മാനുഷി

കേരളത്തിലെ സ്ത്രീ വിമോചന പ്രസ്ഥാനങ്ങളുടെ ആദ്യ ശബ്ദമായിരുന്നു മാനുഷി. 1985-ൽ  സാറാ ജോസഫിന്റെ നേതൃത്വത്തിൽ ഏതാനും അധ്യാപികമാരും വിദ്യാർത്ഥിനികളും ചേർന്നാണ് മാനുഷി എന്ന സംഘടനയ്ക്ക് രൂപം കൊടുക്കുന്നത്. തൃശൂർ ജില്ലയിലെ മായന്നൂരിൽ സ്വത്തുതർക്കത്തിന്റെ പേരിൽ ഊരുവിലക്ക് കൽപ്പിക്കപ്പെട്ട ബാലാമണിയുടെ വിഷയത്തിലിടപെട്ട് നടത്തിയ പോരാട്ടങ്ങളിലൂടെയായിരുന്നു മാനുഷിയെ കേരളത്തിന്റെ പൊതു സമൂഹം ശ്രദ്ധിച്ച് തുടങ്ങിയത്.

തൃശൂർ - പാലക്കാട് - മലപ്പുറം ജില്ലകളിലെ നിരവധി സ്ത്രീപീഡന സംഭവങ്ങളിലും സ്ത്രീകൾ നേരിടുന്ന പൊതുവിഷയങ്ങളിലും തൃശൂരിലെ ലാലൂർ മലിനീകരണ വിരുദ്ധ സമരത്തിലും മറ്റും സംഘടന സജീവമായിയിരുന്നു.   

പട്ടാമ്പി ഗവ. കോളേജിലെ അധ്യാപികയായിരുന്ന സാറാ ജോസഫിന്റെ നേതൃത്വത്തിൽ ഏതാനും അധ്യാപികമാരും വിദ്യാർത്ഥിനികളുമാണ് സംഘടനക്ക് രൂപം കൊടുത്തത്. നക്‌സലൈറ്റ് വിഭാഗമായിരുന്ന സി ആർ സി സി പി ഐ എം എല്ലും യുവജനവിഭാഗമായിരുന്ന കേരളീയ യുവജനവേദിയും മാനുഷി രൂപീകരണത്തിലും ആദ്യകാല പ്രവർത്തനങ്ങളിലും പങ്കാളികളായിരുന്നു.

തൃശൂർ ജില്ലയിലെ മായന്നൂരിൽ സ്വത്തു തർക്കത്തിന്റെ പേരിൽ ഊരുവിലക്ക് കൽപിക്കപ്പെട്ട ബാലാമണിയുടെ വിഷയത്തിലിടപെട്ട് നടത്തിയ പോരാട്ടങ്ങളായിരുന്നു മാനുഷി ആദ്യമിടപെട്ട സംഭവമെന്നു പറയാം. തുടർന്ന് തൃശൂർ - പാലക്കാട് - മലപ്പുറം ജില്ലകളിലെ നിരവധി സ്ത്രീപീഡന സംഭവങ്ങളിലും സ്ത്രീകൾ നേരിടുന്ന പൊതുവിഷയങ്ങളിലും മാനുഷി സജീവമായി ഇടപെട്ടു. തങ്കമണിയിൽ പോലീസ് നടത്തിയ കൂട്ടബലാൽസംഗ വിഷയം ഒരു ഉദാഹരണം. മറുവശത്ത്  തെരുവു നാടകം പോലുള്ള ആവിഷ്‌കാരങ്ങളും ആശയ പ്രചരണത്തിനായി ഉപയോഗിച്ചു. തൃശൂരിലെ ലാലൂർ മലിനീകരണ വിരുദ്ധ സമരത്തിലും മറ്റും സംഘടന സജീവമായിയിരുന്നു.

അതേസമയം സംഘടനക്കകത്ത് അഭിപ്രായ ഭിന്നതകളും രൂപമെടുത്തു. സ്വതന്ത്ര സ്ത്രീസംഘടന എന്ന ആശയം തത്വത്തിലംഗീകരിച്ചിരുന്നെങ്കിലും പ്രായോഗിക തലത്തിൽ അതുൾക്കൊള്ളാൻ പല എം എൽ പ്രവർത്തകർക്കും സാധിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് പല ആശയ സമരങ്ങളുമുണ്ടായി. ഗ്രോ യൂനിയന്റെ നേതൃത്വത്തിലും എം എൽ വിഭാഗങ്ങളുടെ സജീവ പിന്തുണയിലും നടന്നിരുന്ന മാവൂർ സമരത്തിൽ മാനുഷി അമിതമായ താൽപ്പര്യം കാണിച്ചതിൽ പല പ്രവർത്തകർക്കും എതിർപ്പുമുണ്ടായിരുന്നു.  ഇതുമായി ബന്ധപ്പെട്ട ഭിന്നതകൾ മൂർഛിച്ചതോടെ പാർട്ടിയുമായി ബന്ധമില്ലാതിരുന്നവർ സാറാ ജോസഫിന്റെ നേതൃത്വത്തിൽ തന്നെ മാനവി എന്ന സംഘടന രൂപീകരിച്ചു. ഇരു സംഘടനകളും കുറേക്കാലം കൂടി സജീവമായി രംഗത്തുണ്ടായിരുന്നു.