പ്രബല മുന്നേറ്റങ്ങളിലെ സ്ത്രീകൾ

പ്രബല മുന്നേറ്റങ്ങളിൽ ഉണ്ടായിരുന്ന സ്ത്രീകളും അവരുടെ സ്വാധീനവും

സ്ത്രീകളുടേതായ മുന്നേറ്റത്തിലും പ്രതിനിധ്യത്തിലും സാമുദായിക സംഘടനകളുടെ സ്വാധീനം പലപ്പോഴും ശക്തമായിരുന്നു. 1931 ൽ അന്നാ ചാണ്ടി രാഷ്ട്രീയപ്രവർത്തനത്തിലേക്ക് പ്രവേശിച്ചപ്പോൾ നായർ പത്രമായിരുന്ന "മലയാള രാജ്യം" ആക്രമണം അഴിച്ചുവിട്ടതും "നസ്‌റാണി ദീപിക" അവരെ പിന്താങ്ങിയതും അതിന്റെ തെളിവുകൾ ആയിരുന്നു. പല സാമുദായിക മുന്നേറ്റങ്ങളെയും അതിനുള്ളിലെ തന്നെ സ്ത്രീ പ്രതിനിധികൾ സ്ത്രീകളുടേതായ പ്രശ്നങ്ങളെ മുന്നോട്ടുവെക്കാത്തതിന്റെ പേരിൽ വിമര്ശിക്കുകയും അതിന്റെ ഭാഗമായി ഭീഷണികൾ നേരിടുകയും ചെയ്തു. പല സാമുദായിക  മുന്നേറ്റങ്ങളുടേയും നേതൃത്വനിരകളിൽ സ്ത്രീ പ്രാതിനിധ്യം  ദൃശ്യമായിരുന്നില്ല എങ്കിലും പ്രമുഖരായ വനിതകൾ അവരിൽ ഉണ്ടായിരുന്നു. കെ ചിന്നമ്മ, ദേവകി നരിക്കാട്ടിരി, പാർവതി നെന്മിനിമംഗലം, ആര്യ പള്ളം എന്നിവർ അവരിൽ ചിലരാണ്. 1937ൽ ശ്രീമൂലം പോപ്പുലർ സഭയിലേക്ക് ശുപാര്ശചെയപെട്ട ബ്രാഹ്മണ സമുദായ അംഗമായിരുന്ന ദേവകി അന്തർജ്ജനം തിരുവിതാംകൂർ സർക്കാരിന് നന്ദിപ്രകാശിപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ "നമ്പൂതിരി സമുദായത്തിന്റെ എല്ലാ പ്രശ്നങ്ങളും ഏറ്റുവാങ്ങുന്ന അന്തർജ്ജന സമുദായത്തെക്കൂടി(നമ്പൂതിരി സ്ത്രീകൾ) താൻ പ്രതിനിധീകരിക്കുന്നു" എന്ന് വ്യക്തമാക്കി.

