വികസനവും സ്ത്രീകളും

സ്ത്രീകളും  വികസനവും തമ്മിലുള്ള ബന്ധത്തിന് പല മാനങ്ങളുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ 'സ്ത്രീകൾ വികസനത്തിൽ' (women in Development) അഥവാ  WID എന്ന രീതിയിലാണ് ചർച്ച ചെയ്തിരുന്നത്. സ്വാഭാവികമായും സ്ത്രീകളുടെ അടിസ്ഥാന ആവശ്യങ്ങളെ കരുതിയും സ്ത്രീകൾ ആർജിച്ചിരുന്ന പരമ്പരാഗത തൊഴിലുകളെ ആസ്പദമാക്കിയുമുള്ള തൊഴിൽ രൂപങ്ങളിലാണ്     സ്ത്രീകൾക്കായി  കണ്ടിരുന്നത് .WID എന്ന രീതിയിലുള്ള  വികസന ചർച്ചകളും പ്രവർത്തനങ്ങളും  അതിന്റെ ഫലം കാണുന്നില്ല എന്ന  അറിവിന്റെ അടിസ്ഥാനത്തിൽ അതിൽ മാറ്റങ്ങൾ വേണമെന്നായി. അതോടു കൂടി ഉണ്ടായ മാറ്റം, സ്ത്രീകളും  വികസനവും (WAD-women & Development ) തമ്മിലുള്ള ബന്ധമായിരുന്നു ചർച്ച ചെയ്തിരുന്നത്. അപ്പോഴും സ്ത്രീകളെ വികസന പ്രവർത്തനത്തിന്റെ ഭാഗമാക്കുക എന്ന രീതി ഉണ്ടായിരുന്നില്ല.
   
ആദ്യത്തെ ഘട്ടത്തിൽ (WID) "സ്ത്രീകൾ വികസനത്തിൽ" എന്നതിൽ പരമ്പരാഗത തൊഴിൽ രൂപങ്ങളായി കണ്ടിരുന്നത് അടുക്കളത്തോട്ടവും, കോഴിവളർത്തൽ  പശുവളർത്തൽ  എന്നിങ്ങനെയുള്ളവയായിരുന്നു.  സാമ്പത്തിക നേട്ടമുണ്ടായി എന്നല്ലാതെ , സ്ത്രീകളുടെ വികസനം  ഇതിലൂടെ ഉണ്ടാവുന്നില്ല എന്ന തിരിച്ചറിവാണ്, സ്ത്രീകളും വികസനവും എന്ന രണ്ടാം  ഘട്ടത്തിലേക്കെത്തിച്ചത്. മാത്രവുമല്ല, സ്ത്രീകളുടെ രണ്ടാംകിടസ്ഥാനത്തേയും അടിച്ചമർത്തലിനെയും ചോദ്യം  ചെയ്യാൻ പ്രാപ്തിയുള്ളതല്ല  ഇത്തരം വികസന ചർച്ചകൾ എന്നതും ഒരു കാരണമായിരുന്നു.

സ്ത്രീകളും വികസനവും എന്ന രണ്ടാം ഘട്ടത്തിൽ സ്ത്രീകളെ വികസന പ്രവർത്തനത്തിൽ പങ്കാളികളാക്കുക എന്ന കാഴ്ചപ്പാടാണുണ്ടായത്. അപ്പോഴും സ്ത്രീകളുടെ അടിച്ചമർത്തലിന്റെ  കാരണമോ, രണ്ടാം പൗരനായി കണക്കാക്കുന്നതിന്റെ പൊരുളോ ചർച്ച ചെയ്യപ്പെട്ടില്ല. അത് തന്നെ പിന്നീട് ലിംഗപദവിയും വികസനവും എന്ന് മാറിയതോടെ, പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോൾ ഉണ്ടാവുന്ന വ്യത്യാസം കൃത്യമായി കണക്കാക്കുവാനും മനസിലാക്കുവാനും കഴിഞ്ഞുവെന്ന് മാത്രമല്ല പുരുഷന്മാരിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകൾക്കെന്താണ് വേണ്ടത് എന്നത് വ്യക്തമായി വേർതിരിച്ചെടുക്കുവാൻ കഴിഞ്ഞു. സ്ത്രീകളുടെ വികസന ആവശ്യങ്ങളല്ല പുരുഷന്മാരുടേതു എന്നത് മനസിലായത് "സ്ത്രീകളോട് നിങ്ങളുടെ ആവശ്യമെന്താണ്" എന്നു ചോദിച്ചറിഞ്ഞതിലൂടെയായിരുന്നു. ഇതിന്റെ  ഉത്തരം വിരൽ ചൂണ്ടിയത് അവരുടെ രണ്ടാംകിട സ്ഥാനത്തേയും അടിച്ചമർത്തലിന്റെ വേരുകളിലേക്കുമായിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾക്കു കാരണം, സ്ത്രീകളുടെ കഴിവില്ലായ്മയും  താല്പര്യമില്ലായ്മയുമാണ് എന്ന സങ്കല്പം ഇതോടെ പൊളിച്ചെഴുതപ്പെടുകയായിരുന്നു. സ്ത്രീകൾ അവശത അനുഭവിക്കാനുള്ള കാരണം നിലനിൽക്കുന്ന സാമൂഹ്യ വ്യവസ്ഥിയുടെ പോരായ്മയാണ് എന്നത് തുറന്ന പുസ്തകം പോലെ വെളിപ്പെടുകയായിരുന്നു.

കുടുംബശ്രീ  പോലുള്ള  സംരംഭകൾ  തുടങ്ങിയതും ഇക്കാലത്താണ്. ഇത് സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെയും സ്ത്രീ കാഴ്ചപ്പാടുകളെയും മറ്റൊരു തലത്തിലേയ്ക്ക് നയിച്ചു. ഇതിന്റെ തുടർച്ചയായി, സ്ത്രീകളും വികസനവുമെന്നത് ലിംഗപദവിയും വികസനവുമെന്നായി.  കേരള ആസൂത്രണ കമ്മീഷനിൽ നിന്നിറങ്ങുന്ന ഇക്കണോമിക് റിവ്യൂവിൽ 'ലിംഗപദവിയും വികസനവും എന്ന ഒരു പുതിയ അധ്യായം ഉണ്ടായി - സാമ്പത്തികാസൂത്രണത്തിൽ ജെൻഡർ ബഡ്ജറ്റിംഗും ജെൻഡർ ഓഡിറ്റിംഗും നടപ്പാക്കപ്പെട്ടു - ഇപ്പോഴും നടപ്പാക്കി കൊണ്ടിരിക്കുന്നു. വനിതാഘടക പദ്ധതി എന്ന രീതിയിൽ പഞ്ചായത്തുകളിൽ സ്ത്രീകളുടെ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള  പദ്ധതികളിലേക്ക്‌ ശ്രദ്ധ തിരിക്കുവാൻ കഴിഞ്ഞു.