കുടുംബശ്രീ ചരിത്രവും ഘടനയും

ദാരിദ്ര്യ നിർമാർജനം ലക്ഷ്യമാക്കി 1998-ൽ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് നബാര്‍ഡിന്റെ സഹായത്തോടെ രൂപം നൽകിയതാണ് കുടുംബശ്രീ-സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷൻ. 1998 മേയ് 17-ന് മലപ്പുറം ജില്ലയില്‍ വച്ച് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ശ്രീ. അടല്‍ ബിഹാരി വാജ്പേയ് ആണ് ഈ പ്രോജക്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. തുടർന്ന് 1999 ഏപ്രിൽ 1 ന് കുടുംബശ്രീ- സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ പ്രവർത്തനമാരംഭിച്ചു.

ദാരിദ്ര്യ നിർമാർജനം മുഖ്യചുമതലയായി ഏറ്റെടുത്തിട്ടുള്ള കുടുംബശ്രീ മിഷൻ തങ്ങളുടെ പദ്ധതികളും പരിപാടികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനത്തിലൂടെയാണ് നടപ്പാക്കുന്നത്. ദാരിദ്ര്യ നിർമാർജനം ലക്ഷ്യമിട്ടുള്ള കുടുംബശ്രീ പ്രവർത്തനങ്ങൾ ഇന്ന് സമൂഹത്തിന്റെ വിവിധ തലങ്ങളിൽ വ്യത്യസ്ത രൂപങ്ങളിൽ സ്ത്രീ സാമ്പത്തിക-സാമൂഹ്യ-സ്ത്രീ ശാക്തീകരണം എന്നീ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള സ്ത്രീകളുടെ കരുത്തുറ്റ സംഘടനാ സംവിധാനമായി മാറിയിട്ടുണ്ട്. നൂതന ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ജനപങ്കാളിത്തത്തോടുകൂടി നടപ്പിലാക്കുന്ന മികച്ച ജനസേവന പരിപാടിക്ക് കോമണ്‍വെല്‍ത്ത് അസ്സോസിയേഷന്‍ ഫോര്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്റ് മാനേജ്മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ള അന്താരാഷ്ട്ര സുവര്‍ണ്ണ പുരസ്കാരം, 119 രാജ്യങ്ങളില്‍ നിന്നുള്ള എന്‍ട്രികളോട് മത്സരിച്ച് നേടിയെടുക്കാന്‍ കുടുംബശ്രീയ്ക്ക് കഴിഞ്ഞു.

ഓരോ പ്രദേശത്തെയും കുടുംബങ്ങളിൽ നിന്നും 18 വയസ്സ് പൂർത്തിയായ ഓരോ സ്ത്രീയെ വീതം ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന 10 മുതൽ 20 വരെ അംഗങ്ങൾ ഉള്ള അയൽക്കൂട്ടങ്ങളാണ് സംഘടനാ സംവിധാനത്തിലെ അടിസ്ഥാന ഘടകം. ഈ അയൽക്കൂട്ടങ്ങളെ വാർഡ് തലത്തിൽ ഏര്യാ ഡവല്പമെന്റ് സൊസൈറ്റികളായും (എ.ഡി.എസ്), നഗരസഭാ/പഞ്ചായത്ത് തലത്തിൽ കമ്മ്യൂണിറ്റി ഡവല്പമെന്റ് സൊസൈറ്റികളായും (സി.ഡി.എസ്.) ഫെഡറേറ്റ് ചെയ്തിരിക്കുന്നു. മൂന്നു തലത്തിലും പ്രവർത്തിക്കുന്ന ഇത്തരം സംഘടനകളുടെ ഭാരവാഹിത്വം ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകളാണ്.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ, എ.ഡി.എസ്സിന്റെ രക്ഷാധികാരി എന്ന നിലയിലും തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷൻ കുടുംബശ്രീ സി.ഡി.എസ്. വിലയിരുത്തൽ സമിതിയുടെ അദ്ധ്യക്ഷൻ എന്ന നിലയിലും ഈ സാമൂഹ്യാധിഷ്ഠിത സംഘടനയ്ക്ക് നേതൃത്വം നൽകുന്നു.

സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനം

1. അയൽക്കൂട്ടം: സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനത്തിലെ അടിസ്ഥാന ഘടകമാണ് അയൽക്കൂട്ടം. അയൽക്കൂട്ടം പ്രാഥമിക അടിസ്ഥാന ഘടകമെന്ന നിലയിൽ സി.ഡി.എസ്സിൽ രജിസ്റ്റർ ചെയ്തിരിക്കണം.  അടുത്തടുത്ത കുടുംബങ്ങളിലെ 10 മുതൽ 20 വരെ അംഗങ്ങൾ ചേർന്ന് രൂപീകരിക്കുന്ന അയൽക്കൂട്ടത്തിൽ ഒരു കുടുംബത്തിലെ ഒരു വനിതയ്ക്ക് മാത്രമാണ് അംഗത്വം ലഭിക്കുക. പ്രസിഡന്റ്, സെക്രട്ടറി, വരുമാനദായക വോളണ്ടിയർ, അടിസ്ഥാന സൗകര്യ വോളണ്ടിയർ, ആരോഗ്യദായക വോളണ്ടിയർ എന്നിങ്ങനെ 5 അംഗ ഭരണ സമിതിയാണ് അയൽക്കൂട്ടത്തിനു ഉള്ളത്. 2018 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം 2.9 ലക്ഷം അയൽക്കൂട്ടങ്ങളിലായി 43 ലക്ഷം കുടുംബങ്ങൾ കുടുംബശ്രീയിൽ അംഗങ്ങളാണ്.

2. ഏര്യ ഡവല്പമെന്റ് സൊസൈറ്റി (എ.ഡി.എസ്.) : വാർഡ് തലത്തിൽ ഓരോ അയൽക്കൂട്ടങ്ങളിൽ നിന്നും 5 അംഗ വോളണ്ടിയർ പ്രതിനിധികളെ ഉൾപ്പെടുത്തി വാർഡ് തല എ.ഡി.എസ്. രൂപീകരിക്കുന്നു. ഏഴംഗ ഭരണ സമിതിയാണ് സംഘടനാ കാര്യങ്ങൾ നിർവഹിക്കുന്നത്. വാർഡ് മെമ്പർ ആയിരിക്കും എ.ഡി.എസ്ന്റെ രക്ഷാധികാരി. സംസ്ഥാനത്താകെ 19,849 എ.ഡി.എസ്സുകൾ രൂപീകരിച്ചിട്ടുണ്ടന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

3. കമ്മ്യൂണിറ്റി ഡവല്പമെന്റ് സൊസൈറ്റി: പഞ്ചായത്ത്/നഗരസഭയിലെ വാർഡ് തല എഡിഎസ്സുകളെ ഏകോപിപ്പിച്ചുകൊണ്ട് എല്ലാ വാർഡുകൾക്കും പ്രാതിനിധ്യം നൽകി സി.ഡി.എസ്. രൂപീകരിക്കുന്നു. 1,065 സി.ഡി.എസ്സുകൾ കുടുംബശ്രീയുടേതായി സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്ത് / നഗരസഭയിൽ നടപ്പിലാക്കുന്ന വിവിധ ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളും കുടുംബശ്രീ പ്രവർത്തനങ്ങളും അവലോകനം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുക, വിവിധ സർക്കാർ, അർദ്ധ സർക്കാർ ഏജൻസികൾ നടപ്പാക്കുന്ന ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടികൾ പഞ്ചായത്ത് / നഗരസഭയിലെ അയൽക്കൂട്ട കുടുംബാംഗങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ കണ്ടെത്തുക, കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെയും എ.ഡി.എസ്സുകളുടെയും പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും ശേഷി വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ പരിശീലനങ്ങൾ സംഘടിപ്പിക്കുക.  ഗ്രാമ പഞ്ചായത്തിന് കൈമാറിയിട്ടുള്ള വിവിധ വകുപ്പുകളുടെയും ദാരിദ്ര്യ നിർമ്മാർജ്ജന മേഖലയിൽ പ്രവർത്തിക്കുന്ന ഇതര വകുപ്പുകളുടെയും സംഘടനകളുടെയും പ്രവർത്തനങ്ങൾ സംയോജിപ്പിക്കുക എന്നിവയാണ് സി.ഡി.എസ്സിന്റെ പ്രധാന ചുമതല.

