ആദ്യത്തെ ട്രേഡ് യൂണിയന്റെ ആദ്യ വനിതാ നേതാവ് - കെ മീനാക്ഷി

ആദ്യത്തെ ട്രേഡ് യൂണിയന്റെ ആദ്യ വനിതാ നേതാവ് - കെ മീനാക്ഷി

സ്വാതന്ത്ര്യസമര പോരാളിയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല വനിതാ അംഗവുമായിരുന്നു കെ മീനാക്ഷി. ആദ്യത്തെ ട്രേഡ് യൂണിയന്റെ ആദ്യ വനിതാ നേതാവും, മഹിളാ പ്രസ്ഥാനത്തിന്റെ  സ്ഥാപകനേതാക്കളിൽ പ്രമുഖയും പുന്നപ്ര വയലാർ സമരത്തിലെ പോരാളിയുമായ വനിത, വിപ്ലവഗാനശാഖയുടെ തുടക്കകാരി തുടങ്ങിയ നിലകളിൽ പ്രമുഖയാണ് കെ മീനാക്ഷി. തിരു-കൊച്ചി സംസ്ഥാന കമ്മറ്റിയും കേരള മഹിളാസംഘവും  രൂപീകരിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. ദീർഘകാലം ആലപ്പുഴ ജല്ലാ ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന് കെ മീനാക്ഷിയുടെ ജീവിതം മാതൃകാപരവും അവിസ്മരണീയവുമാണ്. ഒളിവുകാല പ്രവർത്തനത്തിൽ സഖാവ് പത്മൻ എന്ന പേരിലാണ് മീനാക്ഷി അറിയപ്പെട്ടിരുന്നത്.

ആലപ്പുഴ കളർകോടുള്ള കുട്ടിയമ്മയുടേയും കാർത്തികപള്ളി താലൂക്കിൽ മഹാദേവികാട് കിട്ടൻവൈദ്യൻ എന്നുവിളിക്കപ്പെടുന്ന ബാലൻവൈദ്യന്റെയും മൂന്നുമക്കളിൽ രണ്ടാമത്തെയാളാണ് കെ മീനാക്ഷി. കളർക്കോട് ആത്മവിദ്യാസംഘത്തിന്റെ മഹിളാവിഭാഗത്തിന്റെ യോഗത്തിൽ കയർതൊഴിലാളികൾക്കിടയിലേക്ക് കുമാരനാശാന്റെ കവിതകൾ ചൊല്ലിക്കൊണ്ടാണ് കെ മീനാക്ഷി രംഗത്തുവന്നത്. അന്ന് കെ മീനാക്ഷിയുടെ പ്രായം പതിനഞ്ച്. 1123 ലെ തിരഞ്ഞെടുപ്പിൽ സുശീലാഗോപാലനോടൊപ്പം പ്രവർത്തിച്ചു. തുടർന്ന് താലൂക്കടിസ്ഥാനത്തിൽ മഹിളാസംഘം ഉണ്ടാക്കി. പിന്നീട് തിരു കൊച്ചി മഹിളാസംഘമായി.കാലക്രമേണ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനുണ്ടായി. സ്ത്രീ തൊഴിലാളികൾ സമരംഗത്ത് അണിനിരക്കുമ്പോൾ തൊഴിലാളികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായാൽ അവിടെ ഉടൻ തന്നെ ഓടിയെത്തുകയും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുകയും ചെയ്യുന്ന ഇച്ഛാശക്തിയുള്ള ഒരു നേതാവുകൂടിയാണ് കെ മീനാക്ഷി. അമ്മയും സഹോദരിയുമൊത്ത് ആസ്പിൻവാൾ കമ്പനിയിൽ ജോലിക്ക് വന്ന മീനാക്ഷി പാട്ടുപാടുന്നത് നേതാക്കന്മാരുടെ ശ്രദ്ധയിൽപ്പെട്ടു മീനാക്ഷിക്ക് പാട്ടുപാടുക മാത്രമല്ല സ്ത്രീകളെ സംഘടിപ്പിക്കാനുള്ള കഴിവുമുണ്ടെന്ന് നേതാക്കൻമാർ മനസിലാക്കിയതോടെ യൂണിയന്റെ പ്രവർത്തനങ്ങളുടെ ഭാഗമാക്കി മാറ്റുകയായിരുന്നു. ഒളിവുകാല പ്രവർത്തനങ്ങളിൽ ഏർപ്പെട്ടപ്പോഴും ജയിൽ ജീവിതത്തിലും സമരമുഖങ്ങളിലും കൊടിയ മർദ്ദനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. സ്വാതന്ത്യ സമര സേനാനിയും, കലാകാരനുമായ വി കെ ഭാസ്കരനാണ് മീനാക്ഷിയുടെ ജീവിത സഖാവ്. വിവാഹത്തെക്കുറിച്ച് മീനാക്ഷി പറഞ്ഞ വാക്കുകൾ ഇപ്രകാരമാണ് - പാർട്ടി മുൻകൈയെടുത്താണ് വിവാഹം നടത്തിയത്. തൊഴിലാളി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഒരു മുഴുവൻ സമയ പ്രവർത്തകയായി കഴിയാനാണ് ഞാനാഗ്രഹിച്ചത്. എന്റെ ജീവിതം തൊഴിലാളികൾക്കാണ്. അത് ഞാൻ പാർട്ടിയോട് പറഞ്ഞു. പാർട്ടിക്കാർ വിവാഹത്തിന് നിർബന്ധിച്ചപ്പോൾ ഞാൻ ചോദിച്ചു, കല്യാണം കഴിഞ്ഞാൽ എന്റെ  രാഷ്ട്രീയ ജിവിതമോ എന്ന്. രാഷ്ട്രീയ ജീവിതം പഴയപടി നിങ്ങൾക്ക് തുടരാൻപറ്റുമെന്നും അതിനനുവദിക്കുന്ന ഒരു വ്യക്തിയാണ് സ:വി.കെ. ഭാസ്കരനെന്നും ബാക്കി കാര്യങ്ങൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുണ്ടല്ലോ എന്നും സഖാക്കൾ പറഞ്ഞതനുസരിച്ചാണ്  ഞാൻ വിവാഹത്തിന് വഴിപ്പെട്ടത്. എന്റെ കല്യാണം പാർട്ടി ഓഫീസിൽ വെച്ചാണ് നടന്നത്. (ഓറ മാസിക,നവംബർ - 1991)

