ഉണ്ണിയാർച്ച നാടുവാഴിത്ത സ്ത്രീയാതുകൊണ്ടുതന്നെ ഒന്നിലധികം ലൈംഗികബന്ധങ്ങളുണ്ടാവുക ഒട്ടും അസ്വാഭാവികമായ കാര്യമല്ല. മച്ചുനിയനായ ചന്തുവിനോട് ഉണ്ണിയാർച്ചക്ക് താല്പര്യമുണ്ടായിരുന്നതായി പാട്ടുകളിൽ സൂചനയുണ്ട്. എന്നാൽ, ഇത്തരത്തിൽ ചന്തുവിനോട് താൽപ്പര്യം കാണിക്കുന്ന നാടുവാഴിത്ത സ്ത്രീയായല്ല സിനിമയിൽ  ഉണ്ണിയാർച്ച അവതരിപ്പിക്കപ്പെടുന്നത് മറിച്ചു കുഞ്ഞിരാമനെ മാത്രം ഭർത്താവായി സ്വീകരിച്ച പതിവ്രതയായ ഭാര്യയായാണ്. സിനിമയിലെ ഉണ്ണിയാർച്ചക്ക് ചന്തു ആങ്ങള സ്വന്തം സഹോദരനെപ്പോലെതന്നെയാണ്. ആങ്ങളയെന്നു കരുതിതന്നെയാണ് ആറ്റുമണമ്മേലേക്കു ക്ഷണിച്ചതെന്നു അവൾ പറയുന്നുണ്ട്.  ചൂലുകൊണ്ടു അടിച്ചത് അനുവാദമില്ലാതെ കിടപ്പറയിൽ പ്രവശിച്ചതുകൊണ്ടാണ്. ഉണ്ണിയാർച്ചയുടെ ലൈംഗിക താൽപ്പര്യങ്ങൾ കുഞ്ഞിരാമനിൽ മാത്രം നിക്ഷിപ്തമാണെന്നു സ്ഥാപിച്ചുകൊണ്ട്  അവളുടെ പാതിവ്രത്യത്തെ ഉറപ്പിക്കുകയാണ് സിനിമ ചെയ്യുന്നത് . കാവിലും ചാത്തോത് കുങ്കിയും (തച്ചോളി ഒതേനൻ), കടത്തനാട്ട് മാക്കവും (കടത്തനാട്ട് മാക്കം ), തുമ്പോലാർച്ചയും (തുമ്പോലാർച്ച) ബാല (പൊന്നാപുരംകോട്ട) യുമെല്ലാം ഇപ്രകാരം പതിവ്രതകളായാണ് അവതരിപ്പിക്കപ്പെട്ടത്.

   പാതിവ്രത്യവും കന്യകാത്വവും ചോദ്യം ചെയ്യപ്പെടുമ്പോൾ കടുത്ത ശിക്ഷാരീതികളിലൂടെ ആധുനികസ്ത്രീയും  കടന്നുപോകുന്നുണ്ട് . കന്യകാത്വം സംശയിക്കപ്പെട്ടപ്പോൾ നാട്ടുകാരുടെയും നാടിന്നുടയവരുടെയും മുന്നിൽ വെച്ച് അഗ്നിപരീക്ഷക്കു വിധേയമായി കന്യകാത്വം തെളിയിക്കാനാണ് തുമ്പോലാർച്ച കല്പിക്കപ്പെടുന്നത്. കടത്തനാട്ട് മാക്കത്തിന് മരണശിക്ഷയാണ് വിധിച്ചത്. കണ്ണപ്പനുണ്ണിയിൽ ചന്തു ബലാൽസംഗം ചെയ്ത പൂജാരിയുടെ മകളും  കൊല്ലപ്പെടുന്നു. ഇപ്രകാരം, ലൈംഗിക അതിക്രമത്തിന് വിധേയരായ സ്ത്രീകളെല്ലാം മരണപ്പെടേണ്ടതുണ്ട് എന്നും  സ്വന്തം  ജീവൻ നഷ്ട്ടപ്പെടുത്തിയും സ്ത്രീകൾ അവരുടെ മാനം നിലനിർത്തേണ്ടതുണ്ട് എന്നും  വടക്കൻപാട്ട് സിനിമകൾ നിസ്സംശയം പറഞ്ഞുവെക്കുന്നുണ്ട്.  

