സൈബർ കുറ്റകൃത്യങ്ങളും സ്ത്രീസുരക്ഷയും

ലോകം വിരൽ തുമ്പിൽ ലഭ്യമാകുന്ന ഒരു സാങ്കേതിക കാലഘട്ടത്തിലാണ് നാമിപ്പോൾ ജീവിക്കുന്നത്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ സാങ്കേതികവിദ്യകൾ ജീവിതം അനായാസകരമാക്കുന്നതിനോടൊപ്പം കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിനും കാരണമായിട്ടുണ്ട്. സൈബർ ലോകം എന്നതുതന്നെ കമ്പ്യൂട്ടർ അധിഷ്ഠിതമായ ഒരു ഭാവന ലോകമാണ്. നിർഭാഗ്യവശാൽ ഭൂരിഭാഗം സൈബർ കുറ്റകൃത്യങ്ങളിലും ഇരകളാവുന്നത് സ്ത്രീകളും കുട്ടികളുമാണെന്നതാണ് ഭയപ്പെടുത്തുന്ന യാഥാർഥ്യം. 
കമ്പ്യൂട്ടറും ഇന്റർനെറ്റും ഉപയോഗിച്ചുള്ള നിയമവിരുദ്ധമായ ഏതൊരു പ്രവൃത്തിയും സൈബർ കുറ്റകൃത്യമാണ്. ഒരു വ്യക്തിയെയോ ഒരുകൂട്ടം വ്യക്തികളെയോ ദ്രോഹിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി മാനഹാനി വരുത്തുന്നതിനോ മാനസികമായി പീഡിപ്പിക്കുന്നതിനോ, നേരിട്ടോ അല്ലാതെയോ ആധുനിക ആശയവിനിമയോപാധികളായ കമ്പ്യൂട്ടർ/മൊബൈൽഫോൺ, ഇന്റർനെറ്റ് എന്നിവ ഉപയോഗിച്ച് നടത്തുന്ന കുറ്റകൃത്യങ്ങൾ സൈബർ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരും. സ്ത്രീകൾ, പെൺകുട്ടികൾ തുടങ്ങി കമ്പ്യൂട്ടറും ഇന്റർനെറ്റും യഥാവിധം ഉപയോഗിക്കാനറിയാത്തതും ഇന്റർനെറ്റിലെ ചതികുഴികളെക്കുറിച്ചു അറിവില്ലാത്തവരുമായ ആരും ഇരകളാക്കപ്പെട്ടേക്കാം. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും കുറ്റവാളികളെ ശിക്ഷിക്കുന്നതിനുമായി 2000 ഒക്‌ടോബർ 17നു  നിലവിൽ വന്ന നിയമമാണ് ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000. 

സൈബർക്രൈമുകൾ പലതരത്തിലുണ്ട് താഴെപറയുന്നവ ഏറ്റവുമധികം നടക്കുന്ന സൈബർക്രൈമുകളാണ്.

1 .സൈബർ പീഡനം

ഇന്റർനെറ്റ് വഴി ഒരു വ്യക്തിയെ നിരന്തരം ശല്യപെടുത്തുകയും ലൈംഗീകാവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നത് ഇതിൽ പെടുന്നു.
2013 ലെ ക്രിമിനൽ നിയമ ദേദഗതി പ്രകാരം ലൈംഗികപീഡനം എന്നാൽ കേവലം ശാരീരികമായുള്ള ലൈംഗികപീഡനം മാത്രമല്ല, താഴെപ്പറയുന്നവയും ലൈംഗികപീഡനത്തിന്റെ പരിധിക്കുള്ളിൽ വരുന്നു.
(എ) ലൈംഗികത ആവശ്യപ്പെടുന്നതും അപേക്ഷിക്കുന്നതും
(ബി) ലൈംഗിക ചുവയോടുകൂടിയുള്ള സംസാരങ്ങളും പെരുമാറ്റങ്ങളും
(സി) നിർബന്ധപൂർവം അശ്ലീലചിത്രങ്ങൾ കാണിക്കുന്നത് 
(ഡി) വാക്കാലുള്ളതോ അല്ലാത്തതോ ആയതും ശാരീരികമായതുമായ ലൈംഗിക കടന്നുകയറ്റങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000 സെക്ഷൻ 67A ,67B  എന്നിവ പ്രകാരം ഇന്റെർനെറ്റിൽകൂടിയോ ഇമെയിൽ വഴിയോ സ്ത്രീകളുടെയോ കുട്ടികളുടെയോ അശ്ലീലചിത്രങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതും കൈമാറ്റം ചെയ്യുന്നതും അതുവഴി ഭീഷണിപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതും സൈബർ പീഡനമാണ്. 