ദേശീയ സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളിലും സ്ത്രീ മുന്നേറ്റങ്ങളുടേതായ താല്പര്യങ്ങൾക്ക് തുടർച്ചയുണ്ടായിരുന്നു, 1931ൽ മലബാറിലെ നിസഹകരണ പ്രസ്ഥാന കാലത്തു നടന്ന സ്ത്രീ സമ്മേളനം "കേരള മഹിളാ ദേശ സേവികാ സംഘ്" എന്ന സംഘടനാ രൂപീകരിച്ചു. ഇവർ കരകൗശല പരിശീലനവും നിശാപഠന ക്യാമ്പുകളും സംഘടിപ്പിച്ചതോടൊപ്പം എല്ലാ സർക്കാർ തൊഴിലിലും ജനസന്ഖ്യാനുപാതത്തിലുള്ള പ്രാതിനിധ്യപ്പോരാട്ടത്തിനും അത് തുടർച്ചയുണ്ടാക്കി.
സാമുദായിക മുന്നേറ്റത്തിലുള്ളവരും, ദേശീയ മുന്നേറ്റത്തിലുള്ളവരും കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിലുള്ളവരും സ്ത്രീ പ്രതിനിധികളെ ക്ഷണിക്കുമ്പോൾ അവരുടെ സ്ത്രീ പക്ഷ നിലപാടുകൾ മാറ്റിവെക്കുവാനും ആഭ്യന്തര സാമൂഹിക ആവശ്യങ്ങൾ മുന്നോട്ടു വെക്കുവാനും  ആവശ്യപ്പെട്ടു. വൈക്കം സത്യാഗ്രഹത്തിലേക്ക് സ്ത്രീകളെ ക്ഷണിച്ചുകൊണ്ടുള്ള ലഖുലേഖയിൽ ഒരു സത്യാഗ്രഹിയായ സ്ത്രീ കേരളത്തിലുള്ള ഹിന്ദു സ്ത്രീകളോട് ആവശ്യപ്പെട്ടത് "ജാതി അടിച്ചമർത്തൽ നിരവധിസ്ത്രീകളുടെ മൗലികാവകാശങ്ങൾ ഹനിക്കുന്നതുകൊണ്ട് അതിനെതിരെയുള്ള പോരാട്ടം സ്ത്രീകൾക്ക് വേണ്ടിക്കൂടിയുള്ള പോരാട്ടമാണെന്നാണ്"  1930 ൽ തിരുവിതാംകൂർ ദിവാനെതിരായിമുസ്ലിം,ഈഴവ, ക്രിസ്ത്യൻ സമുദായാംഗങ്ങൾ നടത്തിയ "നിസഹകരണ സമരത്തിലേക്ക്" സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പിക്കാനായി ഇറക്കിയ അനുശാസനങ്ങളിൽ സ്ത്രീകളുടെ പ്രാതിനിധ്യം സമുദായഇടപെടലിലേക്ക് ചുരുക്കിയിരുന്നു എന്ന് വ്യക്തമാക്കി. 1932ൽ തിരുവിതാംകൂർ സർക്കാർ നടപ്പാക്കിയ ഭേദഗതികൾക്കെതിരെ നടന്ന "നിസഹകരണ സമര"ത്തിന്റെ ഭാഗമായി ഈഴവ മുസ്ലിം ക്രിസ്ത്യൻ സ്ത്രീകളോട് കെ ഗോമതി സ്ത്രീകൾ പുരുഷന്മാരോടൊപ്പം രാജ്യത്തിനും സമൂഹത്തിനും വേണ്ടി പ്രവർത്തിക്കണം എന്ന് ആവശ്യപ്പെടുന്നുണ്ട്.

 

