മത്സ്യ സംസ്കരണ വ്യവസായം- സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ

മേഴ്‌സി അലക്സാണ്ടർ 

മത്സ്യ സംസ്കരണ വ്യവസായം ഇന്ത്യയിലെ തീരദേശ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഇതിൽ പണിയെടുക്കുന്നതിൽ 80% സ്ത്രീതൊഴിലാളികളാണ്. അതിൽ 60% കുടിയേറ്റക്കരാർ തൊഴിലാളികളും. പീലിങ്ങ്, ഗ്രേഡിങ്ങ്, പാക്കിങ്ങ് തുടങ്ങിയ വിഭാഗങ്ങളിലാണ് പ്രധാനമായും സ്ത്രീ തൊഴിലാളികൾ പണിയെടുക്കുന്നത്. 15 വയസ്സിനും 35 വയസ്സിനും ഇടയിലുള്ള പെൺകുട്ടികളെയും സ്ത്രീകളെയും ആണ്, കേരളത്തിൽ നിന്നും ഏജന്റുമാർ റിക്രൂട്ട് ചെയ്ത് കൊണ്ടുപോകുന്നത്. ഇവർ പ്രധാനമായും ഗ്രേഡിങ്ങ്, പാക്കിങ്ങ് വിഭാഗങ്ങളിലാണ് ജോലി ചെയ്യുന്നത്. 1970 - ലെ കോൺടാക്റ്റ് ലേബർ ആക്റ്റും, 1976 ലെ അന്തർ സംസ്ഥാന കുടിയേറ്റ് കരാർ നിയമവും ഈ തൊഴിലാളികൾക്ക് ബാധകമാണെങ്കിലും ഇന്നും പ്രാബല്യത്തിൽ ഇല്ല. തൊഴിലാളികളെ ഇവിടെ നിന്നും റിക്രൂട്ട് ചെയ്യുന്ന ഏജന്റുമാർ കുടിയേറ്റ കരാർ നിയമപ്രകാരം, അതാത് ജില്ലകളിലെ, ലേബർ ഓഫീസുകളിൽ നിന്ന് ലൈസൻസ് എടുക്കുകയും, കൊണ്ടു പോകുന്ന - തൊഴിലാളികളുടെ പേര്, അഡ്രസ്, തൊഴിലുടമയുടെ പേര്, അഡ്രസ്, കാലാവധി, അടിസ്ഥാന ശമ്പളം,മെഡിക്കൽ അലവൻസ്, മറ്റു അലവൻസ്, ഇവയെല്ലാം രേഖപ്പെടുത്തി, ലേബർ ഓഫീസിൽ രജിസ്റ്റർ ചെയ്ത്, തൊഴിലാളികൾക്ക്, പാസ്ബുക്കും, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും വിതരണം ചെയ്തുവേണം അന്യസംസ്ഥാനത്തേക്ക് തൊഴിലാളികളെ കൊണ്ടു പോകാൻ. തൊഴിൽ എടുക്കുന്ന സംസ്ഥാനത്തെ, ജില്ലാ ലേബർ ഓഫീസുകളിലും ഈ തൊഴിലാളികളെ രജിസ്റ്റർ ചെയ്യണമെന്ന് നിയമത്തിൽ പറയുന്നുണ്ടെങ്കിലും, ഇവിടെ നിന്നും കൊണ്ടുപോകുന്ന തൊഴിലാളികളെ കൃത്യമായ പേരോ, എണ്ണമോ ലേബർ ഓഫീസിൽ നൽകാതെ കൊണ്ടുപോവുകയും, യാതൊരു രേഖയും ഇവരുടെ കൈവശം നൽകാതെ മിനിമം വേതനം, ഓവർടൈം അലവൻസ്, യാത്രാബത്ത ഇവയൊന്നും നൽകാതെ അടിമകളെപ്പോലെ ഈ സ്ത്രീകളെ പല ഫാക്ടറികളിലും തൊഴിലെടുപ്പിക്കുകയും ചെയ്യുന്നു. 
എപ്പോഴും തണുത്ത അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നതുകൊണ്ട് കൈയുറ, വെള്ളം കടക്കാത്ത ഓവർക്കോട്ടുകൾ, ചെരുപ്പ്, കമ്പളിവസ്ത്രങ്ങൾ തുടങ്ങിയവ നൽകണം. എന്നാൽ ഇവയൊന്നും നൽകാറില്ല.10-12 മണിക്കൂർ തുടർച്ചയായി തണുത്ത അന്തരീക്ഷത്തിൽ  ജോലി ചെയ്യുന്നതു കൊണ്ട് ഈ സ്ത്രീകൾക്ക് വളരെയധികം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.

