സംരംഭകത്വം ; സ്ത്രീകൾ നേരിടുന്ന പ്രധാന വെല്ലുവിളികളും പ്രശ്നങ്ങളും
സാമൂഹികവും സാംസ്കാരികവുമായ ഘടകങ്ങളുടെ സ്വാധീനത്തിന്റെ ഫലമായി വ്യാവസായിക രംഗത്തേക്കുള്ള കടന്നു വരവിനു സ്ത്രീകൾ നിരവധി അതിർവരമ്പുകളും തടസങ്ങളും നേരിടുന്നു.
- സാമ്പത്തിക അഭാവം
ഒരു സംരംഭം തുടങ്ങുന്നതിന് അനിവാര്യമായ ഘടകം സാമ്പത്തികമാണ്. ബാങ്കുകൾ വായ്പ സഹായം നൽകുന്നുണ്ടെങ്കിലും, സ്ത്രീകളുടെ സാമ്പത്തിക സ്രോതസ്സിന്റെ അപര്യാപ്ത ഒരു വെല്ലുവിളി തന്നെയാണ്.
- പുതിയ വിപണിയിലേക്കുള്ള ചുവടുവെയ്പ്
പരിശീലത്തിന്റെ അഭാവവും അനുഭവ സമ്പത്തിന്റെ കുറവും പലപ്പോഴും സ്ത്രീകളുടെ വിശാലമായ മാർക്കറ്റിങ് സാധ്യതകൾക്ക് തടസമാകുന്നു. അന്തർദേശീയ കമ്പോള സാധ്യതകളിലെ സാങ്കേതിക ജ്ഞാനത്തിലുള്ള അപര്യാപ്തത അവരുടെ ഇടപെടലുകളെ ബാധിക്കുന്നു.
- ബിസിനസ് ശൃംഖല വികസിപ്പിക്കാനുള്ള പ്രാപ്തി കുറവ്
ബിസിനസ് ശൃഖല വികസിപ്പിക്കാനുള്ള പ്രാപ്തിയില്ലായ്മ ഒരു ഘടകമാണ്. എന്നിരുന്നാലും മാനേജ്മന്റ് രംഗത്തേക്ക് കൂടുതൽ സ്ത്രീകളുടെ കടന്നു വരവ് സംഭവിച്ചു കൊണ്ടിരിക്കുന്നത് ആശാവഹമാണ്.
- ചലന നിയന്ത്രണങ്ങൾ
ഒരു യാഥാസ്ഥിതിക സമൂഹത്തിൽ സ്ത്രീകൾക്ക് ഒരുപാട് നിയന്ത്രങ്ങളുണ്ട്. അതിൽ ഉൾപ്പെടുന്നതാണ് ഇഷ്ടമുള്ള യാത്ര ചെയ്യാനും, ഇഷ്ടപെട്ട തൊഴിൽ തെരഞ്ഞെടുക്കാനും കഴിയാത്ത വിധത്തിലെ നിയന്ത്രണങ്ങൾ. അത്തരം നിയന്ത്രണങ്ങൾ സ്ത്രീകളുടെ വ്യാവസായിക, കമ്പോള സാധ്യതകൾക്ക് മങ്ങൽ ഏല്പിക്കുന്നു.
- ഇരട്ട ഉത്തരവാദിത്വം
സാമൂഹികമായ പല സാഹചര്യങ്ങൾ നിലനിൽക്കുന്നത് കൊണ്ട് തന്നെ, ഗാർഹിക ചുമതലകൾ സ്ത്രീകൾക്ക് ഒഴിച്ച് കൂട്ടാൻ പറ്റാത്തതാണ്. ഈ ഇരട്ട ഉത്തരവാദിത്വം സാമൂഹികമായ വ്യവസ്ഥകളിൽ നിന്ന് ഉരുത്തുരിഞ്ഞ് വന്നതും, സ്ത്രീകൾക്ക് മേൽ അധിക ബാധ്യതയായി നിലകൊള്ളുന്നതുമാകുന്നു.
- കാലഹരണപ്പെട്ട സാങ്കേതികവിദ്യ
പരിമിതമായ ശേഷിയും മൂലധനവും കാരണം മിക്ക യൂണിറ്റുകളും ആധുനികവത്കരിക്കാനുള്ള ബുദ്ധിമുട്ട് നേരിടുന്നു. അതുകൊണ്ടുതന്നെ മിക്ക സംരംഭങ്ങളും പഴയ സാങ്കേതിക വിദ്യകളെ ആശ്രയിച്ചിരിക്കുന്നു. ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിലും ഉൽപാദനക്ഷമതയിലും ആധുനിക സാങ്കേതിക വിദ്യയുടെ അഭാവം മൂലം കുറവ് വരുന്നു.
- പ്രയോജന ശൂന്യമായ പദ്ധതി ആസൂത്രണം
അനുഭവപരിചയത്തിന്റെയും പ്രാപ്തിയുടെയും അഭാവം അസാധ്യമായ റിപ്പോർട്ടുകളും അപൂർണമായ രേഖകളും സമർപ്പിക്കുന്നതിന് ഇടയാക്കുന്നു. പരിമിതമായ സാമ്പത്തിക സ്രോതസ്സുകൾ കാരണം പ്രോജക്ട് കൺസൾട്ടന്റുകളുടെ സേവനങ്ങൾ ഉപയോഗപ്പെടുത്താനും കഴിയണമെന്നില്ല.