മൈക്രോ ഫിനാൻസ്

കുടുംബശ്രീ സംവിധാനത്തിന്റെ അടിത്തറയാണ് ലഘു സമ്പാദ്യ വായ്പാ പ്രവർത്തനം. കുടുംബശ്രീ മൈക്രോ ഫിനാൻസ് വഴി അംഗങ്ങൾക്കിടയിൽ സമ്പാദ്യശീലം വളർത്തുന്നതിനും ചെറിയ സമ്പാദ്യം ഒരുമിച്ചു കൂട്ടി വലിയ സമ്പാദ്യം സ്വരൂപിക്കാനും സാധിക്കുന്നു.

കുടുംബശ്രീ മൈക്രോ ഫിനാൻസ് വഴി പാവപ്പെട്ടവർക്കിടയിൽ സമ്പാദ്യശീലം വളർത്തുന്നതിനും ചെറിയ സമ്പാദ്യം ഒരുമിച്ചു കൂട്ടി വലിയ സമ്പാദ്യം സ്വരൂപിക്കാനും സാധിക്കുന്നു. കുടുംബശ്രീ സംവിധാനത്തിന്റെ അടിത്തറയാണ് ലഘു സമ്പാദ്യ വായ്പാ പ്രവർത്തനം. അയൽക്കൂട്ടത്തിന്റെ സജീവതയും സുസ്ഥിരതയും ലഘുസമ്പാദ്യ വായ്പ പ്രവർത്തനത്തിന്റെ കൃത്യതയ്ക്കനുസൃതമായിരിക്കും.

കുടുംബശ്രീയുടെ മൈക്രോ ഫിനാൻസ് മേഖലയിലെ പ്രധാന പ്രവർത്തനങ്ങൾ താഴെ പറയുന്നവയാണ്.

ത്രിഫ്റ്റ് / മിതവ്യയ സമ്പാദ്യം
ഒരു അയൽക്കൂട്ടത്തിലെ ഏറ്റവും വരുമാനം കുറഞ്ഞ അംഗത്തിന് നിക്ഷേപിക്കാൻ കഴിയുന്ന തുകയാണ് അയൽക്കൂട്ടത്തിന്റെ ത്രിഫ്റ്റ് തുകയായി കണക്കാക്കേണ്ടത്.

അയൽക്കൂട്ട യോഗത്തിൽ വച്ച് ഒാരോ അംഗവും താങ്കളുടെ ത്രിഫ്റ്റ് തുക അയൽക്കൂട്ട സെക്രട്ടറിയെ നേരിട്ട് ഏൽപ്പിച്ച് അവരുടെ പാസ്സ് ബുക്കിൽ വരവ് വച്ച് വാങ്ങേണ്ടതാണ്.  ത്രിഫ്റ്റ് തുക നൽകാൻ ശേഷിയില്ലാത്ത അംഗത്തിന് ത്രിഫ്റ്റ് നിർബന്ധരാക്കാൻ പാടുള്ളതല്ല.

ആന്തരിക വായ്പ
ഒരു അയൽക്കൂട്ടാംഗം അവരുടെ അടിയന്തര പ്രാധാന്യമുള്ള ഏതു കാര്യത്തിനും വിനിയോഗിക്കുന്നതിനായി അയൽക്കൂട്ടത്തിൽ നിന്നും കടം വാങ്ങുന്ന തുകയെയാണ് ആന്തരിക വായ്പ എന്നു പറയുന്നത്.
പ്രതിവാര യോഗത്തിൽ അംഗങ്ങൾ ഉന്നയിക്കുന്ന വായ്പയുടെ ആവശ്യമനുസരിച്ച് ഭൂരിപക്ഷ തീരുമാന പ്രകാരമാണ് ആന്തരിക വായ്പ അനുവദിക്കേണ്ടത്. പലിശ അയൽക്കൂട്ടത്തിന് തീരുമാനിക്കാം.

ബാങ്ക് ലിങ്കേജ് വായ്പ:

നല്ല രീതിയിൽ പ്രവർത്തിക്കുന്ന അയൽക്കൂട്ടങ്ങൾക്ക് അവയുടെ സമ്പാദ്യത്തിന് ആനുപതികമായി ബാങ്കിൽ നിന്നും അനുവദിക്കുന്ന  വായ്പയാണ് ബാങ്ക് ലിങ്കേജ് വായ്പ. ഒരു വായ്പയുടെ തിരിച്ചടവ് പൂർത്തിയാക്കുന്നതനുസരിച്ച് അയൽക്കൂട്ടത്തിന് എത്ര തവണ വേണമെങ്കിലും ലിങ്കേജ് വായ്പ ലഭ്യമാക്കുന്നതാണ്.  