fisher women

             വൃത്തിയും ശുചിത്വവുമുള്ള ഹോസ്റ്റലുകൾ, കാന്റീൻ വിശ്രമമുറികൾ , കുടിവെള്ളം, കക്കൂസ്, വിനോദത്തിനുള്ള സൗകര്യം, പ്രഥമശുശ്രൂഷക്കുവേണ്ട സൗകര്യങ്ങൾ തുടങ്ങിയവ ഏർപ്പെടുത്തണമെന്ന് നിയമത്തിൽ പറയുന്നുണ്ടെങ്കിലും കമ്പനി വളപ്പിൽ തന്നെ, വെളിച്ചം കയറാത്ത മുറികളും, പൊട്ടി ഒലിക്കുന്ന ഓടകളും, ആവശ്യത്തിന് കക്കൂസോ, കുളിമുറിയോ ഇല്ലാത്ത, വിശ്രമത്തിനോ വിനോദത്തിനോ സൗകര്യം ഇല്ലാത്ത ഡോർമെറ്ററികളാണ് കൂടുതലും ഉള്ളത്. യൂണിയനോ മറ്റു സംഘടനകളോ ഇവർക്കില്ല. ശമ്പളത്തിന് നിശ്ചിത സമയമോ തീയതിയോ ഇല്ല. നാട്ടിൽ മാതാപിതാക്കൾക്കോ, സഹോദരങ്ങൾക്കോ അസുഖമാണെന്ന വിവരം കിട്ടിയാൽ പോലും നാട്ടിൽ അയക്കാറില്ല. ഫാക്ടറിക്ക് ഉള്ളിൽ വച്ച് അപകടം സംഭവിച്ചാൽ പോലും ചികിത്സാ സഹായം ചെയ്തുകൊടുക്കാൻ തൊഴിലുടമകൾ തയാറാകാറില്ല. മാസമുറയോടനുബന്ധിച്ചുണ്ടാവുന്ന ശാരീരിക ബുദ്ധിമുട്ടുള്ള സമയത്തും യാതൊരുവിധ ഇളവും ഇവർക്ക് അനുവദിക്കാറില്ല. പലപ്പോഴും സൂപ്പർവൈസറിന്റെയും ഏജന്റിന്റെയും പീഡനങ്ങൾക്ക് ഇവർ ഇരയാകാറുണ്ട്. 10 മാസത്തേക്കാണ് കൊണ്ടുപോകുന്നതെങ്കിലും മത്സ്യം കുറവാണെങ്കിൽ തിരിച്ചുകയറ്റി വിടും. കുടിയേറ്റ കരാർ നിയമപ്രകാരമുള്ള യാതൊരുവിധ ആനുകൂല്യങ്ങളും നൽകാറില്ല. അന്യസംസ്ഥാനത്ത് മത്സ്യ സംസ്‌ക്കരണ മേഖലയിൽ പണിയെടുക്കുന്ന ഈ കരാർ തൊഴിലാളികളെ സംബന്ധിച്ച് യാതൊരുവിധ കണക്കുകളും രേഖകളും സർക്കാരിന്റെ വശം ഇല്ല. അതാതു പഞ്ചായത്തുകളിലെങ്കിലും സംസ്ഥാനത്ത് തൊഴിലെടുക്കുന്നവർ പേര് രജിസ്റ്റർ ചെയ്യണമെന്ന നിയമം കൊണ്ടുവരികയാണെങ്കിൽ, ഈ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത്  കുറെയൊക്കെ അവസാനിപ്പിക്കാൻ കഴിയും.

        സ്ത്രീകളെ രാത്രി ഷിഫ്റ്റിലും ജോലി ചെയ്യിക്കാം എന്ന് സർക്കാർ നിയമം പ്രാബല്യത്തിൽ വന്നാൽ, ഈ സ്ത്രീ തൊഴിലാളികളെ, ഈ നിയമത്തിന്റെ ബലത്തിൽ കൂടുതൽ ജോലി എടുപ്പിക്കാൻ തൊഴിലുടമകൾക്ക് സാധിക്കും. ഇപ്പോൾ തന്നെ, ചരക്ക് കൂടുതലുള്ള സമയത്ത്, നിർബന്ധിച്ച് ഇവരെകൊണ്ട് ഓവർടൈം ജോലി ചെയ്യിക്കാറുണ്ട്. കേരള സർക്കാരും, ലേബർ വകുപ്പും കർശന നിയന്ത്രണം ഏർപ്പെടുത്തിയാൽ, കേരളത്തിൽ നിന്നും അന്യസംസ്ഥാനങ്ങളിലെ മത്സ്യ സംസ്ക്കരണ ഫാക്ടറികളിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികൾക്ക് മിനിമം വേതനവും മറ്റാനുകൂല്യങ്ങളും നിയമത്തിലെ വ്യവസ്ഥകളും നടപ്പിലാക്കാൻ സാധിക്കും. 

References

References

SAKHI

News Letter

Vol.8

April-May, 2005