1930 കൾക്ക് ശേഷം എം കെ ഗാന്ധി സ്ത്രീകളുടെ രാഷ്ട്രീയ പ്രവേശനത്തെ അംഗീകരിച്ചു എങ്കിലും അത് ദേശീയതലത്തിൽ നടക്കുന്ന സ്വാതന്ത്ര്യസമരത്തിലും ദേശസേവനത്തിലും അധിഷ്ഠിതമായിട്ടായിരുന്നു, സ്ത്രീകളുടേതായ പ്രശ്നങ്ങൾ ദേശീയ പ്രശ്നങ്ങൾക്ക് കീഴിലായിരുന്ന സങ്കല്പമായിരുന്നു അത്. മലബാറിൽ സ്ത്രീകളുടേതായി ശക്തമായ ഒരു നിസഹകരണമുന്നേറ്റം തന്നെ നടന്നു, സ്ത്രീകളുമായി ബന്ധപെട്ട ആഭ്യന്തര സാമൂഹിക പ്രശ്നങ്ങൾ സ്ത്രീ മുന്നേറ്റങ്ങളിൽ ഉള്ളവർ മാറ്റിവെച്ചു. മുതിർന്ന കോൺഗ്രസ് പ്രവർത്തക ഇ നാരായണിക്കുട്ടി അമ്മ സ്ത്രീകളുടെ നിലവിലെ ഉത്തരവാദിത്വം കുടുംബത്തോടുള്ളതിനേക്കാൾ രാജ്യത്തോടാണെന്നും അതുകൊണ്ട് സ്ത്രീകൾ രാജ്യതാല്പര്യത്തിനായി പ്രവർത്തിക്കണമെന്നും എഴുതി. അക്കാലത്തു സ്ത്രീകളുടേതായ ശക്തമായ സാന്നിധ്യം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായുണ്ടായ പൊതുപരിപാടികളിലും മറ്റുമുണ്ടായിരുന്നു. മാതൃഭൂമിയിൽ ടി സി കൊച്ചുകുട്ടിയമ്മ എഴുതിയ ലേഖനത്തിൽ ഗാന്ധിയൻ സമരമുറകൾ സ്വീകരിച്ചു ശക്തരാകുവാൻ സ്ത്രീകൾ വീടുകളിലെ ദൈനംദിന ജോലികൾ ഉപേക്ഷയ്ക്കണം എന്ന് ആഹ്വാനം ചെയ്തു.  എന്നിരുന്നാലും സ്ത്രീകളുടേതായ ഈ മുന്നേറ്റങ്ങളെ എല്ലാം രാഷ്ട്രീയ പ്രവർത്തനം എന്നതിനേക്കാൾ സാമൂഹ്യ പ്രവർത്തനം എന്ന നിലയിലാണ് അക്കാലത്തു പൊതുബോധം നിലനിർത്തിയത്. മുക്കപ്പുഴ കാർത്ത്യായനി അമ്മ, എ വി കുട്ടിമാളു അമ്മ, ഇ നാരായണിക്കുട്ടി അമ്മ എന്നിവരൊക്കെ അക്കാലത്തെ ദേശീയ മുന്നേറ്റങ്ങളിൽ ഉണ്ടായിരുന്നവരാണ്. എന്നാൽ അക്കാമ്മ ചെറിയാൻ, ആനി മസ്‌ക്രീൻ എന്നിവരേപോലെ ഉള്ളവരെ ശക്തരായ നേതാക്കളായും രാഷ്ട്രീയ പ്രവർത്തകരായും സമൂഹം കണ്ടു. ഇവർ 1930കൾക്കും 1940 കൾക്കും ഇടയിൽ അനവധിതവണ ജയിലിലടക്കപെടുകയും, പൊതുപരിപാടികളിൽ സജീവമായി ഇടപെടുകയും ചെയ്തിട്ടുണ്ട്. അക്കാലങ്ങളിലേതുപോലെ സ്വാതന്ത്ര്യ ലബ്‌ധിക്ക് ശേഷവും അനേകം സ്ത്രീകൾ പൊതുവേദിയിൽ ശക്തരായി  നിലനിന്നിട്ടുണ്ട്. ആനി തയ്യിലിന്റെ ആത്മകഥ ഇതിനെ വ്യക്തമാക്കുന്നുണ്ട്. ആനി തയ്യിൽ, അക്കാമ്മ ചെറിയാൻ, പദ്മം എസ് മേനോൻ എന്നിവർക്ക് അക്കാലത്തെ സാമൂഹിക ഘടനയിൽ സാമൂഹിക നിയന്ത്രണങ്ങൾക്ക് പുറത്തുകടക്കാനും മെച്ചപ്പെട്ടനിലയിൽ സാമൂഹിക മുന്നേറ്റങ്ങൾക്ക് സാധിച്ചിരുന്നു. തങ്ങൾക്കെതിരെ വന്നിരുന്ന ലിംഗവിവേചനത്തെയും സാമൂഹിക നിയന്ത്രണത്തെയും അവർ പ്രതിരോധിച്ചത് പൊതുബോധത്തിനു മുൻപിൽ അവർ സ്വംശീകരിച്ചിരുന്ന "അലിംഗ സ്വത്വ”ത്തെ ഉപയോഗിച്ചായിരുന്നു. രാഷ്ട്രീയ ഇടപെടലുകൾ നടത്തുന്ന സ്ത്രീകൾ നേരിടേണ്ടിവന്ന അനിവാര്യമായ മുള്ളുകളയായിട്ടാണ് അക്കാലത്തെ സ്ത്രീകൾ ലൈംഗിക അപവാദങ്ങളെ കണ്ടത്. 1954ൽ മുവാറ്റുപുഴയിൽ കോൺഗ്രസ് പാർട്ടിയുടെ സ്ത്രീ സംഘടനയുടെ ഉദ്ഘാടനച്ചടങ്ങിൽ മേരി തോമസ് അളകപ്പിള്ളി അതിനെക്കുറിച്ച് വ്യക്തമാകുന്നുണ്ട്. “രാഷ്ട്രീയപ്രവർത്തനത്തിലേർപ്പെടുന്ന സ്ത്രീകൾക്ക് കയ്‌പേറിയ അനുഭവങ്ങൾ ധാരാളമുണ്ട്, എന്നാലും നമ്മൾ മുന്നോട് കുതിക്കുകയാണ്”, സ്ത്രീകളെ സംബന്ധിച്ചിടത്തോളം രഷ്ട്രീയ പ്രവർത്തനം പട്ടുമെത്തയല്ല എന്ന് നമുക്ക് അറിയാമെന്നാണ് അവർ അന്ന് വ്യക്തമാക്കിയത്. പൊതുവിൽ ഈ സ്ത്രീകളെല്ലാം കുടുംബസ്‌ത്രീകളുടേതായ സ്വഭാവസവിശേഷതകൾ ഉള്ളവരായി തങ്ങളെ ചിത്രീകരിക്കേണ്ട ആവശ്യമില്ല എന്ന് സ്വയം കരുതിയിരുന്നവരായിരുന്നു. ആനി തയ്യിൽ ഒരുപടികൂടി കടന്നു "പുസ്തകങ്ങളാണ് തന്റെ മക്കൾ, അവർ മരിക്കില്ല, നിങ്ങളുടെയെല്ലാം മക്കൾ മരിക്കും” എന്നും “എന്നെ മറക്കാൻ ആളുകളെ ഞാൻ അനുവദിക്കില്ല” എന്നും പറയുന്നുണ്ട്.