2 .സൈബർ പിന്തുടരൽ

ഒരു വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ ഭയപ്പെടുത്തുന്നതിനോ പ്രണയമാവശ്യപ്പെട്ടോ ലൈംഗികമായി ഉപയോഗിക്കുന്നതിനോ പക വീട്ടാനോ  വേണ്ടി ഫോണിലോ ഇമെയിൽ വഴിയോ നിരന്തരം സന്ദേശങ്ങളയച്ചു പിന്തുടർന്നുകൊണ്ടിരിക്കുന്നതാണ് സൈബർ പിന്തുടരൽ.  സ്ത്രീകളും കുട്ടികളുമാണ് പ്രധാനമായും ഇരകളാക്കപ്പെടുന്നത്. ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സൈബർ കുറ്റകൃത്യമാണിത്.

 റിതു കോഹ്‌ലി കേസ് 

ഇന്ത്യയിലാദ്യമായി റിപ്പോർട്ട് ചെയ്ത സൈബർ പിന്തുടരൽ കേസ് ആണിത്. ശ്രീമതി റിതു കോഹ്‌ലി ഇൻറർനെറ്റിലൂടെ ചാറ്റുചെയ്യാൻ അവളുടെ ഐഡന്റിറ്റി ഉപയോഗിക്കുന്ന ഒരു വ്യക്തിക്കെതിരെ പോലീസിൽ പരാതിപ്പെട്ടു. ആ വ്യക്തി തന്റെ പേരും വിലാസവും ഉപയോഗിച്ചു അശ്ലീലഭാഷയിൽ നെറ്റിൽ ചാറ്റ് ചെയ്യുകയാണെന്നും തന്റെ വിലാസവും ഫോൺ നമ്പറും നെറ്റിൽ പരസ്യപ്പെടുത്തിയിരിക്കുന്നുവെന്നുമായിരുന്നു പരാതി. തൽഫലമായി, മിസ്സിസ് കോഹ്‌ലിക്ക് മൂന്ന് ദിവസത്തിനുള്ളിൽ 40 ഓളം കോളുകൾ ലഭിച്ചു.  പരാതിക്കാരിയുടെ സ്വകാര്യ ജീവിതത്തിൽ ഈ സംഭവം  ഒരു നാശം സൃഷ്ടിച്ചുവെന്നും അവർ പരാതിപ്പെട്ടു. പോലീസ് മുഴുവൻ കാര്യങ്ങളും അന്വേഷിക്കുകയും കുറ്റവാളിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസ് ഐപിസി സെക്ഷൻ 509 പ്രകാരം രജിസ്റ്റർ ചെയ്യുകയും തുടർന്ന് ജാമ്യത്തിൽ വിടുകയും ചെയ്തു.

ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000 സെക്ഷൻ 72 പ്രകാരം സ്വകാര്യതയുടെ ലംഘനത്തിന് സൈബർ പിന്തുടരൽ നടത്തുന്ന കുറ്റവാളികളെ ശിക്ഷിക്കാം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 441 പ്രകാരം കുറ്റകരമായ കടന്നുകയറ്റത്തിനും സെക്ഷൻ 509  പ്രകാരം സ്ത്രീകളെ ബലാൽക്കാരം ചെയ്യുന്നതിനും ഇത്തരക്കാരെ ശിക്ഷിക്കാവുന്നതാണ്.

