നിസ

1997 ജൂൺ 16 ന് മലപ്പുറം മഞ്ചേരിയിലാണ് നിസയുടെ തുടക്കം. സ്ത്രീയുടെ അറബി വാക്കാണ് നിസാഅ്. പിന്നീട് നിസാഅ് എന്നുള്ളത് മാറ്റി നിസ എന്നാക്കുകയായിരുന്നു.

വ്യക്തിനിയമങ്ങളിൽ ജനാധിപത്യപരമായ മാറ്റം അതായിരുന്നു നിസയുടെ രൂപീകരണയോഗം മുന്നോട്ടുവെച്ച ആദ്യ ആവശ്യം. പുരോഗമനപരമായി ചിന്തിക്കുന്ന നിസ തുടക്കത്തിൽ തന്നെ പലരുടേയും കണ്ണിലെ കരടായി. ഖുർ ആനിലും ഇസ്ലാമിക ശരിഅത്തിലും പറഞ്ഞിരിക്കുന്നതിന് വിരുദ്ധമായാണ് രാജ്യത്തെ മുസ്ലീം വ്യക്തിനിയമമെന്ന് നിസ ചൂണ്ടിക്കാണിച്ചതായിരുന്നു അതിന്റെ പ്രധാനകാരണം.

വ്യക്തിനിയമങ്ങളിൽ ജനാധിപത്യപരമായ മാറ്റം ആവശ്യപ്പെട്ട് വനിതാ കമ്മീഷന് നിവേദനവും നൽകിയിരുന്നു. നിസയുടെ നയ പ്രഖ്യാപനമായിരുന്നു ആ നിവേദനം. ഇസ്ലാം മതത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ ചോദ്യം ചെയ്യാതെ തന്നെ നടപ്പാക്കാവുന്ന നിർദേശങ്ങളായിരുന്നു അവയിൽ പലതും.

ബാലവിവാഹം തടയുന്നതിന് മുഴുവൻ വിവാഹങ്ങളും രജിസ്റ്റർ ചെയ്യുക, ബഹുഭാര്യാത്വത്തിനുള്ള അനുമതി നിബന്ധനകൾക്ക് വിധേയമാക്കുക, വിവാഹമോചനം കുടുംബകോടതി മുഖേനയാക്കുക, വധുവിന്റെ പിതാവും വരനും മാത്രം ഇടപെടുന്ന ഇന്നത്തെ വിവാഹരീതി മാറ്റി വധുവിന് കൂടി പങ്കാളിത്തമുള്ള വിവാഹരീതി അംഗീകരിക്കുക, സ്ത്രീകൾക്ക് വിവാഹ മോചനം നടത്താനുള്ള അനുമതി ക്രമങ്ങൾ ലഘൂകരിക്കുക, സ്വത്തവകാശത്തിൽ സ്ത്രീ പുരുഷ സമത്വം അനുവദിക്കുക, പെൺമക്കൾ മാത്രമുള്ളവരുടെ കുടുംബസ്വത്ത് സ്വന്തം മക്കൾക്ക് മാത്രം ലഭ്യമാക്കുക, മുത്തച്ഛൻ ജീവിച്ചിരിക്കെ മകൻ മരിച്ചാൽ പേരക്കുട്ടിക്ക് കുടുംബസ്വത്തിൽ അവകാശം നിഷേധിക്കുന്ന നിയമം ഭേദഗതി ചെയ്യുക, ചടങ്ങ് വിവാഹം നിരോധിക്കുക, ഇപ്പറഞ്ഞ കാര്യങ്ങളനുസരിച്ചുള്ള കുടുംബനിയമങ്ങൾ വ്യക്തിനിയമത്തിൽ ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു നിസ മുന്നോട്ടു വെച്ചത്. 

 മുസ്ലിം സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനുമായുള്ള നിരവധി വിഷയങ്ങളിൽ നിസ ഇപ്പോഴും സജീവമായ ഇടപെടൽ നടത്തികൊണ്ടിരിയ്ക്കുന്നു.