   ലൈംഗികമായ അക്രമങ്ങൾ തങ്ങളുടെയും കുടുംബത്തിന്റെയും നാടിന്റെയും  മാനം നശിപ്പിക്കുമെന്നു തന്നെയാണ് വടക്കൻപാട്ടു സിനിമകളിലെ നായികമാർ കരുതുന്നത്. അതുകൊണ്ടു തന്നെ മാനം നശിച്ചു തങ്ങൾ  ജീവിച്ചിരിക്കില്ല എന്നാണവർ പ്രഖ്യാപിക്കുന്നത് . തച്ചോളി മരുമകൻ ചന്തുവിൽ പൊന്നാപുരം കോട്ടയിലെ കണ്ടർ മേനോൻ  മാതുവിനെ തട്ടിക്കൊണ്ടു പോകുമ്പോൾ തനിക്കും കുടുംബത്തിനും നാടിനും ഉണ്ടായ നാണക്കേടും ചീത്തപ്പേരും ഓർത്താണ് അവൾ കരയുന്നത്. സ്ത്രീകളുടെ മാനം നാടിൻറെ രാഷ്ട്രത്തിന്റെ മാനമായി പരിഗണിക്കപ്പെടുന്നു. സ്ത്രീയുടെ പാതിവ്രത്യം, ചാരിത്ര്യം, കന്യകാത്വം, മാനം, പരിശുദ്ധി തുടങ്ങിയ കാഴ്ചപ്പാടുകൾക്കു വലിയ തോതിലുള്ള പ്രാധാന്യമാണ് വടക്കൻപാട്ട് സിനിമകൾ നൽകുന്നത് . ഇവിടെ  ശ്രദ്ധിക്കേണ്ടുന്ന കാര്യം ഈഴവ സ്ത്രീയായ ഉണ്ണിയാർച്ചയും നായർ സ്ത്രീയായ കാവിലും  ചാത്തോത്തു കുങ്കിയും ഒരേ തരത്തിലുള്ള പാതിവ്രത്യ സങ്കല്പങ്ങൾക്കുള്ളിലാണ് നിൽക്കുന്നത് എന്നതാണ്. അതോടൊപ്പം തന്നെ സ്ത്രീയ്ക്ക് നേരെയുള്ള അതിക്രമങ്ങൾ നാടിനും (രാഷ്ട്രത്തിനും) നേരെയുള്ള അതിക്രമങ്ങളായുമാണ് സിനിമകളിൽ  അവതരിപ്പിക്കപ്പെടുന്നത്.
ചുരുക്കത്തിൽ, നാടുവാഴിത്തത്തിൽ നിന്നും മുതലാളിത്തത്തിലേക്ക് / ആധുനിക ദേശരാഷ്ട്ര സംവിധാനത്തിലേക്ക് സമൂഹം പരിണമിച്ചപ്പോൾ സ്ത്രീയെ കേന്ദ്രീകരിച്ചുള്ള പാതിവ്രത്യ സങ്കൽപ്പങ്ങൾ കൂടുതൽ ശക്തമായിത്തീരുകയാണ് ചെയ്യുന്നത് എന്നാണ് രണ്ടു കാലഘട്ടങ്ങളിലെ കലാസൃഷ്ടികളുടെ വിശകലനത്തിൽ നിന്നും വ്യക്തമാകുന്നത്. നാടുവാഴിത്തകാലത്ത് ജാതിയുടെ വിശുദ്ധിയാണ് സ്ത്രീയുടെ പാതിവ്രത്യത്തിലൂടെ സംരക്ഷിക്കപ്പെട്ടതെങ്കിൽ മുതലാളിത്ത വ്യവസ്ഥിതിയിൽ ജാതിയുടെ മാത്രമല്ല രാഷ്ട്രത്തിന്റെയും വിശുദ്ധിയും മാനവുമാണ് അതിലൂടെ പരിരക്ഷിക്കപ്പെടുന്നത്.