• അയൽക്കൂട്ടമാണ് ബാങ്ക് ലിങ്കേജ് വായ്പക്ക് അപേക്ഷ നൽകേണ്ടത്.  തുടർന്ന് നബാർഡിന്റെ മാനദണ്ഡങ്ങൾ പ്രകാരം ബാങ്ക് അയൽക്കൂട്ടത്തിന്റെ വിലയിരുത്തുകയും 80% മാർക്ക് ലഭിക്കുന്ന അയൽക്കൂട്ടങ്ങൾ ലിങ്കേജ് വായ്പയ്ക്ക് അർഹരാകുകയും ചെയ്യുന്നു.
• ബാങ്ക് അയൽക്കൂട്ടത്തിന്റെ ആകെ സമ്പാദ്യത്തിന്റെ ഒന്നുമുതൽ ആറ് ഇരട്ടി തുക വരെ വായ്പയായി അനുവദിക്കും.
• ബാങ്ക് ലിങ്കേജ് വായ്പ പാസ്സാക്കി കഴിഞ്ഞാൽ എല്ലാ അയൽക്കൂട്ടാംഗങ്ങളും ബാങ്കുമായി ഇന്റർസേ എഗ്രിമെന്റ് ഒപ്പുവയ്ക്കേണ്ടതാണ്.
• അയൽക്കൂട്ടാംഗങ്ങളുടെ വരുമാന വർദ്ധനവിനുതകുന്ന പ്രവർത്തനങ്ങൾ, സാമൂഹികാവശ്യങ്ങൾ, നിലവിലുള്ള കടങ്ങൾ വീടുന്നതിന് എന്നിവയ്ക്ക്  ബാങ്ക് വായ്പ ഉപയോഗിക്കാവുന്നതാണ്.

ബാങ്ക് ലിങ്കേജ് വായ്പ ഏതൊക്കെ രീതിയിൽ

ബാങ്ക് അയൽക്കൂട്ടങ്ങൾക്ക് ലിങ്കേജ് വായ്പ നൽകുന്നത് രണ്ട് രീതിയിലാണ്.  

(1) ടേം ലോൺ:- നിശ്ചിത കാലാവധി മൂൻക്കൂട്ടി നിശ്ചയിച്ച് (പരമാവധി 36 മാസം) ബാങ്ക് അയൽക്കൂട്ടത്തിന് വായ്പ അനുവദിക്കുന്നു. ഇൗ വായ്പയിൽ അയൽക്കൂട്ടങ്ങൾ മാസാമാസം തിരിച്ചടവ് നടത്തേണ്ടതാണ്. ഇൗ വായ്പയുടെ തിരിച്ചടവ് പൂർത്തിയായ ശേഷം മാത്രമേ അയൽക്കൂട്ടത്തിന് മറ്റൊരു വായ്പ് ലഭ്യമാക്കുകയുള്ളു.  

(2) ക്യാഷ് ക്രെഡിറ്റ് ലോൺ: ക്യാഷ് ക്രെഡിററ് ലോണിൽ ബാങ്ക് 5 വർഷ കാലാവധിയിലേയ്ക്കാണ് വായ്പ തുക അനുവദിക്കുന്നത്.  അതായത് പ്രസ്തുത 5 വർഷ കാലയളവിൽ അയൽക്കൂട്ടത്തിന് പിൻവലിക്കാവുന്ന വായ്പാ പരിധി തുക നിശ്ചയിച്ചു നൽകുകയാണ് ചെയ്യുന്നത്. ഇൗ വായ്പയിൽ മാസാമാസം തിരിച്ചടവ് നടത്തണമെന്ന് നിർബനധമില്ല, മാസതവണകളായോ, തൈ്രമാസ വ്യവസ്ഥയിലോ തിരിച്ചടച്ചാൽ മതിയാകും.  കൂടാതെ ഒാരോ വർഷവും മേൽ വായ്പ പുതുക്കി ബാങ്ക് നൽകുന്നതുമാണ്.  

ബാങ്ക് വായ്പാപരിധി നിശ്ചയിക്കുന്ന വിധം.