3 .സൈബർ പോർണോഗ്രഫി (അശ്ലീലപ്രദർശനം)

ഇന്റർനെറ്റ് വഴിയുള്ള അശ്ലീലചിത്രങ്ങളുടെ പ്രദർശനം. ഇന്റർനെറ്റ് ആശയവിനിമയ ഉപാധികളായ ഫേസ്ബുക്ക് വാട്സാപ്പ് തുടങ്ങിയവ ഉപയോഗിക്കുന്ന സ്ത്രീകളും കുട്ടികളുമാണ് കൂടുതലായും ഇത്തരം കുറ്റകൃത്യത്തിൽ ഇരകളാക്കപ്പെടുന്നത്. അവരറിയാതെ തന്നെ അവരുടെ ഫോട്ടോയും മറ്റും അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിന്നതും പ്രണയബന്ധങ്ങളിൽ പ്രണയികൾ കൈമാറുന്ന സ്വകാര്യചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുന്നതും ഈ കുറ്റത്തിന്റെ പരിധിയിൽ വരുന്നതാണ്.

 ഡൽഹി മെട്രോ സിസിടിവി ഫൂട്ടേജ് ചോർച്ച കേസ്

മെട്രോ സ്റ്റേഷനുകളിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ നിന്ന് പോലീസ് റെക്കോർഡ് ചെയ്തു സൂക്ഷിച്ച ദമ്പതികൾ അടുപ്പം പുലർത്തുന്ന വീഡിയോകൾ ഇന്റനെറ്റിൽ പ്രചരിച്ച സംഭവമാണിത്. 

മറ്റൊരു സംഭവത്തിൽ, മുംബൈയിൽ ഒരു സ്വിസ് ദമ്പതികൾ ചേരി കുട്ടികളെ അശ്ലീല ഫോട്ടോഗ്രാഫുകൾക്കായി നിർബന്ധിക്കുകയും അവ  എടുക്കുകയും പെഡോഫിലുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത വെബ്‌സൈറ്റുകളിൽ  അപ്‌ലോഡ് ചെയ്യുകയും ചെയ്തു.  ഈ ദമ്പതികളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.

സൈബർ അശ്ലീലസാഹിത്യം ഐടി നിയമത്തിന്റെ പരിധിയിൽ വരുന്ന ഒരു കേസായി കണക്കാക്കപ്പെടുന്നു. ഐടി ആക്റ്റ് 2000 ലെ സെക്ഷൻ 67 പ്രകാരവും ഐപിസിയുടെ വിവിധ വകുപ്പുകൾ പ്രകാരവും കുറ്റവാളികളെ ശിക്ഷിക്കാവുന്നതാണ്.

സെക്ഷൻ 290 -പൊതു ശല്യത്തിന്, സെക്ഷൻ 292 അശ്ലീല പുസ്തകങ്ങൾ വിൽക്കുന്നതിന്

സെക്ഷൻ 292 എ - അശ്ലീലസാഹിത്യം മൊത്തത്തിൽ അച്ചടിക്കുന്നതിനും  പ്രസിദ്ധീകരിക്കുന്നതിനും. 

സെക്ഷൻ 293  -അശ്ലീലസാഹിത്യം ചെറുപ്പക്കാർക്ക് വിൽക്കുന്നതിന്

സെക്ഷൻ 294 - അശ്ലീല ഗാനങ്ങളും മറ്റും രചിക്കുന്നതിനും  എഴുതുന്നതിനും

സെക്ഷൻ 509  - സ്ത്രീകൾക്ക് മാനഹാനി വരുത്തുന്നതിന്.

4 . സൈബർ മാനഹാനി
 
കമ്പ്യൂട്ടറും ഇന്റർനെറ്റും ഉപയോഗിച്ച് സ്ത്രീകളെ  അപകീർത്തിപ്പെടുത്തുന്നതു വരുന്ന വകുപ്പാണിത്. 


