സോണിയ ഗാന്ധി
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷ പദവി ഏറ്റവും കൂടുതൽ കാലം വഹിച്ച വ്യക്തി, പതിമൂന്നാം ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, യു.പി.എ. ചെയർപേഴ്സൺ എന്നീ നിലകളിൽ പ്രശസ്തയാണ് സോണിയ ഗാന്ധി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാര്യയായ അവർ ഇറ്റലിയിൽ ആണ് ജനിച്ചത്. വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിൽ എത്തിയ സോണിയയും രാജീവും കണ്ടുമുട്ടുകയും പ്രണയത്തിലാവുകയുമായിരുന്നു. വിവാഹശേഷം അവർ ഇന്ത്യയിൽ സ്ഥിരതാമസമാക്കുകയും ഇന്ത്യൻ പൗരത്വം നേടുകയും ചെയ്തു.
1991-ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം, അവർ സന്നദ്ധ സംഘടനയായ രാജീവ് ഗാന്ധി ഫൗണ്ടേഷൻ ആരംഭിക്കുകയും അതിന്റെ ചെയർ പേഴ്സൺ ആവുകയും ചെയ്തു. 1998-ൽ സോണിയ കോൺഗ്രസ്സിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയും 99-ലെ തെരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്നും പാർലമെന്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടർന്ന് ലോക്സഭയിൽ പ്രതിപക്ഷ നേതാവായ അവർ 2004 ൽ നടന്ന തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ നിന്നും വീണ്ടും ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കപെട്ട സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രതിപക്ഷം അവർ ഇന്ത്യൻ പൗരൻ ആയിരുന്നില്ലെന്നുൾപ്പടെയുള്ള വിദ്വേഷ പ്രചാരണങ്ങൾ ഇറക്കുകയും തുടർന്ന് അവർ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതൃസ്ഥാനം ഒഴിയുകയും ചെയ്തു. 2006-ൽ ഇരട്ട പദവി വഹിയ്ക്കുന്നെന്ന ആരോപണത്തെ തുടർന്ന് അവർ ലോക്സഭാംഗത്വം രാജിവെച്ചു ഉപതെരഞ്ഞെടുപ്പിന്റെ നേരിട്ട് വീണ്ടും ലോക്സഭയിലെത്തി. 2009-ലും 2014ലും 2019ലും അവർ വീണ്ടും ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.
രാജീവ്‘, ‘രാജീവിന്റെ ലോകം എന്നിങ്ങനെ രണ്ടു പുസ്തകങ്ങൾ അവരുടേതായി പുറത്തു വന്നിട്ടുണ്ട്.