 

References

References
കുറിപ്പുകൾ

1.       1961 നും 1979  നും  ഇടയ്ക്കുള്ള സിനിമകളെയാണ് ഇൗ പഠനത്തിൽ                     കൂടുതലും വിശകലനം ചെയ്തിട്ടുള്ളത്.

ഗ്രന്ഥസൂചി


1.    Achyuta Menon, Chelanattu., 1956, Ballads of North Malabar, University of Madras,                  Madras.F.P.1935. Vol.1
2.    Achyuta Menon,Nair, S.K.,  Chelanattu., 1955, Ballads of North Malabar, University of              Madras, Madras, Vol. 2
3.    Anatha Krishna Iyer, L.K. 1981, The Tribes and Castes of Cochin, vol.1 ,2., Cosmo                     Publications New Delhi
4.    Ivekovnic, Rada and Mostov, Julie., 2002, From Gender and Nation (Ed.),New                           Delhi,Zooban An Association of Kali for Women
5.     Mosse, George L., 1983, Nationalism and Sexuality in Nineteenth - Century Europe, ,                Culture and Society, July /August
6.    Uma Chakravarti, 1993, Conceptualising  Brahmanical Patriarchy in Early India : Gender,           Caste, Class and State , Economic and Political 
        Weekly, Vol. 28,No. 14, April 3,pp 579 - 585
7.    അച്യുതാനന്ദൻ , കെ.വി,1994, 24 വടക്കൻപാട്ടുകൾ,, എച്. ആൻഡ് സി                   പബ്ലിക്കേഷൻ ,തൃശൂർ
8.    അപ്പുണ്ണി നമ്പ്യാർ, എം.സി, 1983, വടക്കൻപാട്ടുകൾ,മലബാർ ബുക്ക്സ്,വടകര
9.    ഗണേഷ്, കെ.എൻ., 1997, 224, കേരളത്തിന്റെ ഇന്നലെകൾ, സാംസ്കാരിക                 പ്രസിദ്ധീകണ വകുപ്പ്, കേരളം സർക്കാർ
10.  ബാലകൃഷ്ണൻ, പയ്യന്നൂർ., 2008, വടക്കൻപാട്ടുകളിലെ വീരാംഗനമാർ,                       ഗ്രാസ്റൂട്ട്സ്, കോഴിക്കോട്
11.  ഭാസ്കരനുണ്ണി, പി. 2012, 471, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം , കേരള                സാഹിത്യ അക്കാദമി, തൃശ്ശൂർ, എ.ജ 1988ള)
12.  നമ്പ്യാർ, എ. കെ., 2000, വടക്കൻപാട്ട് പഠനങ്ങൾ, കാലിക്കറ്റ് യൂണിവേഴ്സിറ്റി,           സെൻറർ ഫോർ ഫോക്ലോർ സ്റ്റഡീസ്
13.വേലായുധൻ പണിക്കശ്ശേരി, 2012, സഞ്ചാരികൾ കണ്ട കേരളം, കറന്റ്                      ബുക്ക്സ്, കോട്ടയം
14.സ്ക്കറിയാ സെക്കറിയ., (എഡി.) 1994, തച്ചോളിപ്പാട്ടുകൾ, (പ്രസിദ്ധീകരണ         വിവരങ്ങൾ ലഭ്യമല്ല)
15.ഷിബി, കെ, 2015, ശരീരം, അഭിനിവേശം, അധികാരം, -ലൈംഗികതയുടെ         ചരിത്രമാനങ്ങൾ, സ്ത്രീ - ലിംഗനീതി, വികസനം (വികസനമേഖലാ                           സെമിനാർ 10 ), എ .കെ .ജി പഠന ഗവേഷണ കേന്ദ്രം,തിരുവനന്തപുരം.
16.ഷീബ, കെ.എം., 2014 അടുക്കളയിൽനിന്നും അരങ്ങത്തേക്കും തിരിച്ചും              ആധുനിക മലയാളസ്ത്രീയുടെ കുടുംബരൂപ നിർമ്മിതികൾ, 
    സംഘടിത ,ഒക്ടോബർ, വോ.4 , ലക്കം 4.