എസ്എംസി ന്യൂമാറ്റിക്സ്  (ഇന്ത്യ) പ്രൈവറ്റ്  ലിമിറ്റഡ് വി. ജോഗേഷ് ക്വാത്ര

ഇന്ത്യയിൽ സൈബർ മാനനഷ്ടത്തിന്റെ ആദ്യ കേസാണിത്. ഒരു കമ്പനിയുടെ ജീവനക്കാരൻ (പ്രതി) അതിന്റെ മാനേജിംഗ് ഡയറക്ടറെക്കുറിച്ചുള്ള അവഹേളനപരവും അപകീർത്തിപ്പെടുത്തുന്നതുമായ അശ്ലീല ഈ-മെയിലുകൾ അയയ്‌ക്കാൻ തുടങ്ങി. ഇ-മെയിലുകൾ അജ്ഞാതവും പതിവുമായിരുന്നു.അവരുടെ ബിസിനസ്സ് സഹകാരികളിൽ പലരുടെയും പ്രതിച്ഛായയെയും സൽസ്വഭാവത്തെയും കളങ്കപ്പെടുത്തുന്നതിനായി അയച്ചതായിരുന്നു ആ മെയിലുകൾ. വാദി കമ്പനി ഒരു സ്വകാര്യ കമ്പ്യൂട്ടർ വിദഗ്ദ്ധന്റെ സഹായത്തോടെ പ്രതിയെ മനസിലാക്കി ദില്ലി ഹൈക്കോടതിയെ സമീപിച്ചു. പരസ്യ ഇടക്കാല ഉത്തരവ്  അനുവദിച്ചു കോടതി ഇ-മെയിലുകൾ അയയ്ക്കുന്നതിലും പ്രസിദ്ധീകരിക്കുന്നതിലും കൈമാറുന്നതിലും ജീവനക്കാരനെ തടഞ്ഞു.

5 . മോർഫിങ്
 

സ്ത്രീകളുടെയും പെൺകുട്ടികളുടെയും ചിത്രങ്ങൾ രൂപമാറ്റം വരുത്തി അവരെ മോശക്കാരായി ചിത്രീകരിക്കാനോ ഭീഷണിപ്പെടുത്താനോ ഉപയോഗിക്കുന്ന കുറ്റമാണിത്. ഫേസ്ബുക് പോലുള്ള സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ  ഡൗൺലോഡ് ചെയ്തെടുത്താണ് കൂടുതലും മോർഫിങ് നടത്തുന്നത്. ഇത്തരം കുറ്റകൃത്യങ്ങൾ ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000 , സെക്ഷൻ 43 ,66 എന്നിവ പ്രകാരം ശിക്ഷാർഹമാണ്.

6 . ഇമെയിൽ കബളിപ്പിക്കൽ

ഇമെയിൽ വിലാസം തട്ടിയെടുത്തു അതുപയോഗിച്ചു പണവും മറ്റും തട്ടിയെടുക്കുന്ന കുറ്റകൃത്യമാണിത്. ഗുജറാത്ത് അംബുജാസ് എക്സിക്യൂട്ടീവ് കേസ് ഇത്തരം കബളിപ്പിക്കലിന്റെ ഉദാഹരണമാണ്. 

സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് പിന്നിൽ സാമൂഹികപരവുമായ ചില കാരണങ്ങൾ കൂടിയുണ്ട്. ഇരയുടെ മടിയും ലജ്ജയും കാരണം മിക്ക സൈബർ കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാതെ തുടരുന്നു. കുടുംബത്തിന്റെ പേരിനെ അപകീർത്തിപ്പെടുത്തുമെന്ന സ്ത്രീകളുടെ ഭയമാണതിൽ പ്രധാനപ്പെട്ടത്. കുറ്റവാളിയുടെ ഐഡന്റിറ്റി അജ്ഞാതമായി തുടരുന്നതിനാൽ അയാൾ നിരന്തരം ഭീഷണിപ്പെടുത്തിയേക്കാം.വ്യത്യസ്ത പേരുകളും ഐഡന്റിറ്റികളും ഉപയോഗിച്ച് ഇരയെ ബ്ലാക്ക് മെയിൽ ചെയ്തേക്കാം.ഇതവരുടെ കുടുംബ ജീവിതം ദുഷ്കരമാക്കാം. അതിനാൽ ഇത്തരം കുറ്റങ്ങൾ മറച്ചുവെക്കപ്പെടുന്നതിനു ഇടയാക്കുകയും അതിനാൽത്തന്നെ കുറ്റവാളികൾ നിർഭയം കുറ്റകൃത്യങ്ങൾ തുടർന്നുകൊണ്ടിരിക്കുക്കുന്നതിനു ഇടയാക്കുകയും ചെയ്യുന്നു. സൈബർ കുറ്റകൃത്യങ്ങളിൽ ഇരകളാക്കപ്പെടുന്നവർക്ക്  കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സമൂഹത്തിന്റെയും പിന്തുണ കൂടിയേ തീരൂ. പരാതിപ്പെടുന്നതും അന്വേഷണം നടത്തി നിയമപരമായി ശിക്ഷിക്കപ്പെടുന്നതും ഇത്തരം സാമൂഹികവിപത്തുകൾ തടയുവാൻ ഒരു പരിധിവരെയെങ്കിലും സഹായിച്ചേക്കാം. നിർഭാഗ്യവശാൽ ഇന്നും ഇന്ത്യൻ പോലീസ് സൈബർ കുറ്റകൃത്യങ്ങൾ ഗൗരവമായി അനേഷിക്കുന്നില്ല എന്നതാണ് സത്യം. അത്തരം സാഹചര്യങ്ങളിൽ ഇരയാകുന്ന സ്ത്രീ അല്ലെങ്കിൽ യുവതി ആദ്യം ഒരു നിയമ സഹായ സെല്ലുമായോ ബന്ധപ്പെടണം. തുടർനടപടികളിൽ ഇത് വളരെയധികം സഹായകരമാകും.

 സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് ഏത് സംസ്ഥാനത്തെയും സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ്. സൈബർ കുറ്റവാളികൾക്ക് വ്യാജ  ഐഡന്റിറ്റികൾ സൃഷ്ടിക്കുന്നതിനും തുടർന്ന് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുമുള്ള അവസരങ്ങൾ ഉള്ളതിനാൽ ഇത്തരം കേസുകൾ അനേഷിക്കുന്നത് കൂടുതൽ വെല്ലുവിളിയാകുന്നു.

ഇന്റർനെറ്റ് സേവനങ്ങൾ ദുരുപയോഗപ്പെടുത്തുന്നവർക്കെതിരെ സർക്കാർ കർശന നിയമങ്ങൾ കൊണ്ടുവരുന്നത് കുറ്റകൃത്യങ്ങൾ തടയാൻ  സഹായിക്കും. കൂടാതെ സൈബർ സംസ്കാരത്തെക്കുറിച്ചും കുറ്റകൃത്യങ്ങളെക്കുറിച്ചും ആളുകളെ ബോധവാന്മാരാക്കേണ്ടതുണ്ട്. പഠനങ്ങൾ കാണിക്കുന്നത് ഇന്ത്യയിലെ വലിയൊരു ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് ഇന്റർനെറ്റിനെപ്പറ്റി വേണ്ടത്ര അറിവ് ഇല്ല എന്നാണ്. അതിനാൽത്തന്നെ അത്തരക്കാർ എളുപ്പത്തിൽ കുറ്റവാളികളുടെ കെണിയിൽ അകപ്പെടുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും സൈബർ കുറ്റകൃത്യങ്ങളെപ്പറ്റി ചെറിയ രീതിയിലെങ്കിലും അറിവുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.