 


സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഈ സാഹചര്യങ്ങൾ അപ്പാടെ മാറി. മത്സരാടിസ്ഥാനത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പ്രവർത്തനമേഖലയിൽ സ്ത്രീകളുടെ രാഷ്ട്രീയ ഇടപെടലിനെ പുരുഷ പ്രവർത്തകർ ഏറെ അസഹിഷ്ണുതയോടെയാണ് കൈകാര്യം ചെയ്തതാണ് സാഹചര്യങ്ങൾ മാറുവാൻ കാരണമായത്. രാഷ്ട്രീയ പ്രവർത്തനവും സാമൂഹ്യ ഇടെപടലുകളും വ്യത്യസ്തകമായിത്തീർന്ന കാലഘട്ടമായിരുന്നു അത്. രാഷ്ട്രീയ പ്രവർത്തനം സ്ഥാനമാന മോഹങ്ങളുടെയും അതിനുവേണ്ടിയുള്ള തന്ത്രപരമായ ഇടപെടലാണ് സാമൂഹ്യഇടപെടലുകൾ നൈതികമായ ശുദ്ധ ത്യാഗപ്രവർത്തനമായും വിലയിരുത്തപെട്ടു.  അധികാരം പങ്കിടുവാനായി പല സാമൂഹിക വിഭാഗങ്ങൾ തമ്മിൽ കടുത്ത മത്സരവും പൊട്ടിപുറപ്പെട്ടു. ഈ സാഹചര്യങ്ങളിൽ രാഷ്ട്രീയപ്രവർത്തങ്ങളിൽ നിലനിന്ന സ്ത്രീകളെ സ്ത്രൈണത ഇല്ലാത്തവരായി ചിത്രീകരിക്കാൻ എളുപ്പമായിരുന്നു.
സ്ത്രീകളുടേതായ രാഷ്ട്രീയ നേതൃത്വത്തിനും രാഷ്ട്രീയ താല്പര്യത്തിനും എല്ലാ ശ്രമങ്ങളും ഇക്കാലങ്ങളിൽ നശിപ്പിക്കപ്പെട്ടു. കോൺഗ്രസ് പാർട്ടിയിലെ അവസരവാദത്തിനെതിരെയും തിരഞ്ഞെടുപ്പ് സ്ഥാർത്ഥികളുടെ ലിസ്റ്റിൽ ഒരു സ്ത്രീയും ഇല്ലാഞ്ഞതിനെതിരെയും പ്രതിഷേധിച്ചുകൊണ്ട് 1952ൽ അവർ പാർട്ടിയിൽ നിന്നും രാജി വച്ചു. സ്ഥാനാർഥി ലിസ്റ്റിൽ സ്ത്രീകളെ ഉൾപെടുത്താൻ ആവശ്യപ്പെട്ടു ജവാഹർലാൽ നെഹ്‌റു അയച്ച കത്തിന് മറുപടിയായി മുതിർന്ന കോൺഗ്രസ് നേതാവ് കുമ്പളത്ത് ശങ്കുപിള്ള അയച്ച മറുപടി സ്ത്രീ വിരുദ്ധമായിരുന്നു. "കേരളത്തിലെ സ്ത്രീകൾ ഭാര്യമാരായി പുരുഷന്മാരെ ഭരിക്കുന്നതുകൊണ്ടും എല്ലാ സ്വാതന്ത്ര്യങ്ങൾ അവർക്കുള്ളതുകൊണ്ടും അസ്സംബ്ലിയിൽ സ്ത്രീകളെ ഉള്കൊള്ളിച്ചില്ലെങ്കിലും അപകടമൊന്നും വരാനില്ല" എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇതിനെതിരെ വ്യാപകമായ പ്രതിഷധം സ്ത്രീകളുടെ ഭാഗത്തു നിന്നുമുണ്ടായി. 1940ൽ ഇറങ്ങിയ ട്രാവൻകോർ സ്റ്റേറ്റ് മാനുവലിൽ ടി കെ വേണു പിള്ള സമാനമായ ഒരു വാദഗതി ഉന്നയിച്ചു. രാഷ്ട്രീയ അവകാശം സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കും വിപണിയിലെ അവകാശങ്ങൾക്കും ലഭ്യമാക്കാനുള്ളതാണെന്നും, ഇതിൽ രണ്ടാമത്തെ രണ്ടു അവകാശങ്ങളും സ്ത്രീകൾക്ക് ഇപ്പോൾ തന്നെ ലഭ്യമായതുകൊണ്ട് ആദ്യത്തേതിന്റെ അനിവാര്യതയില്ല എന്നുമാണ് അദ്ദേഹം ലേഖനത്തിൽ വ്യക്തമാക്കിയത്. 

