ഷാനിമോൾ ഉസ്മാൻ
അരൂർ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി നിയമസഭയിലെത്തിയ ഷാനിമോൾ ഉസ്മാൻ കേരളത്തിൽ നിന്ന് എ.ഐ.സി.സി. സെക്രട്ടറിയായ ആദ്യ വനിതയാണ്. ആലപ്പുഴ എസ്.ഡി. കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കെ.എസ്.യു. വിലൂടെ രാഷ്ട്രീയരംഗത്ത് പ്രവേശിച്ച അവർ ബിരുദാനന്തരബിരുദ പഠനത്തിന് തിരുവനന്തപുരം ലയോള കോളെജിലും നിയമപഠനത്തിന് തിരുവനന്തപുരം ലോ അക്കാദമിയിലും പഠിക്കുമ്പോൾ വിദ്യാർത്ഥിരാഷ്ട്രീയത്തിൽ മുഴുവൻ സമയ പ്രവർത്തകയായി.
കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള സർവകലാശാല സെനറ്റ് അംഗം, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം, ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ, യൂത്ത് കോൺഗ്രസ്-എൻ എസ് യു കോ ഓർഡിനേഷൻ കമ്മിറ്റി അംഗം, കെ.പി.സി.സി നിർവാഹക സമിതി അംഗം, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ ഷാനിമോൾ ഉസ്മാൻ പ്രവർത്തിച്ചു.
2006-ൽ പെരുമ്പാവൂരിൽ നിന്നും 2016-ൽ ഒറ്റപ്പാലത്തു നിന്നും നിയമസഭയിലേയ്ക്കും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ നിന്നും കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും മൂന്നിടങ്ങളിലും ഷാനിമോൾ പരാജപെട്ടു. അരൂർ എം എൽ എ ആയിരുന്ന എ എം ആരിഫ് ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഉണ്ടായ ഉപതെരഞ്ഞെടുപ്പിൽ ഷാനിമോൾ മത്സരിയ്ക്കുകയും തുടർന്ന് നിയമസഭയിൽ എത്തുകയുമായിരുന്നു.