ഒന്നാം വർഷം- ആകെ സമ്പാദ്യത്തിന്റെ 6 ഇരട്ടി അല്ലെങ്കിൽ കുറഞ്ഞത് ഒരു ലക്ഷം രൂപ

രണ്ടാം വർഷം- ആകെ സമ്പാദ്യത്തിന്റെ 8 ഇരട്ടി അല്ലെങ്കിൽ കുറഞ്ഞത് രണ്ടു ലക്ഷം രൂപ

ഈ രീതിയിൽ ഒരു അയൽക്കൂട്ടത്തിന് 5 വർഷത്തേയ്ക്ക് ബാങ്ക് തീരുമാനിച്ചു നൽകുന്ന വായ്പാ പരിധി കുറഞ്ഞത് 7,20,000/- രൂപയാണ്.  

തിരിച്ചടവിന്റെ ഉത്തരവാദിത്വം അയൽക്കൂട്ടത്തിനാണ്.

ഗ്രേഡിംഗ് പാസാക്കാത്ത അയൽക്കൂട്ടത്തിന് അവരുടെ പോരായ്മകൾ പരിഹരിച്ച് പ്രവർത്തനം മെച്ചപ്പെടുത്തി മൂന്നു മാസത്തിനുശേഷം വീണ്ടും ഗ്രേഡിംഗ് പാസായി വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

കുടുംബശ്രീ വഴി നൽകുന്ന സാമ്പത്തിക പിന്തുണകൾ

1. മാച്ചിംഗ് ഗ്രാന്റ്
ലഘുസമ്പാദ്യംപ്രോത്സാഹിപ്പിക്കുന്നതിനും ബാങ്ക് ലിങ്കേജ് വായ്പാ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനും അയൽക്കൂട്ടത്തിന് കുടുംബശ്രീ വഴി നൽകുന്ന പ്രോത്സാഹന തുകയാണ് മാച്ചിംഗ് ഗ്രാന്റ്
ലിങ്കേജ് വായ്പ ലഭിച്ച അയൽക്കൂട്ടത്തിന്റെ സമ്പാദ്യത്തിന്റെ 10% പരമാവധി 5,000 രൂപ മാച്ചിംഗ് ഗ്രാന്റായി നൽകുന്നു.

50% മോ അതിൽ കൂടുതലോ എസ്.സി/എസ്.റ്റി അംഗങ്ങൾ ഉള്ള അയൽക്കൂട്ടങ്ങൾക്ക് ഗ്രേഡിംഗ് പാസായൽ ലിങ്കേജ് വായ്പയുടെ അഭാവത്തിലും മാച്ചിംഗ് ഗ്രാന്റ് നൽകാം.

2. പലിശ സബ്സിഡി
ബാങ്ക് ലിങ്കേജ് വായ്പ എടുത്തിട്ടുള്ള അയൽക്കൂട്ടങ്ങൾക്ക് അവരുടെ മൂന്നു ലക്ഷം രൂപ വരെയുള്ള വായ്പ 4% പലിശയ്ക്ക് ലഭ്യമാക്കുന്ന തരത്തിൽ പലിശ ഇളവ് നൽകുന്ന പദ്ധതിയാണിത്.
• പരമാവധി 12.5% പലിശയ്ക്ക് ലിങ്കേജ് വായ്പയ്ക്ക് 4% കുറവ് ചെയ്ത് പരമാവധി 8.5% ആണ് പലിശ സബ്സിഡിയായി ലഭിക്കുന്നത്.

• 2016 ഏപ്രിൽ മുതലുള്ള വായ്പകൾക്കാണ് ഇൗ ആനുകൂല്യം ലഭിക്കുന്നത്.

3. റിവോൾവിംഗ് ഫണ്ട്
അയൽക്കൂട്ടങ്ങളുടെ ആന്തരിക വായ്പാ പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്നതിനായി നൽകുന്നു സാമ്പത്തിക സഹായമാണ് റിവോൾവിംഗ് ഫണ്ട് പരമാവധി 15,000 രൂപയാണ് റിവോൾവിംഗ് ഫണ്ടായി നൽകുന്നത്.

ആരംഭിച്ച് മൂന്നുമാസം കഴിഞ്ഞ 75% അംഗങ്ങൾ എങ്കിലും ബിപിഎൽ കുടുംബങ്ങളിൽ നിന്നുള്ളവർക്കാണ് മേൽ ആനുകൂല്യം ലഭ്യമാക്കുന്നത്.