മുതിർന്ന കോൺഗ്രസ് പ്രവർത്തക എ വി കുട്ടിമാളു തിരുവുതാംകൂറിൽ പൊതുപ്രവർത്തനത്തിലും വിദ്യാഭ്യാസപുരോഗതിയിലും സ്ത്രീകൾ നേടിയ മുന്നേറ്റത്തെയും സ്ഥാനാർത്ഥികളുടെ പട്ടികയിൽ സ്ത്രീകളുടെ പ്രാതിനിധ്യത്തിലുണ്ടായ കുറവുകളേയും ചൂണ്ടിക്കാട്ടിയിരുന്നു. കോൺഗ്രസും സമുദായസംഘടനകളും തമ്മിൽ ശക്തമായ ബന്ധമുണ്ടായതു കാരണം സ്ഥാനാർഥി പട്ടികയിൽ സ്ത്രീകൾ കുറഞ്ഞുപോയതിനെ വിമർശിക്കാൻ സമുദായസംഘടന പ്രവർത്തനങ്ങൾക്കകത്തെ സ്ത്രീകൾ മുന്നോട്ട് വന്നിരുന്നു. 1951ൽ ആലുവയിൽ നടന്ന ഓൾ കേരള കാത്തലിക് കോണ്ഫറന്സ് വാർഷിക മീറ്റിങ്ങുമായി ബന്ധപ്പെട്ട വനിതകളുടെ മീറ്റിംഗിൽ അധ്യക്ഷപ്രസംഗം നടത്തികൊണ്ട് മേരിക്കുട്ടി ജോൺ സ്ഥാർഥിപട്ടികയിൽ സ്ത്രീകളെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധിച്ചു. അക്കാമ്മ ചെറിയാൻ 1953ൽ ഉപ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു കോൺഗ്രസിനെ വെല്ലുവിളിച്ചു.ഇടതുപക്ഷം അടക്കം  മുഴുവൻ പ്രതിപക്ഷ പാർട്ടികളും പിന്തുണച്ച അവർ 43 ശതമാനം വോട്ട് നേടിയെങ്കിലും സമുദായ സംഘടകനൾ അടക്കം അഴിച്ചുവിട്ട അപവാദ പ്രചാരണങ്ങളുടെ പ്രളയത്തിന്റെ സ്വാധീനത്തിൽ അവർ തെരെഞ്ഞടുപ്പിൽ തോറ്റു.