പുന്നപ്രവയലാർ സമരത്ത് പുരുഷന്മാർ ഒളിവിലും ജയിലിലുമായ സമയത്ത് സമരരംഗത്ത് നേതൃത്വം നൽകി. ഒളിവിലെ സഖാക്കൾക്കുള്ള കത്തുകൾ പോലീസിൽ നിന്നു മറയ്ക്കാനായി മുടിക്കെട്ടിനുള്ളിൽ തിരുകി. അറസ്റ്റ് ഉറപ്പായപ്പോൾ കക്കൂസിൽ കീറിക്കളഞ്ഞ് സഖാക്കളെ രക്ഷപ്പെടുത്തി. ഒളിവു ജീവിതത്തിന്റെ കൂടുതൽ സമയവും ചെലവഴിച്ചത് കാർഷികമേഖലയിലായിരുന്നു. കർഷക തൊഴിലാളികളുടെ കൂട്ടത്തിലും തൊണ്ടുതല്ലുതൊഴിലാളികളുടെ കൂട്ടത്തിലും തൊഴിലാളിവേഷത്തിൽ പകൽ സമയത്തും, രാത്രികാലങ്ങളിൽ കൈലിമുണ്ടും ഷർട്ടും തലയിൽ തോർത്തും കെട്ടി ആൺവേഷത്തിലുമാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നത്. 1970 മിച്ചഭൂമി പിടിച്ചെടുക്കൽ സമരത്തിലും മീനാക്ഷിയുടെ നേതൃത്വം ആവേശകരമായിരുന്നു. അതിന്റെ ഭാഗമായി ആലപ്പുഴ കമ്പിനിച്ചിറയിലെ ഭൂമിപിടിച്ചെടുക്കൽ സമരവും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് മൂന്നു തവണയാണ് മീനാക്ഷി ജയിൽവാസം അനുഭവിച്ചത്.

References

References

1.ചോരമണ്ണിലെ സഹനജീവിതം - സ്വാതന്ത്ര്യ സമരസേനാനി കെ       മീനാക്ഷിയുടെ ജീവചരിത്രം - എ അഷറഫ് - മൈത്രി ബുക്ക്സ്, തിരുവനന്തപുരം.
2.ഒരുമ്പെട്ടവര്‍ - പോരാട്ടങ്ങളിലെ സ്ത്രീജീവിതം - അലോഷ്യസ് ഡി.     ഫെര്‍ണാന്‍റസ്, ഡെല്‍സണ്‍ എം . സ്കറിയ