4. വൾണറബിലിറ്റി റിഡ്ക്ഷൻ ഫണ്ട്

അയൽക്കൂട്ടങ്ങൾ നേരിടുന്ന ആക്സമിക പ്രശ്നങ്ങൾ നേരിടാൻ അടിയന്തര സഹായമെന്ന നിലയ്ക്ക് എ.ഡി.എസ് മുഖാന്തരം നൽകുന്ന ഫണ്ടാണ് വൾണറബിലിറ്റി റിഡക്ഷൻ ഫണ്ട്. അയൽക്കൂട്ടത്തിന് പരമാവധി 15,000 രൂപ.

•തിരിച്ചടവ് നടക്കേണ്ടതാണ് - പലിശ 2%
•എഡിഎസിന് ലഭിക്കുന്ന ഫണ്ടിന്റെ 25% ഗ്രാന്റായി നൽകാവുന്നതാണ്.
•സംഭാവനകൾ കണ്ടെത്തി എ.ഡി.എസ്സിന് വൾണറബിലിറ്റി റിഡക്ഷൻ ഫണ്ട് വർദ്ധിപ്പിക്കുന്നതാണ്.

സാമൂഹ്യ സുരക്ഷ കുടുംബശ്രീ സ്ത്രീ സുരക്ഷാ ബീമാ യോജന

കേരളത്തിലെ 48 ലക്ഷത്തോളം വരുന്ന അയൽക്കൂട്ടാംഗങ്ങളായ വനിതകളുടെ ജീവിന് പരീരക്ഷ നൽകുകയും അവരുടെ 9 മുതൽ 12 ക്ലാസുവരെ പഠിക്കുന്ന രണ്ടു കുട്ടികൾക്ക് പ്രതിവർഷം സ്കോളർഷിപ്പ് ലഭ്യമാക്കുകയും ചെയ്യുന്ന പദ്ധതി.

പ്രായപരിധി - 160 രൂപ 51 മുതൽ 75 വയസ്സുവരെ

പ്രീമിയം - 180 രൂപ (18 മുതൽ 50 വയസ്സുവരെ)

പദ്ധതിയുടെ നേട്ടങ്ങൾ
നേട്ടങ്ങൾ 18 മുതൽ 50 വയസ്സുവരെ 51 മുതൽ 59 വരെ 60 മുതൽ 65 വരെ 66 മുതൽ 70വരെ 71 മുതൽ 76 വരെ
സ്വഭാവിക മരണം 200000 50000 9000 6000 4000
അപകടമരണം 400000 50000 9000 6000 4000
സ്ഥിരമായ അംഗവൈകല്യം 200000
ഭാഗികമായ അംഗവൈകല്യം 100000

ഓഡിറ്റിംഗ്

കുടുംബശ്രീ സംഘടനാ സംവിധാനങ്ങളായ അയൽക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസുകളിലെ പണമിടപാടുകളിൽ കൃത്യതയും കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കുന്നതിനാണ് കുടുംബശ്രീയിൽ ഓഡിറ്റിംഗ് നടത്തുന്നത്.

രണ്ടുതലത്തിലുള്ള ഓഡിറ്റിംഗ് ആണ് നടത്തിവരുന്നത്.

1) കുടുംബശ്രീ കാസ് ടീമിനെ ഉപയോഗിച്ചു കൊണ്ടുള്ള ഓഡിറ്റിംഗ്.  എല്ലാവർഷവും കാസ് ടീമിനെ ഉപയോഗിച്ച് ത്രിതല സംഘടനാ സംവിധാനം ഓഡിറ്റിംഗ് നടത്തേണ്ടതാണ്.  ഓഡിറ്റ് ഫീസ് സംസ്ഥാന മിഷനാണ് നിശ്ചയിച്ച് നൽകുന്നത്.
കുടുംബശ്രീ ജില്ലാ മിഷനു കീഴിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ കുടുംബാംഗങ്ങളിൽ നിന്നും തെരഞ്ഞെടുത്ത അഭ്യസ്തവിദ്യരായ യുവതീയുവാക്കൾ അടങ്ങിയ തൊഴിൽ സംരംഭമാണ് കുടുംബശ്രീ അക്കൗണ്ടിംഗ് & ഓഡിറ്റിംഗ് സർവ്വീസ് സൊസൈറ്റി (കാസ്)

2) ഇന്റേണൽ ഓഡിറ്റ്- എ.ഡി.എസ്സിലും സി.ഡി.എസ്സിലും പൊതുസഭയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് ഇന്റേണൽ ഓഡിറ്റർമാർ വീതം ഉണ്ടായിരിക്കും.  ഇവർ മൂന്ന് മാസത്തിലൊരിക്കൽ ഓഡിറ്റ് നടത്തേണ്ടതാണ്.