1950കളിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധമായി കോൺഗ്രസ് നേതൃത്വവും കത്തോലിക്ക സഭയും സംയുക്തമായി നടത്തിയ വിമോചന സമരത്തിലാണ് പിന്നീട് സ്ത്രീകളുടേതായ ശക്തമായ സാന്നിധ്യം കേരളത്തിൽ കണ്ടത്. തെരുവുപ്രതിഷേധങ്ങളിലും ജയിലിൽ അടക്കപ്പട്ടവരുമായി ഏകദേശം നാല്പത്തിനായിരത്തോളം സ്ത്രീകൾ ഉണ്ടായിരുന്നു. പ്രതിഷേധങ്ങളിൽ ഉണ്ടായ പ്രമുഖരായ വനിതകൾ ഡോ. ഓ കെ മാധവി അമ്മ അധ്യക്ഷയായി 1959ൽ  "അഖില കേരളം വനിതാസംഘം" എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. സംഘടനക്ക് കോഴിക്കോട് ശാഖയും രൂപീകരിച്ചു. എന്നാൽ പാർട്ടിയോ സമുദായസംഘടനകളോ ഇത് അംഗീകരിച്ചില്ല. എങ്കിലും ദീപിക പത്രം ആ സ്ത്രീകളെ അഭിനന്ദിക്കുകയും അതോടൊപ്പം അതൊരു അരാഷ്ട്രീയമായ സാമൂഹ്യപ്രവർത്തനമായി ചിത്രീകരിക്കുകയും ചെയ്തു.

കേരളത്തിലെ മറ്റൊരു ശക്തയായ വനിതാ നേതാവായിരുന്നു ലീല ദാമോദര മേനോൻ, ഭർത്താവും നേതാവുമായിരുന്ന ദാമോദര മേനോന്റെ ഭാര്യയായിരുന്നു അവർ. അവസരങ്ങൾ ഉപയോഗിക്കാനും തന്ത്രപരമായി തന്റെ രഷ്ട്രീയ അധികാരം നേടാനും കഴിവുള്ളവരായിരുന്നു  അവർ, എന്നിരുന്നാലും ‘സ്ത്രീത്വം ഇല്ലാത്ത’ അല്ലെങ്കിൽ ‘തെരുവുപെണ്ണ്’ എന്ന പൊതുബോധം അപ്പോഴും അവരെക്കുറിച്ചു പ്രബലമായിരുന്നു.

അലിംഗ സ്വത്വമായി നിലനിന്ന് പ്രവർത്തനം നയിച്ച വനിതകൾ ഇടതുപക്ഷ മുന്നണിയിലും ഉണ്ടായിരുന്നു.കേരളം രാഷ്ട്രീയത്തിലെ പ്രബലയും മുതിർന്ന പ്രവർത്തകയുമായ കെ ആർ ഗൗരിയമ്മ അത്തരം ഒരു വ്യക്തിത്വം തന്നെയായിരുന്നു. ഒരേ സമയം പ്രക്ഷോഭകാരിയാവാനും നിയമസഭാ സാമാജിയാകയാകാനും കഴിവുള്ള മികച്ച രാഷ്ട്രീയ വ്യക്തിയായിരുന്നു കെ ആർ ഗൗരിയമ്മ. 1948ലെ തിരുവിതാംകൂർ തിരഞ്ഞെടുപ്പിൽ 35 ശതമാനം വോട്ട് കെ ആർ ഗൗരിയമ്മ നേടിയിരുന്നു. അതുപോലെ അനേകം വരേണ്യ സ്ത്രീകൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പൊതുപ്രവർത്തനത്തിനു അവസരം ലഭിച്ചു, 1948-49ൽ കമ്യൂണിസ്റ് പാർട്ടി നിരോധിച്ച സമയത്ത് പാർട്ടി സെക്രട്ടറി ആയിരുന്ന കൂത്താട്ടുകുളം മേരി ഒളിവിൽ പോകുകയും പുരുഷവേഷത്തിൽ ഒളിച്ചു  പ്രവർത്തിക്കുകയും ചെയ്തു. സ്ത്രീ എന്ന നിലയിലുള്ള പ്രശ്നങ്ങൾ അക്കാലത്ത് ഉണ്ടായിരുന്നിരിക്കാമെങ്കിലും, താൻ ഒരു സ്ത്രീയായി ചിന്തിച്ചിരുന്നില്ലെന്നു ഗൗരിയമ്മ പിന്നീട് പറയുകയുണ്ടായി. സമാനമായി കൂത്താട്ടുകുളം മേരിയും "പുരുഷന്മാരോടൊപ്പം ഒളിവിൽകഴിഞ്ഞപ്പോൾ തനിക്ക് അസ്വാഭാവികമായി ഒന്നും തോന്നിയില്ല, അപ്പോൾ ആകെ സഖാവായിരിക്കുക എന്ന ഒരു തോന്നലെ ഉണ്ടായിരുന്നുള്ളു" എന്ന് അവർ വ്യക്തമാക്കി.  അക്കാലത്ത് ചില സമയത്ത് കെ ആർ ഗൗരിയമ്മ സ്ത്രീകളെ പ്രതിനിധീകരിച്ചു സംസാരിച്ചപ്പോൾ  സ്ത്രീകളുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായി അഭിപ്രായങ്ങൾ പങ്കുവച്ചിരുന്നു. സ്ത്രീകൾക് നാലുമാസത്തെ ഗർഭകാല അവധി ആവശ്യമില്ലെന്നും, സ്ത്രീകളെ അക്കാലത്ത് പുരുഷന്മാർ മാത്രം ചെയ്തിരുന്ന ബസ് കണ്ടക്ടർ തൊഴിലിനു നിയമിക്കണമെന്നും അവർ അഭിപ്രായപെട്ടു. സ്ത്രീകളുടെ പ്രതിനിധിയാകുവാൻ അവർ തയ്യാറായിരുന്നില്ല. 
രാഷ്ട്രീയ പ്രവർത്തനത്തിലേക്കുള്ള സുശീല ഗോപാലന്റെ വരവ് പ്രമുഖ നേതാവായിരുന്ന എ കെ ഗോപാലന്റെ മധ്യസ്ഥതയോടെ ആണ് നടന്നത്. ട്രേഡ് യൂണിയൻ മുന്നേറ്റത്തിൽ സ്ത്രീകളുടേതായ ഒരു ഭാഗം ഉണ്ടാകാൻ അവർ മുഖ്യപങ്കുവഹിച്ചു. പൊതുപ്രവർത്തനത്തിന്റെ ഭാഗമായി കുടുംബത്തിൽ നിന്നും അകലുന്നതോടൊപ്പം ലൈംഗികമായി  പരിശുദ്ധി കാത്തുസൂക്ഷിക്കുക എന്നത് സ്ത്രീകൾക്കും പുരുഷനും ബാധകമായിരുന്നു. തങ്ങളുടെ പാർട്ടിയുടെ ലൈംഗിക ശുദ്ധി നിരന്തരമായി തെളിയിക്കേണ്ടി വന്നത് സ്ത്രീകൾക് കൂടുതൽ ക്ലേശകരമായിരുന്നിരിക്കണം. ലൈംഗികതയിൽ നിന്നും വിടുതൽ നേടുക എന്ന ഗാന്ധിയൻ ആദർശങ്ങൾ പദ്മം എസ് മേനോൻ, ഓ കെ മാധവിക്കുട്ടി അമ്മ എന്നിവർ ഉൾക്കൊണ്ടിരുന്നു. കമ്മ്യൂണിസ്റ് സ്ത്രീ മുന്നേറ്റങ്ങളിലും ലൈംഗികത എന്നത് ഒഴിച്ച് നിർത്തപ്പെട്ടിരുന്നു. ഭാരതീയ പൈതൃകം ഇതിലൊരു ഘടകമായിരുന്നില്ലെങ്കിലും ശരീരവും മനസിന്റെ ജൈവിക ആഗ്രഹങ്ങളെ നിയന്ത്രിക്കുക എന്നതും ഒരു മികച്ച സഖാവിന്റെ ആത്മനിയന്ത്രണത്തിന്റെ ഭാഗമായിരുന്നു.

References

References

Devika J. Thambi V Binitha. (2012). New Lamps for Old(1st ed.). New Delhi.