മൈക്രോ ഫിനാൻസ് സംഘാടനാ ശക്തീകരണ പിന്തുണകൾ

1. സി.ഡി.എസ് അക്കൗണ്ടന്റ്

സി.ഡി.എസ്സിന്റെ കണക്കുകൾ എഴുതി ചിട്ടപ്പെടുത്താനും മൈക്രോ ഫിനാൻസ് പ്രവർത്തനങ്ങളുടെ മേൽനോട്ട പ്രവർത്തനങ്ങൾ നടത്തുന്നതിനുമായി സി.ഡി.എസ്സിൽ ചുമതലപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് സി.ഡി.എസ് അക്കൗണ്ടന്റ്.

2. ബീമാ മിത്ര

കുടുംബശ്രീ സ്ത്രീ സുരക്ഷാ ബീമാ യോജന എന്ന ലൈഫ് ഇൻഷുറൻസ് പദ്ധതിയിൽ കുടുംബശ്രീ അംഗങ്ങളെ എൻട്രോൾ ചെയ്യിപ്പിക്കുന്നതിനും സ്കോളർഷിപ്പ് ക്ലെയിം അപേക്ഷകൾ യഥാസമയം നാളതീകരിക്കുന്നതിനും പോളിസി അംഗങ്ങൾക്കുള്ള സേവനം യഥാസമയം ഉറപ്പുവരുത്തുന്നതിനുവേണ്ടിയും എല്ലാ ഗ്രാമ സി.ഡി.എസ്സിലും ഒരു ബീമ മിത്രയെ തിരഞ്ഞെടുത്ത് ചുമതലപ്പെടുത്തിയിട്ടുണ്ട്.

3. കമ്മ്യൂണിറ്റി ബെയ്സ്ഡ് റീപേയ്മെന്റ് മോണിറ്ററിംഗ് (CBRM)

സി.ഡി.എസ്സിലെ അയൽക്കൂട്ടങ്ങൾ ബന്ധപ്പെടുന്ന എല്ല ബാങ്കുകളിലും ബാങ്ക് മാനേജർമാരെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന കമ്മിറ്റിയാണിത്.

കമ്മിറ്റി അംഗങ്ങൾ

1) സി.ഡി.എസ് ചെയർപേഴ്സൺ
2) ബാങ്ക് മാനേജർ
3) സി.ഡി.എസ് വൈസ് ചെയർപേഴ്സൺ- കൺവീനർ
4) മെമ്പർ സെക്രട്ടറി
5) സി.ഡി.എസ് അക്കൗണ്ടന്റ്
6) ബ്ലോക്ക് കോ-ഓർഡിനേറ്റർ

എല്ലാ മാസവും ആദ്യ ആഴ്ചയിൽ തന്നെ പ്രസ്തുത കമ്മിറ്റി ബാങ്ക് മാനേജരുടെ സാന്നിദ്ധ്യത്തിൽ ബാങ്ക് ഓഫീസിൽ ചേരേണ്ടതാണ്.  വായ്പ അപേക്ഷകൾ, തിരിച്ചടവ് എന്നിവയായിരിക്കണം പ്രധാന അജണ്ട.

പ്രളയാന്തരം അയൽക്കൂട്ടങ്ങൾക്കായി നടപ്പാക്കിയ വായ്പാ പദ്ധതി

റിസർജന്റ് കേരള ലോൺ സ്കീം:- 2018 ഓഗസ്റ്റിലുണ്ടായ പ്രളയക്കെടുതിയെ തുടർന്ന് വീടുകൾക്കും വീട്ടുപകരണങ്ങൾക്കും നാശനഷ്ടം സംഭവിച്ചവർക്ക് തിരിച്ചടവ് ഉറപ്പാക്കികൊണ്ട് ഗാർഹിക ഉപകരണങ്ങൾ വാങ്ങുന്നതിനും, ഉപജീവനോപാധികൾ നേടുന്നതിനും ആവശ്യകത കണക്കാക്കി കുടുംബനാഥയ്ക്ക് / കുടുംബശ്രീ അംഗത്തിന് 1,00,000/- രൂപ വരെ പലിശ രഹിത വായ്പ ലഭ്യമാക്കുന്നു.  

References